•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

കുടിപ്പിച്ചുകൊല്ലുന്ന സര്‍ക്കാര്‍

ല്‍ഡിഎഫ് സര്‍ക്കാരിന്റെ 2023-24 വര്‍ഷത്തെ മദ്യനയം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് മദ്യനയം വ്യക്തമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുനയം മദ്യവര്‍ജനമാണെങ്കിലും  അതിനെ അട്ടിമറിക്കുന്ന തീരുമാനമാണ് മന്ത്രിസഭ സ്വീകരിച്ചത്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനും എല്ലാവര്‍ക്കും മദ്യം  എത്തിച്ചുകൊടുക്കാനുമുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

പുതിയ മദ്യനയത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: 1. കള്ളിനു പദവിവര്‍ധിപ്പിച്ച് പ്രചാരം നല്കുക. 'കേരള റ്റോഡി' എന്ന ബ്രാന്‍ഡില്‍ ചെത്തുകള്ളിന് അന്തസ്സ് വര്‍ധിപ്പിക്കുക. 2. നാടന്‍ഷാപ്പുകളുടെ 'ഷേപ്പ്' മാറ്റി അതിനെ ഹൈട്ടെക്ക് ആക്കുക. 3. മൂന്നോ അതിലധികമോ നക്ഷത്രങ്ങളുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും കള്ളിനു പ്രചാരം നല്കുക. മറ്റു വാക്കുകളില്‍ ദേശീയമൃഗം, ദേശീയപക്ഷി, ദേശീയപുഷ്പം എന്നൊക്കെ പറയുന്നതുപോലെ കള്ളിനു ദേശീയപദവിയും ബഹുമാനവും കല്പിക്കുക 4.നാട്ടില്‍ ലഭ്യമായ പഴവര്‍ഗങ്ങളില്‍നിന്നു വീര്യംകുറഞ്ഞ മദ്യമുണ്ടാക്കി വില്പന വ്യാപകമാക്കുക 5. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പ്രാദേശികമായി കള്ള് ഉത്പാദിപ്പിച്ചു വില്ക്കാന്‍ അനുമതി ലഭ്യമാക്കുക. 6. ഐ.ടി. പാര്‍ക്കുകളിലെ നിശ്ചിതസ്ഥലങ്ങളില്‍ മദ്യവില്പനശാലകള്‍ ബാങ്കുകളുടെ എ.ടി.എം.പോലെ ആരംഭിക്കുക 7. ബാറുകളുടെ ലൈസന്‍സ് തുക 30 ലക്ഷത്തില്‍നിന്ന് 35 ലക്ഷമാക്കി ഉയര്‍ത്തുക 8. ക്ലബുകളിലും മറ്റു വിരുന്നുകളിലും മദ്യസല്‍ക്കാരത്തിനു ലൈസന്‍സ് തുക അമ്പതിനായിരത്തില്‍നിന്ന് രണ്ടു ലക്ഷമാക്കി മാറ്റുക 9.ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ 309 മാത്രമാണ്. 559 എണ്ണത്തിന് അനുമതിയുള്ളതാണ്. എത്രയുംവേഗം മുഴുവന്‍ കേന്ദ്രങ്ങളിലും മദ്യവില്പന നടത്തുക. നാടിന് ആഹ്ലാദകരമായ ഈ വികസനനയങ്ങള്‍ വിശദീകരിക്കുന്നതില്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഊര്‍ജസ്വലതയോടെ സഹകരിച്ചു.
