•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശാശ്വതപരിഹാരം അകലെ

രു സമ്പൂര്‍ണയുദ്ധത്തിലേക്കു വളരുമെന്ന് ലോകം ഭയന്ന ഹമാസ്-ഇസ്രായേല്‍ ഏറ്റുമുട്ടല്‍ പതിനൊന്നു ദിവസങ്ങള്‍ക്കുശേഷം അവസാനിച്ചു. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളും ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളും ഫലം കണ്ടു. ഖത്തര്‍ ഭരണാധികാരികളും യുഎന്നും ഹമാസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു.
പതിറ്റാണ്ടുകളായി നിലനില്ക്കുന്ന സങ്കീര്‍ണവും വൈകാരികവുമായ പ്രശ്‌നങ്ങളെച്ചൊല്ലി ബദ്ധവൈരികളായ ഹമാസും ഇസ്രായേലും ഏറ്റുമുട്ടിയപ്പോള്‍ പശ്ചിമേഷ്യയിലെ ഒരു രാജ്യംപോലും സൈനികമായി ഇടപെടാതെ മാറിനിന്നത് ശ്രദ്ധേയമാണ്. പകരം, ഇസ്രായേലിന്റെ ബദ്ധശത്രുവെന്നു കരുതപ്പെട്ടിരുന്ന ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇരുകൂട്ടരും വെടിനിര്‍ത്തുകയും ചെയ്തു. പതിനൊന്നാം ദിവസം അര്‍ദ്ധരാത്രിയോടെ യുദ്ധം അവസാനിക്കുമ്പോള്‍ ഗാസാമുനമ്പിലെ 16,800 വീടുകളെങ്കിലും നിലംപൊത്തിയിരുന്നു. വാര്‍ത്താചാനലുകള്‍ പ്രവര്‍ത്തിച്ചിരുന്നതടക്കം മൂന്ന് ബഹുനിലമന്ദിരങ്ങളും മറ്റു പാര്‍പ്പിടസമുച്ചയങ്ങളും തകര്‍ന്നു. 66 കുട്ടികളും 39 സ്ത്രീകളുമടക്കം 248 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ഭാഗത്ത് ഒരു കുട്ടിയും ഒരു സൈനികനുമടക്കം 13 പേരുടെ ജീവന്‍ നഷ്ടമായി. ഹമാസിന്റെമേല്‍ നേടിയ അസാധാരണവിജയമായാണ് ഏറ്റുമുട്ടലിനെ ഇസ്രായേല്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രായേലുമായുള്ള യുദ്ധത്തില്‍ തങ്ങള്‍ വിജയിച്ചതായി ഹമാസിന്റെ മുതിര്‍ന്ന നേതാവ് കലില്‍ അല്‍ഹയ്യ അവകാശപ്പെട്ടു. ഉപാധികളില്ലാതെയും പരസ്പരസമ്മതത്തോടെയുമാണ് കരാറില്‍ ഏര്‍പ്പെട്ടതെന്ന് ഇരുകൂട്ടരും വ്യക്തമാക്കി.
ഏറ്റുമുട്ടലുകളുടെ തുടക്കം
കിഴക്കന്‍ ജറൂസലേമിലെ ഷെയ്ക് ജറാ മേഖലയില്‍നിന്ന് നാലു പലസ്തീന്‍കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ തുടങ്ങിയ പ്രക്ഷോഭങ്ങളാണ് വലിയ ഏറ്റുമുട്ടലുകളിലേക്കു നയിച്ചത്. അധിനിവേശപ്രദേശങ്ങളില്‍ യഹൂദകുടുംബങ്ങളെ കുടിയിരുത്താന്‍ വര്‍ഷങ്ങളായി നടക്കുന്ന വ്യവഹാരങ്ങള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ബന്ധിതകുടിയൊഴിപ്പിക്കലിനുള്ള നീക്കങ്ങള്‍ക്കു സര്‍ക്കാര്‍ മുതിര്‍ന്നത്. 19-ാം നൂറ്റാണ്ടില്‍ വിശുദ്ധ നാടുകള്‍ ഭരിച്ചിരുന്ന ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കാലംമുതല്‍ ജറൂസലേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തങ്ങളുടേതായിരുന്നുവെന്ന അവകാശവാദമാണ് ഇസ്രായേല്‍ ഉയര്‍ത്തുന്നത്.
