മനുഷ്യനെ മറ്റു ജീവികളില്‍നിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിവാഹവും കുടുംബജീവിതവും. ഭാവിസമൂഹത്തെ വളര്‍ത്തി വലുതാക്കി കെട്ടുറപ്പുള്ള ഒരു സമൂഹത്തിനു രൂപംകൊടുക്കാന്‍ ബാധ്യസ്ഥമായ കുടുംബങ്ങളില്‍ പലതും ഇന്ന് വ്യത്യസ്ത കാരണങ്ങളാല്‍ തകര്‍ച്ചയിലേക്കു വീണുകൊണ്ടിരിക്കുന്നു. കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിണാമം കുടുംബബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് ഒരു പരിധിവരെ കാരണമാകുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍പോലും, തമ്മില്‍ സംസാരിച്ചു തീര്‍ക്കാമെന്നിരിക്കിലും വലുതായി കോടതികളില്‍ എത്തിച്ചേരുന്നു.
വിവാഹമോചനം വികസിതരാജ്യങ്ങളില്‍പ്പോലും ഒരു സമൂഹികപ്രശ്‌നമാണ്. യൂണിസെഫ്, ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, എബിസി ന്യൂസ് എന്നിവരുടെ സര്‍വേയില്‍നിന്നു കിട്ടിയ വിവരങ്ങളനുസരിച്ച്, ലോകത്ത് ആകെ നടക്കുന്ന വിവാഹങ്ങളില്‍ നാല്പതുശതമാനവും വിവാഹമോചനത്തില്‍ കലാശിക്കുന്നു. ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്ന രാജ്യം സ്വീഡനാണ്. (54.9 %). അമേരിക്കയും (54.8%) ഡെന്മാര്‍ക്കും (44.5%) തൊട്ടു പിന്നില്‍ത്തന്നെയുണ്ട്.
പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് പൗരസ്ത്യരാജ്യങ്ങളില്‍ വിശേഷിച്ച്, ഇന്ത്യയില്‍ വിവാഹമോചനത്തിന്റെ അളവ് താരതമ്യേന കുറവാണ്. 1990 കളില്‍ ഇന്ത്യയിലെ വിവാഹമോചനങ്ങളുടെ നിരക്ക് 7.4% ആയിരുന്നു. എന്നാല്‍, 2020 ഓടെ 18% ല്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വിവാഹമോചനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. ഉയര്‍ന്ന വിദ്യാഭ്യാസനിലവാരവും സാമ്പത്തികസ്വാതന്ത്ര്യവും കേരളത്തില്‍ ഉണ്ടായതുകൊണ്ടാവാം ഇത്.
2020 ല്‍ കേരളത്തിലെ കുടുംബക്കോടതികളില്‍ നിലനില്‍ക്കുന്ന വിവാഹമോചനക്കേസുകള്‍ ഒരു ലക്ഷത്തോളമാണെന്ന് കണക്കില്‍നിന്നു വ്യക്തമാണ്. കുടുംബത്തകര്‍ച്ചയുടെ ഒരു ഭയാനകചിത്രമാണിത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കംമുതലിങ്ങോട്ട് 350% ലധികം വര്‍ദ്ധന വിവാഹമോചനത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. വര്‍ഷം തോറും 25% ലധികം കേസുകള്‍ വര്‍ദ്ധിക്കുന്നു.
കേരളത്തിലെ വിവാഹമോചനത്തിന്റെ 70% നടക്കുന്നത് പുരുഷന്മാരുടെ മദ്യപാനത്തിന്റെ അനന്തരഫലമായാണെന്ന് ഇന്ത്യന്‍ ആള്‍ക്കഹോള്‍ പോളിസി അലയന്‍സിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തിലെ പുരുഷന്മാരില്‍ 60% പേരും മദ്യപാനികളാണെന്നും അതില്‍ത്തന്നെ 15% പേര്‍ അമിതമദ്യപാനികളാണെന്നും ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയ പഠനത്തില്‍ തെളിയുകയുണ്ടായി. കുടുംബനാഥന്റെ മദ്യപാനാസക്തിയും അതുവഴിയുണ്ടാകുന്ന രോഗങ്ങളും കടബാധ്യതയും സ്ത്രീകളെ വിവാഹമോചനത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതുവഴി ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. സര്‍ക്കാരിന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഈ വ്യവസായംമൂലം തകരുന്ന കുടുംബങ്ങളെയും സമൂഹത്തെയും നാം കണ്ടില്ലെന്നു നടിക്കരുത്.
നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഓരോ മണിക്കൂറിലും ഇന്ത്യയില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയും അവരുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബവും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും വിരളമല്ല. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഉപദ്രവം സഹിക്കവയ്യാതെ കുഞ്ഞുങ്ങളെ കൊന്നിട്ട് ജീവനൊടുക്കുന്ന സ്ത്രീകളുടെ കഥകള്‍ നാം നിത്യേനയെന്നോണം കേള്‍ക്കുന്നു. 2020 ല്‍ സ്ത്രീകള്‍ക്കെതിരേ നടന്ന കുറ്റകൃത്യങ്ങളായി 371503 കേസ്സുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 45% ശതമാനവും സ്ത്രീധനപീഡനക്കേസുകളാണ്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ അവരെ വിവാഹമോചനത്തിലേക്കു നയിക്കുന്നു.
ഇന്റര്‍നെറ്റിലും സാമൂഹികമാധ്യമങ്ങളിലും അടിമപ്പെടുന്നവരുടെയിടയിലും വിവാഹമോചനനിരക്ക് വളരെ കൂടുതലാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന കമിതാവിനെത്തേടി വീടുവിട്ടിറങ്ങുന്ന കുടുംബിനികളുടെ എണ്ണം ശ്രദ്ധിച്ചാല്‍ അപകടകരമായ ഈ പോക്ക് നമുക്കു മനസ്സിലാകും. ശാസ്ത്രം ചിലപ്പോഴൊക്കെ അപകടകാരിയാകുന്നത് ആറ്റംബോംബുകള്‍പോലുള്ള നശീകരണോപാധികളുടെ കണ്ടുപിടുത്തംകൊണ്ടുമാത്രമല്ല ഇത്തരം കാര്യങ്ങള്‍ കൊണ്ടുകൂടിയാണെന്ന് നാമോര്‍ക്കണം. ഇത്തരം സൈറ്റുകളില്‍ ആകൃഷ്ടരാകുന്നവര്‍ ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമകളാവുകയും അവരുടെ കുടുംബജീവിതം താറുമാറാവുകയും ചെയ്യും. അവരുടെ പങ്കാളി താമസിയാതെ വിവാഹമോചനത്തിലേക്കു നീങ്ങുന്നു.
ഇന്നത്തെ മിക്ക കുടുംബങ്ങളിലും ഭാര്യയും ഭര്‍ത്താവും വരുമാനമുള്ളവരാണ്. ഒരാളുടെ സഹായമില്ലെങ്കിലും മറ്റേയാള്‍ക്ക് അന്തസ്സായി ജീവിക്കാന്‍ കഴിയും. സ്ത്രീ സമ്പാദിക്കുന്ന പണം പുരുഷന് ആവശ്യമാണെങ്കിലും അയാള്‍ അവളുടെ നേട്ടത്തെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. തന്നെക്കാള്‍ വരുമാനമുള്ളവളും ഉയര്‍ന്ന ജോലിയിലിരിക്കുന്നവളുമായ ഭാര്യയെ അടിച്ചമര്‍ത്താന്‍ പുരുഷന്മാര്‍ ശ്രമിക്കും. സ്ഥിരവരുമാനമുള്ള ഭാര്യമാരില്‍ ചിലരെങ്കിലും ഭര്‍ത്താവിനെ അംഗീകരിക്കാതിരിക്കാനോ അഭിപ്രായങ്ങളെ മാനിക്കാതിരിക്കാനോ മുതിരുന്നവരാണ്.
