•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

കടന്നുകയറ്റം പലവിധം

നുമതിയില്ലാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതും അവരെ അലോസരപ്പെടുത്തുന്നതും കടന്നുകയറ്റത്തിന്റെ പരിധിയില്‍ വരുന്നു. ഹമാസ് ഭീകരര്‍ ഇസ്രായേല്‍ അതിര്‍ത്തിലംഘിച്ച് അകത്തുകടന്നത് കടന്നുകയറ്റമാണ്. അവകാശധ്വംസനമുണ്ടായാല്‍ അതിനെയും സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം എന്നു വിളിക്കുന്നു. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യതയിലേക്കു പ്രവേശിക്കുന്നതും കടന്നുകയറ്റം തന്നെ. ഇന്നത്തെ മാധ്യമപ്രവര്‍ത്തനം ഒരു പരിധിവരെ അങ്ങനെയാണെന്നു വിലയിരുത്തേണ്ടിവരും.
നിലവാരമുള്ള അച്ചടി മാധ്യമങ്ങളെ ഒഴിവാക്കിയാണ് ഇതു പറയുന്നത്. മലയാളത്തിലെ പ്രധാനപ്പെട്ട പത്രങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ സേവനപാരമ്പര്യമുണ്ട്. പത്രമാധ്യമങ്ങള്‍ എന്നും  നിലകൊണ്ടിട്ടുള്ളത് വ്യക്തികളുടെയും മൂല്യങ്ങളുടെയും സംരക്ഷണത്തിനുവേണ്ടിയാണ്. മൂല്യനിരാസത്തെയും വ്യക്തിഹത്യകളെയും പത്രങ്ങള്‍ എല്ലാക്കാലത്തും നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ രൂപംകൊണ്ട ദൃശ്യമാധ്യമങ്ങള്‍ അച്ചടിമാധ്യമങ്ങള്‍ പാലിച്ചുപോന്ന അടിസ്ഥാനമര്യാദകള്‍ പാലിക്കുന്നുണ്ടോ എന്നു സംശയമാണ്. അച്ചടിമാധ്യമങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്  ശാന്തമായ പഠനത്തിനും പല തലങ്ങളിലുള്ള എഡിറ്റര്‍മാരുടെ പരിശോധനയ്ക്കുംശേഷമാണ്. പത്രമാധ്യമങ്ങള്‍ക്കു വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യത്തിനു സമയം ലഭിക്കുന്നുണ്ട്. എന്നാല്‍, ദൃശ്യമാധ്യമങ്ങള്‍ക്ക് ഒരുക്കത്തിനും അവതരണത്തിനുമുള്ള   സമയം താരതമ്യേന കുറവാണ്. ഏറ്റവും ആദ്യം വാര്‍ത്ത എത്തിക്കുന്നതിനാണ് ദൃശ്യമാധ്യമങ്ങള്‍ തമ്മില്‍ മത്സരിക്കുന്നത്. ഈ മത്സരം പലപ്പോഴും അടിസ്ഥാനമര്യാദകളുടെ പരിധികള്‍ ലംഘിക്കാറുണ്ട്. രഹസ്യങ്ങള്‍ ചോര്‍ത്താനും പറയാത്ത കാര്യങ്ങള്‍ പറഞ്ഞതുപോലെ പറയാനും പറഞ്ഞ കാര്യങ്ങളെ തങ്ങളുടെ താത്പര്യങ്ങള്‍ക്കു യോജിച്ചവിധം വ്യാഖ്യാനിക്കാനുമുള്ള ശ്രമത്തിനിടയില്‍ പലര്‍ക്കുമെതിരേ കടന്നുകയറ്റങ്ങള്‍ നടക്കുന്നതായി കാണുന്നു.
മലയാളത്തില്‍ ഒരു ഡസനോളം വാര്‍ത്താചാനലുകളും മിക്കവയ്ക്കും വാര്‍ത്താവിശകലനപരിപാടികളുമുണ്ട്. അതിലൊന്ന് അന്തിച്ചര്‍ച്ചയാണ്. വാര്‍ത്തയുടെ വിശകലത്തിനും വിലയിരുത്തലിനും സഹായിക്കുന്ന പരിപാടിയാണത്. കാരണം, ആ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ളവരാണ് അതിഥികളായി എത്തുന്നത്. എന്നാല്‍, രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളായി എത്തുന്നവരുടെ ഏകപക്ഷീയമായ ചിന്താഗതിയും ധാര്‍ഷ്ട്യവും പ്രതിപക്ഷബഹുമാനമില്ലായ്മയും സംസ്‌കാരശൂന്യമായ പദപ്രയോഗങ്ങളും അന്തിച്ചര്‍ച്ചകളെ വെടക്കാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതായത്, അന്തസ്സുള്ളവര്‍ക്കു മനസ്സമാധാനത്തോടെ ഇരുന്നു വീക്ഷിക്കാന്‍ കൊള്ളാത്ത പരിപാടിയായി അതു തരംതാണിരിക്കുന്നു. വാദവും പ്രതിവാദവും കൊള്ളാം. ആവേശവും ശബ്ദഘോഷവും സഹിക്കാം. എന്നാല്‍, വെല്ലുവിളിയും കൊലവിളിയും തെറിവിളിയുമായി അതു മാറുന്നതുകൊണ്ട് കാഴ്ചക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇത്തരം അധമചര്‍ച്ചകള്‍ നടത്തുന്ന ചാനലുകളുടെ യൂട്യൂബ് ചാനലുകള്‍ക്ക് ശരാശരി നാല്പതു ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ചര്‍ച്ചകള്‍ കാണാന്‍ ആയിരക്കണക്കിനാളുകള്‍പോലും തത്സമയം ഉണ്ടാകാറില്ലെന്നതാണു വാസ്തവം.
ചാനലുകളിലെ അവതാരകന്‍മുതല്‍ റിപ്പോര്‍ട്ടര്‍മാര്‍വരെ കടന്നുകയറ്റം എന്ന കലയില്‍ അഭിരമിക്കുന്നവരാണ്. അവതാരകന്‍ സത്യത്തിന്റെ പക്ഷത്തു നില്‌ക്കേണ്ടയാളും സത്യം പുറത്തുകൊണ്ടുവരാന്‍ പാനലിസ്റ്റുകളെ ചോദ്യങ്ങളിലൂടെയും ഇടപെടലുകളിലൂടെയും സഹായിക്കേണ്ട ആളുമാണ്. പക്ഷേ, മിക്ക ചാനലുകളിലും ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ അവതാരകര്‍ സ്വന്തം രാഷ്ട്രീയം പറയുന്നവരും അത് പ്രസംഗരൂപത്തില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചയ്ക്കുള്ള ഇടം അവര്‍ നഷ്ടപ്പെടുത്തുകയാണ്. സ്വതന്ത്രചിന്താഗതിക്കാരായ കേള്‍വിക്കാരുടെമേലുള്ള കടന്നുകയറ്റമാണത്. വേട്ടക്കാരെപ്പോലെയാണ് ചില മാധ്യമപ്രവര്‍ത്തകര്‍. അവര്‍ ചിലരെ കാണുന്നത് ഇരകളെപ്പോലെയാണ്. സെലിബ്രിറ്റികളായിട്ടുള്ളവരെപ്പോലും ആദരവില്ലാതെയാണു സമീപിക്കുന്നത്. ബോധപൂര്‍വം കുടുക്കാന്‍ ശ്രമിച്ചു കുടുങ്ങുന്നവരുമുണ്ട്. അടുത്തകാലത്ത് നടനും രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. മൈക്ക് കൈയിലുണ്ടെങ്കില്‍ എന്തുമാകാം എന്നു ചിന്തിക്കുന്ന ചാനല്‍ പ്രവര്‍ത്തകരുടെ പ്രതിനിധിയെന്നപോലെ ഒരു റിപ്പോര്‍ട്ടര്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കാനും അവര്‍ ഉദ്ദേശിച്ച ഉത്തരം അദ്ദേഹത്തെക്കൊണ്ടു പറയിപ്പിക്കാനും നടത്തിയ ശ്രമത്തിനിടയില്‍ അവരെ നടന്‍ സ്പര്‍ശിച്ചുവെന്നത്  വലിയ വിവാദമാവുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് എതിരായുള്ളവരെല്ലാം ഒത്തുചേരുകയും ചെയ്തു. കേസ് കോടതിയില്‍ എത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെല്ലാം കണ്ടുനില്‌ക്കേ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ നടന്‍ സ്പര്‍ശിച്ചത് ലൈംഗികാതിക്രമമാണോ എന്നു നിശ്ചയിക്കേണ്ടത് ഇനി കോടതിയാണ്.
തങ്ങളാണ് ലോകം ഭരിക്കുന്നതെന്ന മിഥ്യാധാരണ മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കേണ്ടിയിരിക്കുന്നു. വ്യക്തികളെയും പൊതുസമൂഹത്തെയും നന്മയുടെ വഴിയിലേക്കു കൊണ്ടുവരേണ്ട മാധ്യമപ്രവര്‍ത്തകര്‍തന്നെ മര്യാദയില്ലാത്തവരും ധിക്കാരികളും അക്രമാസക്തരുമാകുന്നത് അപകടകരമാണ്.  

 

Login log record inserted successfully!