ശനിയാഴ്ച രാവിലെ പാലച്ചുവട്ടില്‍ ടോണി അപ്പനെ കാണാനായി ക്യൂന്‍മേരി മെന്റല്‍ ഹോസ്പിറ്റലിലെത്തി. ജീനായുടെ ശവസംസ്‌കാരം നടന്ന ദിവസം നാട്ടുകാര്‍ ചേര്‍ന്നുപിടിച്ചുകെട്ടി, ജോസിനെ ആശുപത്രിയിലാക്കിയതാണ്. മനോരോഗാശുപത്രിയിലെ വാസം ജയില്‍വാസത്തേക്കാള്‍ ഭീതിജനകമാണെന്നു കേട്ടിട്ടുണ്ട്. മനസ്സിന്റെ താളം തെറ്റിയാല്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ ഹീനരാകുന്നു. ഫ്രണ്ട് ഓഫീസില്‍ താന്‍ വന്ന വിവരം അറിയിച്ചശേഷം ടോണി സന്ദര്‍ശകമുറിയില്‍ച്ചെന്നിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു മെയില്‍നേഴ്‌സിനൊപ്പം ജോസ് അവിടേക്കു മെല്ലെ നടന്നെത്തി. ഒത്ത ശരീരവും ആരോഗ്യവുമുണ്ടായിരുന്ന അയാള്‍ ആകെ ക്ഷീണിതനായി കാണപ്പെട്ടു. ടോണിയെ സൂക്ഷിച്ചുനോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ടോണി അടുത്തുചെന്ന് പപ്പായുടെ കൈയില്‍ പിടിച്ചു.
''പപ്പാ... എന്താ ഒന്നും മിണ്ടാത്തെ.''
''ഞാനെന്തു പറയാനാടാ? പിന്നെ മനസ്സില്‍ ഒരാഗ്രഹമുണ്ട്. ഇടവകപ്പള്ളീല്‍വരെയൊന്നു പോണം. എന്റെ മോളുടെ കല്ലറയില്‍ചെന്നു പ്രാര്‍ഥിക്കണം.''
''ഇപ്പം എങ്ങനെ പോകാനാ പപ്പാ. ഡോക്ടറ് ഇവിടുന്നു വിടുകേലല്ലൊ.'' ടോണി പറഞ്ഞു.
''വിടുകേലെങ്കില്‍ പോകണ്ട. ജീനാമോള്... ഇപ്പം സ്വര്‍ഗത്തില്‍ ചെന്നു കാണുമല്ലേടാ?''
''അവള് സ്വര്‍ഗത്തില്‍ ചെന്നു പപ്പാ. ഈശോയുടേം മാലാഖാമാരുടേം കൂടെയിരുന്ന് നമ്മള്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കുകയായിരിക്കും.''
അല്പനേരംകൂടി മൗനിയായി ജോസ് അതേ നില്പു തുടര്‍ന്നു. തമ്മില്‍ പറയാന്‍ ഒന്നുമില്ല. മെയില്‍നേഴ്‌സ് ജോസിനെ തിരികെ സെല്ലിലേക്കു കൊണ്ടുപോയി. രണ്ടുമണിക്കൂര്‍ കാത്തിരുന്നശേഷമാണ് അവിടുത്തെ പ്രധാനഡോക്ടര്‍ വിജയാനന്ദിനെ കാണാന്‍ കഴിഞ്ഞത്.
''ടോണീ, അച്ഛനെക്കണ്ട് സംസാരിച്ചില്ലേ?''
''കണ്ടു. വര്‍ത്താനം പറഞ്ഞു. ആള് ആകെ ക്ഷീണിച്ചതുപോലെ തോന്നി.''
''അല്പം ഡോസുകൂടിയ മരുന്നാ ചെയ്യുന്നെ. അതുകൊണ്ടാ ആളിനൊരു ഉത്സാഹക്കുറവു തോന്നുന്നെ. ഇവിടെയെത്തിയ രണ്ടു ദിവസം വലിയ പരാക്രമമായിരുന്നു. വരുതിയിലാക്കാന്‍ സ്റ്റാഫ് വല്ലാതെ കഷ്ടപ്പെട്ടു. ഒത്തിരി ഇടീം തൊഴീം വാങ്ങിക്കുകേം ചെയ്തു.'' ഡോക്ടര്‍ വിജയാനന്ദ് പറഞ്ഞു.
