കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം
IV
സഭാപിതാവായ വി. ജോണ്‍ ക്രിസോസ്തോം  (347-þ407) Dialogue on Priesthood എന്ന കൃതിയില്‍ പൗരോഹിത്യത്തെക്കുറിച്ചു മനോഹരമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു:
''പുരോഹിതന്മാര് ലോകത്തിന്റെ ഉപ്പാണ്. വിവിധ മണ്ഡലങ്ങളില്‍ വ്യാപരിക്കുന്ന ദൈവജനത്തിനു നന്മയും നൈര്‍മല്യവും പകര്‍ന്നുകൊടുക്കാനുള്ള അറിവും അനുഭവസമ്പത്തും അവര്‍ക്കു സ്വന്തമായിരിക്കണം. ഓരോ രോഗിക്കും പ്രത്യേകം പ്രത്യേകം ചികിത്സ നല്കുന്ന ഭിഷഗ്വരനെപ്പോലെയും ഓരോ കൊടുങ്കാറ്റിനെയും അതിന്റെ ദിശ മനസ്സിലാക്കി വിജയകരമായി നേരിടുന്ന കപ്പിത്താനെപ്പോലെയും സാമര്‍ത്ഥ്യത്തോടെ വര്‍ത്തിക്കുന്നവനാണ് പുരോഹിതന്. ദൈവമഹത്ത്വവും സഭയുടെ വളര്‍ച്ചയുമാണ് അവന്റെ ജീവിതലക്ഷ്യം.''
വിശുദ്ധന് തുടരുന്നു: 'ലോകവാസികള്‍ മുഴുവനുവേണ്ടിയും ദൈവമുമ്പാകെ മാധ്യസ്ഥ്യം വഹിക്കുന്നവനാണു പുരോഹിതന്. ലോകസമാധാനത്തിനായി അവന് നിരന്തരം പ്രാര്‍ത്ഥിക്കുന്നു. ഒരു സമൂഹത്തിന്റെ തലവനായിരിക്കുന്ന പുരോഹിതന് ആ സമൂഹാംഗങ്ങളെക്കാള് മികവു പുലര്‍ത്തണം. പരിശുദ്ധ റൂഹായെ ക്ഷണിക്കുകയും ബലി പൂര്‍ത്തിയാക്കുകയും ചെയ്യുന്ന പുരോഹിതന്റെ സ്ഥാനം ഭീതി ജനകമാണ്. എത്ര വലിയ പരിശുദ്ധിയും ദൈവഭക്തിയുമാണ് അവനില്‍നിന്നു ദൈവജനം പ്രതീക്ഷിക്കുന്നത്! പുരോഹിതനു ചുറ്റും വിശുദ്ധ സ്ഥലത്ത് സ്വര്‍ഗീയഗണങ്ങള്‍ ബഹുമാനപുരസ്സരം വ്യാപരിക്കുന്നു.
കല്യാണവസ്ത്രമില്ലാതെ വിരുന്നിന് എത്തിയവനെപ്പോലെ ആവരുത് ദിവ്യരഹസ്യങ്ങളുടെ കാര്‍മികനായ വൈദികന്. അവന്റെ ആത്മാവ് ലോകം മുഴുവനെയും പ്രകാശിപ്പിക്കുന്ന ഉജ്ജ്വലജ്വാലയായിരിക്കണം. അവന്റെ മനസ്സാക്ഷിയിലെ കരിനിഴലുകള്‍ തന്റെ ദിവ്യഗുരുവിന്റെ മുമ്പില്‍ ആത്മവിശ്വാസത്തോടെ വര്‍ത്തിക്കുവാന്‍ തടസ്സമാകും.'
വിശുദ്ധ ജോണ്‍ ക്രിസോസ്തോമിന്റെ ഈ ചിന്തകളെ ആധാരമാക്കി കര്‍ദിനാള്‍ സറാ നല്കുന്ന നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
പൗരോഹിത്യത്തിന്റെ മഹത്ത്വം
പൗരോഹിത്യത്തിനു താന്‍ യോഗ്യനാണെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കുകയില്ല. ഭീതിജനകമായ ഒരവസ്ഥയാണിത്. 'ദൈവത്തിന്റെ സ്ഥാനം അലങ്കരിക്കുന്നവനാണു പുരോഹിതന്, ദൈവത്തിന്റെ എല്ലാ അധികാരങ്ങളും കൈയാളുന്നവനാണ് അവന്'' എന്ന് ആര്‍സിലെ വികാരി വി. ജോണ്‍ മരിയ വിയാനി പറഞ്ഞിരുന്നു.
