നാഷണല്‍ കമ്മിഷന്‍ ടെക്‌നിക്കല്‍ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ജൂലൈ ഒന്നാംതീയതിയില്‍ കേരളത്തിലാകെ 3.61 കോടി ജനങ്ങളാണുള്ളത്. ഇത് ആകെയുള്ള ഇന്ത്യന്‍ ജനതയുടെ 2.55 ശതമാനം മാത്രം. അദ്ഭുതപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കുറച്ചുകാലം മുമ്പ് ഒരു ദേശീയ മാധ്യമത്തില്‍ വന്നത് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്: ദേശീയതലത്തിലുള്ള മൊത്തം മരുന്നുവില്പനയുടെ 10 മുതല്‍ 13 ശതമാനംവരെ കേരളത്തിലാണ് നടക്കുന്നത്.
ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മാനസികപിരിമുറുക്കം കുറയ്ക്കുന്ന മരുന്നുകള്‍, ആരോഗ്യം വര്‍ദ്ധിപ്പിക്കുവാനായി ഉപയോഗിക്കുന്ന മരുന്നുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ 75 ശതമാനം വില്പനയും കേരളത്തില്‍ മാത്രമാണെന്നും ക്യാന്‍സര്‍, ഡയബറ്റിക്‌സ്, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളുടെ കാര്യത്തില്‍ കേരളമാണ് മുന്‍പന്തിയിലെന്നും വാര്‍ത്തയില്‍ പറയുന്നു. ഉപയോഗിക്കുന്ന മരുന്നുകളുടെ ഡോസില്‍ വര്‍ധനയും ഉണ്ടായിട്ടുണ്ട്. (ഉദാഹരണത്തിന് 500 മില്ലിഗ്രാം ഉപയോഗിക്കേണ്ട പാരസെറ്റാമോള്‍ ഇപ്പോള്‍ 650 മില്ലിഗ്രാം എങ്കിലും ഉപയോഗിക്കേണ്ടതായിരിക്കുന്നു).
ആശുപത്രികളുടെ എണ്ണം, ആശുപത്രിയുപകരണങ്ങളും സംവിധാനങ്ങളും, ഡോക്ടര്‍ രോഗീ അനുപാതം ഇവ കണക്കിലെടുക്കുമ്പോള്‍ കേരളം മെഡിക്കല്‍രംഗത്ത് ഒന്നാമതാണ് എന്നത് തര്‍ക്കമറ്റ കാര്യമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ - വിദ്യാഭ്യാസകാര്യത്തില്‍ മാത്രമല്ല; മറിച്ച്, കുടുംബ - സാമൂഹികജീവിതനിലവാരത്തിലും ഏറെ മുമ്പില്‍ നില്‍ക്കുന്ന കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലാണ് എന്നത് ആഴത്തില്‍ പഠനവിഷയമാക്കേണ്ടിയിരിക്കുന്നു.
കാരണങ്ങള്‍ കണ്ടെത്തുക എന്നതിനുമപ്പുറം ഏതൊരു വ്യക്തിക്കും, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കും അനുവര്‍ത്തിക്കാവുന്ന പ്രതിവിധികളാണു കണ്ടെത്തിയത്.
പ്രകൃതിദത്തമായ മരുന്നുകള്‍ പഴങ്ങളുടെ, രൂപത്തില്‍ കണ്‍മുന്നില്‍ നില്‍ക്കുമ്പോഴും അവയെ അവഗണിച്ച് ആശുപത്രിയില്‍ നിന്നോ അല്ലെങ്കില്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ മരുന്നുവാങ്ങി മരുന്നുകളെ ഭക്ഷണമാക്കി മാറ്റിയ ഒരു ജനസമൂഹത്തിന്റെ ചിന്തയിലേക്ക് പഴങ്ങള്‍ പ്രകൃതിദത്ത മരുന്നുകള്‍ എന്ന ഏറെ പ്രസക്തമായ വിഷയം അവതരിപ്പിക്കുകയാണ്.