''അസുഖം വരുമ്പം പപ്പായ്ക്കു ഭയങ്കരശക്തിയാ. ഇങ്ങോട്ടു കൊണ്ടുപോരാന്‍ പിടിച്ചുകെട്ടിയപ്പോഴും ഒരുപാട് ശല്യമുണ്ടാക്കി.''
''മാനസികരോഗം പലവിധത്തിലുണ്ട്. ചിലര് തീര്‍ത്തും സൈലന്റായിപ്പോകും. ഭക്ഷണം കഴിക്കണോന്നോ കുളിക്കണോന്നോ വസ്ത്രം മാറണോന്നോ ഒന്നും ശ്രദ്ധയില്ലാത്ത അവസ്ഥ. ജോസ് പലപ്പോഴും അക്രമസ്വഭാവം കാണിക്കുന്നു. എതിര്‍പ്പുള്ളവരെ കൊലപ്പെടുത്താന്‍പോലും മടിക്കില്ല.''
''പപ്പായ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു ജീനാ. അവളുടെ കല്യാണം ആര്‍ഭാടമായി നടത്തണോന്നൊക്കെയുണ്ടായിരുന്നു. പപ്പായ്ക്ക് ഈ അസുഖമായതുകൊണ്ട് കല്യാണം നടക്കുമോന്നുപോലും ഞങ്ങള്‍ക്കൊക്കെ പേടിയുണ്ടായിരുന്നു. ആ പയ്യന്‍ നേരേ നിന്നു. അവന്റെ അപ്പന്‍ ഭയങ്കര എതിരായിരുന്നു.''
''ജീനായെ ഭര്‍ത്താവിന്റെ അച്ഛന്‍ കൊലപ്പെടുത്തിയതാണെന്നൊക്കെ ആരോപണമുയര്‍ന്നിട്ടുണ്ടല്ലോ...''
''കൊന്നതു തന്നയെയാ ഡോക്ടറെ. മകനെക്കൊണ്ട് വേറെ പെണ്ണിനെ കെട്ടിക്കാന്‍ വേണ്ടി അയാള്‍ ചെയ്തതാ. ക്വെട്ടേഷന്‍കാരെക്കൊണ്ടു ചെയ്യിക്കുകയായിരുന്നു. മേടയ്ക്കല്‍ മാത്തുക്കുട്ടി വല്യസ്വാധീനമുള്ളയാളായതുകൊണ്ട് കേസൊക്കെ ഒതുക്കും ഡോക്ടറെ.'' ടോണി പറഞ്ഞു.
''അയാള്‍ കൊല്ലിച്ചതാണെന്നു സംശയിക്കുന്നതില്‍ ചില ന്യായങ്ങളുണ്ട്. അന്ധമായി അങ്ങനെയാണെന്നു വിശ്വസിക്കരുത്.'' ഡോക്ടര്‍ വിജയാനന്ദ് പ്രതികരിച്ചു.
''എന്താ ഡോക്ടര്‍, അങ്ങനെ പറഞ്ഞത്?''
''പല മരണങ്ങളുടെയും പിന്നിലുള്ള സത്യം നമ്മള്‍ വിചാരിക്കുന്നതിനപ്പുറമായിരിക്കും. സ്‌നേഹിച്ചു വിവാഹം കഴിച്ചവരായതുകൊണ്ട് അവര്‍ക്കിടയില്‍ ഒരു ഭിന്നതയുണ്ടാകില്ലെന്നോ, കുടുംബത്തില്‍നിന്നുതന്നെ ആത്മഹത്യാപ്രേരണ ഉണ്ടാകില്ലെന്നോ കരുതാനാവില്ല.''
''മുറിയുടെ വാതില്‍ അടച്ചു കുറ്റിയിടാതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ ഡോക്ടര്‍?''
''പോലീസ് 'അന്വേഷിക്കുന്നുണ്ടല്ലോ. എല്ലാം അന്വേഷണത്തില്‍ തെളിയട്ടെ. ടോണി പറഞ്ഞ സംശയം അച്ഛന്റെ മനസ്സിലെത്തിയാല്‍ അയാള്‍ പ്രതികാരദാഹിയാകും. ചിലപ്പോള്‍ ഒരു കൊലപാതകിയായെന്നുമിരിക്കും.''
