•  16 May 2024
  •  ദീപം 57
  •  നാളം 10
നേര്‍മൊഴി

പൊടിമരുന്നു പോരാ, രോഗം ഗുരുതരമാണ്

കഴിഞ്ഞയാഴ്ച ഭരണസിരാകേന്ദ്രം ഏതാനും ദിവസത്തേക്ക്  തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കു മാറ്റിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരും അവിടെയെത്തിയത് ഒന്നരക്കോടിയുടെ ആഡംബരബസിലായിരുന്നു. ഉത്സവയാത്രയില്‍ മുഖ്യമന്ത്രിക്ക് ഇരിക്കാനുള്ള കസേര ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്നു പത്രവാര്‍ത്തയുണ്ടായിരുന്നു. ആ വാര്‍ത്ത വായിച്ചപ്പോഴാണ് കസേരയ്ക്കുപോലും രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമുണ്ടെന്നു മനസ്സിലായത്.
ഭരണം പരാജയമാണെന്നു പ്രതിപക്ഷവും ഭരണത്തില്‍ നിരാശയുണ്ടെന്നു പാര്‍ട്ടിക്കാരും എല്ലാം ശരിയാകുമെന്നു പറഞ്ഞിട്ട് ഒന്നും ശരിയാകുന്നില്ലെന്നു പാര്‍ട്ടി അനുഭാവികളുമൊക്കെ പ്രതിഷേധവും സങ്കടവും പറയുന്നതിനിടയിലാണ് ശത്രുക്കളുടെ കടുത്ത വിമര്‍ശനത്തെ ചോദിച്ചുവാങ്ങിക്കൊണ്ട് മന്ത്രിപ്പട കാസര്‍കോട്ടെത്തിയത്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും എത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സ്വപ്നപദ്ധതികളും അറിയിച്ചു ജനങ്ങളെ സംതൃപ്തരാക്കുകയാണ് നവകേരളസദസ്സ് എന്ന പരിപാടിയുടെ ലക്ഷ്യം. അത്ര പെട്ടെന്നു തൃപ്തിയടയുന്നവരാണ് കേരളീയര്‍ എന്നു കരുതിയെങ്കില്‍ തെറ്റി. പൂച്ചയെ കാണിച്ചു പുലിയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തവരാണ് കേരളീയര്‍. മാധ്യമപരസ്യങ്ങള്‍കൊണ്ടോ സൈബര്‍സേനയുടെ ഏകപക്ഷീയമായ പോസ്റ്റുകള്‍കൊണ്ടോ പാര്‍ട്ടിപ്പത്രത്തിന്റെയും പാര്‍ട്ടിച്ചാനലിന്റെയും പാര്‍ട്ടിയോടു കൂറുള്ള മറ്റു രണ്ടോ മൂന്നോ ചാനലുകളുടെയും പക്ഷപാതപരമായ പ്രചാരണം കൊണ്ടോ ഒന്നും രക്ഷപ്പെടുത്താനാവാത്തവിധം ഭരണവിരുദ്ധവികാരം ജനഹൃദയങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ഭരണത്തിന്റെ മേന്മ ജനം അറിയേണ്ടത് അനുഭവത്തില്‍നിന്നാണ്; ആഡംബരസദസ്സുകളില്‍നിന്നല്ല. നിത്യോപയോഗസാധനങ്ങളുടെ വില കുറയുമ്പോള്‍, ക്രമസമാധാനനില ഭദ്രമാകുമ്പോള്‍, ശമ്പളവും പെന്‍ഷനും കൃത്യസമയത്തു ലഭിക്കുമ്പോള്‍, പിന്‍വാതില്‍നിയമനവും സ്വജനപക്ഷപാതവും അവസാനിക്കുമ്പോള്‍ നല്ല ഭരണമാണെന്നു ജനം വിളിച്ചുപറയും. ജനം പറയാതെ മന്ത്രിമാര്‍ വിളിച്ചുകൂവിയാല്‍ ദുര്‍ഭരണം സല്‍ഭരണമാവുകയില്ല.
കടംകയറി മുടിഞ്ഞ കേരളത്തില്‍ നല്ല ഭരണമാണു നടക്കുന്നതെന്നു പാര്‍ട്ടിക്കാരെപ്പോലും വിശ്വസിപ്പിക്കാനാവുകയില്ല. അച്ചടക്കമുള്ള കേഡര്‍പാര്‍ട്ടിയായ സിപിഎമ്മില്‍പ്പോലും നേതാക്കന്മാരുടെ അഴിമതിയെച്ചൊല്ലിയും അവര്‍ പെട്ടെന്നു കോടിപതികളാകുന്നതിനെച്ചൊല്ലിയും കടുത്ത അമര്‍ഷമുണ്ട്. സഹകരണമേഖലയെ കൊള്ളയടിച്ചവരെ പാര്‍ട്ടി വേലികെട്ടി സംരക്ഷിക്കുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനമുണ്ട്. ഈ സാഹചര്യങ്ങളെ മറികടക്കാന്‍ ഒരു നവകേരളസദസ്സിനും സാധിക്കുകയില്ല.