യഹൂദര്‍ ഏറ്റവും വിശുദ്ധമായി കരുതിവരുന്ന ജറൂസലേം ദൈവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഇപ്പോഴുള്ള അല്‍-അക്‌സ മോസ്‌കിലും പരിസരത്തും ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സംഘര്‍ഷത്തിനു കാരണമായി. റമദാന്‍ മാസത്തിന്റെ തുടക്കം മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് നോമ്പു തീരുന്ന അവസാനദിവസം (മേയ് 7, വെള്ളിയാഴ്ച) നടന്ന പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഉച്ചസ്ഥായിയിലെത്തിയത്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മോസ്‌ക് സ്ഥിതിചെയ്യുന്ന ഹരം അല്‍ ഷറീഫിലേക്കുള്ള പ്രധാന കവാടമായ ദമാസ്‌കസ് ഗേറ്റില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെ വിശ്വാസികള്‍ ചോദ്യം ചെയ്തു. മെക്കയും മദീനയും കഴിഞ്ഞാല്‍ ഇസ്ലാംമതവിശ്വാസികള്‍ ഏറ്റവും പൂജ്യമായി കരുതുന്ന വിശുദ്ധസ്ഥലമാണ് ഹരം അല്‍ഷറീഫ്. തിക്കിലും തിരക്കിലും വിശുദ്ധസ്ഥലത്തും മോസ്‌കിലും പ്രവേശിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് സൈന്യം ഗ്രനേഡുകളെറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. മോസ്‌കിനുള്ളില്‍നിന്നു കല്ലേറു തുടങ്ങിയതോടെ  മോസ്‌കിനുള്ളിലുള്ളവരെ ഒഴിപ്പിക്കാന്‍ അവിടെയും സൈന്യത്തിനു പ്രവേശിക്കേണ്ടി വന്നു.
ഇതിനിടെ, കിഴക്കന്‍ ജറൂസലേമിനു പുറത്തുള്ള സാലെം സൈനിക ചെക്‌പോസ്റ്റിലേക്ക് വെസ്റ്റ് ബാങ്കില്‍നിന്നു വെടിയുതിര്‍ത്ത മൂന്നു പലസ്തീന്‍കാരില്‍ രണ്ടുപേരെ ഇസ്രായേല്‍ സൈന്യം വധിച്ചത് സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കി. അല്‍ അക്‌സ മോസ്‌കിലും ഹരം അല്‍ഷറീഫിലും നിന്നു സൈന്യത്തെ പിന്‍വലിക്കണമെന്ന് ഹമാസ് ഇസ്രായേലിന് അന്ത്യശാസനം  നല്കിയത് ഈ ഘട്ടത്തിലാണ്. പണ്ടുമുതലേ ശത്രുതയിലായിരുന്ന ഹമാസ് കമാന്‍ഡര്‍മാരുടെ അന്ത്യശാസനം ഇസ്രായേല്‍ നിരാകരിച്ചതോടെയാണ് റോക്കറ്റാക്രമണത്തിനു തുടക്കമിട്ടത്.
ആക്രമണവും 
പ്രത്യാക്രമണവും
ഗാസയില്‍നിന്നു തൊടുത്തുവിട്ട നൂറുകണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന്റെ തെക്കന്‍ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ചത്. ആദ്യദിവസത്തെ പ്രത്യാക്രമണത്തില്‍ ഒന്‍പതു കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 16 പേര്‍ തീവ്രവാദികളാണെന്ന് ഇസ്രായേലി സൈനികവക്താവ് അവകാശപ്പെട്ടു. ഹമാസ് തീവ്രവാദികളുടെ ഒളിസങ്കേതങ്ങളാണെന്നു കരുതപ്പെടുന്ന കെട്ടിടങ്ങളും തകര്‍ത്തു. ഇന്ത്യക്കാരിയായ സൗമ്യയും അവര്‍ ശുശ്രൂഷിച്ചിരുന്ന വയോധികയായ ഇസ്രായേലി വനിതയും കൊല്ലപ്പെട്ടത് ഹമാസിന്റെ ആദ്യറോക്കറ്റാക്രമണത്തിലായിരുന്നു. ജറൂസലേം ദിവസമായി ആചരിക്കുന്ന മെയ് 10 നുതന്നെ ഇസ്രായേലിനെ പ്രഹരിക്കാന്‍ ഹമാസ് തിരഞ്ഞെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്ന് നിരീക്ഷിക്കുന്നവരുണ്ട്. 