•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

എന്തുകൊണ്ട് മരണസംസ്‌കാരം?

നനനിരക്കും മരണനിരക്കും കുറയുകയും ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്യുന്ന കേരളത്തിലാണു നാം ജീവിക്കുന്നത്. മരണനിരക്കു കുറവാണെങ്കിലും ഇവിടെ ആത്മഹത്യാനിരക്കു കൂടുതലാണ്. ആത്മഹത്യാനിരക്കില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ആത്മഹത്യയുടെ ദേശീയശരാശരി 12.70 ശതമാനമാണ്. കേരളത്തിലാകട്ടെ അത് 26.9 ശതമാനമത്രേ. കേരളത്തില്‍ പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് സ്ത്രീകളെക്കാള്‍ ആറിരട്ടിയാണ്.
അടുത്തകാലംവരെയും ആത്മഹത്യ കൂടുതല്‍ നടന്നിരുന്നത് 45 - 60 പ്രായമുള്ളവര്‍ക്കിടയിലായിരുന്നു.  എന്നാല്‍,  കഴിഞ്ഞ വര്‍ഷങ്ങളില്‍ 18 നും 30 നുമിടയില്‍ പ്രായമുള്ളവരാണ് കൂടുതല്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തവരില്‍ സ്ത്രീകള്‍ 20.95 ശതമാനവും പുരുഷന്മാര്‍ 79.05 ശതമാനവുമായിരുന്നു. 2021 ല്‍ 9543 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2022 ല്‍ അത് 10160 ആയി ഉയര്‍ന്നു.
വിഷാദരോഗം, കടുത്ത മാനസികസമ്മര്‍ദം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും തുടര്‍ച്ചയായ ഉപയോഗം, കുടുംബബന്ധങ്ങളിലെ തകര്‍ച്ച, സാമ്പത്തികപ്രശ്‌നങ്ങള്‍, കടുത്ത മത്സരങ്ങള്‍, തെറ്റായ ജീവിതവീക്ഷണം എന്നിങ്ങനെ ജീവന്‍ അവസാനിപ്പിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. ഇതില്‍ ഏറ്റവും പൊതുവായതും മരണകാരണമാകുന്നതും വിഷാദം അഥവാ ഡിപ്രഷനാണ്. കൊവിഡ് മഹാമാരി കൊണ്ടുവന്ന ഭയവും മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ചയും മൊബൈലിനോടുള്ള അടുപ്പവും അമിതമായ ആശ്രയബോധവും വിഷാദരോഗത്തിനു കാരണമായി. പരിസരബോധവും യാഥാര്‍ഥ്യബോധവും നഷ്ടപ്പെടാനും അത് ഇടയാക്കുകയും ചെയ്തു.
ആത്മഹത്യകള്‍ രണ്ടു തരത്തില്‍ സംഭവിക്കുന്നുവെന്നാണു മനഃശാസ്ത്രപഠനങ്ങള്‍. ഒന്ന്: ജനിതകമായ കാരണങ്ങളാല്‍. അതായത്, ചില മനുഷ്യര്‍ മരണത്തെ ഇഷ്ടപ്പെടുന്നു. അവര്‍ മരണം ആഗ്രഹിക്കുകയും അതേക്കുറിച്ച് ആലോചിക്കുകയും അതിന്റെ വഴികള്‍ അന്വേഷിക്കുകയും ചെയ്യുന്നു. അവര്‍ക്കു മരണം ലഹരിയും ആനന്ദവുമാണ്. ഇതൊരു മാനസികവിഭ്രാന്തിയും രോഗവുമാണ്. ആരംഭത്തിലേ മനോരോഗചികിത്സാ വിദഗ്ധരുടെ സഹായം ലഭിച്ചാല്‍ ഇത്തരക്കാര്‍ക്കു രക്ഷെപ്പടാനാവും. ജനിതകമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ആത്മഹത്യാപ്രവണത നിലനില്ക്കും. ആദ്യത്തെ ശ്രമത്തില്‍ വിജയിക്കാത്തവര്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ നിരന്തരമായ നിരീക്ഷണത്തിലായിരിക്കണം. രണ്ടാമത്തേത്, പെട്ടെന്നുണ്ടാകുന്ന