''ഇനിയെന്തു ചെയ്യും?'' ഡോസി പതിയെ എഴുന്നേറ്റിരുന്നു. കൂരിരുട്ടായതുകൊണ്ട് ഒന്നും അവനു കാണാന്‍ കഴിഞ്ഞില്ല.
''ശെടാ, ഒന്നു ശ്രദ്ധിച്ചിരുന്നേല്‍ ഈ നേരം ഞാന്‍ ഗ്രാമത്തില്‍ എത്തുകയും വന്ന കാര്യം സാധിച്ചു മടങ്ങുകയും ചെയ്‌തേനെ.'' ഡോസിക്കു കടുത്ത നിരാശ തോന്നി.
''എന്തായാലും ഈ രാത്രി ഇവിടെത്തന്നെ കിടക്കാം. അതിരാവിലെതന്നെ ഗ്രാമത്തിേലക്കു പോകാം.'' ഡോസി ഒരിടത്തായി ഒതുങ്ങിയിരുന്നു. അല്പസമയം അങ്ങനെയിരുന്നപ്പോള്‍ അവന് അമ്മയെയും അച്ഛനെയും ഓര്‍മവന്നു.
പാവം അമ്മയും അച്ഛനും! എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും.
ഡോസി ആരോടും പറയാതെയാണ് പൊന്നിവനത്തില്‍ നിന്നു ഗ്രാമത്തിലേക്കു യാത്ര തിരിച്ചിരുന്നത്. പറഞ്ഞാല്‍ ആരും സമ്മതിക്കില്ലെന്നു കരുതി.
''ഞാന്‍ വൈകാതെ തിരികെവരും അമ്മേ. അന്ന് പൊന്നിവനവും വനത്തിലെ സകലരും എന്നെ പുകഴ്ത്തിപ്പാടും.''
അവനതു മനസ്സില്‍ പലതവണ പറഞ്ഞുകൊണ്ടിരുന്നു. അവന്റെ മനസ്സില്‍നിറയെ വാശിയായിരുന്നു. ഇത്രകാലവും സഹിച്ചതുകൂടി ഓര്‍ത്തപ്പോള്‍ അവന്റെ വാശി ഇരട്ടിച്ചു.
ഭയന്നു ഞാന്‍ ജീവിക്കില്ല. ഞാന്‍ സ്വപ്നംകണ്ടത് നേടുകതന്നെ ചെയ്യും.
പെട്ടന്ന് എന്തോ അനങ്ങുന്നതുപോലെ ഒരു ചെറിയ ശബ്ദം അവന്‍ കേട്ടു. പതിയെ ഇരുട്ടത്ത് തപ്പിത്തടഞ്ഞു നോക്കി.
''ആരാ അത്? ആരാണെന്നു പറഞ്ഞോ?'' അവന്‍ ഉറക്കെ വിളിച്ചുചോദിച്ചു. എന്തൊക്കെയോ സംശയം ഡോസിയുടെ മനസ്സില്‍ നിറഞ്ഞു. എന്നിട്ടും ധൈര്യമായിത്തന്നെ വീണ്ടും ചോദിച്ചു:
''ആരാണ്?'' പക്ഷേ, ഒരു മറുപടി ഉണ്ടായിരുന്നില്ല. അവന്‍ ഒരു കോണില്‍ വീണ്ടുമിരുന്നു. നല്ല ഉറക്കം വരുന്നുണ്ട്. കുഴിയില്‍ വീണതിന്റെ വേദനയുണ്ട്.
''ഈ കുഴിക്ക് എത്ര ആഴമുണ്ടാകും?'' വെറുതെ ചിന്തിച്ചുനോക്കി.
പക്ഷേ, അവനൊരു കണക്ക് കൃത്യമായി സങ്കല്പിക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് ഒന്നും ഉണ്ടാവില്ല. മനസ്സിലോര്‍ത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ തന്റെ അടുത്തേക്ക് രണ്ടു ചെറിയ തിളക്കം വരുന്നത് അവന്‍ ശ്രദ്ധിച്ചു...
''എന്താ അത്?'' ഡോസി ചാടിയെഴുന്നേറ്റു. വളരെ വേഗം തന്നെ കുറേയധികം ചെറിയ വെളിച്ചം ഡോസിക്കഴുതയുടെ ചുറ്റും നിറഞ്ഞു.
''നിങ്ങളൊക്കെ ആരാ? എന്താണു വേണ്ടത്?''
ഒരു വലിയ അപകടം സംഭവിക്കാന്‍ പോകുന്നതുപോലെ ഒരു തോന്നല്‍. വളരെ ശബ്ദം താഴ്ത്തിയും വളരെയുച്ചത്തിലും ഡോസി കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ, മറുപടിയൊന്നും വന്നില്ല. പിന്നെ ഒന്നും നോക്കിയില്ല. ആദ്യം കണ്ട രണ്ടു തിളക്കത്തെ കഴുത കാലുകൊണ്ട് ദൂരേക്ക് ഒറ്റയേറ്.
