വളരെ ഗുരുതരമായ ആക്ഷേപമാണ് രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തുക എന്നത്. ഈ ആരോപണം ഉന്നയിച്ച വ്യക്തിയാകട്ടെ വളരെ പ്രധാനപ്പെട്ടയാളും. പ്രസംഗത്തിനിടയില്‍ ആവേശംകൊണ്ടു പറഞ്ഞ വാക്കുകളല്ല; പകരം, ചിന്തിച്ചുറപ്പിച്ചുപറഞ്ഞ വാക്കുകളാണ്. ആര്‍.എസ്.എസിനെതിരേയാണ് പ്രയോഗം. ബി.ജെ.പി.-ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുണ്ടായപ്പോഴും നിലപാടുമാറ്റാതെ അതില്‍ ഉറച്ചുനിന്നു എന്നതില്‍നിന്ന് കരുതലോടെയായിരുന്നു ആ പ്രസ്താവന എന്നു വ്യക്തം.
ആര്‍.എസ്.എസിനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത് ഗാന്ധിജിയുടെ കൊച്ചുമകന്റെ മകന്‍ തുഷാര്‍ഗാന്ധിയാണ്. അദ്ദേഹം അറിയപ്പെടുന്ന ഗാന്ധിയനും പൊതുപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ്. മതമൈത്രിയും സാമുദായികസൗഹാര്‍ദവും ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന തുഷാര്‍ഗാന്ധിക്ക് തരക്കേടില്ലാത്ത സ്വീകാര്യത ജനാധിപത്യവിശ്വാസികള്‍ക്കിടയിലുണ്ട്. ഗാന്ധികുടുംബത്തിലെ പുതുതലമുറക്കാരന്‍ എന്ന പരിഗണന ഇതിനുപുറമേ.
തുഷാര്‍ഗാന്ധി രാഷ്ട്രീയനിഷ്പക്ഷതയുള്ള ആളാണെന്നു പറയാനാവില്ല. ഗാന്ധിജി ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ആര്‍എസ്എസിനെ പിന്തുണയ്ക്കാന്‍ പറ്റാത്ത ആളും കോണ്‍ഗ്രസ് അനുകൂലിയുമാണ്. അതുകൊണ്ടുതന്നെ ബിജെപിക്കും ആര്‍എസ്എസിനും തുഷാര്‍ഗാന്ധിയെ ഉള്‍ക്കൊള്ളുക എന്നത് എളുപ്പമല്ല. ആര്‍.എസ്.എസ്. രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തുന്നവരാണ്, ജനാധിപത്യവിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പു നല്‍കി പ്രസംഗം അവസാനിപ്പിച്ച് വാഹനത്തില്‍ കയറുന്ന സമയത്താണ് അവര്‍ തുഷാര്‍ഗാന്ധിയെ തടയാന്‍ ശ്രമിച്ചത്. വര്‍ക്കല ശിവഗിരിയിലെ ഗാന്ധിജി-ശ്രീനാരായണഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനും കേരളത്തിലെത്തിയതായിരുന്നു തുഷാര്‍ഗാന്ധി.
തുഷാര്‍ഗാന്ധിക്കെതിരേ നടന്ന കൈയേറ്റശ്രമത്തെ കോണ്‍ഗ്രസുകാരും ഇടതുപക്ഷവും ഒരുപോലെ എതിര്‍ത്തു. ബിജെപിക്കെതിരേ പൊരുതാനുള്ള ഒരവസരമായി അവര്‍ അതിനെ പ്രയോജനപ്പെടുത്തി. ഒരു ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തുഷാര്‍ഗാന്ധിയെ കായികമായി തടയാന്‍ ശ്രമിച്ചതില്‍ത്തന്നെ ആര്‍എസ്എസിന്റെ സ്വഭാവം വ്യക്തമാണെന്ന് അവര്‍ വിമര്‍ശിച്ചു. കേരളത്തില്‍നിന്ന് ഇതു പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു തുഷാറിന്റെ പ്രതികരണം. കാരണം, കേരളം വിദ്യാസമ്പന്നരുടെ നാടാണ്. രാഷ്ട്രീയപ്രബുദ്ധതയുള്ള ജനമാണ്. ജനാധിപത്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍നിന്ന് കൂടുതല്‍ സഹിഷ്ണുത പ്രതീക്ഷിച്ചു. എതിര്‍പ്പുകള്‍കൊണ്ട് നിലപാടു മാറില്ലെന്നും തുഷാര്‍ പ്രതികരിച്ചു. ആലുവ യു.സി. കോളജിലെ പ്രസംഗത്തിനിടയിലാണ് തുഷാര്‍ഗാന്ധി തന്റെ നിലപാടു വ്യക്തമാക്കിയത്. 1925 മാര്‍ച്ച് 18 ന് മഹാത്മാഗാന്ധി യു.സി. കോളജ് സന്ദര്‍ശിച്ചതിന്റെ ശതാബ്ദിസ്മരണാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് തുഷാര്‍ കോളജിലെത്തിയത്. ആര്‍.എസ്.എസ്. മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണെന്നും ഹിന്ദുരാഷ്ട്രനിര്‍മിതിയാണ് അവരുടെ ലക്ഷ്യമെന്നും കോഴിക്കോട് സര്‍വകലാശാലയില്‍ തുഷാര്‍ഗാന്ധി പറഞ്ഞു. 2023 ലെ കാലിക്കട്ട് സര്‍വകലാശാല ഗാന്ധി ചെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങാനാണ് അദ്ദേഹം അവിടെയെത്തിയത്.
ഗാന്ധിജിയുടെ ഘാതകനെ മഹത്ത്വീകരിക്കുകയും പൂജിക്കുകയും ചെയ്യുന്നവരാണ് ആര്‍എസ്എസുകാര്‍ എന്ന തുഷാറിന്റെ അഭിപ്രായത്തോടു യോജിക്കുന്നവരാണ് ആര്‍എസ്എസുകാരല്ലാത്ത എല്ലാവരുംതന്നെ. ഹിന്ദുത്വ അജണ്ട നടപ്പിലായാല്‍ രാജ്യത്തിന്റെ ഘടനയും സ്വഭാവവും മാറും. ഹിന്ദുക്കളല്ലാത്തവര്‍ക്ക് അഭയാര്‍ഥികളെപ്പോലെയോ രണ്ടാംതരംപൗരന്മാരെപ്പോലെയോ ഇവിടെ കഴിയേണ്ടിവരും. അജണ്ടപ്രകാരമുള്ള ഭരണഘടനയുണ്ടാകും. ഈ ഭയമാണ് ആര്‍എസ്എസിനെ എതിര്‍ക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഭയപ്പെടേണ്ടത് ബിജെപിയെയല്ല, ആര്‍എസ്എസിനെയാണെന്ന തുഷാറിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നത് തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിക്കാം എന്ന സാധ്യത നിലനില്ക്കുന്നതിലാണ്.