•  2 Oct 2025
  •  ദീപം 58
  •  നാളം 30
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

ചോദ്യം ചെയ്യുന്നതിന് സ്റ്റേഷനിലെത്തണമെന്ന അറിയിപ്പ് കിട്ടിയപ്പോള്‍ വിജയമ്മയ്ക്കു വെപ്രാളമായി. ഇന്നുവരെ വാദിയായോ, പ്രതിയായോ, അവര്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. ജീനാ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടയാള്‍ എന്ന നിലയില്‍ അന്ന് എഫ്.ഐ.ആര്‍. തയ്യാറാക്കാനായി പൊലീസ് അവളോടു വിവരങ്ങള്‍ തിരക്കിയിരുന്നു. അവിടെയപ്പോള്‍ തടിച്ചുകൂടിയ ആളുകളുടെ മധ്യത്തില്‍വച്ചാണ് കണ്ടകാര്യങ്ങള്‍ പറഞ്ഞത്. പത്രങ്ങളിലും ചാനലുകളിലുമൊക്കെ ജീനായുടെ മരണം ഇപ്പോഴും വാര്‍ത്തയായി തുടരുന്ന വിവരം വിജയമ്മയറിഞ്ഞിരുന്നു. പതിവുള്ള ഒരു വീട്ടില്‍ അടുക്കളപ്പണി ചെയ്യുന്നതിനിടയിലാണ് സ്റ്റേഷനില്‍നിന്നുള്ള ഫോണ്‍ കോള്‍ വന്നത്. അവള്‍ തന്റെ വിലകുറഞ്ഞ ചെറിയ മൊബൈല്‍ഫോണില്‍ ഭര്‍ത്താവ് രാജേഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. മുഴുവന്‍ റിങ്ങു ചെയ്തിട്ടും അയാളെടുത്തില്ല. പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ രാജേഷ് തിരിച്ചുവിളിച്ചു.
''എന്താടീ വിളിച്ചെ?''
''നാളെ പോലീസ്‌സ്റ്റേഷനില്‍ മൊഴികൊടുക്കാന്‍ ചെല്ലണോന്നു വിളിച്ചുപറഞ്ഞു.'' 
''ചെന്ന് നീ കണ്ടതുപോലെ യൊക്കെ പറയ്.'' 
''എനിക്കു പേടിയാ തനിച്ചുപോകാന്‍. രാജേഷുകൂടെ വരണം.'' 
''ഒത്തിരിദിവസംകൂടികിട്ടിയ പണിയാ. എങ്ങനെ വരാനാടീ.''
''എന്തായാലും ഞാന്‍ തന്നെ പോകുകേല.''
''ങാ... വരാം...'' അയാള്‍ ഫോണ്‍ വച്ചു. 
വിജയമ്മയുടെ ഭര്‍ത്താവ് രാജേഷ് പെയിന്റിങ്‌തൊഴിലാളിയാണ്. അടുത്ത കാലത്ത് പണി തീരെ കുറവാണ്. റോണിയുടേതുള്‍പ്പെടെ മൂന്നു വീടുകളില്‍പോയി വിജയമ്മ അടുക്കളപ്പണി ചെയ്തുണ്ടാക്കുന്ന പണംകൊണ്ടു മാത്രമാണ് കുടുംബം കഴിയുന്നത്. 
പിറ്റേദിവസം രാവിലെ പതിനൊന്നു മണിയായപ്പോള്‍ വിജയമ്മയും രാജേഷും സര്‍ക്കിള്‍ ഓഫീസിലെത്തി.
സി.ഐ. മോഹന്‍ തോമസ് എത്താന്‍ ഒരു മണിക്കൂര്‍ വൈകി. അദ്ദേഹം നല്ല തിരക്കിലായിരുന്നു. ഒരു മണിക്കാണ് വിജയമ്മയെ വിളിച്ചത്. രണ്ടുപേരുംകൂടി ഓഫീസിലേക്കു കയറി.
