•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

കര്‍ണാടക നല്‍കുന്ന പാഠങ്ങള്‍

ര്‍ണാടകയിലെ തിരഞ്ഞെടുപ്പുവിജയം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനും ഒരുപോലെ നിര്‍ണായകമാണ്. സര്‍വേഫലങ്ങളെയും എക്‌സിറ്റു പോളുകളെയും അമ്പരപ്പിക്കുന്ന വിജയമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. 135 സീറ്റിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസുപോലും പ്രതീക്ഷിച്ചിരുന്നില്ല. കുതിരക്കച്ചവടക്കാരെ വീട്ടിലിരുത്തി സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ജനവിധി നല്‍കിയ കര്‍ണാടക ജനത അഭിനന്ദനം അര്‍ഹിക്കുന്നു.
കോണ്‍ഗ്രസിനുണ്ടായ നേട്ടം ബിജെപിക്കുണ്ടായ തിരിച്ചടിയാണ്. ബിജെപി പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ ഭരണവിരുദ്ധവികാരം അവിടെ നിലനിന്നിരുന്നു.   അഴിമതിഭരണത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടിയധ്യക്ഷനോ പ്രധാനമന്ത്രിക്കോ സംസ്ഥാനമുഖ്യമന്ത്രിക്കോ കഴിയാതെ വന്നതിന്റെ വലിയ ദുരന്തമാണ് ബിജെപിയുടെ കനത്ത തോല്‍വി. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്നു പേരുദോഷം വരുത്തിയ ഏതു സര്‍ക്കാരിനെയാണ് ജനം അനുകൂലിക്കുക? 12 മന്ത്രിമാരെ ജനം തുടച്ചുമാറ്റി. വിലപേശി പണമുണ്ടാക്കാനും സ്ഥാനം പിടിക്കാനും ഒരുക്കങ്ങള്‍ നടത്തിയ ജെഡിഎസിനെ അപ്രസക്തരാക്കാനും കര്‍ണാടകജനതയ്ക്കു കഴിഞ്ഞു.
ജനക്ഷേമം മറന്നു ഭരിച്ചാല്‍ ജനം പൊറുക്കില്ലെന്ന പാഠം എല്ലാവര്‍ക്കുമുള്ളതാണ്. സര്‍ക്കാര്‍വിരുദ്ധവികാരത്തെ മറികടക്കാന്‍ പ്രധാനമന്ത്രിക്കോ പാര്‍ട്ടിയധ്യക്ഷനോ അമിത്ഷായ്‌ക്കോ ഇവന്റ് മാനേജ്‌മെന്റ് ടീമിനോ പണക്കൊഴുപ്പിനോ സാധിക്കില്ലെന്നു വെളിപ്പെടുത്തുന്നതാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പുഫലം. പ്രധാനമന്ത്രി 18 മഹാറാലികളെ അഭിസംബോധന ചെയ്തു. ആറ് റോഡ്‌ഷോകള്‍ നടത്തി. എന്തു വിലകൊടുത്തും കര്‍ണാടക സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ജനങ്ങള്‍ തകിടംമറിച്ചു. ബജറംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ കോണ്‍ഗ്രസിനെതിരായ ആയുധമാക്കാനുള്ള നീക്കവും പാളി. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ വര്‍ഗീയലഹളകളുണ്ടാകുമെന്ന അമിത്ഷായുടെ ഭീഷണിപ്പെടുത്തലും വിലപ്പോയില്ല. കോണ്‍ഗ്രസ്മുക്തഭാരതമെന്ന ജനാധിപത്യവിരുദ്ധമുദ്രാവാക്യത്തെ ബിജെപിമുക്ത ദക്ഷിണേന്ത്യ എന്ന മുദ്രാവാക്യം മുഴക്കി കര്‍ണാടകജനത തകര്‍ത്തു.
കോണ്‍ഗ്രസിന്റെ വിജയത്തെ ഭരണവിരുദ്ധവികാരത്തിന്റെ ഉത്പന്നമെന്നു വ്യാഖ്യാനിച്ചു വിലകുറച്ചു കാണാനാവുകയില്ല. അത് ഒരു വര്‍ഷം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ്. പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒഴുക്കിയ വിയര്‍പ്പിനു വിലയുണ്ടായി. ചിട്ടയായ സംഘടനാപ്രവര്‍ത്തനത്തിന്റെ വിജയമാണ് കര്‍ണാടകയില്‍ കണ്ടത്. പ്രധാനമന്ത്രിയും കൂട്ടരും മഹാനഗരങ്ങളിലെ റോഡ്‌ഷോകളില്‍ തിളങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രാമങ്ങളിലെത്തി പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു അതിനു പരിഹാരങ്ങള്‍ നിര്‍ദേശിച്ചു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിനുപിന്നില്‍ ഭാരത്‌ജോഡോ യാത്രയും അതിന്റെ വീരനായകന്‍ രാഹുല്‍ ഗാന്ധിയുമുണ്ട്. സ്വതന്ത്രഭാരതത്തില്‍ ഒരു രാഷ്ട്രീയനേതാവ് തിരഞ്ഞെടുപ്പുലക്ഷ്യങ്ങള്‍ക്കപ്പുറത്ത് നടത്തിയ ഏറ്റവും ദീര്‍ഘമായ പദയാത്രയായിരുന്നു ജോഡോ യാത്ര. കന്യാകുമാരിയില്‍നിന്നു കാഷ്മീരിലേക്കു നടത്തിയ 146 ദിവസം നീണ്ട യാത്രയില്‍ നാലായിരത്തോളം കിലോമീറ്റര്‍ രാഹുല്‍ മടുപ്പുകൂടാതെ നടന്നു. രാഷ്ട്രീയനേതാക്കന്മാരും കലാകാരന്മാരും എഴുത്തുകാരും പൊതുപ്രവര്‍ത്തകരും മറ്റു പല തുറകളിലുമുള്ള സെലിബ്രിറ്റികളും രാഹുലിന് ഒപ്പംകൂടി. വീഥി നിറഞ്ഞ് ജനം രാഹുലിനൊപ്പം ഒഴുകി. യാത്ര കാണാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നവര്‍ ആയിരങ്ങള്‍.
യാത്രയുടെ തുടക്കത്തില്‍ എതിരാളികള്‍ക്കു പുച്ഛവും അനുകൂലികള്‍ക്കു സംശയവുമായിരുന്നു. പ്രയോജനമുണ്ടാകുമെന്നുറപ്പായി വിശ്വസിച്ച ഒരാളുണ്ടായിരുന്നു, അത് രാഹുല്‍ മാത്രമായിരുന്നു. നാലായിരം കിലോമീറ്റര്‍ ആരോഗ്യപ്രശ്‌നങ്ങളും സുരക്ഷാപ്രശ്‌നങ്ങളുമില്ലാതെ പൂര്‍ത്തിയാക്കുക എളുപ്പമുള്ള കാര്യമല്ല. അസാധ്യമെന്നു കരുതിയത് രാഹുല്‍ തന്റെ ഇച്ഛാശക്തികൊണ്ടു സാധ്യമാക്കി. രാഹുലിനെ കാണാനെത്തിയ ആള്‍ക്കൂട്ടം വോട്ടാകുമോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. കര്‍ണാടക ആ ചോദ്യത്തിന് ഉത്തരം നല്‍കി.
കര്‍ണാടകയില്‍ ജോഡോ യാത്ര 22 ദിവസംകൊണ്ട് 511 കി.മീറ്റര്‍ പിന്നിട്ടു. യാത്ര 21 അസംബ്ലിമണ്ഡലങ്ങളിലൂടെയായിരുന്നു. 2018 ലെ കണക്കുപ്രകാരം അതില്‍ പന്ത്രണ്ടു സീറ്റുകള്‍ ബിജെപിയുടെയും അഞ്ചു സീറ്റുകള്‍ കോണ്‍ഗ്രസിന്റെയും നാലുസീറ്റുകള്‍ ജെഡിഎസിന്റെയുമായിരുന്നു. ഇത്തവണ 21-ല്‍ 16 സീറ്റും കോണ്‍ഗ്രസ് നേടി. വോട്ടുവിഹിതത്തിന്റെ കാര്യത്തിലും വലിയ വളര്‍ച്ച രേഖപ്പെടുത്തി. യാത്ര കടന്നുപോയ സ്ഥലങ്ങളില്‍ യാത്രപോകാത്ത സ്ഥലത്തെക്കാള്‍ 29 ശതമാനം വോട്ടു കൂടുതല്‍ ലഭിച്ചു. ഒരു പയ്യന്റെ പരിവേഷം നല്‍കി രാഹുലിനെ ചെറുതാക്കാന്‍ ബിജെപി ശ്രമിച്ചപ്പോഴും രാഹുലിന്റെ വലുപ്പത്തെക്കുറിച്ചുള്ള അലട്ടുന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാന്‍. പാര്‍ലമെന്ററി പൊളിറ്റിക്‌സില്‍നിന്ന് രാഹുലിനെ നിയമപരമായി പുറത്താക്കാനുള്ള ശ്രമം രാഹുലിനെക്കുറിച്ചുള്ള ഭയംകൊണ്ടുതന്നെയെന്നു കരുതുന്നവര്‍ ധാരാളം. പാര്‍ട്ടിയും കോടതിയും തള്ളിയ രാഹുലിനെ ജനം സ്വീകരിച്ചുവെന്നു കര്‍ണാടക തെളിയിച്ചു. ഈ വര്‍ഷം ഇനി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ഇത് സ്വാഭാവികമായും സ്വാധീനിക്കും. നേതാക്കന്മാര്‍ക്ക് ആത്മവിശ്വാസവും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു പ്രതീക്ഷയും വര്‍ധിക്കും.
കര്‍ണാടകയിലെ അഴിമതിമാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യസമീപനങ്ങളും തോല്‍വിക്കു കാരണമായി. തലയെടുപ്പുള്ള നേതാക്കന്മാര്‍ക്കു സീറ്റുനിഷേധിച്ചതും ഏറാന്‍മൂളികള്‍ക്ക് സീറ്റ് നല്‍കിയതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, അത് അടിമുടി പാളി. പലരെയും ഒഴിവാക്കിയത് പ്രതിച്ഛായ മെച്ചപ്പെടുത്താനാണെന്ന വ്യാഖ്യാനത്തിനു പ്രസക്തിയില്ലാതായി, തോല്‍വിയോടെ. കേന്ദ്രത്തിന്റെ ഇടപെടല്‍ എളുപ്പമാക്കാനാണ് വിധേയദാസരെ സ്ഥാനാര്‍ഥികളാക്കുന്നത്.

 

Login log record inserted successfully!