കേരളത്തിലെ യുവാക്കള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മനിരക്കിന്റെ ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നതാണ് കേരളത്തി ലേതെന്നാണ് കണക്കുകള്‍ പറയുന്നത്. പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന തൊഴില്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് പലരും കടല്‍ കടക്കുന്നതാണ് കാലങ്ങളായുള്ള രീതി. ഇപ്പോള്‍ കൊവിഡിന്റെ വരവ് വിദേശത്തെ തൊഴില്‍സാധ്യതകള്‍ക്കും മങ്ങലേല്പിച്ചിരിക്കുന്നു. പലര്‍ക്കും തൊഴില്‍തേടി വിദേശത്തു പോകാന്‍ സാധിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു.
ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സാക്ഷരകേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴില്‍രഹിതരാണ്. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ജമ്മു കാശ്മീര്‍, രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്താണ് കേരളമെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. തൊഴില്‍രഹിതര്‍ ഏറ്റവും കുറവുള്ളത് ഗുജറാത്തിലാണ്. കേരളത്തിലെ 15 നും 29 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നുവെന്നും പ്രസ്തുത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വിഭാഗത്തിലെ 55.7 ശതമാനം യുവതികള്‍ തൊഴില്‍രഹിതരാണ്, യുവാക്കളില്‍ 37.1 ശതമാനവും. കര്‍ണാടകയിലും തമിഴ്നാട്ടിലും തൊഴില്‍രഹിതര്‍ താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 7.1, 8.96 എന്നിങ്ങനെയാണ് ഈ അയല്‍സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മനിരക്ക്. കൊവിഡ് മഹാമാരിക്കുമുമ്പ് കേരളത്തില്‍ 36.9 ശതമാനമായിരുന്നു തൊഴിലില്ലായ്മയെന്നും കൊവിഡ് വന്നതോടെ 43 ശതമാനമായി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്‍ജിനീയറിങ് ബിരുദധാരികളും മറ്റു ഡിഗ്രികളും പ്രഫഷണല്‍ കോഴ്സുകളും കഴിഞ്ഞവരുമെല്ലാം അവസരങ്ങളില്ലാതെ നാമമാത്രശമ്പളത്തില്‍, കിട്ടുന്ന ജോലികള്‍കൊണ്ട് തൃപ്തിപ്പെടുന്ന സാഹചര്യമാണ് മുമ്പേതന്നെ കേരളത്തിലുള്ളത്.
അതിഥിത്തൊഴിലാളികളുടെ ഇഷ്ടഭൂമി
ഇതിനിടയിലും ശ്രദ്ധേയമായ കാര്യം അതിഥിത്തൊഴിലാളികളുടെ സ്വര്‍ഗമാണ് കേരളം എന്നതാണ്. നാട്ടിലെ യുവാക്കള്‍ ഭൂരിഭാഗവും തൊഴില്‍തേടി കടല്‍ കടക്കുമ്പോള്‍ നാട്ടിലെ പണികള്‍ക്ക് ഇതരസംസ്ഥാനത്തൊഴിലാളികളെത്തുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 25 ലക്ഷത്തിലേറെ തൊഴിലാളികളാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് ഇവരില്‍ പലരും തിരികെപ്പോയ സാഹചര്യമുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങളിലും മറ്റുമായി സ്വകാര്യസ്ഥാപനങ്ങളില്‍പ്പോലും അന്യസംസ്ഥാനക്കാര്‍ ജോലിക്കു കയറുമ്പോള്‍ സാധാരണക്കാരായ മലയാളിയുവാക്കള്‍ തൊഴിലില്ലാതെ അലയുന്നു. അതിഥിത്തൊഴിലാളികള്‍ എന്തു തൊഴിലും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ മലയാളിയുവാക്കള്‍ നാട്ടിലെ പല തൊഴിലും ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന സാഹചര്യവും നിലനില്‍ക്കുന്നു. മലയാളിയുവാക്കള്‍ ഇഷ്ടപ്പെടുന്നതും മാന്യമായി വേതനം ലഭിച്ചിരുന്നതുമായ തൊഴിലുകള്‍ ഇന്ന് കുറഞ്ഞിരിക്കുന്നതും രൂക്ഷമായ തൊഴിലില്ലായ്മയിലേക്ക് മലയാളിയെ തള്ളിവിടുന്നു
രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ 2020 ഏപ്രിലിലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് പതിന്നാലു മാസത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയായ 17 ശതമാനത്തിലെത്തുന്നത്. മാര്‍ച്ച് മാസത്തിലെ 9 ശതമാനത്തില്‍നിന്നായിരുന്നു ഇത്തരത്തില്‍ തൊഴിലില്ലായ്മനിരക്കില്‍ ഒരു കുതിച്ചുചാട്ടം കേരളത്തില്‍ രേഖപ്പെടുത്തിയത്. ഈ സമയത്ത് തൊഴിലില്ലായ്മയുടെ ദേശീയശരാശരി 23.5 ശതമാനമായിരുന്നു.
