ജൂലൈ 12 നു നമ്മെ കടന്നുപോയ മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഇനി ഒരു ദീപ്തസ്മരണ
പദവിയോ സ്ഥാനമാനങ്ങളോ സേവനപാതയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കു തടസ്സമായില്ല. തീര്‍ത്തും സാധാരണമായ ജീവിതസാഹചര്യങ്ങളില്‍നിന്നു കടന്നുവന്ന അദ്ദേഹത്തിന് അശരണരുടെയും ആലംബഹീനരുടെയും ഹൃദയവേദനകള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എളുപ്പം കഴിഞ്ഞുവെന്നതാണു സത്യം. സഭയുടെ അത്യുന്നതപദവിയില്‍ വിരാജിക്കുമ്പോഴും സാധാരണക്കാര്‍ക്ക് എന്നും പ്രാപ്യനായി അദ്ദേഹം നിലകൊണ്ടു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാബാവായുടെ നിര്യാണത്തോടെ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഒരു യഥാര്‍ത്ഥ മനുഷ്യമുഖം ലോകത്തിനു നഷ്ടമായിരിക്കുന്നു. എങ്കിലും ആ കരുണാര്‍ദ്രഹൃദയം പ്രസരിപ്പിച്ച ആത്മീയചൈതന്യം തലമുറകളിലൂടെ, അനേകായിരങ്ങളുടെ വഴികളില്‍ ഒരു മാര്‍ഗദീപമായി സഞ്ചരിച്ചുകൊണ്ടേയിരിക്കും.
പോള്‍ എന്ന കുട്ടിയില്‍നിന്നു പരിശുദ്ധ കാതോലിക്കാബാവായിലേക്കുള്ള ദൂരം പട്ടുമെത്ത വിരിച്ചതായിരുന്നില്ല. കഷ്ടപ്പാടിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഓരംചേര്‍ന്നുള്ള ബാല്യം. തൃശൂര്‍ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ. ഐ. ഐപ്പിന്റെയും കുഞ്ഞിറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 നു ജനിച്ച അദ്ദേഹം എസ്.എസ്.എല്‍.സി. ക്കുശേഷം ഇന്റര്‍മീഡിയറ്റും ബിരുദവും പൂര്‍ത്തിയാക്കിയത് തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്നാണ്.
കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയിലായിരുന്നു വൈദികപഠനം. ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കോട്ടയം സി.എം.എസ്. കോളജില്‍ എം.എ. പൂര്‍ത്തിയാക്കി.
പരുമല സെമിനാരിയില്‍ 1972 ഏപ്രില്‍ എട്ടിനു കൊച്ചി ഭദ്രാസനാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ സേവോറിയസില്‍നിന്നു ശെമ്മാശപട്ടമേറ്റു. അദ്ദേഹത്തില്‍നിന്നുതന്നെ കൊരട്ടി സീയോന്‍ സെമിനാരിയില്‍ 1973 മേയ് 31 നു പൂര്‍ണശെമ്മാശപട്ടവും ജൂണ്‍ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂളില്‍ 1982 ഡിസംബര്‍ 28 നു കൂടിയ മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ടസ്ഥാനത്തേക്കു തിരഞ്ഞെടുത്തു. 1983 മേയ് 14 നു റമ്പാന്‍ സ്ഥാനം ലഭിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ 1985 മേയ് 15 നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ മറ്റു നാലു പേര്‍ക്കൊപ്പം എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടു. പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ അധ്യക്ഷനായി ഓഗസ്റ്റ് ഒന്നിനു നിയമിതനായി. കോട്ടയം പഴയ സെമിനാരിയില്‍ 1991 ഒക്‌ടോബര്‍ 25 ന് മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. പരുമല സെമിനാരിയില്‍ 2006 ഒക്‌ടോബര്‍ 12 നു കൂടിയ മലങ്കര അസോസിയേഷന്‍ പരിശുദ്ധ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2010 നവംബര്‍ ഒന്നിന് പരുമല സെമിനാരി ചാപ്പലില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ പൗരസ്ത്യകാതോലിക്കയായി സ്ഥാനാരോഹണം ചെയ്തു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 2018 മാര്‍ച്ച് 23 ന് വിശുദ്ധ മൂറോന്‍ കൂദാശ നടത്തി.