മിക്കവാറും എല്ലാ വീടുകളുടെയും മുറ്റത്തും പറമ്പിലും വളര്‍ത്തുന്നതോ അല്ലെങ്കില്‍ തനിയെ വളര്‍ന്നുവരുന്നതോ ആയ മരങ്ങളിലെ പഴങ്ങള്‍ ഉപയോഗിക്കാതെ വവ്വാലിനും കാക്ക ഉള്‍പ്പെടെയുള്ള പക്ഷികള്‍ക്കുമായി മാറ്റിവയ്ക്കുമ്പോള്‍ നാം അറിയുന്നില്ല അവ കേവലം ഭക്ഷ്യവസ്തു മാത്രമായിരുന്നില്ല; മറിച്ച്, ക്യാന്‍സറും ഷുഗറും കൊളസ്‌ട്രോളും ഉള്‍പ്പെടെ നമ്മുടെ ജീവന്‍ കാര്‍ന്നു തിന്നാന്‍ ശേഷിയുള്ള മാരകമായ രോഗങ്ങള്‍ക്കെതിരെയുള്ള പ്രകൃതിയുടെ മരുന്നുകളായിരുന്നു എന്ന്.
പഴയ തലമുറക്കാര്‍ സ്ഥിരം പറയാറുള്ള ഒരു കാര്യമാണ്: ''എന്റെ ചെറുപ്പത്തില്‍ ഇപ്പോള്‍ കാണുന്നതരത്തിലുള്ള അസുഖങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഞാന്‍ ആശുപത്രിയില്‍പോയി മരുന്നു വാങ്ങിച്ചതായി ഓര്‍ക്കുന്നുപോലുമില്ല.'' ശരിയാണ്, പഴയ തലമുറക്കാര്‍ ആശുപത്രിയില്‍ അധികം പോയിട്ടുണ്ടാവില്ല. കാരണം, ആശുപത്രിയില്‍നിന്നു ലഭിക്കുന്നതിനെക്കാള്‍ മേന്മയും ഗുണനിലവാരവുമുള്ള മരുന്നുകള്‍ അവര്‍ അറിയാതെതന്നെ വിവിധ പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അവര്‍ക്കു ലഭിക്കുന്നുണ്ടായിരുന്നു. കൈയെത്തും ദൂരത്തുനിന്ന് ലഭിക്കുന്ന ഏതു തരം പഴവും അവര്‍ കഴിക്കുമായിരുന്നു. ഒരുപക്ഷേ, അന്നു വിശപ്പടക്കാന്‍ വേണ്ടിയായിരുന്നിരിക്കാം അവര്‍ കൈയില്‍ കിട്ടുന്ന പഴവര്‍ഗങ്ങള്‍ കഴിച്ചിരുന്നത്. എങ്കിലും, അത്തരം പഴങ്ങള്‍ ആ തലമുറയുടെ ആരോഗ്യസംരക്ഷണമാര്‍ഗമായ മരുന്നുകള്‍തന്നെയായിരുന്നു എന്ന സത്യമാണ് കാലം തെളിയിക്കുന്നത്.
കടയില്‍നിന്നു വില കൊടുത്തു വാങ്ങുന്ന വിഷസാന്നിധ്യമുള്ള പഴങ്ങളെക്കുറിച്ചല്ല; മറിച്ച് കപ്പളങ്ങ, ചാമ്പക്ക, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, ലൂബിക്ക, റംബൂട്ടാന്‍ തുടങ്ങിയ തനി നാടന്‍ വിഷരഹിത പഴങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പപ്പായ
കേരളത്തിലെ വീട്ടുമുറ്റത്തും തോട്ടങ്ങളിലും എളുപ്പത്തില്‍ വളരുന്ന പപ്പായ (ശാസ്ത്രനാമം - ഇമൃശരമ ജമുമ്യമ) കപ്പളങ്ങ, ഓമക്കായ്, കപ്പരയ്ക്കാ, പപ്പരയ്ക്കാ, കറമൂസ തുടങ്ങി വിവിധ പ്രാദേശികപേരുകളിലാണ് അറിയപ്പെടുന്നത്.
