•  6 Nov 2025
  •  ദീപം 58
  •  നാളം 35
കടലറിവുകള്‍

ആര്‍ട്ടിക്കിലെ ജീവികള്‍

    മഞ്ഞുമൂടിയ ആര്‍ട്ടിക്പ്രദേശത്തും ഇഷ്ടംപോലെ ജീവികള്‍ ഇന്നിപ്പോള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. വേനല്‍ക്കാലത്താണ് ഇവയെല്ലാം കൂടുതല്‍ ആക്ടീവാകുക. കടലോരത്താണ് കൂടുതലും ജീവികള്‍. അവിടെയാണല്ലോ ഇഷ്ടംപോലെ ഭക്ഷണം ലഭ്യമാകുന്നത്. കസ്തൂരിമാന്‍, റെയ്ന്‍ഡീര്‍, ആര്‍ട്ടിക്മുയല്‍, ലെമിങ് തുടങ്ങിയ സസ്യഭുക്കുകളും ഇവയെ വേട്ടയാടിക്കഴിയുന്ന ആര്‍ട്ടിക് ചെന്നായ്, ആര്‍ട്ടിക് കുറുക്കന്‍, ചെങ്കുറക്കന്‍ തുടങ്ങിയ മാംസഭോജികളും ധാരാളം കാണാം.
    കാലാവസ്ഥ തീരെ പറ്റിയതല്ലാത്തതിനാല്‍ ഉരഗങ്ങളും  ഉഭയജീവികളും  ഇവിടില്ലെന്നുതന്നെ പറയണം. നട്ടെല്ലില്ലാത്ത ജീവികളും (ശി്‌ലൃലേയൃമലേ)െ ഇവിടെ കുറവാണ്. എന്നാല്‍, ഈച്ചകളും കൊതുകുകളുമടക്കമുള്ള പ്രാണികള്‍ ധാരാളമുണ്ട്. കരണ്ടുതിന്നുന്ന സ്വഭാവത്തില്‍പ്പെട്ട ജീവികളും ഇവിടെ കാണാം.
    റാവെന്‍, ടാര്‍മിഗന്‍, സ്‌നോബണ്ടിങ്, ജെര്‍ഫാല്‍ക്കന്‍ തുടങ്ങിയവ ആര്‍ട്ടിക് മേഖലയിലെ പക്ഷികളില്‍ ചിലതാണ്. ഇത്തരക്കാരെ കൂടാതെ, ഇരതേടാനും മുട്ടയിടാനുമൊക്കെയായി അന്യദേശക്കാരായ അനേകയിനം പക്ഷികളും ആര്‍ട്ടിക്പ്രദേശങ്ങളിലുണ്ട്. വസന്തകാലത്തെത്തുന്ന പക്ഷികള്‍ ശൈത്യകാലമാവുമ്പോഴേക്കും മടങ്ങിപ്പോകുന്ന കാഴ്ച മനോഹരംതന്നെ.
    വേനല്‍ക്കാലത്തു പ്ലവകങ്ങള്‍ അഥവാ പ്ലാങ്ടണുകള്‍ ആര്‍ട്ടിക്കടലില്‍ ധാരാളമുണ്ടാകും. ജലാശയങ്ങളില്‍ ഒഴുകി നടക്കുന്ന സൂക്ഷ്മജീവികള്‍, ചെറുതും വലുതുമായ ജീവികളുടെ മുട്ടകള്‍, ലാര്‍വകള്‍ തുടങ്ങിയവയാണ് പ്ലാങ്ടണ്‍സ്. ബ്ലൂവെയ്‌ലുകളുടെയും മറ്റും പ്രധാന ഭക്ഷണമാണ് പ്ലാങ്ടണ്‍സ്. അതുകൊണ്ട് തിമിംഗലങ്ങളും ഇവിടെ കൂടക്കൂടെ സന്ദര്‍ശകരാണ്.
    ആര്‍ട്ടിക്കിലെ ജീവിവര്‍ഗങ്ങളുടെ എണ്ണം പൊതുവെ കുറവാണെങ്കിലും ഉള്ള ഇനങ്ങളെ ഇവിടെ ധാരാളമായി കാണാം. കൂട്ടംകൂട്ടമായി കഴിയുകയാണ് ഇവറ്റകളുടെ പൊതുവായ സ്വഭാവം. ഇവിടത്തെ കടല്‍ജീവികളാണ് വാല്‍റസും സീലുകളും. വലുപ്പം കൂടിയതും തേറ്റകളുള്ളതുമായ സസ്തിനിയാണ് വാല്‍റസ്. എറിനാതസ്, പുസാ, ഫോകോ തുടങ്ങി അഞ്ചാറ് സ്പീഷീസിലുള്ള സീലുകള്‍ ഈ മേഖലയിലുണ്ട്. മീനുകളും ഇതരകടല്‍ജീവികെളയുമൊക്കെ വേട്ടയാടിത്തിന്നാണ് ഇവയുടെ ജീവിതം. എന്നാല്‍, മനുഷ്യനും ധ്രുവക്കരടിയും ഇവയെ വേട്ടയാടും. ശൈത്യകാലം അവസാനിക്കുന്നതോടെ ബലീന്‍വെയ്ല്‍, ഗ്രേവെയ്ല്‍, കില്ലര്‍ വെയ്ല്‍, വൈറ്റ് വെയ്ല്‍ തുടങ്ങിയ പലയിനം തിമിംഗലങ്ങളും ആര്‍ട്ടിക്കിലെത്തും. ഇതിനുപുറമേ വിപുലമായ മത്സ്യശേഖരങ്ങളും ആര്‍ട്ടിക്കിലുണ്ട്.
   ലെമിങ്ങുകളുടെ കാര്യം പറഞ്ഞല്ലോ. ധാരാളമായി പെറ്റുപെരുകുന്ന ജീവികളാണിവ. ഇവ കൂട്ടംകൂട്ടമായി കടല്‍ത്തീരം ലക്ഷ്യമാക്കി പോകുന്നത് സ്‌കാന്‍ഡിനേവിയന്‍ പ്രദേശത്തെ വിചിത്രക്കാഴ്ചയാണ്. അതുപോലെതന്നെ, ആര്‍ട്ടിക്കിന്റെ മനോഹരിയാണ് റെയ്ന്‍ഡീര്‍. ശാഖകളാര്‍ന്ന കൊമ്പുകളുയര്‍ത്തിയുള്ള ഇവയുടെ നടത്തവും മനോഹരംതന്നെ. ആര്‍ട്ടിക്കിലെ നായ്ക്കളും തഥൈവ. ഹസ്‌കി എന്നു വിളിക്കുന്ന നായ്ക്കള്‍ വലിക്കുന്ന വണ്ടിക്കാഴ്ചയും വിസ്മയത്തുമ്പത്താണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)