•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

മാമുക്കോയയുടെ കുടുംബത്തെ നമിക്കുന്നു

ന്നസെന്റിന്റെ പിന്നാലെ മാമുക്കോയയും പോയി. ഇന്നസെന്റിനു ലഭിച്ചത്ര ആഘോഷമായ യാത്രയയപ്പ് മാമുക്കോയയ്ക്കു ലഭിച്ചില്ല. രാഷ്ട്രീയനേതൃത്വവും കലാകേരളവും ഇരിങ്ങാലക്കുടയില്‍ എത്തി. എന്നാല്‍, അവര്‍ കോഴിക്കോട്ട് എത്തിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും പിന്നീട് വീടു സന്ദര്‍ശിച്ചതായി വാര്‍ത്ത കണ്ടു. മാമുക്കോയയെ രാഷ്ട്രീയകേരളവും കലാലോകവും വേണ്ടത്ര ആദരിച്ചില്ലെന്ന ആക്ഷേപം ആദ്യം ഉന്നയിച്ചത് കഥാകാരന്‍ ടി. പത്മനാഭനാണ്. അതു വിവാദമായി പടരാതിരിക്കാന്‍ മാമുക്കോയയുടെ കുടുംബം കാണിച്ച പക്വതയെ മാനിക്കാതിരിക്കാനാവില്ല. ഞങ്ങള്‍ക്കു പരാതിയില്ല, പിതാവിന് അര്‍ഹമായ പരിഗണന ലഭിച്ചുവെന്നാണ് മകന്‍ മാധ്യമങ്ങളോടു പറഞ്ഞത്.
വളരെ പരിമിതമായ സാഹചര്യങ്ങളില്‍നിന്നു സെലിബ്രിറ്റിപദവിയിലെത്തിയ പ്രതിഭാശാലിയാണ് മാമുക്കോയ. ഇരിങ്ങാലക്കുടഭാഷയും ശൈലിയും സിനിമയിലും പൊതുവേദികളിലും ഇന്നസെന്റ് ജനകീയമാക്കിയപ്പോള്‍ കോഴിക്കോടന്‍3ശൈലിക്ക് ജനകീയമുഖം നല്‍കുന്നതില്‍ മാമുക്കോയ വിജയിച്ചു. 
നടനാകാന്‍ ആകാരവും അഴകും പ്രധാനമല്ലെന്നു കേരളത്തെ പഠിപ്പിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് മാമുക്കോയ. വിദ്യാഭ്യാസത്തിന്റെ കുറവോ സംസാരത്തിന്റെ പരിമിതികളോ മാമുക്കോയയുടെ ജനപ്രിയതയ്ക്കു തടസ്സമായില്ല. കോളജുകളിലും സാംസ്‌കാരികസദസ്സുകളിലും മാമുക്കോയ അതിഥിയായി ക്ഷണിക്കപ്പെട്ടു. ഫുട്‌ബോളില്‍ തത്പരനായിരുന്ന മാമുക്കോയ ഒരു മത്സരത്തിന്റെ ഉദ്ഘാടനവേദിയില്‍നിന്നാണ് ആകസ്മികമായി ആശുപത്രിയിലേക്ക് എത്തിയത്.
തമാശ പറയുകയും കാണിക്കുകയും ചെയ്യുന്ന പ്രതിഭാശാലിയായിരുന്നു മാമുക്കോയ. അദ്ദേഹംതന്നെ അത് ആസ്വദിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആ പ്രവൃത്തി യാന്ത്രികമായിരുന്നില്ല. നല്ല നടന്മാര്‍ക്ക് അഭിനയം സ്വാഭാവികമായ പെരുമാറ്റംപോലെയാണ്. സൂക്ഷ്മമായ നിരീക്ഷണപാടവവും ഗ്രഹണശേഷിയും മാമുക്കോയയെ അതുല്യനാക്കി. സാധാരണക്കാരുടെ ജീവിതത്തിനു നേരേപിടിച്ച കണ്ണാടിപോലെയായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും അഭിനയവും.
ഗൗരവമുള്ള വിഷയങ്ങളും കഥാപാത്രങ്ങളും തമാശക്കാര്‍ക്കു വഴങ്ങുന്നതല്ലെന്ന പൊതുബോധത്തെ തിരുത്തിയ ചുരുക്കം ചില കലാകാരന്മാരില്‍ പ്രമുഖനാണ് മാമുക്കോയ.
