പ്രശാന്ത് - ആ പേര് അദ്ദേഹം സ്വയം സ്വീകരിച്ചതായിരുന്നു. ആരും ചാര്‍ത്തിക്കൊടുത്തതല്ല. അതു ജീവിക്കുന്ന തിരക്കിലാണദ്ദേഹം. പ്രക്ഷുബ്ധതയില്ലാത്തത്, ആന്തരികസന്തോഷം നിറഞ്ഞത് എന്നൊക്കെയാണ് ഈ പേരിന്റെ വാച്യാര്‍ത്ഥം.
''പ്രശാന്തമനസം ഹ്യേനം
യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം
ബ്രഹ്‌മഭൂതമകല്മഷം''
(ഭഗവദ്ഗീത 6:27).
1964 സെപ്റ്റംബര്‍ 29 ന് പാലയ്ക്കാപ്പിള്ളില്‍ സേവ്യര്‍ - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ഫാ. പ്രശാന്ത് കൊച്ചിയില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസാനന്തരം സി.എം.ഐ. സഭയില്‍ ചേര്‍ന്ന ജോണ്‍സണ്‍ സേവ്യര്‍ പാലയ്ക്കാപ്പിള്ളില്‍ പ്രശാന്തച്ചന്‍ എന്ന പേരിലാണ് ജനകീയനായത്. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍നിന്നു ട്രെയിനിങ് നേടിയിട്ടുള്ള ഫാ. പ്രശാന്ത് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നാണ് സോഷ്യല്‍ വര്‍ക്കില്‍ പിഎച്ച്ഡി എടുത്തത്. പതിനൊന്ന് വര്‍ഷത്തോളം കേരളത്തിലെ ഏറ്റവും പ്രശസ്തമായ തേവര സേക്രഡ് ഹാര്‍ട്ട് കോളജിന്റെ അമരക്കാരനായിരുന്നു ഫാദര്‍ പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍. അമേരിക്കയിലെ വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഡംബരങ്ങളും ആഘോഷങ്ങളുമില്ലാതെ ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കുന്ന അസാധാരണ വ്യക്തിത്വം. ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ചയുടനെ ഹോണ്ടാ യുണികോണ്‍ ബൈക്കില്‍ അദ്ദേഹം ഇന്ത്യയിലുടനീളം യാത്ര ചെയ്തു. നൂറ്റിയിരുപത്തൊന്നു ദിവസം നീണ്ടുനിന്ന യാത്രയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഇന്ത്യയുടെ ആത്മാവിനെത്തേടിയുള്ള യാത്ര. അധികവും ഗ്രാമങ്ങളിലൂടെയാണു സഞ്ചരിച്ചത്. യാത്രകളെ സ്‌നേഹിച്ച പ്രശാന്തച്ചന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ചെറുപുല്ലിനെയും മണ്ണിനെയും മനുഷ്യരെയും ആദരപൂര്‍വം സ്മരിച്ചുകൊണ്ടു പറയുന്നതിപ്രകാരം; 'സമാധാനം, അനുരഞ്ജനം, അതാണ് എന്റെ മനസ്സിന്റെ നിയോഗം.'
മനുഷ്യര്‍ തമ്മിലും ഈ ഭൂമിയുമായും സമാധാനത്തില്‍ വര്‍ത്തിക്കണം.
യാത്രയ്ക്കിടയില്‍ അദ്ദേഹം ഡല്‍ഹിയിലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരോടു സംസാരിച്ചു. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ലൗദാത്തോ സി എന്ന ചാക്രികലേഖനം പ്രശാന്തച്ചന് ഒരു മാര്‍ഗരേഖയായിരുന്നു. പല സ്ഥലങ്ങളിലുംവച്ച് പരിചിതരെയും പൂര്‍വവിദ്യാര്‍ത്ഥികളെയും കണ്ടുമുട്ടുന്നതിനിടയായതും അദ്ദേഹം സ്‌നേഹപൂര്‍വം ഓര്‍മിക്കുന്നു. ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ഈ അമ്പത്തിയാറുകാരന്‍ വൈദികന്‍ 15 വര്‍ഷം പഴക്കമുള്ള ബൈക്കില്‍ യാത്ര ചെയ്തത്. ത്രിപുരയില്‍ എത്തിയപ്പോള്‍ അവിടുത്തെ ബിഷപ്പും ഒരു സംഘം വൈദികരും ഇദ്ദേഹത്തോടൊപ്പം കുറച്ചുദൂരം സഞ്ചരിക്കാനിടയായതിനെക്കുറിച്ചും പ്രകൃതിവനം, പുനെയിലെ കപ്പിള്‍സ് നടത്തുന്ന ഫാം, കൃഷിയിടങ്ങള്‍, വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രോഗാം ഇതൊക്കെ കാണാനിടയായതിനെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. ''ഒന്നും പ്രതീക്ഷിച്ചില്ല; പക്ഷേ, എല്ലാം എനിക്ക് അനുകൂലമായിരുന്നു. കിട്ടിയതിനെല്ലാം നന്ദി മാത്രം.''
''ചെറിപ്പൂക്കള്‍ വിടരുന്ന
ഇടമാണെങ്കിലും നമ്മുടേത്
ഒരു പ്രയാസമേറിയ ലോകമാണ്'' (ഹൈക്കു)
പ്രയാസമേറിയ ലോകത്തെക്കുറിച്ചു വിഷാദഭരിതനാകാതെ വിരിയുന്ന ചെറിപ്പൂക്കളില്‍ പ്രതീക്ഷയര്‍പ്പിച്ച ഒരു സാധകന് ഇനിയും പറയാന്‍ ഏറെയുണ്ട്.