''ഉമ്മറക്കോലായില്‍നിന്നും
എടുത്തുവയ്ക്കാന്‍ മറന്നുപോയ
കിണ്ടി കളവുപോയതുപോലെ
പുലര്‍ച്ചേ വയലിനക്കരെയുള്ള
ഒരു കുന്ന് കാണാതെ പോയി!...''
പി.പി. രാമചന്ദ്രന്‍മാഷിന്റെ ആനുകാലികപ്രസക്തിയുള്ള ഈ വരികളില്‍ പങ്കുവയ്ക്കപ്പെടുന്നത് നഷ്ടവ്യഥയോടൊപ്പം നമ്മുടെ ഉത്തരവാദിത്വക്കുറവുകൂടിയാണ്. കരുതലും കാവലുമാകേണ്ടവരുടെ നിസ്സംഗതയാല്‍ ഓരോ പ്രഭാതത്തിലും നമുക്കു നഷ്ടമാകുന്നത് ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ രൂപംകൊണ്ട, ദേശത്തിന്റെ സമൃദ്ധിയുടെയും സമ്പന്നതയുടെയും അടയാളങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന ജൈവഗോപുരങ്ങളായ കുന്നുകളാണ്, മലകളാണ്, പര്‍വതങ്ങളാണ്.
ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തപ്രത്യാഘാതനിവാരണവിഭാഗത്തിന്റെ തലവനായ ശ്രീ മുരളി തുമ്മാരുകുടി തന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി: 'യുവര്‍ ഓണര്‍: എന്റെ കക്ഷിയുടെ പേര് മല' എന്നാണിതിനിട്ട തലവാചകം. തന്റെ നാടായ കുന്നത്തുനാടിന്റെ ഐശ്വര്യമായിരുന്ന വെങ്ങോലമല ഇപ്പോള്‍ ഒരു കുഴിയായി ചുറ്റുമുള്ള കുറെയധികം കുടുംബങ്ങളെ ഉരുള്‍പൊട്ടലിന്റെ ഭീഷണിയില്‍ നിര്‍ത്തുന്നതിനെക്കുറിച്ചുള്ള വേദന പങ്കുവയ്ക്കുകയാണ് ലേഖകന്‍. ഇതേപോലുള്ള മലകള്‍ മറ്റു രാജ്യങ്ങളില്‍ മനോഹരമായി സംരക്ഷിക്കപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൊഴിലവസരങ്ങള്‍ക്കും, ധനാഗമത്തിനുമുള്ള മാര്‍ഗങ്ങളായി നിലകൊള്ളുന്നതെങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു. നമ്മുടെ രാജ്യത്ത് മലകള്‍ അതിഭീകരമാംവിധം നശിപ്പിക്കപ്പെടുന്നു. കേരളത്തിലെ ഒരു പ്രധാന നദിയായ മീനച്ചിലാറിന്റെ ഉദ്ഭവസ്ഥാനമായ വാഗമണ്‍ മലനിരകള്‍ ഇക്കാലയളവില്‍ ദ്രുതഗതിയില്‍ തകര്‍ക്കപ്പെടുന്നുവെന്ന ഖേദം പങ്കുവയ്ക്കപ്പെടട്ടെ. അപൂര്‍വസസ്യജന്തുസമ്പത്തുകളുടെ കലവറയായ മലനിരകള്‍ റിസോര്‍ട്ടുകള്‍ക്കുവേണ്ടി തുണ്ടുകളായി വെട്ടിമുറിക്കപ്പെടുന്ന ദൃശ്യം ഹൃദയഭേദകമാണ്. ഹരിതാഭമായ കുന്നുകളുടെ അഗ്രഭാഗങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മനുഷ്യനിര്‍മിത കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പരിസരങ്ങള്‍ക്കു നല്‍കുന്നത് ഭാവിയില്‍ ശുഭകരമായ വാര്‍ത്തകളായിരിക്കില്ല. ഇപ്പോള്‍ത്തന്നെ വേനല്‍ക്കാലത്തുപോലും പ്രദേശത്ത് തങ്ങിനിന്നിരുന്ന മഞ്ഞും കുളിരും എങ്ങോ പോയിമറഞ്ഞു. അടുത്തുതന്നെ താഴ്‌വാരങ്ങളിലെ നീരും മണ്‍മറഞ്ഞേക്കാം. മലകളുടെ ആരോഗ്യമാണ് താഴ്‌വാരങ്ങളുടെ സമ്പന്നത എന്ന ആപ്തവാക്യം നമ്മള്‍ മറന്നുപോകരുത്.
