•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

കുടുംബപുരാണം

ജീവിച്ചിരുന്നപ്പോള്‍ എല്ലാവരെയും ചിരിപ്പിച്ചു; കടന്നുപോയപ്പോള്‍ എല്ലാവരെയും കരയിപ്പിച്ചു. അതായിരുന്നു ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റ്.
കാണാനെത്തിയവരും അകലെയിരുന്ന് അനുസ്മരിച്ചവരുമെല്ലാം ഏകസ്വരത്തില്‍ പറഞ്ഞു: അദ്ദേഹം ഒരു മഹാപ്രതിഭാശാലിയായിരുന്നു.
സമീപകാലത്ത് ചാനലുകളും സാമൂഹികമാധ്യമങ്ങളും ഏറ്റവും കൂടുതല്‍ ആഘോഷിച്ച വേര്‍പാടായിരുന്നു നടന്‍ ഇന്നസെന്റിന്റേത്. മരിച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും മാധ്യമങ്ങളിലും സൗഹൃദസദസ്സുകളിലും ഇപ്പോഴും തരംഗമാണ്. 
ഇന്നസെന്റിന്റെ ദേഹവിയോഗമറിഞ്ഞ് രാഷ്ട്രീയനേതൃത്വവും സിനിമാലോകവും ഒഴുകിയെത്തി. ഇരിങ്ങാലക്കുടയിലെ വസതിയായ പാര്‍പ്പിടത്തിലേക്കുള്ള വിലാപയാത്രയ്ക്കിടയില്‍ അദ്ദേഹത്തെ ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ പാതയോരങ്ങളില്‍ തടിച്ചു കൂടി. ജാതിമതവര്‍ഗവര്‍ണരാഷ്ട്രീയഭേദമെന്യേ നേതാക്കന്മാരും സെലിബ്രിറ്റികളും ആ മഹാനടനെ കാണാനെത്തി. ഇന്നസെന്റ് എന്ന പ്രതിഭാശാലിയുടെ മഹത്ത്വം വിളിച്ചറിയിക്കുന്നതായിരുന്നു സംസ്‌കാരച്ചടങ്ങുകളിലെ സജ്ജനപങ്കാളിത്തം.
എട്ടാം ക്ലാസില്‍ പഠനം  അവസാനിച്ചതിനെക്കുറിച്ച് എപ്പോഴും  പറയുമായിരുന്നെങ്കിലും എട്ടാം ക്ലാസിന്റെ ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. പഠനത്തിലും കച്ചവടത്തിലും തോറ്റെങ്കിലും അദ്ദേഹം ജീവിതത്തില്‍ വിജയിച്ചു. പരാജയങ്ങളെ വിജയങ്ങളാക്കിമാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. കാന്‍സറിനെപ്പോലും പൊരുതിത്തോല്പിച്ചു. മരണം കാന്‍സര്‍മൂലം അല്ലായിരുന്നുവെന്നു ചികിത്സിച്ച ഡോക്ടറുടെ സാക്ഷ്യമുണ്ട്.
വീടും നാടും ഇന്നസെന്റിനു വലിയ ദൗര്‍ബല്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം  ഈ രണ്ടു കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം വീടും നാടും വീട്ടുകാരുമെല്ലാം സംസാരവിഷയവും കഥാപാത്രങ്ങളുമായി. കുടുംബത്തിനും കുടുംബമൂല്യങ്ങള്‍ക്കും വലിയ പ്രാധാന്യം കല്പിച്ചിരുന്നു. പലപ്പോഴും നല്ല സിനിമകള്‍പോലും വേണ്ടെന്നുവച്ച് വീട്ടില്‍ തങ്ങുമായിരുന്നു. ഇന്നസെന്റിന്റെ വേര്‍പാടില്‍ പൊട്ടിക്കരയുന്ന കുടുംബാംഗങ്ങള്‍ അദ്ദേഹം കുടുംബത്തില്‍ ആരായിരുന്നുവെന്നതിനു സാക്ഷ്യമാണ്.
സുറിയാനി ക്രൈസ്തവഭാഷയും സംസ്‌കാരവും സിനിമയിലും പൊതുവേദികളിലും ജനകീയമാക്കുന്നതില്‍ ഇന്നസെന്റ് വലിയ പങ്കുവഹിച്ചു. ഇരിങ്ങാലക്കുടയിലെ പള്ളിയും ക്ഷേത്രവുമെല്ലാം ഇന്നസെന്റ് എന്ന മഹാനടന്റെ സാന്നിധ്യംകൊണ്ടു സമ്പന്നമായിരുന്നു.
ജീവിതത്തെ നോക്കി ചിരിക്കുകയും നര്‍മഭാഷണംകൊണ്ട് എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്ത ഇന്നസെന്റിനു പകരക്കാരില്ല.  നര്‍മം ഇന്നസെന്റിനു നൈസര്‍ഗികമായിരുന്നു. അതിന് അഭിനയമോ അധ്വാനമോ ആവശ്യമായിരുന്നില്ല. അദ്ദേഹം ഇത്ര ജനപ്രിയനാകാന്‍ കാരണം നിര്‍ദോഷമായ അവതരണരീതിയാണ്. വാക്കിലും പെരുമാറ്റത്തിലും അദ്ദേഹം മാന്യനായിരുന്നു. 
ഔപചാരികവിദ്യാഭ്യാസത്തിന്റെ കുറവ് ഇന്നസെന്റിന് ഒരു മേഖലയിലും തിരിച്ചടിയായില്ല. എല്ലാം നര്‍മംകൊണ്ട് പരിഹരിച്ചു. ചിരിയും ചിന്തയും നിറഞ്ഞ നര്‍മമായിരുന്നു അദ്ദേഹത്തിന്റേത്. ക്ലാസ്സുമുറികളില്‍ കിട്ടാത്തത് ലോകത്തില്‍നിന്ന് അദ്ദേഹം പഠിച്ചെടുത്തു. ക്ലാസുമുറികളില്‍ മിടുക്കു തെളിയിച്ച പലരുടെയും കഥ അവിടെത്തന്നെ അവസാനിച്ചു. അസാധാരണമായ നിരീക്ഷണപാടവവും നിരൂപണബുദ്ധിയും അദ്ദേഹത്തെ വ്യത്യസ്തനാക്കി.
ആരെയും വെല്ലുവിളിക്കാതെയും വെട്ടിപ്പിടിക്കാതെയും വെട്ടിനിരത്താതെയും വിജയം ആഘോഷിക്കാമെന്നു ലോകത്തെ പഠിപ്പിച്ച പ്രായോഗികമനുഷ്യനാണ് ഇന്നസെന്റ്. പാര്‍ലമെന്റ് എം.പി. ആയിരിക്കുന്നത് ചെറിയ കാര്യമല്ല. അതിനെക്കാള്‍ മെയ്‌വഴക്കം ആവശ്യമുള്ള കാര്യമാണ് 'അമ്മ'യുടെ പ്രസിഡന്റായി പതിനഞ്ചുവര്‍ഷം ചെലവഴിക്കുകയെന്നത്.
പാര്‍പ്പിടത്തിന്റെ ഉമ്മറത്ത് ഇട്ടിരിക്കുന്ന കസേരയിലും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന നര്‍മത്തിന്റെ സിംഹാസനത്തിലും ഇനി ഇന്നസെന്റ് ഉണ്ടാകില്ല. എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ദീര്‍ഘകാലം മലയാളക്കരയില്‍ നിലനില്ക്കും.

 

Login log record inserted successfully!