•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

സമാധാനം ഇനിയും അകലെ 20 വര്‍ഷം നീണ്ട അഫ്ഗാന്‍ അധിനിവേശത്തിന് അന്ത്യം

സെപ്റ്റംബര്‍ പതിനൊന്ന് ചരിത്രത്താളുകളില്‍ വീണ്ടും കുറിക്കപ്പെടുകയാണ്. ന്യൂയോര്‍ക്കിലെ  വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടത് 2001 ലെ ആ ദുര്‍ദിനത്തിലായിരുന്നല്ലോ. അഫ്ഗാനിസ്ഥാനിലെ ഒളിസങ്കേതങ്ങളില്‍ താവളമുറപ്പിച്ച അല്‍-ഖ്വയ്ദ ഭീകരര്‍ രണ്ടു യാത്രാവിമാനങ്ങള്‍ തട്ടിയെടുത്ത് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉത്തുംഗങ്ങളായ രണ്ടു ടവറുകളിലേക്കിടിച്ചു കയറ്റി തകര്‍ത്തുകളയുകയായിരുന്നു. 3,300 ലധികം ആളുകളുടെ ജീവനെടുത്ത കറുത്ത ദിനമാണത്.

ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും അല്‍-ഖ്വയ്ദയുടെ തലവനുമായ ഒസമ ബിന്‍ ലാദനെയും അയാളുടെ തീവ്രവാദശൃംഖലയെയും നശിപ്പിക്കുന്നതിന് 2001 ഒക്‌ടോബര്‍ ഏഴിന് അഫ്ഗാനിസ്ഥാനിലിറങ്ങിയ യു.എസിന്റെയും നാറ്റോ സഖ്യരാഷ്ട്രങ്ങളുടെയും സൈന്യം അവിടെനിന്നു മടങ്ങുന്നതിനു തിരഞ്ഞെടുത്ത തീയതിയും സെപ്റ്റംബര്‍ പതിനൊന്നുതന്നെ. ''ആഗോളഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം'' (Global War on Terror)  എന്നാണ് അന്നത്തെ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് അഫ്ഗാന്‍ അധിനിവേശത്തെ വിശേഷിപ്പിച്ചത്.
അമേരിക്കയുടെ 245 വര്‍ഷചരിത്രത്തിലെ 'ഏറ്റവും നീണ്ട യുദ്ധം' എന്നു വിശേഷിപ്പിക്കപ്പെടുന്ന അഫ്ഗാന്‍പോരാട്ടം 20 വര്‍ഷം പിന്നിടുമ്പോള്‍ 18 വര്‍ഷം നീണ്ടുനിന്ന വിയറ്റ്‌നാംയുദ്ധം ഓര്‍മയില്‍ വരുന്നു. രണ്ടു യുദ്ധങ്ങളിലും ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്ക അടിപതറിയതും ചരിത്രം.
അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സേനാപിന്മാറ്റം മേയ് ഒന്നിനു പൂര്‍ത്തിയാക്കാനുള്ള മുന്‍തീരുമാനം സെപ്റ്റംബര്‍ പതിനൊന്നിലേക്കു മാറ്റുകയായിരുന്നു. സൈന്യത്തെ പിന്‍വലിച്ചുകഴിയുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള കൂടുതല്‍ സമയം ലഭ്യമാക്കുകയാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഉദ്ദേശ്യം. 1996 മുതല്‍ 2001 വരെ രാജ്യം ഭരിച്ച താലിബാന്‍ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളും നരവേട്ടയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ യു.എസ്. സൈനികമേധാവികളും താലിബാന്‍ നേതാക്കളുമായി തുടങ്ങിവച്ച ചര്‍ച്ചകളിലെ പ്രധാന വിഷയവും സേനാപിന്മാറ്റമായിരുന്നു. പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവച്ച കരാര്‍പ്രകാരം സേനാപിന്മാറ്റത്തിനു പകരമായി അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ സൈനികരെ ആക്രമിക്കുകയില്ലെന്ന് താലിബാന്‍ ഉറപ്പു നല്‍കി. അല്‍-ഖ്വയ്ദ, ഐ.