ഷോക്കില്‍നിന്നു സംഭവിക്കുന്നതാണ്. അതിനെ മനഃശാസ്ത്രജ്ഞര്‍ 'റിയാക്ഷനറി' എന്നാണു വിശേഷിപ്പിക്കുന്നത്. ഇതൊരു മാനസികരോഗമല്ല, ഒരു പ്രതിസന്ധിയെ നേരിടാനുള്ള മനസ്സിന്റെ ശേഷിക്കുറവാണ്. ആരെങ്കിലും സഹായിച്ചാലോ അഥവാ സ്വയമാണെങ്കില്‍പ്പോലും കുറെ സമയത്തേക്ക് ആ  പ്രശ്‌നത്തില്‍നിന്നു മനസ്സിനെ ശാന്തമാക്കാനോ മോചിപ്പിക്കാനോ സാധിച്ചാലോ  അപകടം ഒഴിവാകും. അതായത്, മനസ്സിനെ അലട്ടുന്ന ഉത്തരമില്ലാത്ത എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിനു സ്വയം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാതെ വിശ്വസിക്കാവുന്ന ആരെയെങ്കിലും സമീപിക്കുകയെന്നതാണ് പ്രശ്‌നപരിഹാരമാര്‍ഗം. മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ്. എപ്പോള്‍ വേണമെങ്കിലും എവിടേക്കുവേണമെങ്കിലും കുതിക്കാം. നിയന്ത്രിക്കാന്‍ ഒരാള്‍ ഉണ്ടാവുക പ്രധാനമാണ്.
കേരളംപോലെ സാക്ഷരതയിലും മതാത്മകതയിലും മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനത്ത് ആത്മഹത്യാനിരക്കു ക്രമാതീതമായി ഉയരുന്നത് ആശങ്കാജനകമാണ്. ആത്മഹത്യയും കൊലപാതകവും ജീവിനോടുള്ള വെല്ലുവിളിയും നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയുമാണ്. അതിനു പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം, ആത്മഹത്യയും കൊലപാതകവുമൊക്കെ ഒരു മാനസികപ്രശ്‌നമായി അംഗീകരിക്കുക എന്നതാണ്. മാനസികാരോഗ്യം നഷ്ടപ്പെടുന്നവരാണ് ഇത്തരം അപകടങ്ങളില്‍പെടുന്നത്. സ്വയാവബോധം നേടുക, ആത്മവിശ്വാസം ആര്‍ജിക്കുക, ഈശ്വരവിശ്വാസം ശക്തിപ്പെടുത്തുക, മനുഷ്യബന്ധങ്ങള്‍ ബലപ്പെടുത്തുക, വായിക്കുക, ചിന്തിക്കുക, ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക, സാമൂഹിക, ജീവകാരുണ്യപ്രവൃത്തികളിലേര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ മനസ്സു ശാന്തമാകാനും സന്തുലിതമാകാനും ആരോഗ്യകരമാകാനും സഹായിക്കും. ശരീരത്തിന്റെ ആരോഗ്യവും മനസ്സിന്റെ ആരോഗ്യവും ഒത്തുപോകുന്നതാണു നടത്തം, വ്യായാമമുറകള്‍, യോഗാപോലെയുള്ള ശാരീരിക, മാനസിക ഊര്‍ജവര്‍ധകപ്രവൃത്തികള്‍ തുടങ്ങിയവ എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമത്രേ.
ആരും തനിച്ചല്ലെന്നും, മറ്റുള്ളവരെക്കൂടാതെ ആര്‍ക്കും ആരോഗ്യവും സന്തോഷവും നേടാനാവുകയില്ലെന്നും, ഓരോരുത്തരും അടുത്തള്ളവരെ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയില്ലെന്നുമുള്ള ചിന്ത പൊതുസമൂഹത്തില്‍ വളര്‍ന്നാല്‍ പൊതുജനാരോഗ്യം ശക്തിപ്പെടും. മദ്യവും മയക്കുമരുന്നും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകകൂടി ചെയ്താല്‍ സമൂഹജീവിതം കൂടുതല്‍ ഭദ്രമാകും.

 

Login log record inserted successfully!