എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനസര്‍വീസുകള്‍ സാധാരണനിലയിലായിട്ടില്ല. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ രോഗാവധി എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം. പ്രതിദിനം 380 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. അതില്‍ 120 രാജ്യാന്തരസര്‍വീസുകളും 260 ആഭ്യന്തരസര്‍വീസുകളും ഉള്‍പ്പെടുന്നു. സമരം തുടങ്ങി മൂന്നു ദിവസത്തിനുള്ളില്‍ 245 സര്‍വീസുകള്‍ മുടങ്ങി. യാത്രക്കാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും പുറമേ കമ്പനിക്കുമാത്രം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു 200 ലധികം വിമാനജീവനക്കാര്‍ കൂട്ട അവധിയെടുത്തത്. ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകളെച്ചൊല്ലിയും ജീവനക്കാര്‍ക്കിടയിലെ ചേര്‍ച്ചക്കുറവിനെച്ചൊല്ലിയുമാണ് സമരം അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലായിരുന്ന എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തപ്പോഴാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസായി മാറിയത്. സാമ്പത്തികനഷ്ടംമൂലം നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ വന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ വിമാനക്കമ്പനി ടാറ്റാ ഗ്രൂപ്പിനു കൈമാറിയത്. പ്രതിദിനം 20 കോടി രൂപ നഷ്ടം ഉണ്ടാക്കി വച്ചിരുന്ന കമ്പനിയുടെ മൊത്തം നഷ്ടം 60,000 കോടി രൂപയായിരുന്നു. എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തപ്പോള്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയായിരുന്നു. അതിനു ള്ള കാരണം ടാറ്റാ ഗ്രൂപ്പിന്റെ ബിസിനസ് പാരമ്പര്യവും മാനേജ്‌മെന്റ് വൈദഗ്ധ്യവുമായിരുന്നു.
വിമാനസര്‍വീസ് നടത്തി പരിചയമുള്ള കമ്പനിയാണ് ടാറ്റാ ഗ്രൂപ്പ്. 1932 ല്‍ ടാറ്റാ സണ്‍സ് ടാറ്റാ എയര്‍ലൈന്‍സ് ആരംഭിച്ചു. 1946 ല്‍ അത് എയര്‍ ഇന്ത്യയായി. ടാറ്റായില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ 1953 ല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ ഷെയറുകള്‍ സ്വന്തമാക്കുകയും 1977 വരെ ജെ.ആര്‍. ഡി. ടാറ്റയെ കമ്പനിയുടെ ചെയര്‍മാന്‍സ്ഥാനത്തു തുടരാന്‍ അനുവദിക്കുകയും ചെയ്തു. 2013 ല്‍ ടാറ്റ ഗ്രൂപ്പ് രണ്ടു വിമാനക്കമ്പനികള്‍ ആരംഭിച്ചു. എയര്‍ ഏഷ്യയും വിസ്ത്താരയും. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തപ്പോള്‍ എയര്‍ ഏഷ്യയില്‍ ലയിപ്പിച്ചു. പുതിയ കമ്പനിക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന പേരു നല്‍കി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 2500 ലധികം ജീവനക്കാരുണ്ട്. സ്വകാര്യകമ്പനിയായ എയര്‍ ഏഷ്യയിലെയും സര്‍ക്കാര്‍ കമ്പനിയായിരുന്ന എയര്‍ ഇന്ത്യയുടെയും തൊഴില്‍ സംസ്‌കാരം വ്യത്യസ്തങ്ങളായിരുന്നു. ജോലി കിട്ടിയിട്ടുവേണം അവധിയെടുക്കാന്‍ എന്നു ചിന്തിക്കുന്നവരെ ടാറ്റാപോലുള്ള ബിസിനസ്സ് ഗ്രൂപ്പുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുകയില്ല. പണി ചെയ്യാതെ  ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന സര്‍ക്കാര്‍ ജീവനസംസ്‌കാരവും തൊഴിലെടുത്തു പ്രസ്ഥാനത്തെ വിജയിപ്പിക്കണമെന്ന ടാറ്റാ ഗ്രൂപ്പുസംസ്‌കാരവും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. സമരത്തിലേക്ക് എത്തിയത് ഈ സംഘര്‍ഷമാണ്. 