''പപ്പായോട് ഇതൊന്നും ഞാന്‍ പറയില്ല, ഡോക്ടര്‍. ചികിത്സ ഇനി എത്ര ദിവസം കൂടി വേണ്ടിവരും, ഡോക്ടറെ.''
''ഒരാഴ്ചകൂടി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാം. ഇപ്പോള്‍ മരുന്നു കൊടുക്കുകയും നിരീക്ഷിക്കുകയുമാണ്.''
''ശരി ഡോക്ടര്‍.''
ടോണി, ഡോക്ടര്‍ വിജയാനന്ദിന്റെ മുറിവിട്ടിറങ്ങി. അവന്‍ മഹീന്ദ്ര ജീപ്പില്‍ അതിശീഘ്രം നാട്ടിലേക്കു മടങ്ങി.
* * * *
ജീനായുടെ കല്ലറയ്ക്കുമേല്‍ പുഷ്പചക്രം വച്ച അജ്ഞാതനായ സഹപാഠിയെ കണ്ടെത്താനുള്ള ദൗത്യവുമായി ഹെഡ്‌കോണ്‍സ്റ്റബിള്‍ രാജീവന്‍ അലച്ചില്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. പൂക്കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. പല സ്ഥലങ്ങളിലെയും സി.സി. ടി.വി. ക്യാമറദൃശ്യങ്ങളും പരിശോധിച്ചു. ഇതുവരെ യാതൊരു തുമ്പും കിട്ടിയിട്ടില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ശകാരം പലതവണ രാജീവനു കിട്ടി. തന്റെ തൊഴിലിനോടുപോലും അദ്ദേഹത്തിനു മടുപ്പുതോന്നിത്തുടങ്ങി. നഗരത്തിന്റെ ഒഴിഞ്ഞ കോണില്‍ ഒരു ചെറിയ പൂക്കട ശ്രദ്ധയില്‍പ്പെട്ടു. ''സാനിയ ഫ്‌ളവേഴ്‌സ്!' രാജീവന്‍ കടയിലേക്കു കയറിച്ചെന്നു. അദ്ദേഹം യൂണിഫോമിലായിരുന്നില്ല.
''എന്താ ചേട്ടാ വേണ്ടത്?'' തടിച്ച ശരീരമുള്ള മധ്യവയസ്‌കയായ പൂക്കടക്കാരി നിറഞ്ഞ ചിരിയോടെ ചോദിച്ചു.
''ഞാന്‍ ഒരു വിവരം ചോദിക്കാന്‍ വന്നതാ.'' പൊലീസിന്റെ ഐ.ഡി. കാര്‍ഡ് കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. പൂക്കടക്കാരിയുടെ മുഖത്തെ ചിരി മങ്ങി.
''എന്താ അറിയേണ്ടത്?'' ഒരു കച്ചവടം കിട്ടുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ ഈര്‍ഷ്യ ശബ്ദത്തിലുണ്ടായി.
ഹെഡ് കോണ്‍സ്റ്റബിള്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്ന പുഷ്പചക്രത്തിന്റെ ചിത്രം അവര്‍ക്കു കാട്ടിക്കൊടുത്തു. പൂക്കടക്കാരിയുടെ മുഖത്തു വിസ്മയമായി.
''ഇത്?''
''ഇതിവിടുന്നു വാങ്ങിയതാണോ?''
''അതെ.''
''ആരുണ്ടാക്കി, ഇത്ര മനോഹരമായിട്ട്?''
''ഇവിടെയെല്ലാം ഞാന്‍ തന്നെയുണ്ടാക്കുന്നതാ.''
''ഇതിലെഴുതിയതും നിങ്ങള്‍തന്നെയാണോ?''
''അതെ.''
''നല്ല കൈയക്ഷരം. പ്രിന്റു ചെയ്താലും ഇത്ര മനോഹരമാകില്ല.''
''്‌നല്ല അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ടു സാറെ. ഇതൊരു പുറംകോണിലുള്ള ചെറിയ കടയാണെങ്കിലും ഒരിക്കല്‍ വാങ്ങുന്നവര്‍ പിന്നെയും ഇവിടെത്തന്നെ വരും. വലിയ വില ആരോടും വാങ്ങിക്കാറുമില്ല.''
''ഇത് ആര്‍ക്കുണ്ടാക്കിക്കൊടുത്തതാണ്?''
''അത് ഒരു വലിയ സാറിന് പ്രത്യേകം ഉണ്ടാക്കിക്കൊടുത്തതാ. ശ്രീജിത്‌സാറിനാ.''