''വിജയമ്മ. അല്ലേ?'' മുഖമുയര്‍ത്തി അവളെ നോക്കിക്കൊണ്ട് സി.ഐ. ചോദിച്ചു.
''അതെ സാര്‍.'' അവള്‍ കൈകൂപ്പി.
''കൂടെയുള്ളത്?''
''എന്റെ കെട്ടിയവനാ സാറെ.''
''ഇയാള് ഒന്നു പുറത്തു വെയ്റ്റ് ചെയ്യ്. ഇവിടെ പ്രശ്‌നമൊന്നുമുണ്ടാവില്ല. മൊഴിയെടുക്കുമ്പോള്‍ ഒരു സ്വകാര്യത വേണം. അതുകൊണ്ടാ.'' സി.ഐ. മോഹന്‍ തോമസ് പറഞ്ഞു.
രാജേഷ് അനുസരണയോടെ പുറത്തേക്കിറങ്ങി.
''വിജയമ്മ ഒന്നും പേടിക്കണ്ട. ആ കസേരയിലിരുന്നോളൂ.''
''വേണ്ട സാറെ. ഞാന്‍ നിന്നോളാം.'' അവള്‍ ഇരുന്നില്ല. ഭവ്യതയോടെ നിന്നു.
''വിജയമ്മ എത്ര നാളായി റോണിയുടെ വാടകവീട്ടില്‍ അടുക്കളജോലി ചെയ്യുന്നു?'' 
''ആറു മാസമായി സാറെ.'
'പാര്‍ട്ട് ടൈമാണോ?''
''അതെ. രാവിലെ ചെന്ന് മുറ്റമൊക്കെയടിച്ച്, പാത്രമൊക്കെ കഴുകി ഭക്ഷണോമൊണ്ടാക്കി പതിനൊന്നു മണിയോടെ പോരും. തുണിയൊക്കെ വാഷിങ് മെഷീനിലാ അലക്കുന്നെ. ആഴ്ചയില്‍ ഒരു പ്രാവശ്യം മുറിയൊക്കെ അടിച്ചുവാരി തൊടച്ചുനന്നാക്കും.''
''വേറെ വീടുകളില്‍ പണിയുന്നുണ്ടോ?''
''രണ്ടു വീട്ടില്‍ക്കൂടെ പോകുന്നുണ്ട്.''
''ഈ റോണിയും ജീനായും തമ്മില്‍ എങ്ങനെയായിരുന്നു?''
''എന്റെ പൊന്നുസാറെ. ഒന്നും പറയണ്ട.'' വിജയമ്മ തലയില്‍  കൈവച്ചു.
''അതെന്താ വിജയമ്മ അങ്ങനെ പറയുന്നെ?''
''കെട്ട്യോനും കെട്ട്യോളും തമ്മില്‍ ഇങ്ങനെയൊരു സ്‌നേഹം വേറൊരിടത്തും ഒരു മനുഷ്യനിലും ഞാന്‍ കണ്ടിട്ടില്ല. അവിടെ ശരിക്കും പണിക്കാരുടെ ആവശ്യമേയില്ല. രണ്ടാളല്ലേയുള്ളൂ. റോണിച്ചന്‍ അതിനെക്കൊണ്ട് ഒരു പണീം ചെയ്യിക്കുകേല. ഈ കൈയൊക്കെയുണ്ടല്ലോ സാറെ, എന്റെ കൂട്ടല്ല, നല്ല റോസാപ്പൂപോലെയാ ഇരിക്കുന്നെ.'' 
''ഈ റോണിയത്ര ശരിയല്ലെന്ന് ചിലരു പറയുന്നുണ്ടല്ലോ''
''അതു വെറുതെ പറയുന്നതാ. എനിക്കു തോന്നീട്ടില്ല.''
''റോണി രാവിലെ ജോലിക്കു പോയിക്കഴിഞ്ഞ് ജീനായുടെ ബന്ധുക്കളോ മറ്റാരെങ്കിലുമോ അവിടെ വരാറുണ്ടോ?'' 
''ഞാനുള്ളപ്പം ഒരാളും വന്നു കണ്ടിട്ടില്ല.''
