•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

കേരളത്തിന്റെ ഗതിയും ഗതികേടും

കേരളീയര്‍ വിദ്യാസമ്പന്നരും സംസ്‌കാരചിത്തരുമാണെന്നാണു കരുതപ്പെടുന്നത്. എന്നാല്‍, ഈ ഗുണങ്ങളൊന്നും സംസാരത്തിലും പെരുമാറ്റങ്ങളിലും ബന്ധങ്ങളിലും പ്രതിഫലിച്ചുകാണുന്നില്ല. വാക്കില്‍ സത്യസന്ധതയോ ആത്മാര്‍ഥതയോ ഇല്ല. പലരുടെയും വാക്കില്‍ ചതിയും കള്ളത്തരവും പതിയിരിപ്പുണ്ട്. നേതാക്കന്മാരുടെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും ജനം വില കല്പിക്കുന്നില്ല. കാരണം, അതില്‍ അധികവും വ്യാജമാണെന്ന് അവര്‍ക്കറിയാം. വാക്കുപാലിക്കാത്ത നേതാക്കന്മാരും വാക്കുമാറുന്നവരും വര്‍ധിച്ചുവരികയാണ്. പറഞ്ഞത് അതേപടി കേള്‍പ്പിക്കുകയും കാണിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഉണ്ടെന്നറിയാമായിട്ടും യാതൊരു ഉളുപ്പുമില്ലാതെ രാവിലെ പറഞ്ഞത് വൈകിട്ടു മാറ്റിപ്പറയുന്ന നേതാക്കന്മാരുണ്ട്.
റോഡിലേക്കിറങ്ങിയാല്‍ കേരളീയന്റെ തനിസ്വഭാവം വ്യക്തമാകും. റോഡ് തറവാട്ടുസ്വത്താണെന്ന ചിന്തയാണു ചിലര്‍ക്ക്. റോഡുനിയമങ്ങളൊന്നും പാലിക്കില്ല. മറ്റു യാത്രക്കാരെ മാനിക്കുകയില്ല. എല്ലാ നിയമങ്ങളും തെറ്റിച്ചു വാഹനം ഓടിക്കും, പാര്‍ക്കു ചെയ്യും. മന്ത്രിവാഹനംമുതല്‍ സ്ത്രീകള്‍ ഓടിക്കുന്ന വാഹനംവരെ അമിതമായ വേഗത്തിലാണു പായുന്നത്. റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. റോഡപകടങ്ങള്‍ റോഡിന്റെ മേന്മക്കുറവുകൊണ്ടോ വാഹനങ്ങളുടെ കുഴപ്പംകൊണ്ടോ സംഭവിക്കുന്നതല്ല. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും മത്സരവുമാണ് അപകടകാരണം. 
കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരാളമുണ്ടെങ്കിലും ഗുണനിലവാരമുള്ളവ തീരെ കുറവാണ്. മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍കൊണ്ടുമാത്രം വിദ്യാഭ്യാസനിലവാരം ഉയരുകയില്ല. അന്തര്‍ദേശീയ നിലവാരത്തോടു കിടപിടിക്കുന്ന സിലബസും മാറുന്ന തൊഴില്‍വിപണിക്ക് അനുയോജ്യമായ പരിശീലനവും വിദ്യാഭ്യാസത്തിലൂടെ ലഭിക്കണം. അയല്‍സംസ്ഥാനങ്ങളിലേക്കും അടുത്തകാലത്ത് വിദേശത്തേക്കും നമ്മുടെ കുട്ടികളും യുവജനങ്ങളും പഠനത്തിനും ജോലിക്കുമായി പോകാനുള്ള കാരണം ഇവിടത്തെ സാഹചര്യങ്ങളാണ്.
നമ്മുടെ യുവജനങ്ങള്‍ പ്രവാസികളായി മാറുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങളും അപകടങ്ങളും ആരുംതന്നെ ഗൗരവമായ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നില്ല. വിഷയം പഠിക്കുകയും പൊതുവേദികളില്‍ ചര്‍ച്ച ചെയ്യുകയും പ്രതിരോധനടപടികളിലേക്കു പൊതുസമൂഹത്തെ നയിക്കുകയും ചെയ്യേണ്ടവരുടെ മക്കളും കുടുംബാംഗങ്ങളും വിദേശത്താണെന്നതാണു പ്രധാന പ്രശ്‌നം. നാടിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ആദ്യമേ പറയാം.