കേരളത്തിന്റെ തൊഴില്‍മേഖലയിലും പഠന സംവിധാനത്തിലും മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് ഈ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനുസരിച്ച് ഉയര്‍ന്ന വേതനം നല്‍കുന്നതിനു തൊഴില്‍പാക്കേജുകളും തസ്തികകളും കൊണ്ടുവരേണ്ടതുണ്ട്. തൊഴില്‍സാധ്യതയുള്ള പുതിയ കോഴ്സുകള്‍ ആരംഭിക്കണം. ഇന്നത്തെ സാധ്യതകള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് തൊഴില്‍ സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ചര്‍ച്ച ഭരണതലത്തില്‍ ഉണ്ടാകണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ നല്‍കുന്ന വ്യാപാര, കെട്ടിടനിര്‍മാണമേഖലയിലെ കൊവിഡ്കാല പ്രതിസന്ധികളും തൊഴിലില്ലായ്മ രൂക്ഷമാക്കിയിരിക്കുന്നു. ചെറുതും വലുതുമായ നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങള്‍ കൊവിഡ് കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടച്ചുപൂട്ടി. പല സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിച്ചുരുക്കി. വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടിപ്പോകുന്നതുകൊണ്ടുണ്ടാകുന്ന തൊഴില്‍നഷ്ടം വളരെ വലുതാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടെക്സ്റ്റൈല്‍സും റെസ്റ്റോറന്റുകളുമെല്ലാം പൂട്ടിയതുമൂലമുണ്ടായ തൊഴില്‍നഷ്ടമേറെയാണ്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യുവാക്കളെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഇത്തരം പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ട്. ലോക്ഡൗണിനെത്തുടര്‍ന്ന് അധ്യാപകരും ടെക്കികളുമടക്കം ഒട്ടേറെപ്പേര്‍ തൊഴിലുറപ്പുതൊഴിലാളികളായി മാറുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
തൊഴില്‍നഷ്ടവും അതുണ്ടാക്കുന്ന മാനസിക, സാമ്പത്തികസമ്മര്‍ദവും കടുത്ത ആഘാതമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. എല്ലാ മേഖലയിലും തൊഴിലില്ലായ്മ ആഘാതം സൃഷ്ടിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പലരും കടുത്ത സമ്മര്‍ദത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമനങ്ങളും പരീക്ഷകളുമൊക്കെ എന്നു നടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഐ.ടി. മേഖലയിലും കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നത് യുവാക്കളില്‍ ആശങ്ക പടര്‍ത്തുന്നു.
കൊവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് വര്‍ധിക്കാന്‍ കാരണം.
വലിയ രീതിയിലുള്ള തൊഴില്‍ അരക്ഷിതത്വം ഇന്ന് സംസ്ഥാനത്തെ യുവജനങ്ങള്‍ നേരിടുന്നുണ്ട്. ലോക്ഡൗണിനു മുമ്പേതന്നെയും തൊഴിലന്തരീക്ഷം യുവാക്കള്‍ക്ക് അനുകൂലമായ തരത്തിലായിരുന്നില്ല. അപകടകരമാംവിധത്തില്‍ രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം കൂടി വന്നത് കടുത്ത വെല്ലുവിളികളാണ് തൊഴില്‍രംഗത്തു സൃഷ്ടിച്ചിരിക്കുന്നത്.
കൊവിഡിനോടൊപ്പം തൊഴിലില്ലായ്മയും പടരുന്നത് യുവാക്കളുള്‍പ്പെടെയുള്ളവരില്‍ കടുത്ത മാനസികസമ്മര്‍ദം ഉണ്ടാക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാമ്പത്തികബുദ്ധിമുട്ടുകളും മാനസികസമ്മര്‍ദങ്ങളുംമൂലം അടുത്തിടെ ആത്മഹത്യകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ്കാലമൊരുക്കിയ നിലവിലെ സാഹചര്യങ്ങളെയും സമ്മര്‍ദങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ അതിജീവിക്കാന്‍ യുവതയ്ക്കുമുമ്പില്‍ സാഹചര്യങ്ങളൊരുങ്ങട്ടെ.