•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പൗരോഹിത്യം സമ്പൂര്‍ണ്ണസമര്‍പ്പണം

മിരറ്റസ് ബെനഡിക്ട് പാപ്പായുടെ പഠനം നമ്മളെ നയിക്കുന്നത് പൂര്‍ണബ്രഹ്മചര്യം പുതിയ നിയമത്തിലെ പുരോഹിതന്റെ അസ്തിത്വത്തിന്റെ അവശ്യഘടകംതന്നെയാണെന്ന ബോധ്യത്തിലേക്കാണ്. വായനക്കാര്‍ക്കു തോന്നാവുന്ന പല സംശയങ്ങള്‍ക്കും അദ്ദേഹവും കര്‍ദ്ദിനാള്‍ സറായും പിന്നാലെ മറുപടി നല്കുന്നുണ്ട്. ആദിമസഭയില്‍ യഹൂദപാരമ്പര്യത്തില്‍നിന്നുതന്നെയാണ് ഈ ജീവിതാവസ്ഥ ഉരുത്തിരിയുന്നത്.

കര്‍ത്താവിന്റെ സഭയില്‍ പുരോഹിതന്‍ എല്ലാ ദിവസവുംതന്നെ ദിവ്യരഹസ്യങ്ങളുമായി സമ്പര്‍ക്കത്തിലായതിനാല്‍ വിവാഹം സാധ്യമല്ലാതായി. വിവാഹവും പൗരോഹിത്യംപോലെ സമ്പൂര്‍ണസമര്‍പ്പണം ആവശ്യപ്പെടുന്നതിനാലാണിത്.
എന്നാല്‍, ഇതെല്ലാം ശരീരത്തെയും ലൈംഗികതയെയും മോശമായ എന്തോ ആയി കണ്ടതിനാലാണെന്ന് ഇക്കാലത്ത് പലരും വളരെയെളുപ്പം തറപ്പിച്ചു പ്രസ്താവിക്കുന്നു. നാലാം നൂറ്റാണ്ടില്‍ത്തന്നെ ഇങ്ങനെ ഒരു വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, സഭാപിതാക്കന്മാര്‍ ഈ വാദം തള്ളിക്കളഞ്ഞു. വിവാഹത്തെ ദൈവസ്ഥാപിതമായും കൂദാശയായുമാണ് ആദിമസഭ വീക്ഷിച്ചിരുന്നത്.
ആദിമസഭയില്‍ വിവാഹിതര്‍ക്കു പട്ടംകൊടുത്തിരുന്നത് വിരക്തജീവിതം നയിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തശേഷമായിരുന്നു. ആ ദമ്പതികളുടെ ജീവിതത്തെ 'യൗസേപ്പിതാവിന്റെ ദാമ്പത്യം' എന്നു വിശേഷിപ്പിച്ചിരുന്നുവെന്ന് ബെനഡിക്ട് പാപ്പാ രേഖപ്പെടുത്തുന്നു. അപ്രകാരം ജീവിച്ചിരുന്നവര്‍ ആദിമസഭയില്‍ ധാരാളമുണ്ടായിരുന്നെന്നും അവരതില്‍ അപാകത കണ്ടിരുന്നില്ലെന്നും അടുത്തകാലത്തു നടന്ന പഠനങ്ങളെ ഉദ്ധരിച്ച് ബനഡിക്ട് പാപ്പാ പ്രസ്താവിക്കുന്നു.
മൂന്നു വിശുദ്ധഗ്രന്ഥഭാഗങ്ങളുടെ വിശദീകരണം
തന്റെ പഠനത്തിന്റെ രണ്ടാം ഭാഗമായി എമിരറ്റസ് പാപ്പാ പൗരോഹിത്യവുമായി ബന്ധപ്പെട്ട മൂന്നു വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ എടുത്തു വിചിന്തനം ചെയ്യുന്നു. മിശിഹായുടെ പൗരോഹിത്യത്തില്‍ പങ്കുകാരാകുകവഴി അവിടുന്നുമായി നാം ഒന്നാവുകയും നമ്മുടേതായവ തിരസ്‌കരിക്കുകയും വേണം. ബ്രഹ്മചര്യവും ബലിയര്‍പ്പണവും ആരാധനക്രമപ്രാര്‍ത്ഥനകളും ദൈവവചനപഠനവും സ്‌നേഹത്തിലുള്ള ഈ സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൗതികവസ്തുക്കളും സമ്പാദ്യങ്ങളും ത്യജിക്കുന്നതും ഇതിന്റെ ഭാഗമായിട്ടാണ്.