ഇന്ത്യയിലെ പ്രമുഖ ഐടി നഗരമായ ബംഗളൂരുവില്‍ ആയിരത്തിന് നാനൂറ് എന്ന നിരക്കില്‍ വിവാഹമോചനം നടക്കുന്നു. ശരാശരി നാനൂറ് കേസ്സുകളെങ്കിലും ദിവസേന കോടതികളിലെത്തുന്നുണ്ട്. ഐടി - സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ വിവാഹമോചനത്തിന്റെ നിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ കാരണം അമിതമായ ജോലിസമ്മര്‍ദവും മാനസികപിരിമുറുക്കവുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ ഷിഫ്റ്റുകളില്‍ മാറിമാറി ജോലി ചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ആശയവിനിമയത്തിനുപോയിട്ട്, പരസ്പരം കാണാന്‍പോലും സമയം ലഭിക്കുന്നില്ല. കംപ്യൂട്ടറിനുമുമ്പില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവരുടെ ഇടയില്‍ മാനസികപ്രശ്‌നങ്ങളും വന്ധ്യതയുടെ നിരക്കും കൂടിയിരിക്കുന്നു.
വിവാഹമോചനം ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രത്യാഘാതം അനാഥമാകുന്ന ബാല്യങ്ങളാണ്. മിക്കവാറും വിവാഹമോചനക്കേസുകള്‍ വിധിയാകുന്നത് മക്കളെ അമ്മമാര്‍ക്കു വിട്ടുനല്കിക്കൊണ്ടായിരിക്കും. അതുകൊണ്ട് മക്കളെ പോറ്റാനുള്ള ബാധ്യത അമ്മമാര്‍ക്കുതന്നെയായിരിക്കും. വിവാഹമോചനം നേടുന്ന സ്ത്രീകള്‍ എന്നും സമൂഹത്തില്‍ പരിഹാസകഥാപാത്രങ്ങളായിത്തീരുന്നു. അവരും കുട്ടികളും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നു. സമൂഹം അനുവദിച്ചുനല്കിയിരിക്കുന്ന പ്രത്യേക പരിഗണന അവിടെയും പുരുഷന്മാര്‍ക്കു ലഭിക്കുന്നു. സഹതാപം കിട്ടിയില്ലെങ്കില്‍പ്പോലും അവര്‍ പരിഹസിക്കപ്പെടാറില്ല. മാതാപിതാക്കളുടെ വിവാഹമോചനത്തിലൂടെ അനാഥരാകുന്ന കുട്ടികളാണ് സമൂഹത്തില്‍ കൂടുതല്‍ പ്രശ്‌നക്കാരാകുന്നതും കുറ്റവാളികളായിത്തീരുന്നതും എന്നതും ഒരു വസ്തുതയാണ്.
ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനം സമൂഹമാണ്, അതു കെട്ടുറപ്പുള്ള കുടുംബങ്ങളുടെ കൂട്ടമാണ്. കുടുംബം നന്നാവണമെങ്കില്‍ ഓരോ വ്യക്തിയും നന്നാവണം. സത്യസന്ധമായ ആശയവിനിമയം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യകരമായ കുടുംബബന്ധങ്ങള്‍ ഉണ്ടാവും. കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ മക്കളെ സമൂഹത്തിനുതകുന്ന പൗരന്മാരായി വളര്‍ത്താന്‍ സാധിക്കും. പുസ്തകത്താളുകളിലും സിനിമാസ്‌ക്രീനുകളിലും കാണുന്നതല്ല ജീവിതമെന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്.
വിവാഹജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ആകെയുള്ള പരിഹാരം വിവാഹമോചനമാണെന്ന മനോഭാവം സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ അനുവദിക്കരുത്. അതിനുള്ള മാനുഷികമൂല്യങ്ങളും അടിസ്ഥാനഗുണങ്ങളും വരുംതലമുറയ്ക്കു പകര്‍ന്നുകൊടുക്കാനുള്ള കടമ നമ്മുടേതാണ്. നമ്മുടെ വിദ്യാഭ്യാസസംവിധാനങ്ങള്‍ അതനുസരിച്ചുള്ളതായിരിക്കണം. എങ്കില്‍ മാത്രമേ, ഭദ്രതയുള്ള കുടുംബങ്ങളും ഐക്യബോധമുള്ള സമൂഹവും അതുവഴി സുസ്ഥിരമായ രാഷ്ട്രവും സ്ഥാപിതമാവുകയുള്ളൂ.