ഉദ്യോഗസ്ഥര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ഇടത് അനുകൂല ട്രേഡുയൂണിയനുകളുള്ളതുകൊണ്ട് മുഖ്യമന്ത്രിമാര്‍ എത്ര ആഗ്രഹിച്ചാലും നടപടിക്രമങ്ങളില്‍ കാലതാമസം വരുത്താന്‍ സാങ്കേതികകാരണങ്ങള്‍ അവര്‍ കണ്ടെത്തുമെന്നുള്ള തിരിച്ചറിവാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമ്പര്‍ക്കപരിപാടി സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നതില്‍ തെറ്റില്ല. അപേക്ഷകരുടെയും ആവശ്യക്കാരുടെയും പക്കലെത്തി ഉടനടി അവരുടെ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനായിരുന്നു ഈ ജനസമ്പര്‍ക്കപരിപാടി. അതു വലിയ വിജയമായി. അതിനു കാരണം അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയും ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയുടെ ആത്മാര്‍ഥതയുമാണ്.  
നവകേരളസദസ്സ് ജനസമ്പര്‍ക്കപരിപാടിയുടെ മറ്റൊരു രൂപമാണ്. ജനസമ്പര്‍ക്കപരിപാടിയെ ശത്രുക്കള്‍പോലും ഉള്ളുകൊണ്ടു സ്വീകരിച്ചു. നവകേരളസദസ്സിനെ അനുകൂലികള്‍പോലും നല്ല മനസ്സോടെ അംഗീകരിക്കുന്നില്ല. ഒരു ഫയല്‍ ഒരു ജീവിതമാണെന്ന മനോഹരമായ തത്ത്വം പറഞ്ഞ മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റിലിരുന്നുതന്നെ എന്തുകൊണ്ടു ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നില്ല എന്നു ചിന്തിക്കേണ്ടതാണ്. പട്ടാളകമാന്‍ഡറെപ്പോലെ കല്പിക്കാന്‍ കഴിയുന്ന പാര്‍ട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി.
നവകേരളസദസ്സ് 2016 ല്‍ പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളമിഷന്റെ കീഴിലുള്ള ഒരു പരിപാടിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള സംവിധാനമാണ് നവകേരളപദ്ധതി. നവകേരളം കര്‍മപദ്ധതിവഴിയാണ് ജനം നേരിടുന്ന വെല്ലുവിളികളെ സര്‍ക്കാര്‍ നേരിടുന്നത്.
ജനങ്ങള്‍ക്കുവേണ്ടി മന്ത്രിസഭ മുഴുവന്‍ ജനങ്ങളുടെ പക്കലെത്തി ചര്‍ച്ചചെയ്തു തീരുമാനമെടുത്തു ജനങ്ങളെ സംരക്ഷിക്കുന്നു എന്ന ചിന്ത പ്രസ്താവനകളിലൂടെയും മാധ്യമങ്ങളിലൂടെയും ജനങ്ങളിലെത്തിച്ച് സര്‍ക്കാര്‍വിരുദ്ധചിന്തകളില്‍നിന്നു പൊതുസമൂഹത്തെ അകറ്റിനിര്‍ത്താമെന്നത് വെറും വ്യാമോഹമാണെന്നു ബോധ്യപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. ജനകീയപ്രശ്‌നങ്ങളില്‍നിന്ന് ഒരു സര്‍ക്കാരിനും ഒളിച്ചോടാനാവില്ല. സര്‍ക്കാരിനു സാമ്പത്തികപ്രതിസന്ധിയുണ്ടെന്നു തുറന്നുസമ്മതിക്കാന്‍ എന്തായിരുന്നു മടി? അവസാനം സമ്മതിച്ചിട്ടെന്തു പ്രയോജനം? ജനത്തിന് അറിയേണ്ടത് എങ്ങനെ ഈ പ്രതിസന്ധി ഉണ്ടായി എന്നാണ്. ഇതു തുടര്‍ഭരണമാണ്. മുന്‍ സര്‍ക്കാര്‍ താറുമാറാക്കിയതാണ് എന്നു പറഞ്ഞു രക്ഷപ്പെടാനാവില്ല. നിലവിലുള്ള സാമ്പത്തികപ്രതിസന്ധി കര്‍ഷകര്‍ക്കു ന്യായവില നല്‍കിയതിലൂടെ ഉണ്ടായതല്ല. നികുതി കുറച്ചതിലൂടെ സംഭവിച്ചതല്ല. നയവൈകല്യങ്ങള്‍തന്നെ കാരണം. 

 

Login log record inserted successfully!