സാമൂഹികസാംസ്‌കാരികരാഷ്ട്രീയവിഷയങ്ങളില്‍ മാമുക്കോയയ്ക്ക് സമഗ്രവും സന്തുലിതവുമായ കാഴ്ചപ്പാടുകളും ഉറച്ച നിലപാടുകളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാമൂഹികസമ്പര്‍ക്കങ്ങള്‍ മാതൃകയാക്കേണ്ടതാണ്. എഴുത്തുകാരും കലാകാരന്മാരും പൊതുപ്രവര്‍ത്തകരുമായി അദ്ദേഹത്തിന് ആഴമായ സൗഹൃദമുണ്ടായിരുന്നു.
നാനൂറ്റമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടിയിട്ടും മാമുക്കോയ എന്നും സാധാരണക്കാരനെപ്പോലെയാണ് ജീവിച്ചത്. സാധാരണക്കാരുടെ നടനാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സാധാരണജീവിതത്തിന്റെ സൗന്ദര്യമാണ് കല എന്ന് അദ്ദേഹം വിശ്വസിച്ചു. അതിന്റെ ഭാഗമായി സാധാരണവേഷം ധരിച്ചു. സാധാരണ ഭക്ഷണം കഴിച്ചു. സാധാരണക്കാരുമായി ഇടപഴകി ജീവിച്ചു. വേദിയില്‍ അദ്ദേഹം നിറഞ്ഞാടി. എന്നാല്‍, ജീവിതത്തില്‍ അഭിനയമില്ലാത്ത പച്ചമനുഷ്യനായിരുന്നു.
മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാമുക്കോയയെ വ്യത്യസ്തനും ശ്രദ്ധേയനുമാക്കി. കലയ്ക്കും സംഗീതത്തിനുംപോലും ജാതിയും മതവും വര്‍ഗവും വര്‍ണവും നോക്കി മാര്‍ക്കിടുന്ന സമൂഹമായി കേരളം അധഃപതിച്ചിരിക്കുന്ന ഇക്കാലത്തുപോലും താന്‍ ഇസ്ലാംവിശ്വാസിയാണെന്ന് ഉറക്കെപ്പറയാന്‍ ധൈര്യം കാണിച്ച വലിയ മനുഷ്യനാണ് മാമുക്കോയ. മതം പറഞ്ഞാല്‍, വിശ്വാസിയാണെന്നു വെളിപ്പെടുത്തിയാല്‍ മാര്‍ക്കറ്റ് ഇടിയുമെന്നു കരുതുന്ന ഭീരുക്കള്‍ കണ്ടു പഠിക്കേണ്ട മഹാനാണ് മാമുക്കോയ. മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും അതു സാക്ഷ്യപ്പെടുത്താനുള്ള സ്വാതന്ത്ര്യവുമുള്ള രാജ്യമാണ് നമ്മുടേത്. മതവും വിശ്വാസവുമൊക്കെ വിവാദമാകുന്നത് മറ്റുള്ളവര്‍ക്കെതിരേ ആയുധമായി അത് ഉപയോഗിക്കുമ്പോഴാണ്. മറ്റുള്ളവരുടെ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കാത്ത ഒരാളും യഥാര്‍ഥവിശ്വാസിയാവുകയില്ലെന്ന് മാമുക്കോയ വിശ്വസിച്ചു. രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം മതമല്ല. മതത്തെ ദുരുപയോഗിക്കുന്നതത്രേ.
പ്രതിഭാശാലികള്‍ കടന്നുപോകുമ്പോള്‍ എല്ലാവരും പറയും നികത്താനാവാത്ത വിടവാണ്; തീരാനഷ്ടമാണ്. അതില്‍ വലിയ കഥയില്ല. നടുങ്ങിയിട്ടും പ്രയോജനമില്ല. ഇതു പ്രകൃതിയുടെ ഗതിയാണ്. ജീവിതം പുഴപോലെ ഒഴുകുകയാണ്. ഒഴുകിമാറിയ ഇടങ്ങളിലേക്കു പുതിയ വെള്ളം ഒഴുകിയെത്തും. ഓര്‍മയുടെ പുഴ ഒഴുകുന്നതുകൊണ്ട് ആരും വിസ്മരിക്കപ്പെടുന്നില്ല.

 

Login log record inserted successfully!