ലാസറിന്റെയും ധനവാന്റെയും ഉപമ സാഹിത്യലോകത്തിലെ ഒരു വിസ്മയമാണ്. വി. ലൂക്കായുടെ സുവിശേഷത്തില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഈ ഉപമയില്‍ ഒരു പാഴ്‌വാക്കുപോലുമില്ലെന്നാണ് ബൈബിള്‍പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. സാഹിത്യകാരന്മാരും ഇതേ അഭിപ്രായക്കാരാണ്. അത്ര സുന്ദരവും ഹൃദയാവര്‍ജകവുമാണ് ഈ ഉപമ.
സുവിശേഷങ്ങളില്‍ അനേകം ഉപമകളുണ്ടെങ്കിലും പേരു പരാമര്‍ശിക്കുന്ന ഏക കഥാപാത്രം ലാസര്‍ മാത്രമാണ്. 'ലസറസ്' എന്ന ലത്തീന്‍വാക്കിന്റെ മലയാളപരിഭാഷയാണ് ലാസര്‍. ഈ വാക്കിന്റെ ഹീബ്രുരൂപം 'എലിയാസര്‍' എന്നാണ്. ഇതിന്റെയര്‍ത്ഥം 'ദൈവമാണ് എന്റെ സഹായി' എന്നും. മറ്റാരും സഹായത്തിനില്ലാതെ ദൈവം മാത്രം അഭയമായിട്ടുള്ള മനുഷ്യന്‍! ഇയാള്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ എന്നുമാത്രമല്ല, ശരീരമാകെ വ്രണങ്ങള്‍കൊണ്ടു നിറഞ്ഞ രോഗി! ഇയാളുടെ വ്രണങ്ങളില്‍ തെരുവുനായ്ക്കള്‍ വന്നു നക്കിയിരുന്നു എന്നു പറയുമ്പോള്‍ അയാളുടെ രോഗാവസ്ഥയുടെ കാഠിന്യവും നിസ്സഹായാവസ്ഥയും ഊഹിക്കാവുന്നതേയുള്ളൂ. ദരിദ്രരുടെ പ്രതിനിധിയെന്നോ പ്രതീകമെന്നോ ഇയാളെ കണക്കാക്കാം.
മറുവശത്താകട്ടെ, ധനവാന്‍. സമ്പന്നരുടെയെല്ലാം പ്രതീകമായി നില്ക്കുന്ന ഈ മനുഷ്യനു പേരില്ലെന്നതും ശ്രദ്ധേയമാണ്. സാധാരണഗതിയില്‍ ധനവാന്മാര്‍ക്കാണല്ലോ പേരും പെരുമയും മേല്‍വിലാസവുമുള്ളത്. ഇവിടെ നേരേ മറിച്ചാണ്. ധനവാന്‍ എന്നതിന് 'ദീവസ്' എന്ന ലത്തീന്‍പദമാണ് പൊതുവേ ഉപയോഗിക്കുന്നത്. ഇയാളുടെ ആഡംബരജീവിതം അതിന്റെ പാരമ്യത്തിലാണ്. 'ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും' (ലൂക്കാ 16:19) എന്നാണ് അയാളുടെ വേഷവിധാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അയാള്‍ ധരിക്കുന്നത് അന്നു ലഭ്യമായതിലെ ഏറ്റവും മികച്ച വസ്ത്രങ്ങളാണ്. അതുപോലെ, അയാളുടെ ഭക്ഷണത്തെ സംബന്ധിച്ചു പറയുന്നത്, എന്നും വിരുന്നൊരുക്കി സുഭിക്ഷമായി ഭക്ഷിച്ചാസ്വദിച്ചു സുഖിച്ചുപോന്നു എന്നാണ്. ഈ അടുത്ത കാലംവരെ നമ്മുടെ നാട്ടില്‍ സാധാരണകുടുംബത്തിലെന്നല്ല സമ്പന്നരുടെ വീടുകളില്‍പ്പോലും ദിവസവും മാംസവും മത്സ്യവുമൊന്നുമില്ലാതിരുന്നതുപോലെ പാലസ്തീനായിലും സമ്പന്നകുടുംബങ്ങളില്‍പ്പോലും മാംസമത്സ്യാദികള്‍ വിശേഷദിവസങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പോഴാണ് അയാള്‍ എല്ലാ ദിവസവും ഏറ്റവും വിശിഷ്ടവിഭവങ്ങള്‍കൊണ്ടു വിരുന്നൊരുക്കി തിന്നു കുടിച്ചാസ്വദിച്ചിരുന്നത്.
അയാളുടെ പടിവാതില്ക്കല്‍ അയാളുടെ മേശയില്‍നിന്നു വീഴുന്ന ഉച്ഛിഷ്ടം ഭക്ഷിക്കാന്‍ കാത്തുകിടക്കുന്ന ലാസറിനെയാണു നമ്മള്‍ മറുവശത്തു കാണുന്നത്. അന്നത്തെക്കാലത്ത് കത്തിയും ഫോര്‍ക്കുമൊന്നും ഉപയോഗത്തിലുണ്ടായിരുന്നില്ല. നമ്മുടെ നാട്ടിലെപ്പോലെ കൈകൊണ്ടാണവര്‍ ഭക്ഷണം കഴിച്ചിരുന്നത്. ധനവാന്മാര്‍ ഭക്ഷണംകഴിഞ്ഞ് കൈകള്‍ വൃത്തിയാക്കുന്നതിനു റൊട്ടിക്കഷണങ്ങള്‍ ഉപയോഗിച്ചിരുന്നു. കൈകള്‍ വൃത്തിയാക്കിയശേഷം പുറത്തേക്കെറിയുന്ന റൊട്ടിക്കഷണങ്ങളാണ് ലാസര്‍ ആര്‍ത്തിയോടെ പെറുക്കിത്തിന്നിരുന്നത്.