എസ്. തുടങ്ങിയ തീവ്രവാദസംഘടനകളുടെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്നും ധാരണയായിരുന്നു. എന്നാല്‍, കരാറിലെ വ്യവസ്ഥകള്‍ക്കു വിപരീതമായി സേനാപിന്മാറ്റം തുടങ്ങിയ മേയ് ഒന്നുമുതല്‍ താലിബാന്‍ പോരാളികള്‍ തുടങ്ങിവച്ച ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകള്‍ മരിക്കുകയും ആയിരങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു. അഫ്ഗാന്‍സൈനികരെ തോല്പിച്ചും കൊലചെയ്തും മുന്നേറുന്ന തീവ്രവാദികള്‍ രാജ്യത്ത് ആകെയുള്ള 407 പ്രോവിന്‍സുകളില്‍ ഇരുന്നൂറിലധികം  പിടിച്ചെടുത്തുകഴിഞ്ഞെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഓരോ പ്രോവിന്‍സിന്റെയും തലസ്ഥാനമൊഴികെ ബാക്കി പ്രദേശങ്ങളെല്ലാം കീഴടക്കിയ താലിബാന്‍പോരാളികള്‍ നഗരങ്ങള്‍കൂടി പിടിച്ചെടുക്കാനുള്ള പോരാട്ടം തുടരുകയാണ്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖുണ്ടുസ്, ദൗളത്താബാദ്, പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഹെറാത്ത്, ഇസ്ലാംഖല, പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള കാണ്ഡഹാര്‍ തുടങ്ങിയ പ്രമുഖനഗരങ്ങളെല്ലാം താലിബാന്‍ നിയന്ത്രണത്തിലായിക്കഴിഞ്ഞു. തലസ്ഥാനനഗരമായ കാബൂളിന്റെ പടിവാതില്‍ക്കല്‍വരെ ശത്രുസൈന്യം എത്തിയെന്നാണു വാര്‍ത്ത. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോള്‍ഡാക് ചെക്ക്‌പോസ്റ്റ് പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലത്തേത്. നേരത്തെ, ഇറാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തിപോസ്റ്റുകള്‍ താലിബാന്‍ പോരാളികള്‍ പിടിച്ചെടുത്തിരുന്നു. രാജ്യത്തിന്റെ 85% പ്രദേശങ്ങളും തങ്ങളുടെ അധീനതയിലായിക്കഴിഞ്ഞുവെന്ന് താലിബാന്‍ വക്താവ് അവകാശപ്പെട്ടു.
1996 മുതല്‍ അഞ്ചുവര്‍ഷക്കാലം ഭരണത്തിലിരുന്ന താലിബാന്‍ സര്‍ക്കാരിന്റെ തണലിലിരുന്നുകൊണ്ട് പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരേ ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ബിന്‍ ലാദനെയും അനുയായികളെയും ഉന്മൂലനം ചെയ്യുകയായിരുന്നു പ്രധാന ലക്ഷ്യം. 2001 ഡിസംബര്‍ മാസത്തില്‍ താലിബാന്‍ ഭരണകൂടം നിലംപതിച്ചു. താലിബാന്റെ പരമോന്നതനേതാവ് മുല്ല ഒമറും ബിന്‍ ലാദനും പാക്കിസ്ഥാനിലേക്കാണു രക്ഷപ്പെട്ടത്. പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍നഗരമായ ക്വെറ്റയില്‍ ഒളിവില്‍ കഴിയവേ, മുല്ല ഒമര്‍ അധിനിവേശസേനയ്‌ക്കെതിരേയും അഫ്ഗാന്‍സര്‍ക്കാരിനെതിരേയുമുള്ള ശക്തമായ പ്രത്യാക്രമണത്തിനു തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. അവിശ്വാസികള്‍ക്കെതിരേയുള്ള വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്ത മുല്ല ഒമര്‍, 20,000 ത്തോളം ജിഹാദിസ്റ്റുകളെയെങ്കിലും അക്കാലയളവില്‍ തീവ്രവാദസംഘടനകളിലേക്കു റിക്രൂട്ടു ചെയ്തിട്ടുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യുടെയും സൈന്യത്തിന്റെയും അറിവോടെ അബോട്ടബാദ് നഗരത്തിലെ ഒളിസങ്കേതത്തില്‍ അതീവസുരക്ഷയില്‍ കഴിഞ്ഞിരുന്ന ബിന്‍ ലാദനെ 2011 മേയ് 2-ാം തീയതിയാണ് യു.എസ്. മറീന്‍ കമാന്‍ഡോകള്‍ വകവരുത്തിയത്. ലോകം കണ്ട ഏറ്റവും വലിയ ഭീകരനെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞെങ്കിലും അയാളുടെ അനുയായികളും ഐ.എസ്. ഭീകരരും സര്‍ക്കാരിനെതിരേയുള്ള പോരാട്ടങ്ങളില്‍ താലിബാനോടൊപ്പമുണ്ടെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ടുകളുണ്ട്.
സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാനിലേതെന്നു വിലയിരുത്തുന്നവരുണ്ട്. അമേരിക്കയും സഖ്യകക്ഷികളും പിന്‍വാങ്ങുന്നതോടെ താലിബാനും അല്‍ ഖ്വയ്ദയും മറ്റ് ഇസ്ലാമിക ഭീകരസംഘടനകളും പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചുവരുന്നത്. ദൗത്യം പൂര്‍ത്തിയാക്കി തിരികെപ്പോകേണ്ടിയിരുന്ന സഖ്യസേനകള്‍ രണ്ടു പതിറ്റാണ്ടുകാലം നീണ്ട ഒരു യുദ്ധത്തിലേക്കു നീങ്ങിയത് വലിയ വീഴ്ചയാണ്. രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന തീവ്രവാദികള്‍ എല്ലാ രാജ്യങ്ങളിലും വേരുറപ്പിച്ച ഒരു കാലഘട്ടംകൂടിയാണിത്. ഭീകരാക്രമണങ്ങള്‍ക്കു പ്രത്യേകം പരിശീലനം ലഭിച്ച മതഭ്രാന്തന്മാര്‍ മുറിവേറ്റ സിംഹങ്ങളെപ്പോലെ പതുങ്ങിക്കിടക്കുന്നു. ഏതു സമയത്തും എവിടെയും ആക്രമണം പ്രതീക്ഷിക്കാം. 1989 ലെ റഷ്യന്‍സൈന്യത്തിന്റെ പിന്മാറ്റംപോലെ 'നാണംകെട്ട മടക്കയാത്ര'യാണിപ്പോഴത്തേതെന്നു വിമര്‍ശനമുണ്ട്. സൈന്യത്തെ പിന്‍വലിച്ചാലും തങ്ങളുടെ ധാര്‍മികവും സാമ്പത്തികവും സൈനികവുമായ പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്നാണ് പ്രസിഡന്റ് ബൈഡന്റെ വാഗ്ദാനം. യു.എസ്. എംബസിയുടെ കാവലിനായി 650 സൈനികരെ വിന്യസിക്കുമെന്നും വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും തന്നെ സന്ദര്‍ശിച്ച അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് ബൈഡന്‍ വാക്കു നല്‍കി. സഖ്യസേനയുടെ കീഴില്‍ പ്രത്യേക പരിശീലനം നല്‍കപ്പെട്ട അഫ്ഗാന്‍ സൈനികര്‍ താലിബാന്‍ മുന്നേറ്റത്തെ ചെറുത്തു തോല്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും താലിബാന്റെ തിരിച്ചുവരവില്‍ ഭയചകിതരാണ്. സുന്നി വിഭാഗത്തില്‍പ്പെട്ട താലിബാന്‍ നേതൃത്വം പുനഃസ്ഥാപിക്കാനാഗ്രഹിക്കുന്ന മതാധിഷ്ഠിത ഇസ്ലാമികരാജ്യത്ത് നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.
'',ചെന്നായ്ക്കളുടെയിടയില്‍ കുഞ്ഞാടുകളെയെന്നപോലെ കശാപ്പു ചെയ്യപ്പെടാന്‍ അഫ്ഗാന്‍ ജനതയെ കൈവെടിഞ്ഞത് ശരിയായ തീരുമാനമായിരുന്നില്ല'', എന്നാണ് ജോര്‍ജ് ഡബ്ലിയൂ. ബുഷ് അഭിപ്രായപ്പെട്ടത്.
അധിനിവേശകാലത്ത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും 3,586 സൈനികരാണ് വധിക്കപ്പെട്ടത്. 75,971 അഫ്ഗാന്‍ സൈനികരുടെയും 78,314 സിവിലിയന്മാരുടെയും ജീവന്‍ നഷ്ടമായി. 84,191 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 2012 മുതലുള്ള കണക്കുകള്‍ പ്രകാരം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ 50 ലക്ഷം പേരെങ്കിലുമുണ്ടാകുമെന്നും ഐക്യരാഷ്ട്രസംഘടന വെളിപ്പെടുത്തി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)