54 വര്‍ഷം മുമ്പ് 1967 മേയ് 10 നാണ് ജറൂസലേം നഗരം മുഴുവന്‍ തങ്ങളുടേതാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ആക്രമണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ 2000 റോക്കറ്റുകളെങ്കിലും ഇസ്രായേലിനുനേരേ തൊടുത്തുവിടാന്‍ ഹമാസ് പോരാളികള്‍ക്കു കഴിഞ്ഞു. 15-ാം തീയതിയിലെ പ്രത്യാക്രമണത്തിലാണ് അല്‍ ജസീറ ഉള്‍പ്പെടെയുള്ള വാര്‍ത്താചാനലുകളുടെ 12 നില ഓഫീസ് സമുച്ചയം ഇസ്രായേല്‍ തകര്‍ത്തത്. ഇസ്രായേലിന്റെ വിക്ഷേപണത്തറകളില്‍നിന്നു തൊടുത്ത മിസൈലുകള്‍ വാഹനങ്ങളും കെട്ടിടങ്ങളും റോഡുകളുമെല്ലാം നാമാവശേഷമാക്കി. അതിര്‍ത്തിമേഖലകളില്‍ അണിനിരന്ന കരസേനയും ശക്തമായ പ്രത്യാക്രമണമാണ് അഴിച്ചുവിട്ടത്. ഗാസയെ ലക്ഷ്യമാക്കി പറന്നുയര്‍ന്ന 160 പോര്‍വിമാനങ്ങള്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങളിലേക്കും ഭൂഗര്‍ഭടണലുകളിലേക്കും മിസൈലുകള്‍ വര്‍ഷിച്ചു. ഈജിപ്തുവഴി ലഭിക്കുന്ന ആയുധങ്ങള്‍ മുനമ്പില്‍ എത്തിക്കുന്നതും ഹമാസ് പോരാളികള്‍ക്ക് ഒളിത്താവളം ഒരുക്കുന്നതും ഇത്തരം ടണലുകളിലാണ്. 'മെട്രോ' എന്നു വിളിപ്പേരുള്ള ടണല്‍ശൃംഖലയുടെ 15 കിലോമീറ്ററെങ്കിലും തകര്‍ന്നിട്ടുണ്ടാകാമെന്ന് കണക്കാക്കുന്നു. ഇസ്രായേലിന്റെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളില്‍ ഹമാസ് തലവന്മാരായ ബാസം ഈസാ ജമാല്‍ സബ്ദ, ജമാ തഹ്‌ള, ഹസേം ഹാതിബ് എന്നിവര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 
ഹസ്സന്‍ അല്‍ ബണ്ണ എന്ന ഈജിപ്തുകാരന്‍ 1928 ല്‍ രൂപംകൊടുത്ത മുസ്ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയാണ് പില്‍ക്കാലത്ത് ഹമാസ് എന്ന ഭീകരസംഘടനയായി മാറിയത്. ഇസ്ലാം മതവിശ്വാസികളെ ഒരു സംഘടിതസമൂഹമായി വളര്‍ത്തിയെടുക്കുക എന്ന സദുദ്ദേശ്യംമാത്രമേ ബണ്ണയ്ക്കുണ്ടായിരുന്നുള്ളൂ. 1964 ല്‍ പലസ്തീന്‍ വിമോചനസംഘടനയുടെ രൂപീകരണത്തോടെ സ്ഥിതിഗതികള്‍ ആകെ മാറി. ഇസ്രായേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാനും പലസ്തീന്‍ എന്ന രാജ്യത്തെ പുനഃസ്ഥാപിക്കാനും പി.എല്‍.ഒ.യിലെ അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരായിരുന്നു. അവരുടെ കടുത്ത നിലപാടുകളോടു യോജിക്കാതിരുന്ന മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാക്കളോടു മൃദുസമീപനമാണ് ഇസ്രായേല്‍ സ്വീകരിച്ചത്. 'ഇസ്ലാമിക് സെന്റര്‍' എന്ന ഉപവിസംഘടന രൂപീകരിച്ച് മോസ്‌കുകളും ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍മിച്ചു. 'ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ഗാസ' മുസ്ലീം ബ്രദര്‍ഹുഡിന്റെ സംഭാവനയാണ്.
