രാഷ്ട്രീയവും വിശുദ്ധിയും പൊരുത്തപ്പെട്ടുപോകില്ലെന്നാണ് പൊതുധാരണ. റോബര്‍ട്ട് ഷൂമാനും 2018 ല്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ ധന്യനായി പ്രഖ്യാപിച്ച ജോര്‍ജിയോ ലാ പിറാ എന്ന ഇറ്റാലിയന്‍ രാഷ്ട്രീയപ്രവര്‍ത്തകനും ഈ ധാരണയ്ക്കു മാറ്റം വരുത്തട്ടെ.
2021 ജൂണ്‍ 19 ന് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പാ, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമരാരോയുമായുള്ള ഔദ്യോഗികകൂടിക്കാഴ്ചയില്‍, ധന്യരും ദൈവദാസരുമായ ഏഴുപേരുടെ നാമകരണനടപടികള്‍ സംബന്ധിച്ച കല്പനകള്‍ പുറപ്പെടുവിക്കാന്‍ പ്രസ്തുത തിരുസംഘത്തെ ചുമതലപ്പെടുത്തി. ഈ ഏഴുപേരില്‍ ഒരാള്‍ ഫ്രഞ്ചുകാരനായ ദൈവദാസന്‍ റോബര്‍ട്ട് ഷൂമാനാണ്. അദ്ദേഹത്തിന്റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കുകയും ''ധന്യന്‍'' എന്ന പദവി നല്കി സഭ ആദരിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധാനന്തരഫ്രാന്‍സില്‍ നടപ്പിലിരുന്ന ഭരണക്രമത്തെ 'നാലാം റിപ്പബ്ലിക്' എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. യുദ്ധാനന്തരം താത്കാലികഗവണ്‍മെന്റിനു നേതൃത്വം കൊടുത്ത ചാള്‍സ് ദ് ഗോള്‍ 1946 ല്‍ത്തന്നെ രാജിവച്ചു പിന്മാറി. 1958 ല്‍ അദ്ദേഹത്തെ പാര്‍ലമെന്റ് തിരികെ വിളിച്ചു. ഒരു പാര്‍ട്ടിക്കും പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ രാഷ്ട്രീയാസ്ഥിരതയുടെ പര്യായമായി മാറിയ ഒരു വ്യാഴവട്ടക്കാലത്ത് 24 മന്ത്രിസഭകള്‍ നിലവില്‍വന്നു! എല്ലാ മന്ത്രിസഭകള്‍ക്കും അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. അതില്‍ 1947 നവംബര്‍ 24 മുതല്‍ 1948 ജൂലൈ 19 വരെയും, 1948 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെയും പ്രധാനമന്ത്രിയായിരുന്ന ആളാണ് റോബര്‍ട്ട് ഷൂമാന്‍. മറ്റു മന്ത്രിസഭകളില്‍ ധനകാര്യമന്ത്രിയും വിദേശകാര്യമന്ത്രിയും ആയിരുന്നിട്ടുണ്ട്. ഇന്നത്തെ യൂറോപ്യന്‍ യൂണിയന്റെ ശില്പിയും സ്ഥാപകപിതാക്കളില്‍ ഒരാളുമായിട്ടാണ് റോബര്‍ട്ട് ഷൂമാന്‍ അറിയപ്പെടുന്നത്.
1886 ല്‍ റോബര്‍ട്ട് ഷൂമാന്‍ ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജന്മനാടായ ലൊറേന്‍ പ്രവിശ്യ ജര്‍മനിയുടെ ഭാഗമായിരുന്നു. 1886 ജൂണ്‍ 29 ന് സമീപസ്വതന്ത്രരാജ്യമായ ലക്‌സംബര്‍ഗിലാണ് റോബര്‍ട്ട് ജനിക്കുന്നത്. പിതാവ് ഷാന്‍പിയര്‍ ഷൂമാന്‍. മാതാവ് ലക്‌സംബര്‍ഗ്കാരി എവുജനീ സൂസന്‍ ദ്യൂരന്‍. ജോണ്‍ ബാപ്റ്റിസ്റ്റ്, നിക്കോളാ റോബര്‍ട്ട് എന്നിവയാണ് മാമ്മോദീസായില്‍ സ്വീകരിച്ച പേരുകള്‍. ബര്‍ലിന്‍, മ്യൂണിക്, ബോണ്‍, സ്ത്രാസ്ബുര്‍ഗ് എന്നീ സര്‍വകലാശാലകളില്‍ നിയമം, ധനതത്ത്വശാസ്ത്രം, മദ്ധ്യയുഗഫിലോസഫി എന്നീ വിഷയങ്ങളില്‍ ഉപരിപഠനം നടത്തി. വേദപാരംഗതനായ വി. തോമസ് അക്വീനാസിന്റെ ഫിലോസഫിയും തിയോളജിയും ഹൃദിസ്ഥമാക്കി.
