പരമ്പരാഗത കുടുംബസങ്കല്പത്തെയും കുടുംബമൂല്യങ്ങളെയും സംരക്ഷിക്കുന്ന ഒരു വിധിത്തീര്‍പ്പ് പരമോന്നതനീതിപീഠത്തില്‍നിന്നു കഴിഞ്ഞയാഴ്ച പുറത്തുവന്നു. സ്വവര്‍ഗവിവാഹം നിയമാനുസൃതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച 21 ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള വിധിയായിരുന്നു അത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. 
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റീസ് എസ്.കെ. കൗളും സ്വവര്‍ഗാനുകൂലികളെ അനുകൂലിക്കുകയും അവര്‍ക്കു ദത്തവകാശം ആകാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തുവെങ്കിലും ജസ്റ്റീസുമാരായ എസ്. രവീന്ദ്രഭട്ട്, പി.എസ്. നരസിംഹ, ഹിമ കോഹ്‌ലി എന്നിവര്‍ എതിര്‍ത്തു വിധിപ്രഖ്യാപനം നടത്തിയതുകൊണ്ട് രാജ്യത്തു സ്വവര്‍ഗവിവാഹത്തിനു നിയമസാധുത ലഭിച്ചില്ല. 34 രാജ്യങ്ങളില്‍ ഇപ്പോള്‍ സ്വവര്‍ഗപ്രേമികള്‍ക്കു വിവാഹം നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്യാനാവുകയില്ലെങ്കിലും, അവര്‍ക്ക് ഒരുമിച്ചു താമസിക്കുന്നതിനു നിയമതടസ്സങ്ങളില്ല.  
സ്വവര്‍ഗപ്രേമികളുടെ മനുഷ്യാവകാശത്തെ മാനിക്കണമെന്ന് അഞ്ചു ന്യായാധിപന്മാരും ആവശ്യപ്പെട്ടു. സ്വവര്‍ഗപ്രേമികളാണെന്ന കാരണത്താല്‍ അവര്‍ക്കു നിയമപരമായി ഒരു വിവേചനവും പാടില്ല. കൂടിത്താമസത്തെ സംബന്ധിച്ചു വീട്ടുകാരുടെ പരാതി ഉണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് പോലീസ് പ്രാഥമികമായ അന്വേഷണം നടത്തണം. തിടുക്കത്തിലുള്ള അറസ്റ്റ് ഒഴിവാക്കണം.
സുപ്രീംകോടതിയിലെ പല പ്രമുഖ വക്കീലന്മാരും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായി. അവരുടെ വാദമുഖങ്ങള്‍ പരമ്പരാഗതകുടുംബമൂല്യങ്ങളെ അംഗീകരിക്കാത്തതും വ്യക്തികളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അനുകൂലിക്കുന്നതുമായിരുന്നു. കുടുംബത്തെ സംബന്ധിച്ചു നിലവിലുള്ള നിയമം 1954 ല്‍ രൂപീകൃതമായ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ആണ്. എസ്.എം.എ. പ്രകാരം വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ്. സ്വവര്‍ഗപ്രേമികളുടെ ആവശ്യം സ്ത്രീയും പുരുഷനും എന്ന വ്യവസ്ഥ മാറ്റി രണ്ടു വ്യക്തികള്‍ തമ്മിലാകണം എന്നതായിരുന്നു. അതുപോലെതന്നെ ഭാര്യാഭര്‍ത്താവ് എന്ന പ്രയോഗത്തിനു പകരം ദമ്പതിമാര്‍ എന്നാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഈ രണ്ട് ആവശ്യങ്ങളും നിരാകരിച്ചുകൊണ്ടു പറഞ്ഞു: സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നിയമാനുസൃതമാണ്. അതു തിരുത്താന്‍ കോടതിക്ക് അധികാരമില്ല. നിയമം വ്യാഖ്യാനിക്കുകമാത്രമാണ് കോടതിയുടെ കടമ. നിയമനിര്‍മാണം നടത്തേണ്ടത്, നിയമനിര്‍മാണസഭകളായ പാര്‍ലമെന്റും നിയമസഭകളുമാണ്. 
