•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

ഇസ്രായേല്‍ - ഹമാസ് സംഘര്‍ഷവും വിഭജിക്കപ്പെട്ട ലോകവും

ക്‌ടോബര്‍ ഏഴാം തീയതി അപ്രതീക്ഷിതമായി ആരംഭിച്ച ഹമാസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ ഇസ്രായേല്‍ ആക്രമണം ശമനമില്ലാതെ തുടരുകയാണ്. ഔദ്യോഗികകണക്കുപ്രകാരം ഇരുപക്ഷത്തുമായി എണ്ണായിരത്തോളം മനുഷ്യര്‍  കൊല്ലപ്പെട്ടു. അവരില്‍ നിരപരാധികളും നിസ്സഹായരുമായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഉണ്ടായിട്ടുള്ള മറ്റു നഷ്ടങ്ങള്‍ വിവരണാതീതമാണ്. ദീര്‍ഘനാളുകൊണ്ട് മനുഷ്യന്‍ കെട്ടിയുയര്‍ത്തിയ ഭൗതികസമൃദ്ധി ഏതാനും മണിക്കൂറുകള്‍കൊണ്ടു നശിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും വീമ്പിളക്കുന്ന മനുഷ്യര്‍ പ്രാകൃതസംസ്‌കാരത്തിന്റെ വക്താക്കളായി അധഃപതിച്ചിരിക്കുന്നു.

