•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

കര്‍ഷകര്‍ക്കൊപ്പം ആരൊക്കെ?

ര്‍ഷകര്‍ക്കൊപ്പം ആരുണ്ട് എന്ന ചോദ്യത്തിനു ലഭിക്കുന്ന ലളിതമായ ഉത്തരം ദുഃഖദുരിതങ്ങളും ഭീഷണികളും എന്നാണ്. വിളകള്‍ക്കു ന്യായവില ലഭിക്കാത്ത അവസ്ഥ, കുടിയിറക്കുഭീഷണി, ബഫര്‍ സോണ്‍ വിഷയങ്ങള്‍ തുടങ്ങിയ കര്‍ഷകരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കു പുറമേയാണു സമീപകാലത്തു വര്‍ധിച്ചുവരുന്ന വന്യമൃഗശല്യങ്ങള്‍. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിക്കുന്നതു സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയനേതൃത്വത്തിനുംമാത്രമാണ്. അവര്‍ പക്ഷേ, കര്‍ഷകരെ സംരക്ഷിക്കാനുതകുന്ന ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. മൃഗങ്ങള്‍ നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയോ ആളപായം വരുത്തുകയോ ചെയ്യുമ്പോള്‍ നേതാക്കന്മാര്‍ ഞെട്ടും, വാര്‍ത്താസമ്മേളനം നടത്തും, സമരം ഉദ്ഘാടനം ചെയ്യും. ചെയ്യുന്നതുതന്നെ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനായിരിക്കും.