ഹര്‍ജിക്കാരുടെ എതിര്‍കക്ഷി അഥവാ അവര്‍ക്കെതിരേ നിലപാട് അറിയിച്ചത് സര്‍ക്കാരിന്റെ വക്കീലാണ്. സ്വവര്‍ഗവിവാഹസങ്കല്പം പാശ്ചാത്യമാണെന്നും പട്ടണങ്ങളിലെ വരേണ്യവിഭാഗത്തിന്റെ താത്പര്യമാണ് അതെന്നുമുള്ള വാദഗതിയെ പക്ഷേ, കോടതി അനുകൂലിച്ചില്ല. സ്വവര്‍ഗതാത്പര്യം ഒരു ജനിതകവിഷയമാണെന്നും അവരോടു പരിഗണനയോടെ വര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതുപോലെതന്നെ വിവാഹം ഒരു മൗലികാവകാശമല്ലെന്നു പറയാനും കോടതി മടിച്ചില്ല.
സ്വവര്‍ഗവിവാഹത്തെ തള്ളിയ കോടതിവിധിയെ സ്വാഗതം ചെയ്തുകൊണ്ട് മതസംഘടനകളും സമുദായനേതാക്കളും രംഗത്തുവന്നു. കുടുംബമെന്ന സ്ഥാപനത്തിനും കുടുംബമൂല്യങ്ങള്‍ക്കും വിലകല്പിക്കുന്ന ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍സമിതി കോടതിവിധിയോടുള്ള ആദരവ് അറിയിച്ചു. വിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ ഇടപാടല്ലെന്നും അതിന് ഒരു സാമൂഹികമാനമുണ്ടെന്നുമാണ് മതങ്ങളുടെ നിലപാട്. വിവാഹത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ സങ്കല്പം ബൈബിളില്‍നിന്നു വ്യക്തമാണ്. 'സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നും ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്, ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഒറ്റ ശരീരമായിത്തീരും'' (മത്താ. 19:5) എന്ന് സുവിശേഷം വ്യക്തമാക്കുന്നു.
കത്തോലിക്കാസഭയുടെ പ്രബോധനമനുസരിച്ച് ഭാര്യയും ഭര്‍ത്താവും മക്കളും അടങ്ങുന്നതാണ് കുടുംബം. സ്വവര്‍ഗവിവാഹത്തില്‍ മക്കള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ട് അതിനെ വിവാഹമെന്നോ കുടുംബമെന്നോ വിളിക്കാനാവുകയില്ല. വംശവര്‍ധനയും കുടുംബത്തിന്റെ ലക്ഷ്യമാണ്. കുടുംബത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിക്കാത്തതുകൊണ്ടാണ് സ്വവര്‍ഗവിവാഹം അംഗീകരിക്കപ്പെടാത്തത്.
ഇന്ത്യയില്‍ സ്വവര്‍ഗവിവാഹം അനുവദനീയമാകണമെങ്കില്‍ നിയമനിര്‍മാണം കൂടിയേതീരൂ. മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള ഇന്ത്യാരാജ്യത്ത് വിശ്വാസികളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി നിയമനിര്‍മാണം നടത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും തയ്യാറാവുകയില്ല. വ്യക്തിസ്വാതന്ത്ര്യത്തിന് അമിതപ്രാധാന്യം കല്പിക്കുന്ന ചില ആക്ടിവിസ്റ്റുകള്‍ക്കും തത്കാലത്തേക്ക് ആഘോഷിക്കാന്‍ സാധിക്കുകയില്ല.
							
 ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍  
                    
									
									
									
									
									
									
									
									
									
									
                    