ധനികരും ദരിദ്രരും! അന്നും ഇന്നും എവിടെയുമുള്ള സ്ഥിതിവിശേഷം. ധനവാന്‍ സുഭിക്ഷതയിലും ദരിദ്രന്‍ ദുര്‍ഭിക്ഷതയിലും ജീവിക്കുന്നു. ധനവാന്‍ ഉപരിസമ്പന്നനാകുന്നു; ദരിദ്രന്‍ മറിച്ചും. ഉള്ളവന്‍ ഇല്ലാത്തവനെ ചൂഷണം ചെയ്തും ധനം സമ്പാദിക്കുന്നു. ദരിദ്രന് എന്നും അവഗണന മാത്രം. സാമ്പത്തികമായ ഈ വേര്‍തിരിവ് എന്നും ചര്‍ച്ചാവിഷയമാകുന്നുണ്ട്. അതുകൊണ്ട്, പ്രതീകാത്മകങ്ങളായ ഈ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ട് വേറിട്ടൊരു ചിന്ത പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ലാസറും ധനവാനും എല്ലാ മനുഷ്യരിലുമുള്ള യാഥാര്‍ത്ഥ്യമല്ലേ? ഒരുവനു സമ്പത്തുണ്ടെങ്കില്‍ അവന്‍ അവനിലെ ധനവാനും ഇല്ലെങ്കില്‍ അവനിലെ ലാസറും. ആരോഗ്യമുണ്ടെങ്കില്‍ അതവനിലെ ധനവാനും ഇല്ലെങ്കില്‍ ലാസറുമാണ്. ബുദ്ധിമാനെങ്കില്‍ ആ മേഖലയില്‍ ധനവാനും ഇല്ലെങ്കില്‍ ലാസറും. സ്ഥാനമാനങ്ങളും ഇങ്ങനെതന്നെ. എല്ലാ വിധത്തിലും ധനവാനായിട്ടോ ലാസറായിട്ടോ ആരുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. യഥേഷ്ടം ഭക്ഷിക്കാന്‍ എന്തുമാത്രം ഭക്ഷണവിഭവങ്ങളുണ്ടെങ്കിലും വിശപ്പില്ലെങ്കില്‍ അവന്‍ ലാസറാണ്. കിടക്കാന്‍ എ.സി.യുള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടുംകൂടിയ ബഹുനിലമന്ദിരം സ്വന്തമായിട്ടുണ്ടെങ്കിലും ഉറക്കമില്ലെങ്കില്‍ അവന്‍ ലാസറാണ്. ഉദ്യോഗസ്ഥരായ മക്കളുണ്ടെങ്കിലും അവര്‍ തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ ആ ദമ്പതിമാര്‍ ലാസര്‍മാരാണ്. പരമദാരിദ്ര്യത്തിലാണെങ്കിലും അവരെ പരിചരിക്കാനും സ്‌നേഹിക്കാനും മക്കള്‍ തയ്യാറാണെങ്കില്‍ അവര്‍ എല്ലാ ധനവാന്മാരെക്കാളും ധനികരാണ്.
ദൈവത്തിന്റെ സൃഷ്ടികര്‍മത്തിന്റെ വൈചിത്ര്യവും വിസ്മയവുമാണിത്. സമ്പൂര്‍ണ ലാസറോ സമ്പൂര്‍ണ ധനവാനോ ആയി ആരുമില്ല! അതുകൊണ്ട് ഓരോരുത്തരും തങ്ങളിലെ ലാസര്‍മാരെയും ധനവാന്മാരെയും തിരിച്ചറിഞ്ഞ് സന്തുലിതവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍വേണ്ടിയാണ് ദൈവം ഇത്തരത്തിലുള്ള ഒരു ക്രമീകരണം നടത്തിയിരിക്കുന്നത്. തങ്ങളിലെ ലാസര്‍മാരെ തങ്ങളില്‍ത്തന്നെയുള്ള ധനവാന്മാരെക്കൊണ്ട് സംരക്ഷിച്ചു സന്തുലിതാവസ്ഥ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന പാഠമാണിതിലുള്ളത്. ഇതു സ്വയമേവ നിര്‍വഹിക്കുക സാധ്യമല്ലെന്നും സ്രഷ്ടാവിന്റെ കരുതലിനും സംരക്ഷണത്തിനും സ്വയം സമര്‍പ്പിച്ചാല്‍ സാധ്യമാകുമെന്നും തിരിച്ചറിഞ്ഞ് ദൈവത്തില്‍ ആശ്രയിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം ധന്യമാകും. ആലങ്കാരികമായിപ്പറഞ്ഞാല്‍ നമ്മളെല്ലാവരും ലാസര്‍മാരാണ്. ദൈവം മാത്രം സഹായമായുള്ളവര്‍.
അതുപോലെതന്നെ, സഹജരിലെ ലാസര്‍മാരെ കണ്ടുമുട്ടുമ്പോള്‍ നമ്മിലെ ധനവാന്‍ ഉണരണം, ഉണര്‍ന്നു പ്രവര്‍ത്തിക്കണം. നമ്മിലെതന്നെ ധനവാനെക്കൊണ്ട് അവരിലെ ലാസറിനെ സംരക്ഷിക്കണം. അതുപോലെ, അതു ദൈവത്തിലാശ്രയിക്കാനുള്ള മാര്‍ഗമായി കാണണം. അങ്ങനെ അബ്രാഹത്തിന്റെ മടിയില്‍ ഇടം കണ്ടെത്താന്‍ നമുക്കു കഴിയും.