ലോകപൈതൃകപട്ടികയില്‍ മുന്‍നിരസ്ഥാനമുള്ള, ജൈവവൈവിധ്യത്തിന്റെ 'ഹോട്‌സ്‌പോട്ട്' എന്നറിയപ്പെടുന്ന പശ്ചിമഘട്ട മലനിരകളില്‍ വിവേചനരഹിതമായ വികസനപ്രവര്‍ത്തനങ്ങളും വന്‍തോതിലുള്ള നശീകരണപ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. പരിസ്ഥിതിലോലപ്രദേശങ്ങളില്‍ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ വികസനവിരോധികളായി മുദ്രകുത്തി അപമാനിക്കുന്നവരുടെ ലക്ഷ്യം ക്വാറി, വ്യവസായമാഫിയകള്‍ക്കു കൂട്ടുനിന്ന് തങ്ങളുടെ സാമ്പത്തികരാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതു മാത്രമാണ്. കര്‍ഷകസ്‌നേഹത്തിന്റെ പേരു പറഞ്ഞ് മുതലെടുപ്പു നടത്തുന്നവരെയും തിരിച്ചറിയണം. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ വാദങ്ങളില്‍ പലതും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്നറിയണം. ചെയ്യേണ്ടതിതാണ്: പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്, സ്വാഭാവികമായി നിഷേധിക്കപ്പെടുന്ന, നഷ്ടപ്പെടുന്ന ജീവിതസാഹചര്യങ്ങള്‍ക്കു പകരമായോ ആനുപാതികമായോ എല്ലാവിധത്തിലുമുള്ള ആനുകൂല്യങ്ങളും സഹായങ്ങളും സംരക്ഷണവും മറ്റു പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ നല്‍കുക. ഈ കോമ്പന്‍സേഷന്‍ ഫോര്‍മുല നിയമപരമായിത്തന്നെ ഉണ്ടാകുക എന്നത് പ്രധാനമാണ്.
ഇന്ത്യാമഹാരാജ്യത്തിന്റെ തിലകക്കുറിയായ ഹിമാലയപര്‍വതം സംരക്ഷിക്കുവാന്‍ 4800 കിലോമീറ്ററോളം പദയാത്ര നടത്തി ശ്രദ്ധേയനായ ആളാണ് ചിപ്‌കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് സുന്ദര്‍ലാല്‍ ബഹുഗുണ! ഈയടുത്ത കാലത്തു മണ്‍മറഞ്ഞുപോയ മഹാനായ ആ പരിസ്ഥിതിപ്രവര്‍ത്തകന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരവ് അര്‍പ്പിക്കുന്നു. എന്തിന്റെ പേരിലായാലും കുന്നിടിക്കുന്ന മലയാളികളുടെ മനസ്സില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ എസ്. ജോസഫിന്റെ ഒരു കവിതാശകലം ഓര്‍മപ്പെടുത്തുന്നു.
കുന്നെടുത്തവന്‍ ഒരു
കുഴിയായ് വെന്തുരുകണം
മണ്ണുവിറ്റു നേടിയവ
ഒരുപിടി മണ്ണാകണം
മലയിടിക്കുന്ന മലയാളികള്‍
മലയാളികളല്ലല്ലോ?