''എന്നാല്‍ അത് ഇപ്പോള്‍ പറയുന്നില്ല. നമുക്ക് ആദ്യമൊന്നു പരിചയപ്പെടാം. ഞാന്‍ കീര. നിന്റെ പേരെന്താ?''
''ഡോസി.''
''ഏതു വനത്തില്‍നിന്നാണു വരുന്നത്?''
''പൊന്നിവനം.''
''ഓഹോ... അതു നീയാണല്ലേ. പൊന്നിവനത്തിലെ പാവം കഴുത.''
ഒരു തേള്‍ ഇടയില്‍ കയറി പറഞ്ഞു. അതു കേട്ടതും മറ്റുള്ളവര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.
''അതേ. എന്നെ അറിയാമോ?'' തേള്‍ കളിയാക്കി ചോദിച്ചതാണെന്നു മനസ്സിലായിട്ടും അതു പ്രകടിപ്പിക്കാതെ ഡോസി ചോദിച്ചു.
''എടാ ഡോസീ, ഇവന്‍ നിന്നേ കളിയാക്കിയതാണ്.'' കീര ഇടയില്‍ കയറി പറഞ്ഞു.
''അതൊക്കെ എനിക്കു മനസ്സിലായി. കാട്ടില്‍ താമസിക്കുന്ന കാലത്ത്, അതായത്, മൂന്നു ദിവസംമുമ്പുവരെ എന്നെ കളിയാക്കാതെ പോകുന്ന ഒരു ജീവി പോലും പൊന്നിവനത്തില്‍ ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും ഞാനൊരു തമാശ മാത്രമാണ്.''
''അയ്യേ! നീ ഇതൊക്കെ ഇങ്ങനെ കാര്യമായി എടുത്താല്‍ എങ്ങനെ വനത്തില്‍ ജീവിക്കും?'' പെട്ടെന്നുതന്നെ കീര തമാശയില്‍നിന്നു കാര്യമായി സംസാരിക്കാന്‍ തുടങ്ങി.
''നിനക്കറിയോ ഡോസീ, ഞാനും മക്കളും ഈ കുഴിയില്‍ വീണിട്ട് ദിവസം മൂന്നായി. ഈ തേളുകള്‍ അവര്‍ക്കു പറ്റുന്നതെല്ലാം ശ്രമിച്ചു, ഞങ്ങളെ മുകളിലേക്കു കൊണ്ടുപോകാന്‍. പക്ഷേ, കഴിഞ്ഞില്ല. ഇപ്പോ ഞങ്ങള്‍ക്കറിയാം ഇവിടെ കിടന്നാണ് ഞങ്ങളുടെ കഥ തീരാന്‍ പോകുന്നത് എന്ന്.''
പാവം ഡോസിക്ക് പൂച്ചയുടെ അവസ്ഥ കേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.
അപ്പോഴാണ് തേള്‍ പറഞ്ഞത്:
''ഇതില്‍ വീണുപോയവരാരും ജീവനോടെ പോയിട്ടില്ല.'' അതു കേട്ടതും അല്പം ദേഷ്യത്തോടെ ഡോസി ചോദിച്ചു:
''എന്താ നിന്റെ പേര്?''
''റായല്‍''
''അതേ റായലേ, ഈ കുഴിയില്‍ ബുദ്ധിയുള്ളവര്‍ ഇതുവരെ വീണുകാണില്ല. വിചാരിച്ചാല്‍ ഏതു കുഴിയില്‍നിന്നും നമുക്കു രക്ഷപെടാന്‍ പറ്റും.''
''ഓ. ഇപ്പൊ വീണ നീയും മണ്ടനല്ലേ.''
''എങ്ങനെയറിയാം.'' ഡോസി വിട്ടുകൊടുത്തില്ല.
''അത്... അതെന്റെ അമ്മ പറഞ്ഞു.''
''എന്തു പറഞ്ഞു?''
''കാട്ടില്‍ കഴുതകള്‍ എന്നൊരു കൂട്ടമുണ്ട്. അവര്‍ക്കു തീരെ ബുദ്ധിയില്ല. അതുകൊണ്ട് ഗ്രാമത്തില്‍നിന്നൊക്കെ ആളുകള്‍ കാട്ടില്‍ കയറി കഴുതകളെ പിടിച്ചോണ്ടു പോകും. ഗ്രാമത്തില്‍ എത്തിയ ഉടനെ കഴുതകളെ ക്കൊണ്ടു ഭാരം എടുപ്പിക്കും. എന്നൊക്കെ.''
