•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

ജനനായകനു പ്രണാമം

നക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയില്‍നിന്നു നിശ്ശബ്ദതയുടെ ഏകാന്തതയിലേക്ക് ഉമ്മന്‍ചാണ്ടി പിന്‍വാങ്ങി. എഴുപത്തിയൊമ്പതുവയസ്സായിരുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയപ്രവേശനം. രണ്ടുതവണ മുഖ്യമന്ത്രി. 53 വര്‍ഷം എം.എല്‍.എ. പ്രതിപക്ഷനേതാവ്. പലതവണ മന്ത്രി. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയംഗം.
കാന്‍സറിന്റെ ചികിത്സയിലായിരുന്ന ഏതാനും മാസങ്ങളൊഴിച്ചു മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച പൊതുപ്രവര്‍ത്തകന്‍. ജനങ്ങളെ സ്‌നേഹിച്ച ജനപ്രിയന്‍. ജനസമ്പര്‍ക്കപരിപാടിയിലൂടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ജനങ്ങളിലേക്ക് എത്തിച്ച ഭരണാധികാരി. ശീതീകരിച്ച ഓഫീസില്‍നിന്നു മുഖമന്ത്രിക്കസേര സാധാരണക്കാരായ ജനങ്ങളുടെ മധ്യത്തില്‍ പ്രതിഷ്ഠിച്ച ജനകീയ ഭരണാധികാരി. 24 മണിക്കൂറും ജനങ്ങള്‍ക്കുവേണ്ടി തുറന്നിട്ട സേവനത്തിന്റെ വാതിലുകളായിരുന്നു മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ ഓഫീസും അദ്ദേഹത്തിന്റെ ജീവിതവും.
പാവപ്പെട്ടവരോടുള്ള ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹവും കരുതലും വോട്ടിനുവേണ്ടിയായിരുന്നില്ല. കാരുണ്യം അദ്ദേഹത്തിന്റെ സഹജഭാവമായിരുന്നു. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം ഊണും ഉറക്കവും ഉപേക്ഷിച്ചു. മിക്ക നേതാക്കന്മാരും സ്വന്തം ആരോഗ്യത്തിലും സുഖസൗകര്യങ്ങളിലും സൗന്ദര്യത്തിലുമൊക്കെ ശ്രദ്ധയും നിഷ്ഠയുമുള്ളവരാണ്. എന്നാല്‍, അതിലൊന്നും ശ്രദ്ധിക്കാത്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്കപരിപാടികളില്‍ അദ്ദേഹം ഭക്ഷണവും വിശ്രമവും  ഒഴിവാക്കിയിരുന്നു. 20 മണിക്കൂറിലധികം യാതൊരു മടുപ്പും കൂടാതെ അദ്ദേഹം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അവരോടു സംവദിച്ചു. ഏറ്റവും കുറച്ച് ഉറങ്ങിയിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി എന്ന ഇപ്പോഴത്തെ പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ വലുപ്പം വെളിപ്പെടുന്നുണ്ട്.
രാഷ്ട്രീയനേതൃത്വം അധികാരത്തിന്റെയും പ്രൗഢിയുടെയും മേഖലയാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടി വളരെ ലളിതമായി ജീവിച്ച വ്യക്തിയാണ്. സ്ഥാനവലുപ്പത്തെയോ പ്രോട്ടോക്കോളുകളെയോ അദ്ദേഹം ഗൗനിച്ചില്ല. ഒരു സന്ന്യാസിയുടെ ലാളിത്യവും വിരക്തിയും അദ്ദേഹം ശീലിച്ചുപോന്നു. ഒരു കാര്യത്തിലും ശാഠ്യമോ ഇഷ്ടാനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നു സന്തതസഹചാരികളും കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു. പൊതുവെ അദ്ദേഹത്തിന്റെ ശൈലി അനുനയത്തിന്റേതായിരുന്നു. എല്ലാവരെയും കേള്‍ക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. കക്ഷിഭേദമെന്യേ അദ്ദേഹത്തിനു വലിയ സൗഹൃദബന്ധമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും ഒത്തുചേരുമ്പോള്‍ രാഷ്ട്രീയത്തിലെ മഞ്ഞ് ഉരുകുകയും പുതിയ രാഷ്ട്രീയ സമവാക്യങ്ങ ള്‍ ഉണ്ടാവുകയും ചെയ്തിരുന്നുവെന്നതിനു ചരിത്രം സാക്ഷി. മതസൗഹാര്‍ദത്തിന്റെ വക്താവായി വര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍വഥാ യോഗ്യനാണെന്നു രാഷ്ട്രീയ എതിരാളികള്‍ക്കുപോലും അറിയാമായിരുന്നു.
മുഖത്തെ പുഞ്ചിരിക്കു പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ചാണക്യന്‍ ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രതന്ത്രജ്ഞനില്‍ ഉണ്ടായിരുന്നു. ഗ്രൂപ്പുകള്‍ക്കു ക്ഷാമമില്ലാത്ത കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി ആന്റണി പക്ഷക്കാരനായിരുന്നെങ്കിലും വലിയ ജനപിന്തുണയുണ്ടായിരുന്നിട്ടും കാര്യലാഭത്തിനായി അദ്ദേഹം പുതിയ ഗ്രൂപ്പോ പാര്‍ട്ടിയോ ഉണ്ടാക്കിയില്ല. കെ.കരുണാകരനെപ്പോലെ കരുത്തനായ   ഒരു കോണ്‍ഗ്രസ് നേതാവ് ഉണ്ടായിട്ടില്ലെന്ന് എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍, കെ. കരുണാകരനെപ്പോലും കൂളായി നിഷ്പ്രഭനാക്കാനും കടുത്ത നഷ്ടം അടിച്ചേല്പിക്കാനും പോരുന്ന ചാണക്യ തന്ത്രങ്ങള്‍ വശമുള്ള നേതാവാണ് താനെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടിലധികംകാലം പ്രവര്‍ത്തനമേഖല തിരുവനന്തപുരമായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിക്കു പ്രിയപ്പെട്ട പ്രദേശം പുതുപ്പള്ളിതന്നെയായിരുന്നു. കെ.എം.മാണിക്കു പാലാ പോലെയായിരുന്നു ഉമ്മന്‍ചാണ്ടിക്കു പുതുപ്പള്ളി. അമ്പതിലേറെ വര്‍ഷങ്ങള്‍ മണ്ഡലം മാറാതെ മത്സരിച്ചു നിയമസഭയിലെത്തിയവര്‍ ഇവര്‍ മാത്രം. ഉമ്മന്‍ചാണ്ടി തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. എത്ര തിരക്കിനിടയിലും ഞായറാഴ്ച അദ്ദേഹം പുതുപ്പള്ളിപ്പള്ളിയില്‍ നിര്‍ബന്ധമായും എത്തുമായിരുന്നു. പള്ളിയില്‍ അദ്ദേഹം ഒരു സാധാരണഭക്തനായിരുന്നു. എല്ലാ പ്രതിസന്ധികളെയും അദ്ദേഹം അതിജീവിച്ചത് ആരാധനയില്‍നിന്നു ശക്തി സംഭരിച്ചാണ്. 

 

Login log record inserted successfully!