•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

ക്രൈസ്തവരെ പിടിക്കാന്‍ ബിജെപിക്കാകുമോ?

2024 ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മേയ് 29 ന് കര്‍ണാടകയിലും ഡിസംബര്‍ രണ്ടാംവാരത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, ഛത്തീസ്ഘട്ട്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്നു. ജമ്മുകാശ്മീരിലും ഈ വര്‍ഷംതന്നെ തിരഞ്ഞെടുപ്പു നടന്നുകൂടായ്കയില്ല.
ബി.ജെ.പി. ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടിയും പ്രതിപക്ഷകക്ഷികള്‍ ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റിനിറുത്താന്‍വേണ്ടിയുമുള്ള പോരാട്ടമാണു നടത്തുക. ബിജെപിയുടെ ശക്തിയെക്കാള്‍ പ്രതിപക്ഷത്തെ അലട്ടുന്നത് അവര്‍ക്കിടയിലെ അനൈക്യമാണ്. ആശയപരമായ ചേര്‍ച്ചക്കുറവിനെക്കാള്‍ നേതാക്കളുടെ ഈഗോപ്രശ്‌നമാണ് പ്രതിപക്ഷ ഐക്യത്തിനു വിഘാതമാകുന്നത്. പൊതുശത്രുവിനെതിരേ ഒന്നിക്കണമെന്നു പറയുന്നവര്‍തന്നെ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നില്ല. മത്സരത്തിനുവേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയ മുന്നണിബന്ധങ്ങള്‍ നിലനില്ക്കില്ല. കാരണം, അതൃപ്തരെ അടര്‍ത്തിമാറ്റാനും ചേര്‍ത്തുനിറുത്താനുമുള്ള തന്ത്രങ്ങളും സംഘടനാസംവിധാനവും ബിജെപിയ്ക്കുണ്ട്.
നരേന്ദ്രമോദി - അമിത്ഷാ കൂട്ടുകെട്ടിനു വഴങ്ങാത്ത സമവാക്യങ്ങളില്ല. പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദങ്ങള്‍ താരതമ്യേന കുറവാണ്. കീഴ്‌പ്പെട്ടു നില്ക്കാത്തവര്‍ക്കു നിലനില്പില്ലെന്നു നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാം. പാര്‍ട്ടി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ള ഇവന്റ്മാനേജ്‌മെന്റ് ടീമും മാധ്യമപിന്തുണയും പാര്‍ട്ടിക്കുണ്ട്. പണക്കൊഴുപ്പിനു മുമ്പില്‍ തലകുനിക്കാത്തവര്‍ ചുരുക്കമാണെന്ന സത്യം തിരിച്ചറിഞ്ഞവരാണ് പാര്‍ട്ടിനേതൃത്വം. 
ബിജെപിയുടെ അടുത്ത ഉന്നം കേരളത്തില്‍ സീറ്റുപിടിക്കുക എന്നതാണ്. അതിനു ക്രൈസ്തവപിന്തുണ സഹായിക്കുമെന്ന ചിന്ത ഇന്നു ശക്തമാണ്. ഈസ്റ്റര്‍ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ ദൈവാലയം സന്ദര്‍ശിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. അതിനു മറ്റൊരു ലക്ഷ്യമുണ്ടെന്നും തിരിച്ചറിയണം. മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധത ആഗോളമാധ്യമങ്ങളില്‍ പ്രത്യേക ചര്‍ച്ചാവിഷയമാണ്. ന്യൂനപക്ഷപീഡനങ്ങളെ അമര്‍ച്ച ചെയ്യാത്ത ഭരണാധികാരി, അതിനെ അനുകൂലിക്കുന്നയാള്‍ എന്ന ആക്ഷേപത്തിന് അര്‍ഹനാണ്. ഭാഗ്യമുണ്ടെങ്കില്‍ നൊബേല്‍ പുരസ്‌കാരംവരെ വാങ്ങാം എന്നു ചിന്തിക്കുന്ന പ്രധാനമന്ത്രി തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുന്നതിനു ശ്രമിക്കുന്നതു സ്വാഭാവികംമാത്രം.
