•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

യുവംവേദിയില്‍നിന്ന് എത്രപേര്‍ ഡല്‍ഹിയിലെത്തും?

കേരളവേഷമണിഞ്ഞ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി മോദി റോഡ്‌ഷോ ഗംഭീരമാക്കി. ഇരുപതിനായിരത്തോളം യുവജനങ്ങള്‍ പ്രധാനമന്ത്രിയുടെ വികസനസ്വപ്നങ്ങള്‍ പങ്കിട്ടെടുത്തു. ആയിരക്കണക്കിനാളുകള്‍ പ്രധാനമന്ത്രി കടന്നുപോയ പാതയോരങ്ങളില്‍ തടിച്ചുകൂടി. സെക്യൂരിറ്റി അകമ്പടിയോടെ നടന്നു നീങ്ങിയ പ്രധാനമന്ത്രിയെ കാത്തുനിന്നവര്‍ നേരില്‍ കണ്ടു. ചിലര്‍ മോദിയില്‍ വികസനനായകനെ കണ്ടു. ചിലര്‍ കരുത്തനായ ഭരണാധികാരിയെ കണ്ടു. ചിലര്‍ തന്ത്രശാലിയായ ജനനായകനെ കണ്ടു. ചിലര്‍ പ്രധാനമന്ത്രിയില്‍ ഏകാധിപതിയെ കണ്ടു. കണ്ടവരുടെ മനസ്സില്‍ മോദിബ്രാന്‍ഡ് പതിഞ്ഞുവെന്നതില്‍ സംശയമില്ല.
പ്രധാനമന്ത്രി കേരളത്തില്‍ രണ്ടുദിവസം ചെലവഴിച്ചത് പ്രത്യേകമായ അജണ്ടകളോടെയാണ്. വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക മാത്രമല്ല ലക്ഷ്യം. പ്രധാന ഉന്നം യുവജനങ്ങളാണ്. കേരളത്തില്‍ 40 ശതമാനം പേര്‍ യുവജനങ്ങളാണ്. യുവജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും പ്രത്യേകരാഷ്ട്രീയ ചായ്‌വുകളില്ല. രാഷ്ട്രീയപാര്‍ട്ടികളോടു താത്പര്യമില്ലാത്ത യുവജനങ്ങളുടെ എണ്ണം കൂടിവരുന്നതിലെ അപകടം രാഷ്ട്രീയനേതാക്കന്മാര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പല യുവജനങ്ങള്‍ക്കും ദേശീയബോധമോ രാഷ്ട്രവികസനസ്വപ്നങ്ങളോ ഇല്ല. അവര്‍ക്ക് അവരുടെ ഭാവിയും സുരക്ഷിതത്വവും സുഖജീവിതവുമാണ് പ്രധാനം. സംസ്ഥാനത്തിനോ രാജ്യത്തിനോ അതു നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് അവര്‍ ചേക്കേറുന്നു. ടെക്കികളെ വികസനം പറഞ്ഞ് എങ്ങനെ പക്ഷത്താക്കാമെന്ന പരിശോധനയാണ് യുവം കോണ്‍ക്ലേവില്‍ സംഭവിക്കുക.
എന്തുകൊണ്ടു കൊച്ചി എന്ന ചോദ്യം സ്വാഭാവികമാണ്. ഒരു കാരണം പലതരത്തിലുള്ള കണക്റ്റിവിറ്റികളാണ്. കൊച്ചി ടെക്കികളുടെ നാടാണെന്നതാണ് മറ്റൊരു കാരണം. കൊച്ചി ന്യൂനപക്ഷകേന്ദ്രീകരണമുള്ള പ്രദേശമാണ്. ബിജെപി സാന്നിധ്യം താരതമ്യേന കുറവുള്ള പ്രദേശമാണ് കൊച്ചി എന്നതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകണം. കേരളത്തിലെ യുവജനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ വക്താക്കളും നിര്‍മിതബുദ്ധിവിപ്ലവത്തിന്റെ നേതാക്കളുമായി മാറണമെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി യുവജനങ്ങള്‍ക്കു നല്‍കിയത്. രാഷ്ട്രീയം പറയാതെ ടെക്കികളുടെ വോട്ടുസമാഹരണമാണ് ബിജെപിയുടെ ലക്ഷ്യം. 