സാധാരണക്കാരന്റെ പഴം എന്ന് അറിയപ്പെടുന്ന പപ്പായ, മനുഷ്യശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനൊപ്പം ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുവാന്‍ ശേഷിയുള്ള പ്രകൃതിദത്ത ഔഷധങ്ങളുടെ കലവറകൂടിയാണ്.
ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യുത്തമം
പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പായിന്‍, കൈമോപപ്പായിന്‍ എന്നീ എന്‍സൈമുകള്‍ ഭക്ഷണത്തിലെ പ്രോട്ടീനുകളുടെ വിഘടനത്തിനെ ത്വരിതപ്പെടുത്തി അമിത അസിഡിറ്റി കുറയ്ക്കുവാന്‍ ഇടയാക്കുന്നു. മാത്രവുമല്ല, പപ്പായയില്‍ അടങ്ങിയിട്ടുള്ള ഫൈബറുകള്‍ മലബന്ധം തടയുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.
കണ്ണിന്റെയും ത്വക്കിന്റെയും സംരക്ഷണം
പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകളും വിറ്റാമിന്‍ എയും കണ്ണുകളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ത്വക്കിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കാന്‍സര്‍ പ്രതിരോധം
പപ്പായയില്‍ ലൈക്കോപീന്‍, ഫ്‌ളാവനോയിഡുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ ഉള്‍പ്പെടെ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണെന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നു. പപ്പായയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറുകള്‍, വന്‍കുടലില്‍ ചില സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറിനു കാരണമാകുന്ന വിഷവസ്തുക്കളെ, വന്‍കുടലില്‍ക്കൂടി ആഗിരണം ചെയ്യുന്നതു തടയുന്നതിനാല്‍, വന്‍കുടലില്‍ ഉണ്ടാകാനിടയിലുള്ള കാന്‍സറിനെ പ്രതിരോധിക്കാന്‍ പപ്പായ സഹായകനാകുന്നു.
ഹൃദയാരോഗ്യത്തിന് അത്യുത്തമം
പപ്പായയില്‍ അടങ്ങിയിട്ടുള്ള വിവിധ രാസഘടകങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തധമനികളിലെ ഭിത്തിയില്‍ കൊഴുപ്പ്, കൊളസ്‌ട്രോള്‍, കാല്‍സ്യം മുതലായവ അടിഞ്ഞുകൂടുന്ന അവസ്ഥയായ അഥിറോസ്‌ക്ലിറോസിസിനെയും ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയെയും തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുറിവുകളും കരളും സംരക്ഷിക്കുന്നു
മുറിവുണങ്ങാനും അതുപോലെ കരളിനെ സംരക്ഷിക്കാനും പാരമ്പര്യചികിത്സയില്‍ പപ്പായ ഉപയോഗിച്ചിരുന്നു. പ്രമേഹരോഗികളില്‍ ഡയബറ്റിക് അള്‍സറുകളുടെ മുറിവ് വേഗത്തില്‍ ഭേദമാകാന്‍ പപ്പായയില്‍ അടങ്ങിയിട്ടുള്ള രാസഘടകങ്ങള്‍ സഹായിക്കുന്നു എന്ന് ശാസ്ത്രീയമായി ഇന്ന് അംഗീകരിച്ചിട്ടുള്ള കാര്യമാണ്. പഴുക്കാത്ത പപ്പായ കരളിനെ സംരക്ഷിക്കുവാന്‍ ശേഷിയുള്ളതാണെന്നും പഠനങ്ങള്‍ പറയുന്നു.
ജാഗ്രത ആവശ്യമാണ്
ഗര്‍ഭിണികള്‍ പപ്പായ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം, പപ്പായയിലെ ചില എന്‍സൈമുകള്‍ ഗര്‍ഭപാത്രത്തിനെ ചുരുക്കി അബോര്‍ഷന് ഇടയാക്കാം. കൂടാതെ, അധികമായി പപ്പായ കഴിച്ചാല്‍, കരോട്ടീനിമിയ (ത്വക്കിന് ഉണ്ടാകുന്ന മഞ്ഞനിറം) എന്ന അവസ്ഥയ്ക്കും ഇടവരുത്തും.
ഡോ. ഷിബു ജോര്‍ജ് ആനത്താരയ്ക്കല്‍