''ഇത്രയ്ക്കും സ്‌നേഹമായിരുന്നെങ്കില്‍ അവളെന്തിനായിരിക്കും സ്വയം മരിച്ചത്?''
''അത്... കൊന്നതാ സാറെ.''
''ആര്?''
''റോണീടെ അപ്പന്‍ കല്യാണത്തിനെതിരായിരുന്നല്ലോ. ആ കൊച്ചിന്റെ അപ്പന് ഭ്രാന്തുള്ളതാണെന്നും കേട്ടു. ജീനായെ കൊന്നേച്ച് മകനെക്കൊണ്ട് വല്യടത്തെ പെണ്ണിനെ കെട്ടിക്കാന്‍ വേണ്ടി ചെയ്തതാന്നാ ആളുകള് മുഴുവന്‍ വിശ്വസിക്കുന്നെ.''
''അങ്ങനെയൊരു സംസാരമുണ്ടോ?''
''ഒണ്ട് സാറെ.''
''ജീനാ മരിച്ച ദിവസം വിജയമ്മ എന്താ രാവിലെ ജോലി ചെയ്യാതിരുന്നത്?''
''ഞാന്‍ വിളിച്ചുപറഞ്ഞായിരുന്നു, താമസിക്കുമെന്ന്.''
''എന്റെ ഇളേ പെണ്‍കൊച്ചിന് പനിയായിട്ട് മരുന്നു വാങ്ങിക്കാന്‍ ഗവണ്‍മെന്റാശുപത്രീല്‍ പോയതായിരുന്നു സാറെ.''
''വാതില് തുറന്നാണോ കിടന്നിരുന്നത്?''
''തുറന്നെന്നു പറയത്തില്ല. പൂട്ടീട്ടും കുറ്റിയിട്ടിട്ടുമില്ലായിരുന്നു. ഞാന്‍ ഒത്തിരി വിളിച്ചിട്ടും കേള്‍ക്കാതെ വന്നതുകൊണ്ട് വാതിലില്‍ തട്ടിയപ്പം തുറന്നുപോയി. എന്റെ സാറേ കണ്ട കാഴ്ച! വിജയമ്മ കണ്ണടച്ച് നെഞ്ചില്‍ കൈവച്ചു.
അല്പനേരം ഇരുവരും നിശ്ശബ്ദരായിരുന്നു. വിജയമ്മയുടെ മുഖത്ത് സ്‌തോഭം നിഴലിച്ചു.
''റോണിയുടെ അപ്പനാണ് കൊലനടത്തിയതെന്നു പറയുന്നത് എനിക്കത്ര വിശ്വാസം വരുന്നില്ല. ജീനായെ കൊന്നാല്‍ പെട്ടെന്ന് അപ്പന്‍ പറയുന്ന പെണ്ണിനെ റോണി കല്യാണം കഴിക്കുമെന്നു കരുതാന്‍ പറ്റുമോ? വിജയമ്മയ്‌ക്കെന്തു തോന്നുന്നു?''
''പെട്ടെന്നൊന്നും കെട്ടുകേല. കാലം കുറച്ചു കഴിയുമ്പം അവനവളെ മറുക്കുകേലേ സാറെ? പിന്നെ ഒരു പെണ്ണു വേണോന്നും കുടുംബം വേണോന്നും ജീവിതം വേണോന്നും തോന്നാതിരിക്കുമോ?'' 
''വിജയമ്മ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. വലിയ സ്‌നേഹത്തോടെ ജീവിക്കുന്നതിനിടെ രോഗം വന്നോ, അപകടത്തിലോ ഒക്കെ ഭാര്യ മരിച്ച ചിലര്‍ വര്‍ഷമൊന്നു തികയുംമുമ്പേ വേറെ പെണ്ണുകെട്ടി ആഹ്ലാദിച്ചുജീവിക്കുന്ന സംഭവങ്ങള്‍ എനിക്കറിയാം. ഈ കേസില്‍ സംശയങ്ങളൊന്നും തള്ളിക്കളയാനാവില്ല.''