ഇറാനിലെ മതപുരോഹിതന്മാരായ അയത്തൊള്ളമാരുടെ നേതൃത്വത്തില്‍ 1979 ല്‍ അരങ്ങേറിയ ഇസ്ലാമികവിപ്ലവത്തിന്റെ വിജയം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള മുസ്ലീം സംഘടനകള്‍ക്ക് ഊര്‍ജം പകര്‍ന്നു. മറ്റു തീവ്രവാദസംഘടനകളോടു ചേര്‍ന്ന് ഇസ്രായേലിനെതിരേ പൊരുതാന്‍ മുസ്ലീം ബ്രദര്‍ ഹുഡും തീരുമാനമെടുത്തത് ഈ ഘട്ടത്തിലാണ്. ഹമാസ് എന്ന പുതിയ പേരു സ്വീകരിച്ചുകൊണ്ട് 1987 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. ഇസ്രായേലി സൈന്യവുമായി 1989 ല്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ വധിച്ചു. പിഎല്‍ഒ യുടെ ചെയര്‍മാനായിരുന്ന യാസര്‍ അരാഫത്ത് ഇസ്രായേലുമായി ചേര്‍ന്ന് 1993 ല്‍ ഒപ്പുവച്ച ഓസ്‌ലോ കരാര്‍ ഹമാസ് നേതാക്കള്‍ നിരാകരിച്ചു. പലസ്തീന്റെ മണ്ണില്‍ രണ്ടു രാജ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും കിഴക്ക് ജോര്‍ദാന്‍ നദി മുതല്‍ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍വരെയുള്ള പ്രദേശങ്ങള്‍ പലസ്തീന്‍കാരുടേതു മാത്രമാണെന്നും അവര്‍ ശഠിച്ചു. 1994 ല്‍ ഹമാസ് ആസൂത്രണം ചെയ്ത ചാവേര്‍ ആക്രമണത്തില്‍ 22 ഇസ്രായേലികളാണു കൊല്ലപ്പെട്ടത്. മിതവാദികളായി മാറിയ പി.എല്‍.ഒ. യുമായി അഭിപ്രായഭിന്നതയിലായ ഹമാസ് നേതൃത്വം 2006 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഗാസ മുനമ്പില്‍ ഭരണമുറപ്പിക്കുകയും ചെയ്തു. പി.എല്‍.ഒയുടെ പ്രസക്തി കുറഞ്ഞുവന്നതോടെ ഗാസ മുനമ്പിലെ പ്രധാന രാഷ്ട്രീയകക്ഷിയായി ഹമാസ് വളര്‍ന്നു.
ഹമാസുമായുള്ള ഏറ്റുമുട്ടലിനെക്കാളുപരി ഇസ്രായേലിനെ കുഴപ്പിച്ചത് രാജ്യത്തിനുള്ളിലെ ആഭ്യന്തരസംഘര്‍ഷങ്ങളായിരുന്നു. ഗാസ മുനമ്പിലെ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഇസ്രായേലില്‍ അധിവസിക്കുന്ന പലസ്തീനികള്‍ മിക്ക നഗരങ്ങളിലും കലാപം അഴിച്ചുവിട്ടു. കൈയേറ്റങ്ങളും അക്രമങ്ങളും തീവയ്പും വ്യാപകമായി അരങ്ങേറി.  കലാപങ്ങള്‍ ആഭ്യന്തരയുദ്ധത്തിലേക്കു വഴുതിവീഴുംമുമ്പ് ഗാസയിലെ വെടിനിറുത്തല്‍ പ്രഖ്യാപനവുമുണ്ടായി. ഇസ്രായേലിലെ 90 ലക്ഷം ജനസംഖ്യയില്‍ യഹൂദര്‍ 70 ലക്ഷവും പലസ്തീനികള്‍ 18 ലക്ഷവും ക്രിസ്ത്യാനികള്‍ രണ്ടു ലക്ഷവുമാണ്.
കുരിശുയുദ്ധങ്ങള്‍ ഉള്‍പ്പെടെ വിശുദ്ധനാട് കൈവശമാക്കുന്നതിനുവേണ്ടി നൂറ്റാണ്ടുകളായി നടന്നിട്ടുള്ള യുദ്ധങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് ഹമാസ്-ഇസ്രായേല്‍ യുദ്ധം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായി വളര്‍ന്ന ഇസ്രായേലിനെ ഉന്മൂലനം ചെയ്യുമെന്ന് ദൃഢപ്രതിജ്ഞയെടുത്തിട്ടുള്ള തീവ്രവാദികളുടെയും ഇറാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെയും വ്യാമോഹം മറ്റൊരു ലോകമഹായുദ്ധത്തിലേക്കാവും നീങ്ങുക. ഹ്രസ്വദൂരമിസൈലുകളെയും റോക്കറ്റുകളെയും പ്രതിരോധിക്കുന്ന അയണ്‍ഡോം സംവിധാനം ദീര്‍ഘദൂരമിസൈലുകളെ ചെറുക്കാന്‍ ഉപയുക്തമല്ലെന്ന തിരിച്ചറിവ് ഇസ്രായേല്‍ നേതൃത്വത്തെ വിഷമിപ്പിക്കുന്നുണ്ട്. പുറമേനിന്നുള്ള ആക്രമണങ്ങളെക്കാള്‍ തങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത് രാജ്യത്തിനുള്ളില്‍ വസിക്കുന്ന പലസ്തീനികള്‍ സൃഷ്ടിച്ചേക്കാവുന്ന ആഭ്യന്തരപ്രശ്‌നങ്ങളാണെന്ന് ഇസ്രായേല്‍പ്രസിഡന്റ് റ്യൂവെന്‍ റിവ്‌ലിന്‍ അഭിപ്രായപ്പെട്ടിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)