1. ''കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും, എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു. (സങ്കീര്‍ത്തനം 16:5-6).
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പുള്ള കാലത്ത് ലത്തീന്‍ റീത്തില്‍ ആസ്തപ്പാടു പട്ടം (ീേിൗെൃല) നല്കിയിരുന്നു. അതിലൂടെ വൈദികാര്‍ത്ഥി പുരോഹിതപദവിയിലേക്കുള്ള ആദ്യചുവടു വയ്ക്കുന്നു. ശിരസിന്റെ പിന്നില്‍ ചെറിയൊരു ഭാഗം വൃത്താകൃതിയില്‍ മുണ്ഡനം ചെയ്തിരുന്നു. വൈദികവസ്ത്രവും നല്കിയിരുന്നു. 
ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവനെന്നനിലയില്‍ പുതിയ നിയമത്തിലെ പുരോഹിതന്‍ വിവാഹവും കുടുംബജീവിതവും പരിത്യജിക്കുന്നു. ദൈവം മാത്രമാണ് അവന്റെ അവകാശവും ആശ്രയവും.
പൗരസ്ത്യസഭയിലും പാശ്ചാത്യസഭയിലും ഏകദേശം അപ്പസ്‌തോലികകാലംമുതല്‍ എല്ലാ മെത്രാന്മാരും ലത്തീന്‍സഭയിലെ മുഴുവന്‍ വൈദികരും ഏറ്റെടുത്തിരുന്ന പൗരോഹിത്യബ്രഹ്മചര്യം മേല്‍പറഞ്ഞ അടിസ്ഥാനത്തില്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ബനഡിക്ട് പാപ്പാ വിശദീകരിക്കുന്നു.
കര്‍ത്താവ് ആദ്യശിഷ്യന്മാരെ വിളിച്ചപ്പോള്‍ അവര്‍ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു (ലൂക്കാ 5:11). ഭൗതികസമ്പാദ്യങ്ങള്‍ ത്യജിക്കാതെ പൗരോഹിത്യം പൗരോഹിത്യമാവുകയില്ലെന്ന് എമിരറ്റസ് പാപ്പാ പ്രസ്താവിക്കുന്നു. അദ്ദേഹം ടോണ്‍ഷര്‍ സ്വീകരിക്കുന്നതിന്റെ തലേന്ന് ഈ സങ്കീര്‍ത്തനഭാഗം ധ്യാനിച്ചതിന്റെ ഓര്‍മ്മ പാപ്പായില്‍ ഇന്നും സജീവമായി തെളിഞ്ഞുനില്ക്കുന്നു.
തന്റെ ജീവിതം പൂര്‍ണ്ണമായും കര്‍ത്താവിനുള്ളതാണെന്നും കര്‍ത്താവു തന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നുമുള്ള ബോധ്യം തന്നിലുദിച്ചു എന്നാണു പ്രസ്താവിക്കുന്നത് (പേജ് 56).
2. ''അക്കാലത്ത് കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കാനും അവിടുത്തെ സന്നിധിയില്‍ അവിടുത്തേക്കു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമത്തില്‍ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കര്‍ത്താവു വേര്‍തിരിച്ചു'' (നിയമാവര്‍ത്തനം 10:8) ''നിങ്ങളുടെ സകല ഗോത്രങ്ങളില്‍നിന്നും തന്റെ മുന്നില്‍ നില്ക്കാനും തന്റെ നാമത്തില്‍ ശുശ്രൂഷ ചെയ്യാനും അവനെയും അവന്റെ പുത്രന്മാരെയുമാണല്ലോ എന്നേക്കുമായി നിന്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുത്തിരിക്കുന്നത്'' (നിയമാവര്‍ത്തനം 18:5).