''അതാരാ?''
''ഇവിടെയടുത്ത് 'സണ്‍സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ്' എന്ന പേരില്‍ വലിയ ഒരു കമ്പനിയുണ്ട്. അവരുണ്ടാക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയുമൊക്കെ പ്ലാന്‍ വരയ്ക്കുന്നയാളാ, ശ്രീജിത് സാര്‍. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന മനുഷ്യനാ. കൈയിലൊന്നുമിരിക്കുകേലന്നു മാത്രം. എല്ലാം ധൂര്‍ത്തടിച്ചു തീര്‍ക്കുകാ.''
''ഞാനങ്ങനെയൊരാളെപ്പറ്റി കേട്ടിട്ടില്ല.'' രാജീവന്‍ പറഞ്ഞു.
''ചെറുപ്പമാ. ഇരുപത്തേഴോ, ഇരുപത്തെട്ടോ കാണും.'
''ആളു സുന്ദരനാണോ?''
''സുന്ദരനായിരുന്നു. പക്ഷേ, ഇപ്പം കണ്ടാല്‍ ഒരു ഭ്രാന്തനോ രോഗിയോ ഒക്കെയാണെന്നു തോന്നും.''
''അതെന്താ അങ്ങനെ?''
''അത്.... അതൊരു ചെറിയ കഥയാ സാറെ.''
എഞ്ചിനീയറിങ്ങിനു പഠിക്കുന്ന കാലത്ത് കൂടെ പഠിച്ച ഒരു പെണ്ണിനോട് ശ്രീജിത്‌സാറിന് മരണസ്‌നേഹമായിരുന്നു. അവള്‍ക്ക് ആ കോളജില്‍ത്തന്നെയുള്ള വേറൊരുത്തനോടായിരുന്നു ഇഷ്ടം. പഠിച്ചെറങ്ങിയിട്ടും ആ പെണ്ണിനെത്തന്നെ കെട്ടാന്‍ വേണ്ടി പുള്ളി ഒത്തിരി പുറകേ നടന്നു. പെണ്ണ് അവള്‍ക്കിഷ്ടപ്പെട്ട ചെറുക്കനെത്തന്നെ കെട്ടി. ഈയിടെ അവള് കൈഞരമ്പു മുറിച്ച് മരിക്കുകേം ചെയ്തു.''
''ഹൊ! ഇതൊരു നല്ല കഥയാണല്ലോ. ചേച്ചീടെ പേര്?''
''ഗീത. എല്ലാരും ഗീതമ്മേന്നു വിളിക്കും.''
''ഈ പുഷ്പചക്രം ഇത്ര മനോഹരമായിട്ടുണ്ടാക്കിക്കൊടുത്തതിന് ഗീതമ്മയ്ക്കു നല്ല തുക കിട്ടിക്കാണുമല്ലോ?''
''കിട്ടി സാറെ. അത് മനോഹരമായിട്ടുണ്ടാക്കി, സാറെഴുതിത്തന്നത് നല്ല അക്ഷരത്തില്‍ പകര്‍ത്തി, സാധനം എടുത്തുകൊടുത്തപ്പം ആ മുഖത്തെ സന്തോഷം കാണണ്ടതായിരുന്നു. എത്ര വേണോന്നു ചോദിച്ചു. ഇഷ്ടമുള്ളതു തന്നേക്കാന്‍ പറഞ്ഞു. ഒരു കവറ് എനിക്കു നീട്ടിത്തന്നു. ഞാന്‍ പിന്നെ എണ്ണിനോക്കിയപ്പം പതിനായിരം!''
''ലോട്ടറിയടിച്ചല്ലേ?''
''സാറേ... ഞാന്‍ കരഞ്ഞുപോയി. ആ മരിച്ചുപോയ പെണ്ണിനോട് ശ്രീജിത്‌സാറിനിപ്പഴുമുള്ള സ്‌നേഹംകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്തത്?''
അപ്പോള്‍ എച്ച്.സി. രാജീവന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹം പെട്ടെന്നതെടുത്തു നോക്കിയപ്പോള്‍ ലൈനില്‍ സി.ഐ. മോഹന്‍ തോമസ്!
''ഹലോ... സാര്‍... എന്താണു സാര്‍?''
''തനിക്കു ട്രാന്‍സ്ഫര്‍!''
(തുടരും)