പരിശുദ്ധ ബാവായുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും കാരുണ്യത്തിന്റെ ഒരു കുളിര്‍മഴയായിരുന്നു. 'സ്വര്‍ഗസ്ഥനായ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍' എന്ന യേശുവചനം അദ്ദേഹം ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കി. പദവിയോ സ്ഥാനമാനങ്ങളോ സേവനപാതയില്‍ അദ്ദേഹത്തിനു തടസ്സമായില്ല. തീര്‍ത്തും സാധാരണമായ ജീവിതസാഹചര്യങ്ങളില്‍നിന്നു കടന്നുവന്ന അദ്ദേഹത്തിന് അശരണരുടെയും ആലംബഹീനരുടെയും ഹൃദയവേദനകള്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എളുപ്പം കഴിഞ്ഞുവെന്നതാണു സത്യം. സഭയുടെ അത്യുന്നതപദവിയില്‍ വിരാജിക്കുമ്പോഴും സാധാരണക്കാര്‍ക്ക് എന്നും പ്രാപ്യനായി അദ്ദേഹം നിലകൊണ്ടു. സെറിബ്രല്‍ പള്‍സി ബാധിതനായ അനുഗ്രഹ് എന്ന കുട്ടിയും അവനെ സഹോദരതുല്യം സ്‌നേഹിച്ചു പരിചരിച്ച സഹപാഠി ഫാത്തിമ ബിസ്മിയും കാണാനെത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ പദവിയും നടപടിക്രമങ്ങളും മറന്ന് അദ്ദേഹം കോട്ടയം റെയില്‍വേസ്റ്റേഷനിലേക്കു ചെല്ലുകയായിരുന്നു.
ഒരിക്കല്‍ കാന്‍സര്‍ ചികിത്സയ്ക്ക് ചെന്നൈയില്‍ പോയിവന്ന അദ്ദേഹത്തിനുമുമ്പില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഫീസ് അടയ്ക്കാനില്ലാത്തതിന്റെ വേദനയുമായെത്തി. ചികിത്സയുടെ അസ്വസ്ഥതകളും യാത്രാക്ഷീണവും മറന്ന് അദ്ദേഹം കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ നേരിട്ടുവിളിച്ച് അന്വേഷിക്കുകയും മുടങ്ങിയ ഫീസുള്‍പ്പെടെയുള്ളത് അടച്ചുതീര്‍ക്കുകയും ചെയ്തു. സാധുക്കളായ ഒട്ടേറെ രോഗികള്‍ക്കു മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പരുമല കാന്‍സര്‍ സെന്റര്‍ എന്ന സ്വപ്നപദ്ധതിയും സൗജന്യചികിത്സാപദ്ധതിയായ 'സ്‌നേഹസ്പര്‍ശ'വും എത്രയോ മനുഷ്യാത്മാക്കള്‍ക്കാണു സാന്ത്വനമായിത്തീര്‍ന്നത്!
തികച്ചും ആര്‍ഭാടരഹിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതശൈലി. തുറന്ന പ്രകൃതം. പരമകാരുണികന്റെ മുമ്പില്‍ വിനീതമാകുന്ന പ്രാര്‍ത്ഥനാഹൃദയം. അത് ധ്യാനമുറികളില്‍ മാത്രമായി അദ്ദേഹം ഒതുക്കിയില്ല. ആദരവോടെ, അലിവിയന്ന ഹൃദയത്തോടെ ഓരോരുത്തരുടെയും ആവലാതികളിലേക്ക്, വേദനകളിലേക്ക്, സങ്കടങ്ങളിലേക്ക് അദ്ദേഹം ചെവി ചായ്ച്ചു. അങ്ങനെ, അദ്ദേഹത്തിന്റെ സാമീപ്യം അടുത്തുനില്‍ക്കുന്നവര്‍ക്ക് ഒരു ഈശ്വരീയസുകൃതമായിത്തീര്‍ന്നു.