ഒന്ന്: നമ്മുടെ പണം വലിയ തോതില്‍ വിദേശത്തേക്ക് ഒഴുകുന്നു. വസ്തു വിറ്റോ ബാങ്ക്‌ലോണ്‍ തരപ്പെടുത്തിയോ ആണ് വിദേശസര്‍വകലാശാലയില്‍ പഠിക്കുന്നതിന് ഇരുപതോ അതിലധികമോ ലക്ഷം രൂപ സമാഹരിക്കുന്നത്. രണ്ട്: പഠനം കഴിഞ്ഞാല്‍ അവിടെ ജോലി കിട്ടുമെന്നുള്ളതിനാല്‍ അവര്‍ അവിടെ തങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. അവിടെ കുടുംബംകൂടി ആയാല്‍പ്പിന്നെ തിരിച്ചുവരുന്ന പ്രശ്‌നമില്ല. ഇപ്പോള്‍, ഏകദേശം 45 ലക്ഷം മലയാളികള്‍ പല രാജ്യങ്ങളിലായി പാര്‍ക്കുന്നുവെന്നാണു കണക്ക്. ഇത് അവസാനത്തെ കണക്കല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വലിയ തോതില്‍ കുട്ടികളും യുവജനങ്ങളും വിദേശത്തേക്കു കുടിയേറിയിട്ടുണ്ട്. പണ്ടുകാലത്ത് ചുരുക്കംപേര്‍ വിദേശസര്‍വകലാശാലകളില്‍ പഠനത്തിനു പോയിരുന്നു. അവര്‍ പക്ഷേ, തിരിച്ചെത്തുകയും നമ്മുടെ നാടിനും രാജ്യത്തിനും വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്തു. ഗുണമേന്മയുള്ള മാനവശേഷി നാടിനു നഷ്ടപ്പെടുന്നുവെന്നുള്ള വലിയ അപകടം കാണാതെപോകരുത്. 
ബുദ്ധിശക്തിയും ലക്ഷ്യബോധവും ധാര്‍മികനിഷ്ഠയുമുള്ളവര്‍ നാടുവിടുമ്പോള്‍ ബാക്കിയാകുന്നത് ആരെന്നു വ്യക്തം. പഠിപ്പുകുറഞ്ഞവരും തൊഴില്‍രഹിതരും തൊഴില്‍ ചെയ്യാന്‍ മടിയുള്ളവരും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നവരും അതിന്റെ വില്പനക്കാരും ക്വൊട്ടേഷന്‍സംഘങ്ങളിലെ അംഗങ്ങളുമെല്ലാമാകുന്നവര്‍ ഇവര്‍തന്നെ. എല്ലാക്കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഉണ്ടായിരുന്നു എന്നു സമ്മതിക്കണം. എന്നാല്‍, ഇപ്പോഴത്തെ പ്രശ്‌നം അതല്ല. കേരളത്തില്‍ അത്തരക്കാര്‍ എണ്ണത്തിലും സ്വാധീനത്തിലും പെരുകിയിരിക്കുന്നു എന്നതാണ്.
മേല്പറഞ്ഞ കാര്യം ഇങ്ങനെ വിശദീകരിക്കാം: വലിയ ഒരു പാടശേഖരം. അതില്‍ നിറയെ നെല്‍ച്ചെടികള്‍. അതിനിടയില്‍ ധാരാളം കളകളുമുണ്ട്. എന്നാല്‍, അതു തെളിഞ്ഞു കാണുകയില്ല. ശ്രദ്ധയില്‍പ്പെടുന്നത് ഇളംകാറ്റില്‍ ഇളകിയാടുന്ന നെല്‍ച്ചെടികള്‍മാത്രം. ആ നെല്‍ച്ചെടികള്‍ പറിച്ചുമാറ്റിയാല്‍ കളകള്‍ തെളിഞ്ഞു കാണും. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. തരക്കേടില്ലാത്തവര്‍ കേരളത്തോടു വിട പറഞ്ഞിരിക്കുന്നു. 
രാഷ്ട്രീയമായും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. നാട്ടില്‍ അവശേഷിക്കുന്നവരുടെ ചിന്താഗതിയും രാഷ്ട്രീയബന്ധങ്ങളും പല മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും നഷ്ടങ്ങളുണ്ടാക്കുന്നതാണ്. ഒരേപെട്ടിയില്‍ വീഴാന്‍ ഇടയുള്ള വോട്ടുകള്‍ കേരളത്തില്‍ കൂടാന്‍ സാധ്യത ഏറെയാണ്. 

 

Login log record inserted successfully!