''എന്റെ സാറേ, ജീനാ മോളെ, ഇത്രേം സ്‌നേഹിച്ച റോണിച്ചന് അതു മരിച്ചുകിടന്നപ്പം കാണാന്‍ പറ്റിയില്ല. അന്ത്യചുംബനം കൊടുക്കാനും പറ്റിയില്ല. അതൊരു തീരാത്ത വേദനയായിട്ടു കിടക്കും സാറെ.''
''അതിനവന്‍ തയ്യാറാകാഞ്ഞിട്ടല്ലേ? ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞങ്ങള്‍ പ്രൊട്ടക്ഷന്‍ കൊടുക്കുമായിരുന്നു. പ്രമാദമായ കൊലക്കേസ്പ്രതികളെ ഞങ്ങള്‍ തെളിവെടുപ്പിനു കൊണ്ടുവരുന്നതു കണ്ടിട്ടില്ലേ? ഒരുത്തനെക്കൊണ്ടും ദേഹത്തു തൊടീക്കില്ല.''
''അതു ശരിയാ. ഞാന്‍ ടീവില്‍ കണ്ടിട്ടുണ്ട്.''
''എങ്കില്‍ ഇനി വിജയമ്മ പൊയ്‌ക്കോളൂ.'' സി.ഐ. മോഹന്‍ തോമസ് പറഞ്ഞു.
വിജയമ്മ ഒരിക്കല്‍കൂടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൈകൂപ്പി വണങ്ങിയിട്ട് ക്യാബിനില്‍നിന്നു പുറത്തിറങ്ങി.
* * * *
വിശിഷ്ടസേവനത്തിനുള്ള സേനാമെഡല്‍ ലഭിച്ചതു മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാജീവനോട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അനിഷ്ടം വര്‍ധിച്ചിരുന്നു. പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ചെറിയ പിഴവുകളും കുറവുകളും കണ്ടെത്തി അയാള്‍ കഴിവുകെട്ടവനെന്നു സ്ഥാപിക്കാനാണ് സഹപ്രവര്‍ത്തകര്‍ സദാ ശ്രമിക്കുന്നത്. ജീനായുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ സുപ്രധാനവിവരമാണ് രാജീവന്‍ കണ്ടെത്തിയത്. ഇപ്പോഴുണ്ടായിരിക്കുന്ന സ്ഥലം മാറ്റം, വിവരശേഖരണത്തില്‍ കാലതാമസം വരുത്തിയതിന്റെ പേരിലാണ്.
സ്റ്റേഷനിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സഹതാപപ്രകടനത്തിനായി ചുറ്റും കൂടി. 
''എന്തായാലും കാസര്‍ഗോട്ടിനു വിട്ടത് കടുംകൈയായി.'' റൈറ്റര്‍ സോമന്‍പിള്ള പറഞ്ഞു.
''രാജീവന്‍സാറിന് എവിടെയായാലും പിടിച്ചുനില്‍ക്കാന്‍ കഴിവുണ്ട്.'' കോണ്‍സ്റ്റബിള്‍ സുധീഷ് പ്രതികരിച്ചു.
''ഒരു രണ്ടു വര്‍ഷത്തിനുള്ളില്‍ സാറിന് എസ്.ഐ. പ്രമോഷന്‍ ഉറപ്പാ.'' ഓഫീസ് ക്ലര്‍ക്ക് സുകുമാരന്‍നായര്‍ അഭിപ്രായപ്പെട്ടു.
എച്ച്.സി. രാജീവന്‍ ആരോടും ഒന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ സീറ്റില്‍ ചെന്നിരുന്ന് ആര്‍ക്കിടെക് ശ്രീജിത്തിനെ ക്കുറിച്ചു ശേഖരിച്ച വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. ജീനായുടെ കല്ലറയ്ക്കുമേല്‍ പുഷ്പചക്രം സമര്‍പ്പിക്കാനിടയായ സാഹചര്യങ്ങളും ശ്രീജിത്തിന്റെ സ്വഭാവപ്രത്യേകതകളുമെല്ലാം സമഗ്രമായി അതില്‍ പ്രതിപാദിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി രാജീവന്‍ സി.ഐ. മോഹന്‍ തോമസിന്റെ റൂമിലേക്കു ചെന്നു. 