കെടുകാര്യസ്ഥതയും സംഘടനാബലവും രാഷ്ട്രീയ പിന്തുണയുമുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യമനോഭാവത്തോടെയാണ് എയര്‍ ഇന്ത്യയിലെ സീനിയര്‍ ജീവനക്കാര്‍ അവരുടെ നേട്ടങ്ങള്‍ക്കുവേണ്ടി ജൂണിയര്‍ ജീവനക്കാരെ കൂടെച്ചേര്‍ത്ത് സമരത്തിനിറങ്ങിയത്. തൊഴിലാളിസമരത്തെ ഭയപ്പെടുന്നവരല്ല ടാറ്റാഗ്രൂപ്പ്. ടാറ്റാ ഗ്രൂപ്പ് തൊഴിലാളി സൗഹൃദക്കമ്പനിയാണ്. പത്തുലക്ഷത്തിലധികം തൊഴിലാളികള്‍ ടാറ്റായുടെ വിവിധ സംരംഭങ്ങളില്‍ പണിയെടുക്കുന്നു. 
തൊഴിലിനും തൊഴിലാളികള്‍ക്കുംവേണ്ടി ആരംഭിച്ച തൊഴിലാളിപ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുകയാണ്. ലോകത്തു മറ്റൊരിടത്തുമില്ലാത്തത്ര പിന്തിരിപ്പന്‍ നയങ്ങളും മര്‍ക്കടമുഷ്ടിയും ധിക്കാരവും ഉത്തരവാദിത്വമില്ലായ്മയുമാണ് ഇന്ത്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്ക്. മുതലാളിയും തൊഴിലാളിയും ഗതിപിടിക്കാത്ത സമീപനമാണത്. 
വിദ്യാഭ്യാസയോഗ്യതയ്ക്കും ചെയ്യുന്ന ജോലിക്കും ആനുപാതികമായിട്ടാണ് ജീവനക്കാരുടെ വേതനം. ഇന്ത്യയിലാകട്ടെ, സീനിയോരിറ്റിക്കു മാത്രമാണു പ്രാധാന്യം. ഒന്നും അറിയില്ലെങ്കിലും ചെയ്യില്ലെങ്കിലും സീനിയറായി എന്ന കാരണത്താല്‍ ശമ്പളവും ആനുകൂല്യങ്ങളും പദവികളും ലഭിക്കുന്ന സമ്പ്രദായം ഇന്ത്യയില്‍മാത്രമാണുള്ളത്. എയര്‍ ഇന്ത്യയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നതിനെക്കാള്‍ അധികം വരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാര്‍ക്കു ലഭിച്ചു തുടങ്ങി. ''നെറ്റ് പ്രമോട്ടര്‍ സ്‌കോര്‍ (എന്‍.പി.എസ്.) അനുസരിച്ചാണ് ശമ്പളം ലഭിക്കുന്നത്. ഈ രീതി പണി ചെയ്യാതെ ഉയര്‍ന്ന വരുമാനം സമ്പാദിച്ചിരുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരോടു പറഞ്ഞത് ഒരു ഫയലില്‍ ഒരു ജീവനുണ്ട് എന്നാണ്. അര്‍ഥവത്തായ ആ വാക്കുകളെ വലിയ പ്രതീക്ഷയോടെയാണ് ജനം കേട്ടത്. തൊഴിലാളിപ്രസ്ഥാനത്തെ വളവും വെള്ളവും കൊടുത്തു വളര്‍ത്തിയ ഇടതുപക്ഷസര്‍ക്കാരിനുപോലും അവരെ നിലയ്ക്കു നിറുത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞദിവസത്തെ വാര്‍ത്തകളില്‍ കണ്ടത് 3.5 ലക്ഷം ഫയലുകള്‍ കുന്നുകൂടി കിടക്കുന്നുവെന്നാണ്.  ഏഴുലക്ഷത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുവെന്നാണ് അനൗദ്യോഗികകണക്ക്.
തൊഴിലാളികളുടെ സേവനത്തെ മാനിക്കുമ്പോഴും അവരുടെ ഉത്തരവാദിത്വത്തെ ഓര്‍മപ്പെടുത്താതിരിക്കാനാവുകയില്ല. ഒരു സ്വകാര്യസ്ഥാപനത്തില്‍ ഒരാവശ്യത്തിനുവേണ്ടി ഒന്നോ രണ്ടോ പ്രാവശ്യമേ പോകേണ്ടിവരാറുള്ളൂ. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഈ സൗകര്യം ലഭിക്കുമോ? താമസിച്ചു വരിക, നേരത്തേ പോവുക, വെള്ളിയാഴ്ച ഉച്ചയ്‌ക്കേ മുങ്ങുക, തിങ്കളാഴ്ച 
ഒത്താല്‍ വന്ന് ഒപ്പിടുക എന്ന രീതി മാറാതെയും പണി ചെയ്യാതെ സമരം ചെയ്യുന്ന രീതി അവസാനിപ്പിക്കുകയും ചെയ്യാതെ നാട് നന്നാവുകയില്ല. സര്‍ക്കാരിനോടു കളിക്കുന്നതുപോലെ ടാറ്റായോടു കളിച്ചാല്‍ പണി കിട്ടുമെന്നുറപ്പാണ്.
                
							
 ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍  
                    
									
									
									
									
									
									
									
									
									
									
                    