വൈദികനു ഭീതി ആവശ്യമാണ്. അത് ഒരടിമയുടെ ഭയപ്പാടല്ല; പിന്നെയോ, പുത്രസഹജവും ആനന്ദകരവുമായ മനോഭാവമാണ്. അവന്റെ പരിമിതികളെക്കുറിച്ചുള്ള അവബോധവും എല്ലാം ദൈവത്തിന്റെ ദാനമാണെന്ന അംഗീകാരവുമാണത്. കര്‍ദിനാള്‍ സറാ പറയുന്നു: വൈദികന് അനുദിനം ആശ്ചര്യപ്പെടണം. ഇന്ന് മിശിഹായുടെ തുടര്‍ച്ച അയോഗ്യനും അപൂര്‍ണനും ദരിദ്രനുമായ തന്നിലൂടെയാണു നിറവേറുന്നതെന്ന് അവന് തിരിച്ചറിയണം. ദൈവദാനത്തിന്റെ മഹത്ത്വത്തിനു മുമ്പില്‍ ആരാധനയോടും കൃതജ്ഞതയോടുംകൂടി വിറയാര്‍ന്ന ഹൃദയത്തുടിപ്പുകളോടെ അവന് നില്ക്കുന്നു.
ദൈവത്തോടുള്ള കടപ്പാടു മറന്നാല്‍ പുരോഹിതന് അഹംഭാവത്തിന് അടിമയാകാനുള്ള അപകടം പതിയിരിക്കുന്നു വെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിക്കുന്നു. രക്ഷാകരമായ ദൈവഭയത്തോടെ വര്‍ത്തിക്കുകയും പൗരോഹിത്യം എന്ന ദൈവദാനത്തിന്റെ മഹത്ത്വം വിസ്മരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അഹംഭാവത്തിനും അതില്‍നിന്ന് ഉദ്ഭവിക്കുന്ന തിന്മകള്ക്കും പ്രതിവിധി.
നിസ്സാരവത്കരണം
പൗരോഹിത്യത്തെ നിസ്സാരവത്കരിക്കുക എന്നൊരപകടം ഉണ്ടെന്ന് കര്‍ദിനാള്‍ സറാ ചൂണ്ടിക്കാണിക്കുന്നു. പുരോഹിതനെ മറ്റേതൊരാളെയുംപോലെ മാത്രം പരിഗണിച്ചാല്‍ അത് ഗൗരവമേറിയ ഒരു പിഴവാണ്.
നവവൈദികന്റെ കരങ്ങള്‍ ചുംബിക്കുന്നത് ദൈവജനത്തിന്റെ ശരിയായ ഉള്ക്കാഴ്ചയാണു പ്രകടമാക്കുന്നത്. ആ കരങ്ങളെ വന്ദിക്കുന്നത് മിശിഹായുടെ മുറിവേറ്റ കരങ്ങള്‍ മുത്തുന്നതിനു തുല്യമാണെന്നു വിശ്വാസികള്‍ക്കറിയാം.
ലാളിത്യത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ പൗരോഹിത്യത്തെക്കുറിച്ചു ബാലിശവും ഉപരിപ്ലവും തരംതാഴ്ന്നതുമായ മനോഭാവം വച്ചുപുലര്‍ത്തുക എന്നത് വൈദികനും മെത്രാനും നിപതിക്കാവുന്ന ഒരു കെണിയാണ്.
മിശിഹായുടെ പ്രതിനിധി
ഗ്രന്ഥകാരന് തുടരുന്നു: നിത്യപുരോഹിതനായ മിശിഹായെയാണു പുരോഹിതന് പ്രതിഫലിപ്പിക്കുന്നത്. തിരുക്കര്‍മങ്ങളുടെ സമയത്ത് ധരിക്കുന്ന തിരുവസ്ത്രങ്ങളും പാലിക്കുന്ന ഗൗരവപൂര്‍വവും വിനയപൂര്‍ണവുമായ പെരുമാറ്റവും തന്നെത്തന്നെയല്ല മിശിഹായെയാണ് ആരാധനക്രമത്തില്‍ കാര്മികന് പ്രതിനിധാനം ചെയ്യുന്നത് എന്നതിനു തെളിവാണ്.