റായല്‍ ഒറ്റശ്വാസത്തില്‍ അത്രയും പറഞ്ഞുനിര്‍ത്തി. എന്നിട്ട് കീരയെ നോക്കി. പറഞ്ഞത് അബദ്ധമായോ എന്നറിയാന്‍ വേണ്ടിയാണ് നോക്കിയത്. എന്നാല്‍, റായല്‍തേള്‍ പറഞ്ഞതു കേട്ടപ്പോള്‍ ഡോസിക്കു ചിരിയാണ് വന്നത്.
''എന്തിനാ നീ ചിരിക്കുന്നത്?'' റായല്‍ കൗതുകത്തോടെ ചോദിച്ചു.
''ചങ്ങാതീ... നീ ആദ്യം നിന്റെ ചിന്തകളെ മാറ്റണം.. കാലം ഒരുപാട് മാറി.. പഴയ ചിന്തകള്‍ വച്ചുകൊണ്ട് ഇന്നു ജീവിക്കാന്‍ വലിയ പാടാണ്. ശരിയാണ്, നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ, ഇന്നല്ല പണ്ട്. പണ്ട് നീ പറഞ്ഞതൊക്കെ ശരിയാണ്. അന്നു ഞങ്ങളുടെ പൂര്‍വികര്‍ക്ക് അറിവ് കുറവായിരുന്നു. എങ്ങനെയും വല്ലതും തിന്നു ജീവിക്കണം എന്നു മാത്രമായിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയല്ല.''
''ഇന്ന് എന്താ മാറിയത്?'' റായല്‍ പെട്ടെന്നു ചോദിച്ചു പോയി.
''നീ ഇവിടെയാണോ കൂട്ടുകാരാ താമസം?''
''അതേ... ഈ കുഴിയാണ് എന്റെ കൊട്ടാരം.''
''അതാണ് നിന്റെ പ്രശ്‌നം. ഈ കുഴിക്കപ്പുറം ഒരു ലോകമുണ്ട്. ഞാന്‍ അവിടേക്കുള്ള യാത്രയിലാണ്. പിന്നെ നിനക്ക് ഒരു ചിന്ത കാണും. കാട്ടില്‍ രാജാവ് എന്നും സിംഹമാണെന്നും മന്ത്രിയെന്നും കടുവയാണെന്നുമൊക്കെ. അതൊക്കെ മാറും.''
''പിന്നെ.. മാറിയതുതന്നെ. ഹാ ഹാ.''
''എന്താ മാറിയാല്‍..?''
''മാറിയിട്ട് നീ രാജാവാകുമോ... ഈ പൂച്ചപ്പെണ്ണ് മന്ത്രിയാകുമോ? നീ വിഡ്ഢിത്തം പറയാതെ ഡോസി. നിനക്കു ബുദ്ധിയില്ലെന്നു നീ തന്നെ പറയുകയാണ് ഇപ്പോള്‍.''
റായല്‍ അത്രയും പറഞ്ഞിട്ട് കുഴിയുടെ മുകളിലേക്കു കയറി ത്തുടങ്ങി.
''കഴിയുമെങ്കില്‍ ഈ കുഴിയില്‍നിന്നു കയറി ജീവന്‍ രക്ഷിക്കാന്‍ നോക്ക്.''
പോകുന്നതിന്റെ ഇടയില്‍ റായല്‍ പറഞ്ഞു. അതു കേട്ടതും ഡോസി ആദ്യം നോക്കിയത് കീരയുടെ മുഖത്തേക്കാണ്.
''നിനക്കു ചാടിപ്പോകാന്‍ കഴിയില്ലേ കീരാ?''
''നീ ശരിക്കും മുകളിലേക്കു നോക്കിയോ?''
അപ്പോഴാണ് ശരിക്കും ഡോസി മുകളിലേക്കു നോക്കിയത്. ഡോസി അമ്പരന്നുപോയി.
(തുടരും)