കേരളത്തിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ തീര്‍ച്ചയായും ആശങ്ക ഉണര്‍ത്തുന്നതാണ്. പ്രായഭേദമോ സമൂഹത്തിലെ സ്ഥാനവ്യത്യാസമോ ഇല്ലാതെ എല്ലാ വിഭാഗത്തിലുംപെടുന്ന ആളുകളും ദൈവം നല്‍കിയ ജീവനെ അവസാനിപ്പിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഒരു കാലത്താണു നാം ജീവിക്കുന്നത്. നമുക്കോരോരുത്തര്‍ക്കും പകര്‍ന്നുകിട്ടിയ ജീവനെ, ഈ ജീവിതത്തെ ഒരു വീണ്ടുവിചാരവും ഇല്ലാതെ 'ചുമ്മാ കിട്ടി, അതങ്ങു പൊയ്‌ക്കോട്ടെ' എന്ന നിലയില്‍ ആളുകള്‍ അവസാനിപ്പിക്കുന്നതു നാം നേരിട്ടു കാണുന്നു; വായിച്ചു മനസ്സിലാക്കുന്നു. ഇതെല്ലാം എവിടെയോ നടക്കുന്നുവെന്നു കരുതി നാം മുന്നോട്ടുപോകുന്നു. അതു നമ്മുടെ അയലിലേക്കും തൊടിയിലേക്കും ഇടയിലേക്കും വരുന്നതുവരെ നാം നിസ്സംഗരായി തുടരുന്നു. പിന്നീട് നിസ്സഹായരായി മാറുന്നു.
സാക്ഷരതയിലെ ഒന്നാംസ്ഥാനവും സാമൂഹികവും സാമ്പത്തികവുമായ വികസനവും ഒന്നും നമ്മുടെ കൊച്ചുകേരളത്തെ ഇന്ത്യയില്‍ ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനം എന്ന നിലയില്‍നിന്നു പിന്നിലേക്കാക്കുവാന്‍ പര്യാപ്തമായില്ല എന്നത് നമ്മുടെ സജീവപരിഗണനയ്ക്കും ചിന്തയ്ക്കും വിഷയമാവേണ്ടതാണ്.
ഇത്തരം ഒരു സാഹചര്യത്തിലേക്കു കേരളം എത്തിയതിനെ നമ്മുടെ സാമൂഹികക്രമങ്ങളുടെ വളര്‍ച്ചയുമായി ചേര്‍ത്തുപഠിക്കേണ്ടിയിരിക്കുന്നു. സാംസ്‌കാരിക വളര്‍ച്ചയുടെ മുന്‍ വളവുകളിലും തിരിവുകളിലും നാം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു സ്വന്തം ജീവനെ അവസാനിപ്പിക്കല്‍. എന്നാല്‍, സാംസ്‌കാരികവളര്‍ച്ചയുടെ നിലവിലെ പടവുകളില്‍ ആത്മഹത്യകളുടെ പെരുപ്പം അരങ്ങുതകര്‍ത്തു നിറഞ്ഞാടുകയാണ്. അതിന് ജാതി, മതം, വര്‍ണ്ണം, വര്‍ഗം, സാമൂഹികചുറ്റുപാട്, പ്രായം ഒന്നും ഒരു തടസ്സമായി നില്‍ക്കുന്നില്ല. ഇതിനു കാരണങ്ങള്‍ പലതായിരിക്കാം. ഭൂരിഭാഗം ആത്മഹത്യകള്‍ക്കും കാരണം നാം തന്നെയാണ്. നമ്മള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളോ നമ്മളുമായി ബന്ധപ്പെട്ട വ്യക്തികളോ സംഭവങ്ങളോ ഒക്കെയാണ് എന്നു കാണാം.
ഒന്നേ ഉള്ളൂവെങ്കിലും ഉലക്കയ്ക്ക് അടിച്ചുവളര്‍ത്തണം എന്നു പറഞ്ഞു മനസ്സിലാക്കിയിരുന്ന കാരണവന്മാര്‍ നമുക്കുണ്ടായിരുന്നു. ഇന്ന് എനിക്കൊന്നേയുള്ളൂ എന്നും പറഞ്ഞ് എല്ലാം വാരിക്കോരിക്കൊടുത്തു വളര്‍ത്തുന്ന മക്കള്‍, പങ്കുവയ്പ് എന്തെന്നറിയിക്കാതെ വളര്‍ത്തപ്പെടുന്നവര്‍, ഒരിക്കല്‍ മക്കളുടെ നടത്താന്‍ പറ്റാത്ത ഒരു വലിയ ആഗ്രഹത്തിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ പറയുന്ന ഒരു 'പറ്റില്ല' എന്ന വാക്കില്‍ തടഞ്ഞു ജീവിതം അവസാനിപ്പിക്കുന്ന മക്കള്‍. ഇവിടെയാണ് വീടുകളിലെ ഇല്ലായ്മയും വല്ലായ്മയും ഒക്കെ അറിയിച്ചു വളര്‍ത്താതിരുന്നതിന്റെ ബുദ്ധിമുട്ട് നാം തിരിച്ചറിയുന്നത്. ചെറുപ്പം മുതലേ പറ്റില്ലാത്ത കാര്യങ്ങള്‍ പറ്റില്ല എന്നു പറയാന്‍ മടിക്കുന്ന മാതാപിതാക്കള്‍ ചോദിച്ചുവാങ്ങുന്നതാണ് ഈ അവസ്ഥ. എന്റെ പിതാവിന് ഇതൊക്കെയേ സാധിക്കൂ എന്നു മനസ്സിലാക്കി വളരുന്ന കുട്ടി പലതും ത്യജിക്കാനും അഡ്ജസ്റ്റ് ചെയ്യാനും പഠിക്കും. അത്തരം പഠിപ്പിക്കലുകളുടെ അഭാവം പ്രശ്‌നങ്ങളിലേക്കെത്തിക്കും. ചെറിയ ശിക്ഷണങ്ങള്‍ ലഭിച്ചു വളരുന്ന മക്കള്‍, അവരുടെ പരിമിതമായ സാഹചര്യങ്ങളില്‍ സംതൃപ്തരാകാന്‍ പഠിച്ചുവളരുന്നവര്‍ ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ പതറില്ല.
തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്ന കളിയാണ് പല മാതാപിതാക്കളും ഇപ്പോള്‍ കളിക്കുന്നത്. പലപ്പോഴും തുമ്പിക്കു കല്ലെടുക്കാന്‍ പറ്റാറില്ല. അപ്പോഴാണ് ഈ കളി പൊളിയുന്നത്. ഡോക്ടറും എഞ്ചിനീയറുമാകുന്നതു മാത്രമാണ് ജീവിതവിജയം എന്നു ചിന്തിച്ചു വളര്‍ത്തുന്ന മക്കള്‍ വിജയിക്കാതെ വരുമ്പോള്‍, മാതാപിതാക്കളുടെ അമിതപ്രതീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ തന്നെക്കൊണ്ടു സാധിക്കില്ല എന്നു തിരിച്ചറിയുമ്പോള്‍ മാനസികമായി തകര്‍ന്നു ജീവിതത്തെ കൈവിടുന്നതു നാം കണ്ടിട്ടുണ്ട്. ഇത് സ്വന്തം കുഞ്ഞിന്റെ ശക്തിയും കഴിവും തിരിച്ചറിയാതെ പോകുന്ന മാതാപിതാക്കളുടെ പരാജയമാണ്. പലപ്പോഴും ഇത്തരം മാതാപിതാക്കള്‍ അവരുടെ വിദ്യാഭ്യാസകാലത്ത് അവര്‍ക്കു സാധിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ മക്കളിലൂടെ നേടിയെടുക്കുക എന്ന അജണ്ടയുടെ പൂര്‍ത്തീകരണമാണു ലക്ഷ്യം വയ്ക്കുന്നത്.
മക്കളെ കേള്‍ക്കാന്‍, അവര്‍ക്കുവേണ്ടി അല്പസമയം ചെലവിടാന്‍ ഇന്ന് എത്ര മാതാപിതാക്കള്‍ക്കു കഴിയുന്നുണ്ട്? പുതിയ സാമൂഹികക്രമത്തില്‍ മക്കള്‍ക്കു മുന്‍പില്‍ ചെവി ചായ്ച്ചുകൊടുക്കുവാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ അവരുടെ വളര്‍ച്ചയില്‍ ഫലപ്രദമായി ഇടപെടുവാനുള്ള അവസരമാണ് നഷ്ടമാക്കുന്നത്. അണുകുടുംബവ്യവസ്ഥയിലേക്കുള്ള മാറ്റം കുഞ്ഞുങ്ങള്‍ക്കു കളിക്കൂട്ടുകാരായി ഉണ്ടായിരുന്ന ഒരു മുതിര്‍ന്ന തലമുറയുടെ ഇല്ലാതാകലിനാണു വഴിവച്ചത്. അതിലൂടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ചെറുതും വലുതുമായ സങ്കടങ്ങളും സന്തോഷങ്ങളും ആരോടും പറയാനില്ലാതെ ഉള്ളില്‍ത്തന്നെ തള്ളിയിടേണ്ടിവരുകയും തല്‍ഫലമായി മാനസികപിരിമുറുക്കത്തിലേക്ക് അത് അവരെ എത്തിക്കുകയും ചെയ്യുന്നു.
വ്യക്തികളുമായുള്ള സൗഹൃദങ്ങള്‍ ഇല്ലാതാവുകയും മൊബൈല്‍ ഏക സുഹൃത്താവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തില്‍ സാമൂഹികമാധ്യമങ്ങള്‍ നമ്മുടെ കുട്ടികളെയും മുതിര്‍ന്നവരെയും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. നല്ല ഒരു സുഹൃത്തിന്റെ കേള്‍ക്കലിനും സാന്ത്വനത്തിനും ചേര്‍ത്തുപിടിക്കലിനും പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ക്കു കഴിയില്ല എന്ന തിരിച്ചറിവ് പലര്‍ക്കും ഇല്ല എന്നതും നാം നേരിടുന്ന പ്രശ്‌നമാണ്.