ഒരു കലാകാരന്റെ കൈയിലുള്ള വീണ ശരിയായ സ്വരം പുറപ്പെടുവിക്കാന്‍ അതിന്റെ തന്ത്രികള്‍ നേരത്തേതന്നെ പൊരുത്തപ്പെടുത്തി ക്രമീകരിക്കേണ്ടതുണ്ട്. അതുപോലെ ദൈവത്തിന്റെ കരങ്ങളില്‍ ഒരുപകരണമായ പുരോഹിതന് തന്റെ കഴിവുകളും ഗുണങ്ങളും മൂല്യങ്ങളും അടങ്ങുന്ന തന്റെ മാനുഷികവ്യക്തിത്വത്തെ മിശിഹായുടെ പൗരോഹിത്യഹൃദയത്തിന് അനുയോജ്യമാക്കണം. ഉപകരണം എന്നതുകൊണ്ട് സ്വന്തം പ്രയത്നം അവഗണിക്കാമെന്ന് അര്‍ത്ഥമാക്കരുത്. പുരോഹിതനില്‍നിന്നു മെച്ചപ്പെട്ട ശുശ്രൂഷ പ്രതീക്ഷിക്കുന്നതിനു വിശ്വാസികള്‍ക്ക് അവകാശമുണ്ട്.
വി. നോര്‍ബര്‍ട്ട് (1075-1134)
വി. നോര്‍ബര്‍ട്ട് പുരോഹിതനോടു പറയുന്നു: ''ഓ! പുരോഹിതാ, നീ ആരാണ്? നീ നിന്നാല്‍ത്തന്നെ ഒന്നുമല്ല. നീ നിനക്കുവേണ്ടിയല്ല. നീ മനുഷ്യരുടെ മധ്യസ്ഥനാണ്. നീ സഭയുടെ മണവാളനാണ്. നീ എല്ലാവരുടെയും ശുശ്രൂഷിയാണ്. നീ നീയല്ല; നീ ദൈവമാണ്. ശരിക്കും നീ ആരാണ്? ഒന്നുമല്ല, എന്നാല്‍, എല്ലാമാണു താനും.''
ഈ വാക്കുകള്‍ പൗരോഹിത്യരഹസ്യം വിളിച്ചറിയിക്കുന്നു. എല്ലാവര്ക്കും സേവനം ചെയ്യുകയും കര്‍ത്താവിന്റെ കുരിശിലെ ബലി പൂര്‍ത്തിയാക്കുകയും ചെയ്യുന്നവനാണു പുരോഹിതന്.
സത്യത്തിനു സാക്ഷ്യം
വഹിക്കുന്നവന്
''സത്യത്തിനു സാക്ഷ്യം നല്‍കാനാണ് ഞാന്‍ ജനിച്ചത്. അതിനുവേണ്ടിത്തന്നെയാണു ഞാന്‍ ലോകത്തിലേക്കു വന്നതും'' (യോഹ. 18: 37). ഈ തിരുവചനഭാഗം ഉദ്ധരിച്ചശേഷം കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു: സമാധാനത്തിന്റെയും സാമൂഹികസൗഹാര്‍ദത്തിന്റെയും പേരില്‍ സഭാപ്രബോധനങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കണമെന്ന് പലരും സഭയോട് ആവശ്യപ്പെടുന്നുണ്ട്. ഇതേ കാരണത്താല്‍ സഭാനേതൃത്വത്തിന്റെ കുറ്റകരമായ മൗനത്തെ ന്യായീകരിക്കാറുമുണ്ട്. സത്യം ബലികഴിച്ചുകൊണ്ടുള്ള സമാധാനവും സ്നേഹവും യഥാര്‍ത്ഥ സ്നേഹവും സമാധാനവുമല്ല എന്നു പ്രസ്താവിച്ചശേഷം പ്രശസ്ത ഫ്രഞ്ചു ചിന്തകനായ ബ്ലേസ് പസ്കാലിനെയാണ് ഗ്രന്ഥകാരന് ഉദ്ധരിക്കുന്നത്.
''സത്യമാണു സഭയുടെ സമ്പത്ത്. ആ നിധിയിലാണ് അവള് ഹൃദയം വച്ചിരിക്കുന്നത്. വിശ്വാസികളുടെ ഹൃദയങ്ങളില്‍നിന്നു സത്യത്തെ നിഷ്കാസനം ചെയ്തിട്ട് അവിടെ തെറ്റിനെ പ്രതിഷ്ഠിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമ്പോള്‍ സമാധാനത്തിന്റെ പേരില്‍ മൗനം പാലിക്കുന്നത് സഭയെ ഒറ്റുകൊടുക്കുന്നതിനു തുല്യമല്ലേ?''
							
 ഫാ. കുര്യാക്കോസ് നരിതൂക്കിൽ
                    
									
									
									
									
									
                    