ഗാസയിലെ പാവപ്പെട്ട മനുഷ്യരുടെ ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും മനസ്സിലാക്കാന്‍ കഴിഞ്ഞ ദിവസം കളമശേരിയില്‍ ഉണ്ടായ ചെറിയ  സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും ശ്രദ്ധിച്ചാല്‍ മതിയാകും. നാടന്‍ഭാഷയില്‍ ഒരു ചെറിയ ഓലപ്പടക്കത്തിന്റെ ശേഷിയുള്ള സ്‌ഫോടനമാണ് കളമശേരിയില്‍ നടന്നത്. മണിക്കൂറുകള്‍ നീളുന്ന വലിയ വെടിക്കെട്ടിന്റെ രൂപത്തിലുള്ള സ്‌ഫോടനങ്ങളും ആക്രമണങ്ങളുമാണു ഗാസയില്‍  അരങ്ങേറിയത്. വെള്ളവും ഭക്ഷണവും വെളിച്ചവും സമ്പര്‍ക്കമാധ്യമങ്ങളും ഇന്ധനവുമെല്ലാം നിഷേധിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ വേണം ഓരോ മണിക്കൂറിലും മരിച്ചുവീഴുന്ന നൂറുകണക്കിന് ആളുകളുടെയും പരിക്കേല്ക്കുന്ന ആയിരക്കണക്കിനു മനുഷ്യരുടെയും ദുരന്താനുഭവങ്ങള്‍ വിലയിരുത്താന്‍. യുദ്ധത്തിനു കാരണമെന്തുമാകട്ടെ, ഗാസാമുനമ്പ് ഇപ്പോള്‍ യുദ്ധമുനമ്പും ശവപ്പറമ്പുമായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തെ യുദ്ധത്തിനിടയില്‍ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിനു പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്.    ഈ പ്രശ്‌നത്തിന്റെ  പേരില്‍ ലോകം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇസ്രായേലിനെ എതിര്‍ക്കുന്നവരും പാലസ്തീനെ അനുകൂലിക്കുന്നവരും എന്ന രണ്ടുപക്ഷങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ഇസ്രായേല്‍- പാലസ്തീന്‍ പ്രതിസന്ധിയുടെ ചരിത്രപശ്ചാത്തലമോ കാര്യങ്ങളുടെ നിജസ്ഥിതിയോ അറിയാത്തവര്‍പോലും കേരളത്തിന്റെ മുക്കിലും മൂലയിലും ഒളിച്ചിരുന്ന് ഇസ്രായേല്‍വിരുദ്ധത പ്രചരിപ്പിക്കുന്നു. പല രാജ്യങ്ങളിലും ഇതുതന്നെ സംഭവിക്കുന്നു. മറുപക്ഷത്തും ഇതേരീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. അതായത്, ശത്രുക്കള്‍ ഇസ്രായേലും പാലസ്തീനികള്‍ അഥവാ അറബ്  വംശജരുമാണ്, യഥാര്‍ഥ വില്ലന്‍ ഹമാസ് രക്ഷപ്പെട്ടിരിക്കുന്നു. മറ്റുവാക്കുകളില്‍, ഹമാസിനെപ്പോലുള്ള ഭീകരസംഘടനകളെ വെള്ളപൂശാനും ഇസ്രായേലിനെ പ്രതിസ്ഥാനത്തു നിറുത്താനും പാലസ്തീന് അനുകൂലമായി  ഇരവാദം ഉയര്‍ത്താനുമുള്ള ബോധപൂര്‍വകമായ ശ്രമം നടന്നുവരുന്നു. ഇതിന്റെ പിന്നിലെ ലക്ഷ്യം രാഷ്ട്രീയപരവും മതപരവുമാണെന്നു വ്യക്തം. ഈ രണ്ടു ശക്തികളും പത്തിവിടര്‍ത്തി നില്ക്കുന്നുവെന്നതാണ് സംഘര്‍ഷം നീളാന്‍ കാരണം. ഇസ്രായേലിന്റെ സൈനികശക്തിയും ആയുധബലവും ഹമാസിനെ ഇല്ലാതാക്കാനും ഗാസാ പിടിച്ചടക്കാനും പര്യാപ്തമാണ്. യുദ്ധം തുടങ്ങിയതു ഞങ്ങളല്ലെങ്കിലും അവസാനിപ്പിക്കുന്നതു ഞങ്ങളായിരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചുവെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനു സാധിച്ചിട്ടില്ലെന്ന അറിവ് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്. അതിനുള്ള കാരണം ഇസ്രായേലിന്റെ ശക്തി ക്ഷയിച്ചതാകാനിടയില്ല. ഹമാസ് പോലെയുള്ള ഭീകരസംഘടനകള്‍ക്കു ലോകത്തിന്റെ പലകോണുകളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും സഹായവുമാണ്.
യുദ്ധത്തിലേര്‍പ്പെടുന്നവരെ കണ്ണുരുട്ടി പേടിപ്പിക്കാന്‍ ആജ്ഞാശക്തിയുള്ള സംവിധാനങ്ങള്‍ ഇന്നു ലോകത്തിലില്ല എന്ന സത്യം ലോകം തിരിച്ചറിയുന്ന സമയമാണിത്.   സമാധാനം സ്ഥാപിക്കേണ്ട യു.എന്‍. സെക്രട്ടറി ജനറല്‍ കഴിഞ്ഞദിവസം നടത്തിയ ഒരു പരാമര്‍ശം എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമായി. പാലസ്തീന്‍ സംഘര്‍ഷം ശൂന്യതയില്‍നിന്ന് ഉണ്ടായതല്ല എന്നതായിരുന്നു പരാമര്‍ശം. ഇതിനു രണ്ടു വ്യാഖ്യാനങ്ങളുണ്ടാകാം. ഒന്ന്: യു.എന്‍. സെക്രട്ടറി ജനറല്‍ പാലസ്തീന്‍ പക്ഷത്താണ്. രണ്ട്: ഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷം ഹമാസ് ആക്രമണത്തില്‍നിന്നുണ്ടായതല്ല. അതിനു ചരിത്രപരമായ കാരണങ്ങളുണ്ട്.
ആത്യന്തികവിശകലനത്തില്‍ ഈ സംഘര്‍ഷം രണ്ടു ഭൂപ്രദേശങ്ങള്‍ തമ്മിലല്ല, രണ്ടു ജനതതികള്‍ തമ്മിലുമല്ല, രണ്ടു ദേശീയതകളും രണ്ടു വിശ്വാസങ്ങളും തമ്മിലാണ്. ദേശീയതയും മതവും അന്തര്‍ധാരയായി നിലകൊള്ളുന്നുവെന്നതുകൊണ്ട് ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാവാത്തവിധം സങ്കീര്‍ണമാവുകയാണ്.
പാലസ്തീന്‍കാരും ഇസ്രായേല്‍ക്കാരും രക്തദാഹികളാണെന്ന ധാരണ ശരിയല്ല. ബഹുഭൂരിപക്ഷംപേരും സമാധാനകാംക്ഷികളാണ്. അവരുടെയിടയിലെ വളരെ ചെറിയൊരു വിഭാഗമാണ് തീവ്രവാദികളായി മാറുന്നത്. സമാനതകളില്ലാത്ത കഷ്ടനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും കഥയാണ് ഇരുജനവിഭാഗങ്ങള്‍ക്കുമുള്ളത്. രണ്ടുപക്ഷങ്ങളും പോരാടുന്നതു നിലനില്പിനും അതിജീവനത്തിനും വേണ്ടിയത്രേ. രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മനിയില്‍മാത്രം അറുപതു ലക്ഷത്തോളം യഹൂദരാണു കൊലചെയ്യപ്പെട്ടത്. അതേ വെല്ലുവിളി യഹൂദര്‍ ഇന്നും നേരിടുന്നുണ്ടെന്നാണ് അവരുടെ ചിന്ത. ഇസ്രായേലിനെ ഇല്ലാതാക്കുക എന്നതാണ് ഹമാസിന്റെ പ്രഖ്യാപിതലക്ഷ്യം. അതുകൊണ്ടാണ്, ചെറുത്തുനില്പ് രക്തരൂഷിതമായി മാറുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ മതത്തിന്റെ മറപിടിച്ചാണ് പലരും ഭീകരസംഘടനയെ പിന്തുണയ്ക്കുന്നത്. രാഷ്ട്രീക്കാര്‍ അവര്‍ക്കു കുടപിടിക്കുന്നതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും. 

Login log record inserted successfully!