•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പരിസ്ഥിതിസംരക്ഷണത്തിന്റെ പടപ്പാട്ടുകാരന്‍

ന്താണു പരിസ്ഥിതിയെന്നും നമ്മുടെ പരിസ്ഥിതിക്കു സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാവുന്നതുമായ ആഘാതങ്ങള്‍ ഏവയെന്നുമൊക്കെയുള്ള വിചിന്തനങ്ങള്‍ ഇതിനകം  ചെയ്തുകഴിഞ്ഞു. ഇനിയങ്ങോട്ടു നാം ചിന്തിക്കുന്നത് പരിസ്ഥിതി അവബോധത്തിനും സംരക്ഷണത്തിനുമായി കാലാകാലങ്ങളില്‍ എടുത്തിട്ടുള്ളതും എടുക്കേണ്ടതുമായ ചുവടുവയ്പ്പുകളെക്കുറിച്ചാണ്.
കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ പാരിസ്ഥിതികാവബോധം  നിര്‍മലമായി പകര്‍ന്നുകൊടുത്ത ശ്രേഷ്ഠനായ ഒരധ്യാപകനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പോടെ തുടങ്ങാം. പ്രകൃതിയെ അത്രയങ്ങു സ്‌നേഹിക്കുക മാത്രമല്ല, അതിന്റെ വഴികളിലൂടെ ഒരു തലമുറയെ മുഴുവന്‍ ജീവിക്കാന്‍ പ്രേരിപ്പിച്ച വ്യക്തിയെന്ന നിലയിലും പ്രശസ്തനായ 'ജോണ്‍സി' എന്ന സ്‌നേഹപ്പേരില്‍ അറിയപ്പെടുന്ന പ്രഫസര്‍ ജോണ്‍ സി. ജേക്കബിനെക്കുറിച്ചാണു പ്രതിപാദ്യം. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ 1936 നു ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ത്തന്നെ പ്രകൃതിനിരീക്ഷണത്തില്‍ അതീവതത്പരനായിരുന്ന ജോണ്‍സിയുടെ പിന്നീടങ്ങോട്ടുള്ള ജീവിതം മുഴുവന്‍ കേരളത്തിന്റെ പാരിസ്ഥിതിക ഭൂപടത്തില്‍ എക്കാലവും മിഴിവാര്‍ന്നു തെളിഞ്ഞുനില്ക്കുന്ന രജതരേഖകളായി മാറുന്നു.
ഒരു മനുഷ്യന്റെ ഭാവനയും സര്‍ഗാത്മകതയും നിശ്ചയദാര്‍ഢ്യവും അര്‍പ്പണമനോഭാവവും ദേശകാലങ്ങള്‍ക്കതീതമായി ജനസമൂഹങ്ങള്‍ക്കുമേല്‍ പ്രകാശമായിപ്പടരുന്ന ഒരു കാഴ്ചയാണ് ജോണ്‍സിമാഷിന്റെ ജീവിതവും ദര്‍ശനവും നമുക്കു പകര്‍ന്നേകുന്നത്.
മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ച ജോണ്‍ സി. ജേക്കബിന്റെ പ്രകൃതി; നിരീക്ഷണവും വ്യാഖ്യാനവും എന്ന പുസ്തകം പ്രസിദ്ധീകരിച്ച് 17 വര്‍ഷങ്ങള്‍ക്കുശേഷവും ആ പുസ്തകത്തിന്റെ വായന നവ്യമായ ഒരനുഭൂതി പകര്‍ന്നുനല്‍കുന്നു. പുസ്തകത്തിലെ 13 അധ്യായങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍, പരിസ്ഥിതിയറിവുകളിലൂടെ മാത്രമല്ല, ചുറ്റുപാടുകളോട് എങ്ങനെ ഇടപെടണമെന്ന പ്രായോഗികപരിശീലനത്തിലൂടെയും നാം യാത്ര ചെയ്യുന്നുണ്ട്. വര്‍ത്തമാനകാലത്ത് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാവുന്ന ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കും ധൈര്യപൂര്‍വം വാങ്ങിച്ചുകൊടുക്കാവുന്ന ഉത്തമമായ ഒരു പുസ്തകം. അവരുടെ ആകാശം ഈ പ്രപഞ്ചംപോലെ വിശാലമാകും  എന്നൊരുറപ്പ് ഞാന്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും അധ്യാപകര്‍ക്കും അവരുടെ കര്‍മമണ്ഡലങ്ങളില്‍ വെളിച്ചമായി മാറുന്ന ഒരു പുസ്തമാണിത്. കേട്ടറിവിന്റെ  പകര്‍ത്തെഴുത്തല്ല; അനുഭവങ്ങളുടെ ചൂരും നേരുംകൊണ്ട് സമൃദ്ധമായ പുസ്തകം.
