•  6 Nov 2025
  •  ദീപം 58
  •  നാളം 35
കടലറിവുകള്‍

മഞ്ഞുമൂങ്ങയും ടാര്‍മിഗനും

   അധികകാലവും മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ ധ്രുവപ്രദേശത്തിനു പൊതുവെ വെള്ളനിറമായിരിക്കും. അതിനാല്‍ത്തന്നെ ഇവിടത്തെ മിക്ക ജീവികളുടെയും നിറം വെള്ളയാണ്. ചുറ്റും വെള്ളനിറമായതിനാല്‍ ശത്രുക്കള്‍ക്ക് ഈ വെള്ളക്കുപ്പായക്കാരെ പെട്ടെന്നു കണ്ടുപിടിക്കാന്‍ കഴിയില്ല. ഇരപിടിത്തക്കാര്‍ക്കും ''വെള്ളക്കുപ്പായം'' കൊണ്ട് ഗുണമുണ്ട്. തൊട്ടടുത്ത് എത്തുന്നതുവരെ ഇരയ്ക്ക് ഇവറ്റയെ തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍, വേനല്‍ക്കാലമെത്തി മഞ്ഞുരുകി മണ്ണും പാറയും തെളിയുന്നതോടെ തണുപ്പുകാലത്തെ വെള്ളക്കുപ്പായം മാറ്റി  തവിട്ടുകുപ്പായം ധരിക്കുന്ന കാഴ്ച കാണാം. സ്റ്റോട്ട്എന്ന ജീവികള്‍ ഇങ്ങനെയാണ്. വേനലെത്തുമ്പോള്‍ അവയുടെ ശരീരത്തിലെ വെള്ളരോമങ്ങള്‍ പൊഴിയുന്നു. ആ സ്ഥാനത്ത് തവിട്ടുരോമങ്ങള്‍ വരുന്നു.
    ചില ജീവികളില്‍ മുതിര്‍ന്നവര്‍ വെള്ളക്കുപ്പായക്കാരായി കഴിയുമ്പോള്‍ പാറകള്‍ക്കിടയിലെയും മറ്റും പൊത്തുകളില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ തവിട്ടുനിറക്കാരായിരിക്കും. മഞ്ഞുമൂങ്ങകളില്‍ അമ്മമാരുടെ നിറം വെള്ളയില്‍ തവിട്ടുപുള്ളികളാണ്. മഞ്ഞുമൂങ്ങയുടെ കുഞ്ഞുങ്ങള്‍ക്ക് തവിട്ടുനിറവും. ഹാര്‍പ് സീല്‍ എന്ന ജീവികളില്‍ കുഞ്ഞുങ്ങള്‍ വെള്ളനിറക്കാരാണ്. അച്ഛനമ്മമാര്‍ ഇരുണ്ടനിറക്കാരും.
ധ്രുവപ്രദേശത്തെ പക്ഷികളില്‍ പലതിനും മുട്ടിനു താഴേക്കും തൂവലുകള്‍ കാണാം. ചിലപ്പോള്‍ കാല്‍പാദങ്ങളിലും തൂവല്‍ കണ്ടെന്നു വരും. ഈ തൂവല്‍ക്കാലുറ മഞ്ഞിന്‍പാളികള്‍ക്കുമേല്‍ നടക്കാനും കാലുകളിലൂടെ തണുപ്പുകയറാതിരിക്കാനും സഹായകമാകുന്നു. ടാര്‍മിഗന്‍ എന്ന പക്ഷി തണുപ്പുകാലത്ത് വെള്ളനിറത്തിലുള്ള തൂവല്‍ക്കാലുറയും ധരിച്ചുനടക്കുന്നതു കാണുക നല്ല ചേലാണ്. പ്രാവിന്റെ വലുപ്പമുള്ള ഈ പക്ഷി തണുപ്പുകാലം കഴിയുന്നതോടെ തവിട്ടുനിറമാകും. അപ്പോള്‍ കാലുറയുടെയും നിറം മാറുന്നു. ധ്രുവപ്രദേശത്തെ മഞ്ഞുമൂങ്ങകളും തൂവല്‍കൊണ്ടുള്ള കാലുകളുള്ളവര്‍ തന്നെ.
മണല്‍പ്പരപ്പിലൂടെ നടക്കുന്നതിനെക്കാള്‍ പ്രയാസമാണ് ധ്രുവപ്രദേശത്തുകൂടി  നടക്കാന്‍. കുഴഞ്ഞ മഞ്ഞില്‍ കാലുകള്‍ പുതഞ്ഞുപോകും. ഐസിന്റെ കട്ടിയുള്ള പാളികള്‍ക്കുമേല്‍ ആകെ മഞ്ഞ് കുഴഞ്ഞുകിടക്കുകയാവും. ധ്രുവപ്രദേശത്തെ പല വലിയ ജീവികള്‍ക്കും പരന്ന കാല്‍പാദങ്ങളാണ്. മഞ്ഞില്‍ പുതഞ്ഞുപോകാതെ  എളുപ്പത്തില്‍ നടക്കാന്‍ ഇതു സഹായകരമാണ്. പോളാര്‍ ബെയര്‍ എന്ന ധ്രുവക്കരടി, റെയിന്‍ ഡീര്‍ എന്നിവയ്‌ക്കെല്ലാം ഇത്തരം പരന്ന കാലുകളാണുള്ളത്.
ധ്രുവപ്രദേശത്തു കാണുന്ന കുളക്കോഴി വര്‍ഗത്തില്‍പ്പെട്ട ഒരിനം പക്ഷിയാണ് ടാര്‍മിഗന്‍. ശിശിരസങ്കേതങ്ങളിലാണിവ വസിക്കുന്നത്. ചേക്കേറി നടക്കുന്ന ഇവ ഭക്ഷണവുമായി സ്വന്തം കൂട്ടിലെത്തുന്ന കാഴ്ചയുണ്ട്. കൂടുകളില്‍ അടയിരിക്കുന്ന പെണ്‍ടാര്‍മിഗന്‍ പക്ഷിക്ക് ആണ്‍പക്ഷി കാവല്‍നില്‍ക്കുന്നതും കാണാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)