1912 മുതല്‍ ലൊറേന്‍ പ്രവിശ്യയുടെ തലസ്ഥാനമായ മെറ്റ്‌സ് നഗരത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ഒന്നാംലോകമഹായുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടതോടെ 1919 മുതല്‍ അള്‍സാസും ലൊറേനും ഫ്രാന്‍സിന്റെ ഭാഗമായി. അന്നുമുതല്‍ ഷൂമാന്‍ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ സജീവമായി. 1919 മുതല്‍ 1958 വരെ തുടര്‍ച്ചയായി ഫ്രഞ്ച് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലറുടെ ജര്‍മനി ഫ്രാന്‍സിനെ കീഴടക്കി. ജര്‍മന്‍ അധിനിവേശത്തിന്‍കീഴില്‍ വിഷി എന്ന പട്ടണം തലസ്ഥാനമാക്കി മരെഷാല്‍ ഫിലിപ്പ് പെന്തേന്‍ നേതൃത്വം നല്കിയ ഗവണ്‍മെന്റില്‍ കുറച്ചുകാലത്തേക്ക് ഷൂമാന്‍ സഹകരിച്ചു. ഫ്രാന്‍സിന്റെ പരാജയത്തെത്തുടര്‍ന്ന് ഷാര്‍ള് ദ് ഗോള്‍ ലണ്ടനിലേക്കു കടക്കുകയും സ്വതന്ത്രഫ്രാന്‍സ് പ്രഖ്യാപിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. പെന്തേന്റെ നയങ്ങളോടു യോജിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഷൂമാന്‍ രാജിവച്ച് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രഹസ്യമായി ഏര്‍പ്പെട്ടിരുന്നു. ജര്‍മനിയുടെ രഹസ്യപ്പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. തടങ്കലില്‍നിന്നു രക്ഷപ്പെട്ട് കുറച്ചു കാലം ഒളിവില്‍ കഴിഞ്ഞു.
യൂറോപ്പില്‍ ഇനി ഒരു യുദ്ധം ഉണ്ടാകരുതെന്നാഗ്രഹിച്ച ഷൂമാന്‍ ഫ്രഞ്ച് ഗവണ്‍മെന്റില്‍ വിദേശകാര്യമന്ത്രിയായിരിക്കെ അതിനായുള്ള പ്രായോഗികനടപടി സ്വീകരിച്ചു. പശ്ചിമജര്‍മനിയുമായി കല്‍ക്കരിയും ഇരുമ്പും പൊതുസമ്പത്തായി വിനിയോഗിക്കുവാന്‍ കരാറുണ്ടാക്കി. ഷാന്‍മൊണെ എന്ന ഫ്രഞ്ച് നയതന്ത്രജ്ഞന്‍ ഷൂമാന് ഉറച്ച പിന്തുണ നല്കിയിരുന്നു. ഇരുവരും ചേര്‍ന്നു തയ്യാറാക്കിയ 'ഷൂമാന്‍ ഡിക്ലറേഷന്‍' എന്നറിയപ്പെടുന്ന പാര്‍ലമെന്ററി പ്രഭാഷണം 1950 മേയ് 9 നാണ് നടന്നത്.
ഫ്രാന്‍സിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നു വിശേഷിപ്പിക്കാവുന്ന PRM (Popular Repub lican Move-ment) ലാണ് റോ ബേര്‍ട്ട് ഷൂമാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ജീന്‍ ഡോജാറ്റ് എന്ന ഗ്രന്ഥകാരന്‍ ഷൂമാനെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്: ''യൂറോപ്പിനെ സംബന്ധിച്ച് മഹാനായ രാഷ്ട്രമീമാംസകന്‍, ആഴമായ ആധ്യാത്മികതയുള്ള തീക്ഷ്ണമതിയായ കത്തോലിക്കാവിശ്വാസി, പ്രാര്‍ത്ഥനയുടെ മനുഷ്യന്‍, സഭാപ്രബോധനങ്ങളോട് അതീവ വിശ്വസ്തന്‍. വി. തോമസ് അക്വീനാസിനെ മനസ്സിരുത്തി മനസ്സിലാക്കിയവന്‍'' (Jean Daujat, La Face interne de l’Histoire p. 862).
പാര്‍ലമെന്റില്‍ അദ്ദേഹത്തെ എതിര്‍ത്തവരും പരിഹസിച്ചവരും ഒക്കെയുണ്ട്. വളരെ താഴ്ന്ന സ്വരത്തില്‍, തന്റെ വാദഗതികള്‍ സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഋഷിതുല്യനായ, അവിവാഹിതനായ റോബര്‍ട്ട് ഷൂമാന്‍ പാര്‍ലമെന്റിലെ സീറ്റില്‍ പോയിരിക്കുന്നത് ഒരു സന്ന്യാസി യാമപ്രാര്‍ത്ഥനയ്ക്ക് ക്വയറില്‍ പോയിരിക്കുന്ന ആദരവോടെയാണെന്ന് ഷാക്ക് ഫൊവേ എന്ന പത്രപ്രവര്‍ത്തകന്‍ The Fourth Republic എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. പുസ്തകത്തിന്റെ കവര്‍പേജില്‍ നല്കിയിരിക്കുന്ന 24 പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളുടെയിടയില്‍ ഷൂമാന്റേത് പള്ളിയില്‍ മുട്ടുകുത്തി നില്ക്കുന്ന ഒരു ചിത്രമാണ്.