ഭൂമിയില്‍നിന്നു മനുഷ്യനുണ്ടാക്കിയതോ, രൂപഭേദം വരുത്തിയതോ ആയ എല്ലാം പെറുക്കിക്കളഞ്ഞാല്‍ ബാക്കിയുള്ളതാണ് പ്രകൃതി എന്നു മാഷ് പറഞ്ഞുതരുമ്പോള്‍ പ്രകൃതി എന്താണെന്നുള്ളതു തെളിനീരുപോലെ സുവ്യക്തം. മനുഷ്യനു കേള്‍ക്കാന്‍ കഴിയാത്ത ശബ്ദവീചികള്‍ ഷഡ്പദങ്ങള്‍ക്കും നായ, പൂച്ച തുടങ്ങിയ മൃഗങ്ങള്‍ക്കും വവ്വാലുകള്‍ക്കും തിമിംഗലങ്ങള്‍ക്കും ആനകള്‍ക്കും കേള്‍ക്കാന്‍ കഴിയുമെന്നും, കാഴ്ചയുടെ കാര്യത്തില്‍ മനുഷ്യനേത്രത്തിനു കാണാനാവാത്ത അള്‍ട്രാവയലറ്റ് നിറം തേനീച്ചകള്‍ക്കു കാണാന്‍ കഴിയുമെന്നും ജോണ്‍സി മാഷ് പറഞ്ഞുവയ്ക്കുമ്പോള്‍ ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകള്‍ പരിമിതമാണെന്ന ആത്മീയസത്യം ലളിതമായി, സത്യസന്ധമായി, തെളിവോടെ ആവിഷ്‌കരിക്കപ്പെടുകയാണ്. ഭൂമിയിലെ ജീവനില്ലാത്ത ഘടകങ്ങള്‍ ജീവികളിലെ ജീവനുള്ളവയായി മാറിക്കൊണ്ടിരിക്കുന്നുവെന്നും അതുപോലെ, ജീവികളിലെ ജീവനുള്ള ഘടകങ്ങള്‍ തിരികെ ഭൂമിയിലെ ജീവനില്ലാത്ത പദാര്‍ത്ഥങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്നും മാഷ് അടയാളപ്പെടുത്തുമ്പോള്‍, പ്രകൃതിപഠനമെന്നത് നമ്മെപ്പറ്റിത്തന്നെയുള്ള പഠനമാണെന്ന ബോധ്യം സുനിശ്ചിതമാകുന്നു.
പാരിസ്ഥിതികാബോധത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന നേച്ചര്‍ക്ലബുകള്‍ക്ക് ആരംഭം കുറിച്ചത് ജോണ്‍സിയാണ് എന്നറിയുമ്പോഴാണ് അദ്ദേഹം അന്നു പാകിയ വിത്ത് ഇന്നു രാജ്യങ്ങളോളം പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നതിന്റെ മഹത്ത്വം നാം തിരിച്ചറിയുന്നത്. 1972 ല്‍ കേരളത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേച്ചര്‍ക്ലബുകള്‍ വ്യാപകമായി ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ആദ്യപ്രകൃതിസഹവാസ ക്യാംപിന് 1974 ല്‍ ഏഴിമലയില്‍ തുടക്കംകുറിച്ചു. 34 കുട്ടികളും 16 അധ്യാപകരും ദക്ഷിണേന്ത്യയില്‍നിന്ന് പങ്കെടുത്തു. ഇന്ദുചൂഡന്‍ എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന പക്ഷിശാസ്ത്രജ്ഞന്‍ കെ.കെ. നീലകണ്ഠന്‍ മാസ്റ്ററായിരുന്നു വിശിഷ്ടാതിഥി. അഞ്ചു ദിവസം നീണ്ട ക്യാംപ് അവസാനിക്കുമ്പോള്‍ പങ്കെടുത്തവരില്‍ മുഴുവന്‍ പരിസ്ഥിതിദര്‍ശനത്തിന്റെ വലിയൊരു അഗ്നി നിറഞ്ഞിരുന്നു! സൈലന്റ് വാലിയെ രക്ഷിക്കാന്‍ കുട്ടികള്‍ എന്തെങ്കിലും ചെയ്യണമെന്ന പ്രഫ. എം.കെ. പ്രസാദ് മാസ്റ്ററുടെ ആഹ്വാനം വിദ്യാര്‍ത്ഥികളേറ്റെടുത്തു. സി.ഐ.എ. ചാരന്മാര്‍ എന്നു  മുദ്രകുത്തി സര്‍ക്കാരും നാട്ടുകാരും പരിഹസിച്ചപ്പോഴും കേരളത്തിലെ അറുപതോളം നേച്ചര്‍ക്ലബുകളിലെ വിദ്യാര്‍ത്ഥിസമൂഹം ഒറ്റക്കെട്ടായി പൊരുതിനിന്നു. ലോകത്തിനുതന്നെ പിന്നീടു മാതൃകയായിത്തീര്‍ന്ന പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടിയുള്ള ആദ്യത്തെ ജനമുന്നേറ്റത്തിനു മാഷിനും മാഷിന്റെ വിദ്യാര്‍ത്ഥികള്‍ക്കും നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല.