കര്‍ഷകവിഷയങ്ങള്‍ ഇത്ര രൂക്ഷമായിട്ടും എം.എല്‍.എ.മാര്‍ക്ക് അതു വിഷയമാകാത്തത് എന്തുകൊണ്ട്? വളരെ കുറച്ച് എം.എല്‍.എ.മാര്‍ മാത്രമാണ് കാര്‍ഷികമേഖലയില്‍നിന്നുള്ളത്. അത് കാര്‍ഷികവിഷയങ്ങളില്‍ ഇടപെടാതിരിക്കാനുള്ള ന്യായമല്ല. പാര്‍ട്ടിക്കും മുന്നണിക്കും കാര്‍ഷികപ്രശ്‌നങ്ങളില്‍ ഇടപെടാവുന്നതാണ്. കാരണം, കര്‍ഷകരുടെ വോട്ടുകൊണ്ടു കൂടിയാണ് അവരില്‍ ചില എം.എല്‍.എ മാര്‍ ജയിച്ചത്. തത്ത്വത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പക്ഷത്താണ്. എന്നാല്‍, പ്രയോഗത്തില്‍ അവര്‍ കര്‍ഷകരുടെ ബന്ധുക്കളല്ല. പ്രായോഗികരാഷ്ട്രീയക്കാരായ അവര്‍ കര്‍ഷകര്‍ക്കു വില കല്പിക്കാത്തതിന്റെ കാരണം വ്യക്തമാണ്. കര്‍ഷകര്‍ അസംഘടിതരും വിലപേശാന്‍ കഴിയാത്തവരുമാണ്. പാര്‍ട്ടിഖജനാവിലേക്കു സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരല്ല കര്‍ഷകരെന്നും രാഷ്ട്രീയനേതൃത്വത്തിനറിയാം.
കര്‍ഷകപ്പാര്‍ട്ടി എന്ന ബ്രാന്‍ഡുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസാണ്. തമ്മിലടിച്ചു ദുര്‍ബലമായ പാര്‍ട്ടിക്ക് ഒരുകാലത്തും മുഴുവന്‍ കര്‍ഷകരുടെയും പിന്തുണ ലഭിച്ചിട്ടില്ല. ഇപ്പോള്‍ കൂടുതല്‍ ആള്‍ബലമുള്ളത് കേരള കോണ്‍ഗ്രസ് എം. വിഭാഗത്തിനാണ്. ഈ വിലയിരുത്തല്‍ പക്ഷപാതപരമല്ലെന്നു തിരെഞ്ഞടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ ചില പ്രസ്താവനകളും കൈക്കൊണ്ട നടപടികളും കര്‍ഷകര്‍ക്കു പ്രയോജനകരമായി. എരുമേലിയിലെ കണമലയില്‍ രണ്ടു മനുഷ്യരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നു പറയാന്‍ അദ്ദേഹം ആര്‍ജവം കാണിച്ചു. മൃഗങ്ങള്‍ ഉപദ്രവകാരികളാണെങ്കില്‍പ്പോലും അതിനെ ഇല്ലാതാക്കുന്നതു രാജ്യദ്രോഹക്കുറ്റംപോലെ വ്യാഖ്യാനിക്കപ്പെടുന്ന ഘട്ടത്തിലാണ് ജോസ് കെ. മാണി എം.പി.യുടെ അഭിപ്രായപ്രകടനം. 
1972 ലെ വന്യജീവി സംരക്ഷണനിയമമാണു നിലവിലുള്ളത്. അതിന്‍പ്രകാരം പ്രാണരക്ഷാര്‍ഥംപോലും വന്യമൃഗങ്ങളെ ആക്രമിക്കാന്‍ പാടില്ല. മുഴുവന്‍ സംരക്ഷണവും മൃഗത്തിനാണ്. മനുഷ്യജീവനെക്കാള്‍ വില മൃഗത്തിനുണ്ടത്രേ. ഈ നിയമം ഭേദഗതി ചെയ്യുന്നതിനു രാജ്യസഭയില്‍ ബില്ലവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി ചെയര്‍മാന്‍. മനുഷ്യര്‍ക്ക് അനുകൂലമായ നിയമങ്ങളുണ്ടാകണം. മൃഗങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകുമെന്നു കരുതുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ 1233 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചാലേ കര്‍ഷകര്‍ക്ക് ആശ്വാസമാകുകയുള്ളൂ. കപടമൃഗസ്‌നേഹികളെയും പരിസ്ഥിതിവാദികളെയും വെളിച്ചത്തു കൊണ്ടുവരികയും വേണം. കര്‍ഷകരുടെ നൊമ്പരങ്ങളെ അവര്‍ കാണുന്നില്ല. മാധ്യമങ്ങളുടെ  സഹായവും ഇക്കാര്യത്തില്‍ ആവശ്യമാണ്. വന്യമൃഗപരാക്രമങ്ങളുടെ ദൃക്‌സാക്ഷിവിവരണങ്ങളും ആകര്‍ഷകമായ റിപ്പോര്‍ട്ടുകളുമല്ല, കര്‍ഷകപക്ഷനിലപാടുകളാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. കോടതികളുടെ നിലപാടുകളും പ്രധാനമാണ്. നിയമങ്ങളും തെളിവുകളുംമാത്രം വിധിന്യായങ്ങളില്‍ പ്രധാനപ്പെട്ടതായി പരിഗണിക്കുമ്പോള്‍ ഇതു രണ്ടും അനുകൂലമല്ലാത്ത കര്‍ഷകര്‍ നിസ്സഹായരും പലപ്പോഴും ഇരകളുമായി ത്തീരുകയാണ്.
നിലവിലുള്ള കര്‍ഷകവിരുദ്ധനിയമങ്ങളെ വെല്ലുവിളിച്ചും ഉള്ള നിയമങ്ങളെ കര്‍ഷകര്‍ക്ക് അനുകൂലമായി വ്യാഖ്യാനിച്ചും രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തുവരേണ്ടതാണ്. അതിനു തയ്യാറായി വന്നതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിനു കര്‍ഷകരുടെ പിന്തുണ കൂടുന്നതു സ്വാഭാവികംമാത്രം. വന്യമൃഗാക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്കു വാഹനാപകടത്തില്‍ ലഭിക്കുന്നതുപോലുള്ള നഷ്ടപരിഹാരം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുകയുണ്ടായി. കര്‍ഷകര്‍ക്കുവേണ്ടി കോടതിയെ അഭയം പ്രാപിച്ചതും പാര്‍ട്ടിക്കു ഗുണകരമായെന്നു വിലയിരുത്തപ്പെടുന്നു. ഒരു പാര്‍ട്ടി ശക്തമായ കര്‍ഷകപക്ഷനിലപാടു സ്വീകരിക്കുമ്പോള്‍ മറ്റുള്ളവരും അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാകും. അതു കര്‍ഷകര്‍ക്കു ഗുണകരമാകും.

Login log record inserted successfully!