•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

ഇസ്രായേലിന്റെ രോഷം അഗ്നിഗോളമായി പരിണമിക്കുമോ?

മൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നഭൂമിയായ ഇസ്രായേല്‍-പാലസ്തീന്‍പ്രദേശങ്ങള്‍ ഇപ്പോള്‍ ഭീതിപ്പെടുത്തുന്ന സംഘര്‍ഷഭൂമിയും കൊലക്കളവുമായി മാറിയിരിക്കുന്നു. ആയിരത്തിലധികം പേര്‍ക്കു ജീവഹാനി സംഭവിച്ചു. അയ്യായിരത്തിലധികം പേര്‍ക്കു പരിക്കുപറ്റി. ലക്ഷക്കണക്കിനുപേര്‍ നിരാലംബരായി. ലോകം മുഴുവന്‍ സഹായിച്ചാലും ഒരു പതിറ്റാണ്ടുകൊണ്ടുപോലും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനാവാത്തവിധം സര്‍വതും നാമാവശേഷമായി. ലോകം ഞെട്ടിവിറച്ചുനില്‍ക്കുകയാണ്. കാരണം, ഇപ്പോഴത്തെ സംഘര്‍ഷം ഇസ്രായേലും ഹമാസ് തീവ്രവാദികളും തമ്മിലല്ല, പകരം, ഇരുകക്ഷികളെയും പിന്‍തുണയ്ക്കുന്ന വന്‍ശക്തികള്‍ തമ്മിലത്രേ. അതു ലോകത്തിന്റെ സമ്പദ്ഘടനയെയും നയതന്ത്രബന്ധങ്ങളെയും കുറച്ചൊന്നുമല്ല സ്വാധീനിക്കാനിടയുള്ളത്.
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഘത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
1. ഒന്നാം ലോകമഹായുദ്ധകാലത്ത് 1917 ല്‍ ഓട്ടോമാന്‍ സാമ്രാജ്യം തകര്‍ന്നു. അങ്ങനെ പലസ്തീന്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലായി.
2. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പലസ്തീനയില്‍നിന്നു ബ്രിട്ടണ്‍ പിന്മാറി. ഒരു അറബ് രാജ്യവും ഒരു ജൂതരാജ്യവും രൂപീകരിക്കുന്നതിനുള്ള നിര്‍ദേശത്തിന് ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരം ലഭിച്ചു. എന്നാല്‍, അറബ് രാജ്യങ്ങള്‍ ഈ ഫോര്‍മുല തള്ളി. ഈ ഫോര്‍മുലയെ അന്ന് ഇന്ത്യയും എതിര്‍ത്തു.
3. 1948 മേയ് 14 ന് ബ്രിട്ടന്റെ ഭരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ സ്ഥാപനപ്രഖ്യാപനം വന്നു. തൊട്ടടുത്ത ദിവസം അഞ്ച് അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ ആക്രമിച്ചു.
4. 1964 ല്‍ യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പാലസ്റ്റൈന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ - പി.എല്‍.ഒ. നിലവില്‍ വന്നു.
5. 1967 ല്‍ ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറുദിവസം നീണ്ടയുദ്ധം നടന്നു. അതില്‍ ഇസ്രായേലിന്റെ സമ്പൂര്‍ണവിജയത്തിനു ലോകം സാക്ഷിയായി. യുദ്ധത്തില്‍ ഈജിപ്തില്‍നിന്നു ഗാസയും സിനായിയും ഇസ്രായേല്‍ പിടിച്ചെടുത്തു. ജോര്‍ദാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും പിടിച്ചെടുത്ത് ഇസ്രായേല്‍ മേധാവിത്വം തെളിയിച്ചു.
6. 1978 ല്‍ ക്യാമ്പ് ഡേവിഡ് കരാര്‍ പ്രകാരം സിനായ് വിട്ടുകൊടുത്തു.
7.  1981 ല്‍ സിറിയായില്‍നിന്ന് ഗോലാന്‍കുന്നുകളുടെ നിയന്ത്രണം ഏറ്റെടുത്തു.
8. 1987 ല്‍ ഹമാസ് - ഹര്‍ക അല്‍ മുഖവ്വമ അല്‍ ഇസ്ലാമിയ  - എന്ന പലസ്തീന്‍ സായുധസംഘടന നിലവില്‍ വന്നു. ഒപ്പം  ഒന്നാം ഇല്‍തിഫാദയും - വിപ്ലവം എന്നര്‍ഥം - ആരംഭിച്ചു.
9. 1993 ല്‍ ഒസ്‌ലോ ഉടമ്പടി ഉണ്ടായി. അതിന്‍ ഇപ്രകാരം പരസ്പരധാരണയില്‍ പലസ്തീന ഭരണകൂടം സ്ഥാപിക്കാന്‍ തീരുമാനമായി. 
10. 2000-ാമാണ്ടില്‍ രണ്ടാം ഇല്‍തിഫാദ നടന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ആരിയല്‍ ഷറോണ്‍ അല്‍ അഖ്‌സ മസ്ജിദ് കോമ്പൗണ്ടില്‍ സന്ദര്‍ശനം നടത്തി എന്നതായിരുന്നു കാരണം.
11. 2007 ല്‍ പലസ്തീന്റെ ഭാഗമായ ഗാസ മുനമ്പില്‍ ഹമാസ് അധികം പിടിച്ചു. അങ്ങനെ പി.എല്‍.ഒ. അധികാരം വെസ്റ്റ് ബാങ്കില്‍ മാത്രമായി ചുരുങ്ങി.
യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇസ്രായേലും ഹമാസും തമ്മില്‍ താരതമ്യങ്ങളില്ല. ഹമാസിന്റെ കേന്ദ്രമായ ഗാസയില്‍ മൊത്തം ഇരുപതുലക്ഷം ജനങ്ങളാണുള്ളത്. ഇസ്രായേല്‍ വലിയ രാജ്യമൊന്നുമല്ല. 90 ലക്ഷം പേരാണ് അവിടെയുള്ളത്. എന്നാല്‍, അംഗബലത്തെ അതിശയിപ്പിക്കുന്ന സൈനികശക്തിയും രഹസ്യാന്വേഷണ ഏജന്‍സിയും അത്യാധുനികസാങ്കേതിക വിദ്യകളും അവര്‍ക്കുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗാസയെ ചാരക്കൂമ്പാരമാക്കാനുള്ള സൈനികശേഷി ഇസ്രായേലിനുണ്ട്. എന്നാല്‍, ആലോചനയില്ലാതെ അവര്‍ക്ക് അതു പ്രയോഗിക്കാനാവുകയില്ല. എന്നാല്‍, അതിനുള്ള സന്നാഹങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇതിനോടകം മൂന്നുലക്ഷത്തോളം സൈനികര്‍ ഗാസ ലക്ഷ്യംവച്ച് നീങ്ങിത്തുടങ്ങി. അമേരിക്കയുടെ സൈനികസന്നാഹങ്ങളും സംഘര്‍ഷഭൂമിയിലേക്കു നീങ്ങിയിട്ടുണ്ട്. 
തോല്‍ക്കുമെന്നുറപ്പുണ്ടായിട്ടും ഹമാസ് എന്തുകൊണ്ടാണ് അതിക്രമത്തിനു മുതിര്‍ന്നത്? മൂന്നു കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
1. ഇസ്രായേലിപൗരന്മാരെ കൊല്ലുകയും കുറെപ്പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്താല്‍ ഇസ്രായേല്‍ജയിലില്‍ കിടക്കുന്ന കുറ്റവാളികളെ വിട്ടുകിട്ടുന്നതിനുവേണ്ടി വിലപേശാം. കാരണം, ഇസ്രായേല്‍ക്കാര്‍ അവരുടെ പൗരന്മാരെയും സൈനികരെയും എന്തു വിട്ടുവീഴ്ച ചെയ്തും വിലകൊടുത്തും സംരക്ഷിക്കും. 2006 ല്‍ ഒരു ഇസ്രായേലിസൈനികനെ വിട്ടുകിട്ടാന്‍ വേണ്ടി 1027 പലസ്തീന്‍കാരെ ജയില്‍മോചിതരാക്കി.
2. അറബ് രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധം തടയാമെന്നുള്ള പ്രതീക്ഷ. സൗദി അറേബ്യ, യു.എ.ഇ., ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധം ഹമാസിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ്.
3. അല്‍ അഖ്‌സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രായേലിന്റെ സ്വാധീനം വിപുലമാക്കുന്നതു തടയുക.
അറബുരാജ്യങ്ങളെ ഇസ്രായേലിന് എതിരേ തിരിക്കുക എന്നതും അവിടെനിന്നു സാമ്പത്തികസഹായം നേടുക എന്നതും ഹമാസിന്റെ ലക്ഷ്യമാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തില്‍ ഗാസ നശിക്കുകയും കുറേപ്പേര്‍ ശേഷിക്കുകയും ചെയ്താല്‍ അവരെ മറയാക്കി ലോകമെമ്പാടും പിരിവു നടത്തി ധൂര്‍ത്തജീവിതം നയിക്കാന്‍ നേതാക്കന്മാര്‍ക്ക് അവസരം കിട്ടുമെന്ന വിമര്‍ശനവും അവര്‍ക്കെതിരേ ഉയരുന്നുണ്ട്.
ഈച്ച അനങ്ങിയാല്‍ അറിയുന്ന രഹസ്യാന്വേഷണ ഏജന്‍സികളും നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളുമുള്ള ഇസ്രായേല്‍ മണ്ണിലേക്ക് ആയിരത്തിലധികം ഹമാസ് തീവ്രവാദികള്‍ എങ്ങനെ കടന്നുകയറി എന്നാണ് ലോകം അമ്പരപ്പോടെ ആലോചിക്കുന്നത്. ഇസ്രായേല്‍ക്കാര്‍ ഉള്‍പ്പെടെ 22 രാജ്യങ്ങളിലെ പൗരന്മാരെയാണ് ഹമാസ് തീവ്രവാദികള്‍ ഗാസയില്‍ ബന്ദികളാക്കി പാര്‍പ്പിച്ചിരിക്കുന്നത്. അവരുടെ കാര്യത്തില്‍ തീരുമാനമായാല്‍ പേരുകേട്ട ചാരസംഘടനയായ മൊസാദും ഷിന്‍ബെത്തും അവരുടെ ജോലി ആരംഭിക്കും. തീവ്രവാദികള്‍ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിച്ചാലും അവിടെ കടന്നുചെന്ന് അവരെ അവസാനിപ്പിക്കാനുള്ള ഉത്തരവ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നല്‍കിക്കഴിഞ്ഞു. ഖത്തറിന്റെ സമാധാന ചര്‍ച്ചകള്‍ വിജയിക്കട്ടെ എന്ന് ആശിക്കാം.

 

Login log record inserted successfully!