കോവിഡ്-19നേക്കാള്‍ വലിയ മഹാദുരന്തത്തിലേക്കാണ് കേരളയുവതലമുറയുടെ പ്രയാണം. കൗമാരക്കാരും യുവതീയുവാക്കളും ഇന്ന് ലഹരിയുപയോഗസ്വാധീനത്തിലാണ്. ഇന്നതൊരു സ്‌റ്റൈലായി മാറിയിരിക്കുന്നു. മുന്‍കാലഘട്ടങ്ങളില്‍ മുതിര്‍ന്നവരായിരുന്നു ലഹരിയുടെ ഇരയെങ്കില്‍ ഇന്ന് സ്‌കൂള്‍ കുട്ടികളും യുവതീയുവാക്കളും ലഹരിയുടെ അടിമത്തത്തിലാണ്. ചെറുപ്രായത്തില്‍ മാനസികസമ്മര്‍ദ്ദത്തില്‍പ്പെടുന്ന കുട്ടികള്‍ക്കു സ്വന്തം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിന് വിവേകപൂര്‍ണ്ണമായ കരുത്തില്ലാത്തതിനാല്‍ അവരെ സ്വാധീനിക്കാനും അടിമകളാക്കാനും ലഹരിമാഫിയയ്ക്ക് എളുപ്പമാണ്.
ഇന്ന് മയക്കുമരുന്നുമാഫിയയുടെ സാമ്രാജ്യം അതിവിപുലമായിക്കൊണ്ടിരിക്കുന്നു. ലഹരിയുപയോഗപരീക്ഷണത്തിലും സ്വാധീനത്തിലും അകപ്പെട്ടുപോകുന്ന കുട്ടികള്‍ പിന്നീട് രക്ഷപ്പെടാനാകാത്ത കുരുക്കിലാകുന്നു. ഇതുവഴി നിരവധി കുടുംബങ്ങളാണ് തകരുന്നത്. അക്രമം, കൊലപാതകം, ബലാത്സംഗം തുടങ്ങിയവയെല്ലാം ഇന്ന് കുടുംബങ്ങള്‍ കേന്ദ്രീകരിച്ചു വര്‍ദ്ധിക്കുന്നതിനു മുഖ്യകാരണം ലഹരിയുപയോഗമാണ്. ഇന്ത്യയിലെ ലഹരിയുപയോഗത്തില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. കൊച്ചി ഇന്ന് ലഹരിമാഫിയയുടെ ഒരു പ്രധാന കേന്ദ്രമാണ്.
ഈ രംഗത്ത് ഓരോ വര്‍ഷവും കേസുകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2004 ല്‍ 701 കേസുകളെങ്കില്‍ 2018 അത് 7700 ഉം 2019 ല്‍ 12600 ഉം ആയി വര്‍ദ്ധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ പെരുകിവരുന്നതിന്റെ മുഖ്യകാരണം ലഹരിയാണ്.
ലഹരിയുപയോഗവും നിയമവിരുദ്ധക്കടത്തും വലിയ സാമൂഹികവിപത്തായി മാറിക്കഴിഞ്ഞു. എന്‍ ഡിപിഎസ് ആക്റ്റ് (The Narcotic Drugs and Psychotropic Substances Act, 1985) പൂര്‍ണമായും കൃത്യമായി നടപ്പിലാക്കേണ്ടതും ജെ ജെ ആക്ടിന്റെ ((JJ Act) ഉം/78 ഉം പരിധിയില്‍ എക്‌സൈസ് വകുപ്പിനെ ഉള്‍പ്പെടുത്തേണ്ടതും കേസുകളും നിയമനടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതും അടിയന്തരാവശ്യങ്ങളാണ്. കുറ്റക്കാര്‍ക്കു കടുത്ത ശിക്ഷ നല്‍കുന്നതിനും ജാമ്യമില്ലാവ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനും പിഴശിക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അടിയന്തരനടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ പിന്തുണയോടെ പരിചയസമ്പന്നരായ കൗണ്‍സെലര്‍മാരുടെ സേവനം സ്‌കൂളില്‍ അനിവാര്യമാണ്. സാമൂഹികപ്രവര്‍ത്തകര്‍, കൗണ്‍സെലര്‍മാര്‍, എന്നിവരെ ഉള്‍പ്പെടുത്തി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, ലഹരിവിരുദ്ധ ക്ലബ്ബുകളുടെ ശക്തീകരണം, ജനബോധവത്കരണത്തിനായുള്ള നൂതനരീതികള്‍ ഇവയും അവലംബിക്കണം. പ്രശ്‌നത്തില്‍ അകപ്പെടുന്ന കുട്ടികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും തൊഴില്‍പരിശീലനത്തിനുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത അതീവപ്രാധാന്യത്തോടെ പരിഹരിക്കുകയും, കൂടുതല്‍ സെന്ററുകള്‍ക്കു രൂപം നല്‍കുകയും ചെയ്യണം. നാഷണല്‍ആക്ഷന്‍പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്‍ഡ് റിഡക്ഷന്‍ (20182023) എന്നത് അവലോകനം നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു.
സന്നദ്ധസംഘടനവഴി കുട്ടികള്‍ക്കായുള്ള കാവല്‍ പ്രൊജക്റ്റ് (Psychosocial Care and Rehabilitation of Children in Conflict with Law) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സും, ഗവ ഓഫ് ഇന്ത്യ നടപ്പാക്കുന്ന എന്‍.ഐ.എസ്.ഡി എന്ന പ്രൊജക്റ്റും ഏറെ പ്രയോജനകരമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല ഫലം ഉളവാക്കുന്നതും ഓരോ ജില്ലയിലും വിപുലമാക്കേണ്ടതുമാണ്. ലഹരിയുപയോഗവും ലഹരികടത്തലും ലോകത്തെ വിവിധ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ സാമൂഹികവിപത്താകുമ്പോള്‍, നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കിയും പുതിയ നിയമനിര്‍മ്മാണം നടത്തിയും നിയന്ത്രിക്കാനാകും.