പയ്യന്നൂര്‍ കോളജില്‍വച്ച് 1972 ല്‍ ജോണ്‍സി തുടക്കമിട്ട സുവോളജിക്കല്‍ ക്ലബും, 1979 ല്‍ മാഷ് സ്ഥാപിച്ച സൊസൈറ്റി  ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യുക്കേഷന്‍ ഇന്‍ കേരളയും (seek), 1986 ല്‍ ആരംഭിച്ച ''ഒരേ ഭൂമി ഒരേ ജീവന്‍'' എന്ന പ്രസ്ഥാനവും പരിസ്ഥിതിരംഗത്തു നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. കേരളത്തിലെ പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിനു തുടക്കമിട്ടതും ജോണ്‍സിയാണ്. മൈന, സൂചിമുഖി, ആന്‍ഖ്, പ്രസാദം തുടങ്ങിയ പരിസ്ഥിതിമാസികകളുടെ പത്രാധിപരായി നിന്നുകൊണ്ട് ഒരു കാലഘട്ടത്തിനാവശ്യമായ പാരിസ്ഥിതികോര്‍ജം പകര്‍ന്നുനല്‍കിയ മഹാനായ ജന്തുശാസ്ത്രജ്ഞനായിരുന്നു പ്രഫസര്‍ ജോണ്‍ സി. ജേക്കബ്. 1960 മുതല്‍ 1965 വരെ കോഴിക്കോട് ദേവഗിരി കോളജിലും, പിന്നീട് 1992 വരെ പയ്യന്നൂര്‍ കോളജിലുമുള്ള അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന 'ഹരിതദര്‍ശനം' എന്ന  ആത്മകഥ മാഷിന്റെ ബാല്യകൗമാരങ്ങളിലൂടെ കടന്നു വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ വൈവിധ്യങ്ങള്‍ പേറിനില്ക്കുന്ന ഒരു മഹാവടവൃക്ഷം കണക്കെ നമുക്കു മുന്നില്‍ ഉയര്‍ന്നുനില്ക്കും. പ്രകൃതിയോടൊത്തുള്ള  ആ യാത്രയില്‍ എല്ലാം കടന്നുവരുന്നു; മനുഷ്യനും മതവും അധികാരവും ആത്മീയതയും സമരവും കലഹവും രോഗവും നിന്ദനവും ഒറ്റപ്പെടലും... എല്ലാം! ഒപ്പം, തണലും കുളിരും ഫലങ്ങളുമേകി അനേകര്‍ക്ക് അഭയമായി ചിലര്‍ക്കു നുള്ളാനും ഒടിക്കാനും മുറിവേല്പിക്കാനും അപകടപ്പെടുത്താനുമൊക്കെ  ആവുന്നവിധം മറ കൂടാതെ വിടര്‍ന്നുനില്ക്കുന്ന ഒരു വന്മരമായി ആ ജീവിതം ഒറ്റപ്പെട്ടു നില്‍ക്കുന്നു. താന്‍ കുട്ടികള്‍ക്കുവേണ്ടി നട്ടുപിടിപ്പിച്ച പയ്യന്നൂര്‍ കാമ്പസിലെ കാടു നശിപ്പിക്കപ്പെട്ടപ്പോള്‍ ഒരു ദിവസം മുഴുവന്‍ വാവിട്ടു നിലവിളിച്ച മാഷിന്റെ മനുഷ്യത്വം നമ്മെ സ്തബ്ധമാക്കുന്നുണ്ട്.  ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഒരു തൊഴിലാളി സംഘടന പരിസ്ഥിതിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ ആ കൂട്ടത്തില്‍ മാഷുണ്ടായിരുന്നു. കൂടംകുളം ആണവനിലയത്തിനെതിരേ കന്യാകുമാരിയില്‍വച്ചു നടന്ന സമരത്തില്‍ മത്സ്യത്തൊഴിലാളികളോടൊപ്പം മാഷും ഏറ്റുപാടി - ജലം രക്ഷിക്കൂ... ജീവന്‍ രക്ഷിക്കൂ... എന്ന്.
കേരളസര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരവും ജൈവവൈവിധ്യബോര്‍ഡിന്റെ ഹരിതം അവാര്‍ഡും നേടിയ മാഷ് പുരസ്‌കാരങ്ങള്‍ക്കും മരണത്തിനുമപ്പുറം ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു; പ്രത്യേകിച്ച്, പരിസ്ഥിതിയെക്കുറിച്ചുള്ള ആകുലതകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ ഹൃദയങ്ങളില്‍. പിന്നെ ഈ പ്രകൃതി മുഴുവനും. മാഷേ പ്രണാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)