പുറമേ പ്രൗഢി കാണിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കടുത്ത സാമ്പത്തികഞെരുക്കത്തിലാണ്. എന്നുകരുതി ധൂര്‍ത്തിനു കുറവുവരുത്തി ഖജനാവിനു ക്ഷീണമാണെന്നു നാട്ടുകാരെ അറിയിക്കാന്‍ താത്പര്യവുമില്ല. കടംവാങ്ങിയും എല്ലാക്കാര്യങ്ങളും ആഘോഷമാക്കും. കടം ഇനി  കിട്ടാനില്ല. വായ്പയുടെ എല്ലാ പരിധികളും പിന്നിട്ടു. നികുതി കൂട്ടാനാവുകയില്ല. കഴുത്തറുപ്പന്‍ നികുതിയാണ് ഇപ്പോള്‍ത്തന്നെ പിടിച്ചുവാങ്ങുന്നത്. പിന്നെ ഒരേ ഒരു മാര്‍ഗം മദ്യപാനം പ്രോത്സാഹിപ്പിക്കുക എന്നതാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ലാഭക്കച്ചവടം മദ്യത്തിന്റേതാണെന്നു മന്ത്രിമാര്‍ക്കറിയാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 41.69 കോടി ലിറ്റര്‍ വിദേശമദ്യം കേരളത്തില്‍ വിറ്റു. അതില്‍നിന്നു ലഭിച്ചത് 31911 കോടി രൂപയാണ്. ഇതേ കാലയളവില്‍ ബിയറും വൈനും വിറ്റ വകയില്‍ വെബ്‌കോയ്ക്കു ലഭിച്ചത് 3050 കോടിയത്രേ. രണ്ടുംകൂടിച്ചേരുമ്പോള്‍ 34961 കോടി. ഇതില്‍നിന്നു നികുതിയിനത്തില്‍ സര്‍ക്കാരിനു കിട്ടിയത് 24540 കോടി രൂപ. ഈ വരുമാനം നിലച്ചാല്‍ സര്‍ക്കാര്‍ വീഴും. മദ്യനയം ഉദാരമാക്കിയതിന്റെ സാമ്പത്തികശാസ്ത്രം നാട്ടുകാര്‍ക്കു ബോധ്യമായല്ലോ.
വലിയ സമരങ്ങളും ട്രേഡു യൂണിയന്‍ ശല്യങ്ങളുമില്ലാതെ സാമാന്യം പ്രഫഷണല്‍ എന്നു പറയാവുന്ന രീതിയില്‍ നടക്കുന്ന തൊഴില്‍മേഖല ഐ.ടി. പാര്‍ക്കുകളാണ്. അതും നശിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭേദപ്പെട്ട ശമ്പളമുള്ളവരാണ് ഐ.ടി. മേഖലയിലുള്ളവര്‍. അവരുടെ പണം കൊള്ളയടിക്കുക  എന്ന ലക്ഷ്യത്തോടെയാണ് അവിടെ മദ്യവില്പനശാല തുടങ്ങുന്നത്.
മദ്യപാനത്തെയും അതിന്റെ ആഘാതങ്ങളെയും സംബന്ധിച്ചു പഠിച്ച ഡോ. വിനയകുമാര്‍ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. കേരളത്തില്‍ 80 ലക്ഷം പേര്‍ മദ്യപിക്കുന്നവരാണ്. അതില്‍ ആറു ലക്ഷം പേര്‍ ചികിത്സ ആവശ്യമുള്ളവരാണ്. കേരളത്തിലെ പുരുഷന്മാര്‍ 38.7 ശതമാനംപേര്‍ തരംകിട്ടിയാല്‍ കുടിക്കുന്നവരാണ്. ഇതില്‍ 40 ശതമാനം പേര്‍ അമിതമായി മദ്യപിക്കുന്നു. 13 ശതമാനം പേര്‍ക്കു മദ്യമില്ലാതെ ജീവിക്കാനാവുകയില്ല. സ്ത്രീകളില്‍ 3.8 ശതമാനംപേര്‍ മദ്യപിക്കുന്നതായാണ് കണക്ക്.
തൊഴിലുള്ളവരും തൊഴിലില്ലാത്തവരും ഏതാണ്ട് ഒരുപോലെ മദ്യപിക്കുന്നവരാണ്. രണ്ടു കൂട്ടരും 28 ശതമാനം വീതം. കൂലിപ്പണിക്കാര്‍ 45.5 ശതമാനവും സ്വകാര്യമേഖലയിലുള്ളവര്‍ 32.47 ശതമാനവും മദ്യപിക്കുന്നു.
എന്താണ് ഇതിനൊരു പരിഹാരം? സര്‍ക്കാരിനെ പഴിച്ചിട്ടോ മദ്യശാലകള്‍ ഉപരോധിച്ചിട്ടോ പ്രയോജനമില്ലെന്നു കാലം തെളിയിച്ചതാണ്. സംഘടിതമതങ്ങള്‍ അതീവഗൗരവത്തോടെ ഈ പ്രശ്‌നം ബോധവത്കരണത്തിനു വിഷയമാക്കുകയാണ് പ്രധാന പോംവഴി. ഉടനടി ഫലമുണ്ടായില്ലെങ്കിലും കാലക്രമത്തില്‍ മാറ്റമുണ്ടാകും. പൊതുപ്രസംഗങ്ങളെക്കാള്‍ പ്രയോജനകരം വിദഗ്ധരായ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ക്ലാസ്സുകളാണ്.

Login log record inserted successfully!