'ഡിഷും!' പക്ഷേ, പിന്നെയും അവര്‍ കൂട്ടത്തോടെ ഡോസിയുടെ അടുത്തേക്കു കൂടി. ഡോസി കാതുകള്‍ മൂടി കണ്ണുകള്‍ അടച്ചു. ചെറിയ ശബ്ദം മാത്രമേ ഇപ്പോള്‍ കേള്‍ക്കാന്‍ പറ്റൂ. കൈകള്‍ കൊണ്ട് കൂടുതല്‍ ശക്തമായി കാതുകള്‍ മൂടി. എന്നിട്ട് ഒറ്റയലര്‍ച്ച: 'ആആആആആ....'
ഡോസി കണ്ണുകള്‍ തുറന്നപ്പോള്‍ ചുറ്റും വെളിച്ചം പടര്‍ന്നിരുന്നു.
''ഓഹ്. രാവിലെ ആയല്ലോ.'' വളരെ ആശ്വാസത്തോടെ അവന്‍ എഴുന്നേറ്റു.
'ഞാന്‍ ഇന്നലെ കണ്ടതൊക്കെ വെറും സ്വപ്നം ആയിരുന്നോ?' അവന്റെ മനസ്സില്‍ ചിന്ത നിറഞ്ഞു. അപ്പോഴാണ് പിന്നില്‍നിന്നൊരു വിളി. ഡോസി ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കി. പിന്നില്‍ അതാ നില്‍ക്കുന്നു ഒരു കൂട്ടം തേള്‍.
''നിങ്ങള്‍ സ്വപ്നം കണ്ടതല്ല.'' കൂട്ടത്തില്‍ മുതിര്‍ന്നതെന്നു തോന്നുന്ന ഒരു തേള്‍ പറഞ്ഞു. സംശയത്തോടെ ഡോസി നോക്കുമ്പോള്‍ തേളുകളുടെ പിറകിലായി പത്തോളം കുഞ്ഞിപ്പൂച്ചകളും അതിന്റെ അമ്മയും കിടക്കുന്നു. അമ്മപ്പൂച്ച, ഡോസിയുടെ അടുത്തേക്ക് പതിയെ വന്നിട്ട് പറഞ്ഞു:
''നിങ്ങള്‍ ഇന്നലെ കണ്ടത് ഞങ്ങളുടെ കണ്ണുകളാണ്.''
''അതെയോ!'' ഡോസി അദ്ഭുതത്തോടെ എല്ലാവരെയും നോക്കി.
'എന്നിട്ട് എന്താണു നിങ്ങളൊന്നും മിണ്ടാതെയിരുന്നത്. ഞാന്‍ എത്ര തവണ ചോദിച്ചു.''
''അത്... ഞങ്ങളുടെ ശബ്ദംകേട്ടു കഴിഞ്ഞ് നിങ്ങള്‍ ആക്രമിച്ചാലോ എന്നു പേടിച്ചിട്ടാണ്.''
ഒരു കുഞ്ഞിപ്പൂച്ച പറഞ്ഞു.
''രാവിലെയായിട്ട് കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നു വിചാരിച്ചു.''
അമ്മപ്പൂച്ച അത്രയും പറഞ്ഞതിന്റെ കൂടെ ഒരു കാര്യം കൂടി പറഞ്ഞു.
''നിങ്ങള്‍ ഇന്നലെ തട്ടി ദൂരേക്കെറിഞ്ഞത് എന്റെ കുഞ്ഞിനെയാണ്.''
അതു പറഞ്ഞപ്പോള്‍ അമ്മപ്പൂച്ചയുടെ കണ്ണുകള്‍ രണ്ടും നിറഞ്ഞുതുളുമ്പിയിരുന്നു.
''അയ്യോ! എനിക്ക് ഒന്നും അറിയില്ലായിരുന്നു. നിങ്ങള്‍ ഒന്നും മിണ്ടിയതുമില്ല. എന്തോ അപകടമാണെന്നു കരുതി.''
''സാരമില്ല. അറിയാതെയല്ലേ... ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്.''
ദേഹത്തേക്ക് ഒരു തേള്‍ ഇഴഞ്ഞുകയറുന്നത് തട്ടിക്കളയാന്‍ നേരം ഡോസിയെ പൂച്ച വിലക്കി.
''ഒന്നും ചെയ്യണ്ട. അതൊരു പാവമാണ്.'' തേള്‍, കഴുതയുടെ മൂക്കിന്റെ തുമ്പത്തായി വന്നിരുന്നു.
''നിങ്ങള്‍ ശരിക്കും ഒരു ധൈര്യശാലിയാണല്ലേ?''
''ആരു പറഞ്ഞു?''
''ഇന്നലെ രാത്രിയില്‍ ഞങ്ങള്‍ക്ക് അതു ബോധ്യമായി.''
'അതൊക്കെ എന്റെ അഭിനയമല്ലേ. ഞാന്‍ ശരിക്കും അത്ര വലിയ ധൈര്യശാലിയൊന്നുമല്ല.''
''അതും മനസ്സിലായി.''
''എങ്ങനെ?''
''ഇപ്പൊ നിങ്ങള്‍തന്നെയല്ലേ പറഞ്ഞത്.''
പൂച്ച ഉറക്കെ ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു:
''നിങ്ങള്‍ക്കു പേടിക്കാനുള്ള ഒരു കാര്യം ഞാന്‍ പറയട്ടെ?''
''എന്താ അത്?''
(തുടരും)