കരയിലെപ്പോലെ കടലിലെ അന്തരീക്ഷവും വായു നിറഞ്ഞതാണ്. ഈ വായുവിന്റെ ചലനമാണ് കടല്‍ക്കാറ്റ്. ഈ ചലനം ശക്തമാകുന്തോറും കടല്‍ക്കാറ്റിന്റെ സ്വഭാവംമാറി രൂക്ഷമാവും. കൊടുങ്കാറ്റും ചുഴലിക്കാറ്റുമൊക്കെയായി ഇതു മാറുന്നു.
കാറ്റ് ആഞ്ഞുവീശുമ്പോള്‍ നിശ്ചലമായിക്കിടക്കുന്ന വെള്ളത്തെ മുന്നോട്ടുതള്ളിക്കൊണ്ടുപോകുന്നു. അലകളുടെ തുടക്കം ഇവിടെയാണ്. എന്നാല്‍, കരയോടടുക്കുമ്പോഴേക്കും തടസ്സങ്ങളുമുണ്ടാകുന്നു. തൂവെള്ള നുരകള്‍ ഉയര്‍ത്തിക്കൊണ്ട് തിരമാലകള്‍ തലകുത്തി വീഴുന്നു. പുറംകടലില്‍ പ്രതിബന്ധങ്ങളില്ലാത്തതിനാല് തിരകള്‍ക്ക് അത്ര ഉയരം കാണാറില്ല. കടലില്‍നിന്നും കരയിലേക്കാണു കാറ്റുവീശുക. അതുകൊണ്ടാണ് ഓളങ്ങള്‍ കരയെ ലക്ഷ്യമാക്കുന്നത്.
തിരമാലകള്‍ ജലോപരിതലത്തിലെ പ്രതിഭാസംതന്നെ. അതു കീഴ്ത്തട്ടില്‍ എത്താറേയില്ല. ഇന്നേവരെ അളന്നതില്വച്ചേറ്റവും വലുപ്പം കൂടിയ തിരമാലയുടെ ഉയരം ഏതാണ്ട് 34 മീറ്ററാണ്. റഷ്യന്തീരത്തുവച്ച് അളന്ന ഒരു വിവരമാണത്. അമേരിക്കക്കാരനായ റമാലോ ആണ് അളന്നത്.
സുനാമി
സുനാമി ഒരു ജാപ്പനീസ് പദമാണ്. തുറമുഖത്തിരമാല എന്നര്‍ഥം. സാധാരണമായി സുനാമി ഉണ്ടാകുമ്പോള്‍ തുറമുഖങ്ങള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുക. ഭൂകമ്പകടല്ത്തിരമാലകള് എന്നാണ് സമുദ്രശാസ്ത്രജ്ഞന്മാര് സുനാമിയെ വിശേഷിപ്പിക്കുന്നത്. ഭൂകമ്പത്തെയോ അഗ്നിപര്വതസ്ഫോടനത്തെയോ വെള്ളത്തിനടിയിലെ ഉരുള്‍പൊട്ടലിനെയോ തുടര്‍ന്നുണ്ടാകുന്ന കടലിലെ സംഭവികാസമാണ് സുനാമി. എന്നാല്‍, എല്ലാ സുനാമികളും വലുതോ വിനാശകാരിയോ ആകണമെന്നില്ല. തിരമാലകള്‍ കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുന്നു. ഇതു തിരമാലകള്‍ ഉയരാന്‍ ഇടയാക്കുന്നു. ചില സുനാമിത്തിരയ്ക്ക് കരയിലെത്തുമ്പോള്‍ ത്തന്നെ 30 മീറ്റര്‍ വരെ ഉയരംകണ്ടിട്ടുണ്ട്. ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സുനാമിയുടെ ഉയരം 65 മീറ്റര്‍ ആയിരുന്നത്രേ.
കടല്‍പ്പാമ്പുകള്‍
കടല്പ്പാമ്പുകള്ക്കു പരന്ന ശരീരവും തുഴയുടെ ആകൃതിയിലുള്ള വാലുമാണുള്ളത്. കടല്‍പ്പാമ്പുകളില്‍ ഏറിയ കൂറും കടലിനടിഭാഗത്താണു കാണപ്പെടുക. ഓസ്ട്രേലിയായിലെയും ഏഷ്യയിലെയും കടലുകളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ചിലപ്പോഴൊക്കെ ഇവ കൂട്ടംകൂട്ടമായി ജലോപരിതലത്തില്‍വന്ന് വെയില്‍കായുന്ന കാഴ്ച കാണാം. കടല്‍പ്പാമ്പിന്റെ വായുടെ മുകളിലാണ് നാസാരന്ധ്രങ്ങള്‍. ഈ ഭാഗത്ത് വാല്വുപോലുള്ള ആവരണങ്ങളുണ്ട്. മിക്കയിനങ്ങള്‍ക്കും തലയും കഴുത്തും തുലോം ചെറുതാണ്. ശരീരം വലുതും. 1 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ ഇവയ്ക്കു നീളം കാണും. ഇവ പൊതുവെ സമാധാനപ്രിയരാണെങ്കിലും പലതിനും വിഷം മാരകം തന്നെ.
മാത്യൂസ് ആർപ്പൂക്കര