2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് ഒരുക്കിയ വിരുന്നും കെണിയുമാണ് യുവം കോണ്‍ക്ലേവ്. യുവം പദ്ധതികൊണ്ട് നേട്ടവും ദോഷവും ഉണ്ടാകാം. ഒരു വര്‍ഷത്തിനിടയില്‍ യുവജനങ്ങള്‍ക്കു ധാരാളം തൊഴിലവസരങ്ങളുണ്ടായാല്‍ തീര്‍ച്ചയായും അതു വോട്ടായി മാറും. എന്നാല്‍, വാഗ്ദാനങ്ങള്‍ വെറും പ്രഖ്യാപനങ്ങളായി അവശേഷിച്ചാല്‍ അതു തിരിച്ചടിയാവുകയും ചെയ്യും. ക്രൈസ്തവമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയുടെ ഫലവും ഇതുതന്നെയായിരിക്കും. സഭാധ്യക്ഷന്മാര്‍ എത്തിയത് ബിജെപിക്കു പിന്തുണ അറിയിക്കാനായിരിക്കുകയില്ല. ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. കാര്‍ഷികമേഖലയെ സംരക്ഷിക്കണം. ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ ഭരണഘടനാപരിരക്ഷ ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളായിരിക്കും സഭാനേതൃത്വം പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ടാവുക. പ്രധാനമന്ത്രി ഒരു വര്‍ഷത്തിനിടയില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തില്‍ ബിജെപിയുടെ ഭാവി എന്നു ചിന്തിക്കുന്നവരുണ്ട്. 
കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷകക്ഷികള്‍ക്കോ ഇനി ദീര്‍ഘകാലത്തേക്ക് കേന്ദ്രത്തില്‍ ഭരണത്തില്‍ തിരിച്ചെത്താനാവുകയില്ല എന്ന പ്രചാരണം ശക്തമാണെങ്കിലും അതു വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ലെ  തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ചത് 31 ശതമാനം വോട്ടാണ്. 2019 ല്‍ അത് 37.36 ശതമാനമായി ഉയര്‍ന്നു. ബിജെപി വോട്ട് വിഹിതം 40 ശതമാനമാണെന്നു സമ്മതിച്ചാല്‍പോലും 60 ശതമാനം വോട്ട് ബാക്കിയുണ്ട്. പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചാല്‍ ബിജെപിയുടെ സകലപ്രതാപവും അസ്തമിക്കും.
കേന്ദ്രത്തിലെ ശക്തിയോ ഭൂരിപക്ഷമോ സംസ്ഥാനനിയമസഭകളിലില്ലെന്ന വസ്തുത പലരും മനസ്സിലാക്കിയിട്ടില്ല. സംസ്ഥാനങ്ങളിലാകെ 4139 നിയമസഭാസീറ്റുകളാണുള്ളത്. ബിജെപിക്കു മാത്രമായി 1516 സീറ്റുകളേയുള്ളൂ. അതില്‍ 950 സീറ്റുകള്‍ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, യു.പി., മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ ആറു സംസ്ഥാനങ്ങളിലാണ്. സിക്കിം, മിസോറാം, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിക്കു പ്രതിനിധികളില്ല. കൂട്ടുകക്ഷി ഭരണമുള്ള മേഘാലയ, ബീഹാര്‍, ജമ്മു-കാശ്മീര്‍, ഗോവ സംസ്ഥാനങ്ങളില്‍ ആകെ സീറ്റുകള്‍ 93. ആന്ധ്രാ മുതല്‍ നാഗാലാന്റ്‌വരെ ഏഴു സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ള മൊത്തം സീറ്റ് 45 മാത്രം. 

 

Login log record inserted successfully!