സമീപകാലത്ത് കേരളത്തില്‍ സഭാമേലധ്യക്ഷന്മാരില്‍  നിന്നുണ്ടായ ചില പരാമര്‍ശങ്ങളും ക്രൈസ്തവരോടു ചങ്ങാത്തം കൂടാന്‍ പ്രേരണയായെന്നു വേണം കരുതാന്‍. റബറിനു 300 രൂപ ലഭിച്ചാല്‍ കര്‍ഷകര്‍ മാറിച്ചിന്തിക്കുമെന്നു കര്‍ഷകറാലിയെ അഭിസംബോധന ചെയ്തു തലശ്ശേരി  മെത്രാപ്പോലീത്താ സംസാരിച്ചത് ബിജെപിക്ക് അനുകൂലമായ നിലപാടായി പ്രഖ്യാപിക്കപ്പെട്ടു. ബിഷപ്പിന്റെ പ്രസംഗം കേട്ടപ്പോള്‍ ബിജെപിക്കുണ്ടായ സന്തോഷത്തെക്കാള്‍ രാഷ്ട്രീയകേരളം ശ്രദ്ധിച്ചത് ഇടത്, കോണ്‍ഗ്രസ് മുന്നണികള്‍ക്കുണ്ടായ അങ്കലാപ്പാണ്. റബറിന് 250 രൂപ വില പ്രഖ്യാപിച്ചിട്ട് അതു നടപ്പാക്കാന്‍ സാധിക്കാതെപോയവര്‍ക്ക് അസ്വസ്ഥതയുണ്ടാവുക സ്വാഭാവികമാണ്. പ്രത്യേക രാഷ്ട്രീയചായ്‌വുകളൊന്നുമില്ലാത്ത സാധാരണക്കാരെ ബിജെപിയെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ബിഷപ്പോ ബിജെപി നേതാക്കന്മാരോ ആയിരുന്നില്ല; കേരളത്തിലെ ഇരുമുന്നണികളുമായിരുന്നു. അതു മുതലെടുത്ത് ബി.ജെ.പിയുടെ സംസ്ഥാന പ്രാദേശികനേതാക്കന്മാര്‍ രൂപതാകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ചര്‍ച്ചനടത്തി. 
റബറിന് 300  രൂപ വില നിശ്ചയിച്ചാല്‍ ക്രൈസ്തവരുടെ വോട്ട് മൊത്തമായി ബിജെപിയുടെ പെട്ടിയില്‍ വീഴുമോ? എല്ലാ ക്രൈസ്തവരും റബര്‍ കര്‍ഷകരാണോ? കാര്‍ഷികവിളകള്‍ക്കു ന്യായവില ലഭിക്കുകയും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടനാനുസൃതമായ സംരക്ഷണം ലഭിക്കുകയും ചെയ്യാതെ കേരളത്തിലെ ക്രൈസ്തവര്‍ മാറിച്ചിന്തിക്കുമെന്നു കരുതാനാവില്ല.
കേരളത്തില്‍ ക്രൈസ്തവര്‍ ശക്തരായതുകൊണ്ട് പീഡനത്തിന്റെ ഭീതികൂടാതെ കഴിയുന്നവരാണ്. എന്നാല്‍, ഉത്തരേന്ത്യയിലെ സ്ഥിതി അതല്ല. ക്രൈസ്തവര്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങളെ ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. അതു കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനു കാരണമാകുന്നു. മതപരിവര്‍ത്തനം ആരോപിച്ചാണ് ക്രൈസ്തവരെ ആക്രമിക്കുന്നത്. ആരാണു മതപരിവര്‍ത്തനം നടത്തുന്നത്? 2.9 ശതമാനം ക്രൈസ്തവര്‍ ഇപ്പോള്‍ 2.3 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. 
ഇടതു വലതുമുന്നണികളുടെ അവഗണനയ്ക്കു പാത്രമായവര്‍ അക്കാരണത്താല്‍ ബിജെപിയിലേക്കു താമസം മാറ്റുമെന്നു കരുതാനാവില്ല. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കു വാസയോഗ്യമാണെന്നു തെളിയിക്കപ്പെടേണ്ടതുണ്ട്. 
 

 

Login log record inserted successfully!