യുദ്ധാനന്തരയൂറോപ്പില്‍ സോവിയറ്റ് യൂണിയന്റെ കമ്യൂണിസ്റ്റ് വിപത്ത് മുന്നില്‍ കണ്ടിരുന്ന പശ്ചിമജര്‍മന്‍ ചാന്‍സലര്‍ കൊണ്‍റാഡ് ആഡ്‌നോവറും ഇറ്റാലിയന്‍ പ്രധാനമന്ത്രി അചില്‍ ദെ ഗഡ്‌പേരിയും ഉത്തമകത്തോലിക്കരായിരുന്നു. ഷൂമാനോടൊപ്പം ഇവരുംകൂടിച്ചേര്‍ന്നാണ് യൂറോപ്യന്‍ യൂണിയന് തുടക്കം കുറിച്ചതും നാറ്റോയില്‍ അംഗങ്ങളായതും. ആദ്യം യൂറോപ്യന്‍ പൊതുവിപണി (Common market) തുടങ്ങി. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ലക്‌സംബര്‍ഗ് എന്നീ ആറു രാജ്യങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ പിന്‍വാങ്ങലിനുശേഷം 27 രാഷ്ട്രങ്ങളുണ്ട്.
1958 മുതല്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്ന റോബര്‍ട്ട് ഷൂമാന്‍ 1963 സെപ്റ്റംബര്‍ 4-ാം തീയതി അന്തരിച്ചു. മെറ്റ്‌സ് നഗരത്തിനുസമീപം സിഷസ്സേല്‍ എന്ന ഗ്രാമത്തിലെ പള്ളിസെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. മെറ്റ്‌സ് രൂപതയാണ് നാമകരണനടപടികള്‍ക്കു തുടക്കംകുറിച്ചത്.
ഞാന്‍ ഈ ലേഖനമെഴുതുന്നത് വിശുദ്ധ സര്‍ തോമസ് മൂറിന്റെ തിരുനാള്‍ദിനമായ ജൂണ്‍ 22-ാം തീയതിയാണ്. രണ്ടായിരാമാണ്ടിലെ മഹാജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മറ്റുമായി നവംബര്‍ 5-ാം തീയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വി. തോമസ് മൂറിനെ രാഷ്ട്രീയപ്രവര്‍ത്തകരുടെ മധ്യസ്ഥനായി പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയവും വിശുദ്ധിയും പൊരുത്തപ്പെട്ടുപോകില്ലെന്നാണ് പൊതുധാരണ. റോബര്‍ട്ട് ഷൂമാനും 2018 ല്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ ധന്യനായി പ്രഖ്യാപിച്ച ജോര്‍ജിയോ ലാ പിറാ ((Giorgio La Pira 1904-1977) എന്ന ഇറ്റാലിയന്‍ രാഷ്ട്രീയപ്രവര്‍ത്തകനും (അദ്ദേഹം ഫ്‌ളോറന്‍സിന്റെ മേയറായിരുന്നു) ഈ ധാരണയ്ക്കു മാറ്റം വരുത്തട്ടെ.
കേരളസംസ്ഥാനം രൂപംകൊള്ളുന്നതിനുമുമ്പ് തിരുക്കൊച്ചി സംസ്ഥാനത്ത് മന്ത്രിയും മുഖ്യമന്ത്രിയും തുടര്‍ന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഗവര്‍ണറുമായിരുന്ന ശ്രീമാന്‍ എ.ജെ. ജോണിനെ ഞാന്‍ ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. മദ്രാസ് ഗവര്‍ണര്‍ ആയിരിക്കെ 64-ാം വയസ്സില്‍ 1957 ഒക്‌ടോബര്‍ ഒന്നാം തീയതി അന്തരിച്ച അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് മാര്‍ തോമ്മാശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന സാന്തോം ബസ്ലിക്കയിലാണ്. മദ്രാസ് സര്‍ക്കാര്‍ സ്ഥാപിച്ച സ്മാരകശിലയില്‍ ശ്രീ ആനാപറമ്പില്‍ ജോസഫ് ജോണ്‍ - ജനനം 8-7-1893 - തലയോലപ്പറമ്പ് എന്നു തുടങ്ങി പ്രധാന കാര്യങ്ങളെല്ലാം വിവരിച്ചിട്ടുണ്ട്. A devout christian എന്നു പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. ഒരു മലയാളി ഷൂമാന്‍ എന്നു തന്നെ പറയാം.