ലത്തീന്‍ റീത്തിലെ രണ്ടാമത്തെ കൃതജ്ഞതാസ്‌തോത്രപ്രാര്‍ത്ഥന (കാനന്‍) യില്‍ ഈ പഴയനിയമഭാഗം ഉദ്ധരിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്നു: ''ആകയാല്‍ കര്‍ത്താവേ, അവിടുത്തെ തിരുമുമ്പില്‍ നില്ക്കുന്നതിനും അങ്ങയെ പരിചരിക്കുന്നതിനും അര്‍ഹരാക്കിത്തീര്‍ത്തതിനു നന്ദി പറഞ്ഞുകൊണ്ട് കര്‍ത്താവേ, ജീവന്റെ അപ്പവും രക്ഷയുടെ പാനപാത്രവും ഞങ്ങളര്‍പ്പിക്കുന്നു.''
പൗരോഹിത്യത്തിന്റെ സത്ത തന്നെയാണ് ഇവിടെ പ്രകടമാക്കുന്നത്. തിന്മയ്‌ക്കെതിരേ, ലോകഗതിക്കെതിരേ, ദൈവതിരുമുമ്പില്‍ ജാഗ്രതയോടെ സധൈര്യം സത്യത്തില്‍ ഉറച്ചുനില്ക്കുന്നവനാണ് പുരോഹിതന്‍ എന്ന് എമിരറ്റസ് പാപ്പാ വിശദമാക്കുന്നു.
3. ''അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ, അവിടുത്തെ വചനമാണ് സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു'' (യോഹന്നാന്‍ 17:17-18).
സത്യത്താല്‍ അവരെ പവിത്രീകരിക്കണമേ എന്ന പ്രാര്‍ത്ഥനവഴി ശ്ലീഹന്മാരുടെ തിരുപ്പട്ടസ്വീകരണമാണു നടന്നതെന്ന് ബനഡിക്ട് പാപ്പാ പറയുന്നുണ്ട്. തന്റെ ദൗത്യത്തില്‍ പങ്കുകാരാക്കാന്‍ അവരെ പൂര്‍ണ്ണമായും ഈശോമിശിഹാ സ്വന്തമാക്കുകയാണ്. പഴയനിയമത്തില്‍ ദേഹശുദ്ധി വരുത്തിയശേഷമാണ് പുരോഹിതന്‍ അഭിഷേകം ചെയ്യപ്പെട്ടിരുന്നത്. പുതിയനിയമത്തില്‍ വചനമാകുന്ന സത്യമാണ് ശുദ്ധീകരിക്കുന്നത്. ''ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്. മിശിഹായാണ് എന്നില്‍ ജീവിക്കുന്നത്.'' (ഗലാ 2:20).
തിരുപ്പട്ടസ്വീകരണത്തിന്റെ (29-6-1951) തലേദിവസം ഇപ്രകാരമുള്ള ബോധ്യങ്ങള്‍ തന്നില്‍ ആഴത്തില്‍ പതിഞ്ഞുവെന്നും ''ആ അര്‍ത്ഥത്തില്‍, യോഹന്നാന്‍ 17-ാം അധ്യായം 17-ാം വാക്യം ഞാന്‍ കടന്നുപോയ ജീവിതവഴിയിലുടനീളം എനിക്കു വഴികാട്ടിയായിരുന്നു'' (പേജ് 71) എന്നുമുള്ള മനോഹരസാക്ഷ്യത്തോടെയാണ് എമിരറ്റസ് പാപ്പാ തന്റെ ലേഖനം സമാപിപ്പിക്കുന്നത്.
മെത്രാനായപ്പോള്‍ 'സത്യത്തിന് നമ്മള്‍ സഹകാരികളാകാനായി' (3 യോഹന്നാന്‍ 8) എന്ന ആപ്തവാക്യം തിരഞ്ഞെടുത്തത് ഈ പ്രതിബദ്ധതകൊണ്ടാണ്.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)