മതസൗഹാര്‍ദവും സമുദായൈക്യവും എന്നും പുലര്‍ന്നുകാണാന്‍ ആഗ്രഹിച്ച മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. സഭാവ്യവഹാരങ്ങളില്‍ കലര്‍പ്പില്ലാത്ത നിലപാടു സ്വീകരിക്കുമ്പോഴും സഭയില്‍ ശാശ്വതസമാധാനം നിലനിന്നു കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പായുമായും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുമായും നടത്തിയ കൂടിക്കാഴ്ചകള്‍ സഭൈക്യവഴികളിലെ പുത്തന്‍കാല്‍വയ്പ്പായിരുന്നു.
പരിശുദ്ധ ബാവായുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ ചേതോവികാരം മനുഷ്യനന്മ മാത്രമായിരുന്നു. സൈബര്‍യുഗം ആധുനികസമൂഹത്തിലുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് അജഗണങ്ങളെ ബോധവത്കരിക്കുന്നതിനായി അദ്ദേഹം 'സൈബര്‍ ഫാസ്റ്റ്' എന്ന ഒരു നൂതനാശയം നടപ്പാക്കി. ദുഃഖവെള്ളിയാഴ്ച മൊബൈല്‍ ഫോണ്‍, ടി.വി., ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുന്ന ഒരാചരണം. ഇതിലൂടെ സൈബര്‍ അടിമത്തംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, മനുഷ്യബന്ധങ്ങളിലെ തകര്‍ച്ച, വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത, സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന എന്നിവയിലേക്ക് സമൂഹത്തിന്റെയാകെ ശ്രദ്ധ ക്ഷണിച്ചു അദ്ദേഹം.
രോഗാതുരതകള്‍ അലട്ടുമ്പോഴും ദൈവകരം പിടിച്ചുള്ള ജീവിതയാത്ര അദ്ദേഹത്തെ സന്തോഷചിത്തനാക്കി. മുതിര്‍ന്നവരുടെ മാത്രമല്ല, കുഞ്ഞുങ്ങളുടെയും കൂട്ടുകാരനായിരുന്നു അദ്ദേഹം. തന്റെ മുറി അലങ്കരിച്ചിരുന്ന ചില കൊച്ചുകൂട്ടുകാരുടെ ചിത്രങ്ങള്‍ ചൂണ്ടി അദ്ദേഹം പറഞ്ഞിരുന്നത്, അവര്‍ എന്റെ സുഹൃത്തുക്കളാണെന്നാണ്. കുഞ്ഞുങ്ങള്‍ വിശുദ്ധരാണെന്നും അവരെ പരിചരിക്കുമ്പോള്‍ അനുഗ്രഹത്തിന്റെ ഒരു പങ്ക് നമുക്കും ലഭിക്കുമെന്നും അദ്ദേഹം പഠിപ്പിച്ചിരുന്നു.
ആദ്യം മനുഷ്യനാകുക, പിന്നീട് വിശുദ്ധനാകുക - ഈ തത്ത്വശാസ്ത്രം പരിശുദ്ധ ബാവായുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കും. അതെന്തായാലും, അദ്ദേഹത്തിന്റെ സ്‌നേഹവും സാന്ത്വനവും അനുഭവിച്ചറിഞ്ഞവരുടെയെല്ലാം മനസ്സില്‍, ഒരു വിശുദ്ധസ്മരണയായി അദ്ദേഹം എന്നുമുണ്ടാവും, തീര്‍ച്ച.