ജീവിതത്തെക്കുറിച്ചുള്ള അമിതപ്രതീക്ഷകള്‍ സഫലമാവാതെ വരുമ്പോള്‍ അത് പലരെയും മാനസികപിരിമുറുക്കത്തിലേക്കും, അത് പലപ്പോഴും ജീവന്‍ അവസാനിപ്പിക്കുന്നതിലേക്കും നയിക്കും. സാമൂഹികചിന്തയുടെ അഭാവം മനുഷ്യനെ അവനിലേക്കുതന്നെ ചുരുക്കുന്നു. അതിലൂടെ സമൂഹത്തെ മനസ്സിലാക്കുവാനും അടുത്തറിയുവാനും ചുറ്റുപാടും എന്തു സംഭവിക്കുന്നു എന്നു മനസ്സിലാക്കുവാനും കഴിയാതെ, അതിനു ശ്രമിക്കാതെ തന്നിലേക്കു തന്നെ ചുരുങ്ങി, ജീവിതയാഥാര്‍ത്ഥ്യങ്ങളെ സധൈര്യം അഭിമുഖീകരിക്കാന്‍ പറ്റാതെ നിരാശയുടെ പടുകുഴിയിലേക്കു പതിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
സുരക്ഷിതവലയത്തില്‍നിന്നും സംരക്ഷിതസാഹചര്യങ്ങളില്‍നിന്നും പുറത്തു പോവേണ്ടി വരുമ്പോള്‍ ഭൂരിഭാഗം ചെറുപ്പക്കാര്‍ക്കും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാറില്ല. അമിതമായ സംരക്ഷണത്തില്‍ ചെറുപ്പത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ പരാജയപ്പെടുന്ന ഒരു സാഹചര്യം ഇതാണ്.
ഇതിനൊക്കെ കുടുംബത്തില്‍ ചെറുപ്പം മുതലേ മാതാപിതാക്കള്‍, അയല്‍ക്കാര്‍, സമൂഹം ഒക്കെച്ചേര്‍ന്ന് ഒരു ശിശുവിനെ വളര്‍ത്തി വലുതാക്കിയ പഴയ സാമൂഹികക്രമത്തില്‍ പരിഹാരം ഉണ്ടായിരുന്നു.
ദുരുപയോഗം ചെയ്യപ്പെട്ടു വളരുന്ന കുഞ്ഞുങ്ങളും ദുരുപയോഗത്തിനിരയാകുന്നവരും പലപ്പോഴും ആത്മഹത്യയില്‍ അഭയം തേടുന്ന സാഹചര്യങ്ങളും ഉണ്ട്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തികമായ ബാധ്യതകള്‍, കുടുംബപ്രശ്‌നങ്ങള്‍ ഇവയൊക്കെ മനുഷ്യരെ ആത്മഹത്യയിലേക്കെത്തിക്കുന്ന മറ്റു ചില കാര്യങ്ങളാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ജീവിതമാണ് സാമ്പത്തികപ്രശ്‌നങ്ങളുടെയും പലപ്പോഴും കുടുംബപ്രശ്‌നങ്ങളുടെയും കാരണം. ജീവിക്കുക എന്നതിനപ്പുറം മറ്റുള്ളവരെപ്പോലെ ജീവിക്കുവാന്‍ ശ്രമിക്കുന്നത് പ്രശ്‌നത്തില്‍ കലാശിച്ചേക്കാം.
ആത്മഹത്യകള്‍ വര്‍ധിക്കുന്നത് നമ്മുടെ ജീവിതത്തിലെ ധാര്‍മ്മികത നഷ്ടമാകുന്നു എന്നതിന്റെ തെളിവാണ്. ധാര്‍മ്മികതയില്‍ അടിയുറച്ച ഒരു പുതുതലമുറയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ഈ ദിശയില്‍ പുനഃക്രമീകരിക്കണം. നമ്മുടെ മത, സമുദായ, സാമൂഹികപ്രവര്‍ത്തനങ്ങള്‍ മാനസികാരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുവാന്‍ കഴിയുന്നതാവണം. മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന, ആ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്നതാവണം നമ്മുടെ സാമൂഹികപ്രവര്‍ത്തനങ്ങളും ജീവിതവും.
മറ്റൊരുവന് ഏറ്റവും ആവശ്യമായ വേളയില്‍ ചേര്‍ന്നുനില്‍ക്കുവാനും, ചേര്‍ത്തു നിര്‍ത്തുവാനും നമുക്ക് ഒരു സമൂഹമെന്ന നിലയില്‍ കഴിഞ്ഞാല്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളെ കുറച്ചുകൊണ്ടുവരുവാന്‍ നമുക്കു കഴിയും. കരുത്തായി കാവലായി കൂടെ നില്‍ക്കാം.