''താന്‍ അവളുടെ കല്ലറയില്‍ റീത്തു വച്ചവനെ കണ്ടെത്തിയല്ലേ? ഹാര്‍ട്‌ലി കണ്‍ഗ്രാജുലേഷന്‍സ്.'' സി.ഐ. പറഞ്ഞു.
''അഭിനന്ദനമൊന്നും വേണ്ടായിരുന്നു സാര്‍. ഉപദ്രവിക്കാതിരുന്നാല്‍ മതിയായിരുന്നു.'' എച്ച്.സി. രാജീവന്റെ തൊണ്ടയിടറി.
''രാജീവാ, താനെന്നെ തെറ്റിദ്ധരിച്ചിരിക്കുകാ. തന്റെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ഞാനൊന്നും ചെയ്തിട്ടില്ല. അത് എത്രയും പെട്ടെന്ന് റദ്ദ് ചെയ്യണമെന്നു പറഞ്ഞ് മുകളിലേക്കു മെസേജയച്ചിട്ടിരിക്കുകാ ഞാന്‍. തനിക്കിട്ടു പണി വന്നു. എവിടുന്നാണെന്നും എനിക്കു കൃത്യമായ വിവരം കിട്ടി.''
''സാര്‍... സാര്‍... സോറി സാര്‍... ഞാന്‍... ഇത്തിരി മോശമായിട്ടു പറഞ്ഞുപോയി.''
''എന്നോടു സോറി ഒന്നും പറയണ്ട. താന്‍ ശ്രീജിത്തിലേക്കടുക്കുന്നു എന്നറിഞ്ഞ അവന്റെ കമ്പനിയുടെ എം.ഡി. ഉന്നതങ്ങളില്‍ ചരടുവലിച്ചതു മൂലമാ സഡനായിട്ട് തെറിപ്പിച്ചത്.''
''സാറ് വിവരമൊക്കെ അറിഞ്ഞിരുന്നോ?''
''അറിഞ്ഞു. ജീനായുടെ മരണം നടന്നതിന്റെ തലേദിവസം അവളെക്കാണാന്‍ ഒരാളെത്തിയിരുന്ന വിവരം അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു വൃദ്ധനില്‍നിന്നും എനിക്കു കിട്ടി. അതാരാണെന്നു കണ്ടെത്തണം. അയാളുടെ സന്ദര്‍ശനവും ജീനായുടെ മരണവുമായി ബന്ധമുണ്ടെന്നുറപ്പിക്കാം. സണ്‍സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനവും അതിലെ ആര്‍ക്കിടെക് ശ്രീജിത്തും പോലീസിനെ ഭയപ്പെടുന്നു. വിശേഷിച്ചുംതന്നെപ്പോലെ ക്രെഡിബിലിറ്റി ഉള്ള പോലീസുകാരെ.''
''വളരെ ബുദ്ധിമുട്ടിയാണ് സാര്‍ അവനെപ്പറ്റിയുള്ള വിവരം ശേഖരിച്ചത്. അതിനു പിന്നാലെ ട്രാന്‍സ്ഫര്‍ വന്നപ്പോള്‍ ഞാന്‍ ഡെസ്പായി സാര്‍.''
''ട്രാന്‍സ്ഫറൊക്കെ ഞാന്‍ ബ്ലോക്കാക്കും. ജീനായുടെ കേസില്‍ നമുക്കൊന്നിച്ചു നീങ്ങണം.''
സി.ഐ. മോഹന്‍തോമസ് എഴുന്നേറ്റുനിന്ന് ഷേക്ക് ഹാന്‍ഡ് നല്‍കിയപ്പോള്‍ എച്ച്.സി. രാജീവന്റെ കണ്ണുകള്‍ നിറഞ്ഞുവന്നു.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)