ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍, വിശിഷ്യാ വെനിസ്വേല, ബൊളീവിയ, കൊളംബിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുള്ള വര്‍ഷാവസാനച്ചടങ്ങുകള്‍ അത്യന്തം രസാവഹമാണ്.
പഴയ വര്‍ഷത്തിന്റെ പ്രതീകമായി ഒരു പടുകൂറ്റന്‍ പാവയുണ്ടാക്കും - അസ്സല്‍ പുരുഷവേഷത്തില്‍. അതു നിര്‍മിക്കുക കുടുംബത്തിലുള്ളവര്‍ വേണ്ടെന്നുവച്ച തുണികളും മറ്റിതരസാധനങ്ങളും ഉപയോഗിച്ചാണ്. അതിനുള്ളില്‍ യഥാസ്ഥാനങ്ങളില്‍ സ്‌ഫോടകവസ്തുക്കളും മറ്റും നിക്ഷേപിച്ചിട്ടുണ്ടാകും.
പാതിരാവോടടുക്കുമ്പോള്‍ കുടുംബാംഗങ്ങളെല്ലാവരും ഒന്നൊഴിയാതെ പാവയ്ക്കുചുറ്റും ഒത്തുചേരും. പോയ വര്‍ഷം തങ്ങള്‍ക്കുണ്ടായ പരാജയങ്ങളും ദുഃഖങ്ങളും പാവയുടെ മുമ്പില്‍നിന്നു വിളിച്ചു പറയും. അതിന്റെ സര്‍വ ഉത്തരവാദിത്വവും ആ സത്വത്തില്‍ ചാര്‍ത്തി അതിനെ 'അതികഠിന'മായി ദേഹോപദ്രവമേല്പിക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്.
മനസ്സിനുള്ളില്‍ ഉറഞ്ഞുകിടക്കുന്ന പ്രതിഷേധവും പ്രതികാരവും അവശേഷിക്കുന്ന നൊമ്പരങ്ങളുമൊക്കെ പൊക്കിയെടുത്തു പുറത്തെറിഞ്ഞു കളയാന്‍ ഇത്തരം പ്രതീകാത്മകപ്രവര്‍ത്തനങ്ങള്‍ പര്യാപ്തമത്രേ.
അവസാനം, പാവയ്ക്കു തീ കൊടുക്കും. അതു കത്തിക്കരിഞ്ഞും പൊട്ടിത്തെറിച്ചും നിശ്ശേഷം ചാമ്പലാകുന്നതോടെ പഴയവ മുഴുവന്‍ മറന്ന് സമാധാനപൂര്‍വം കുടുംബാംഗങ്ങള്‍ പോയിക്കിടന്നുറങ്ങും.
പഴയതിന്റെ അവശിഷ്ടമായി ഇനി ഒന്നും ബാക്കിയില്ല. എല്ലാം പുതിയത്! എന്തിലും ഏതിലും, ഒരു നവീകരണം - പുതുമ! പുതിയൊരു തുടക്കം. പുത്തനാണ്ട്, പുത്തന്‍ മാസം, പുത്തന്‍ വാരം, പുത്തന്‍ ദിനം - ആദ്യ മണിക്കൂര്‍. അവിടെയാണ് ആ കത്തിച്ചുകളയല്‍ നമ്മെ എത്തിച്ചുനിറുത്തുന്നത്.
പഴയ മനുഷ്യനെ (പ്രകൃതിയെ) ഉരിഞ്ഞുകളഞ്ഞു പുതിയതിനെ പ്രാപിക്കാനാണല്ലോ വി. ഗ്രന്ഥവും ആവശ്യപ്പെടുക (കൊളോ. 3-10; എഫേ. 4:24). അതു തന്നെയാണ്, മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ ആചാരങ്ങളുടെ അന്തസ്സത്ത.
ഇംഗ്ലണ്ടു കീഴടക്കാന്‍ പട്ടാളസമേതം പുറപ്പെട്ട ജൂലിയസ് സീസര്‍ വന്‍കരയില്‍നിന്ന് അക്കര കടക്കുകയാണ്. ഇനിയാണ് യഥാര്‍ത്ഥ യുദ്ധം. അവിടെയുള്ളവരോടു പോരാടി വിജയിക്കണം. പ്രതികൂല സാഹചര്യങ്ങള്‍! വലിയൊരു സാഹസികത! പക്ഷേ, ഇടയ്ക്കുവച്ച് തന്റെ പടയാളികള്‍ പിന്തിരിഞ്ഞ് ഓടിയാലോ? യുദ്ധതന്ത്രജ്ഞനായ സീസര്‍ ചെയ്തതെന്തെന്നോ? എത്തിച്ചേര്‍ന്ന വാഹനങ്ങളത്രയും കത്തിച്ചുകളഞ്ഞു. എന്തു വന്നാലും ശരി, ഇനി ആരും പിറകോട്ടു നോക്കരുത്. എല്ലാം മറന്ന് വീറോടെ മുന്നേറണം. ഒന്നുകില്‍ ജയിക്കണം, അല്ലെങ്കിലും ജയിക്കണം. സീസറിന്റെ വിദ്യ വിജയിച്ചു, യുദ്ധം ജയിച്ചു വിജയോന്മത്തരായി പട്ടാളം പുതിയ ജലവാഹനങ്ങളില്‍ പുറപ്പെട്ടിടത്തു തിരിച്ചെത്തി.
സ്വന്തമായ, സ്വതന്ത്രമായ വളര്‍ച്ചയ്ക്കു ചിലപ്പോള്‍ ചില ബന്ധങ്ങള്‍ മുറിക്കപ്പെടേണ്ടതായി വരും. തൈവാഴ തായ്ത്തടിയില്‍നിന്നു പിരിച്ചു മാറ്റപ്പെടുകതന്നെ വേണം. ആ പിരിക്കല്‍ ആരംഭത്തില്‍ അല്പസ്വല്പം മുറിവുണ്ടാക്കും.
മുറിഞ്ഞ ഭാഗത്തുനിന്നു ജീവരസം ഊറിയിറങ്ങും. ഇഞ്ചിയും മഞ്ഞളും മുറിച്ചെടുത്തുതന്നെയല്ലേ കര്‍ഷകര്‍ നട്ടുവളര്‍ത്തുക? പറിച്ചുമുറിച്ചു തയ്യാറാക്കിയ ഞാറിന്റെ രണ്ടറ്റത്തുനിന്നും 'രക്തം വമി'ക്കുന്നതു കാണാം! പുതിയ മണ്ണില്‍ അനുകൂലമായ അന്തരീക്ഷത്തില്‍ വെള്ളവും വളവും വെളിച്ചവും സ്വീകരിച്ച് അവ വളര്‍ന്നു ഫലമണിയാന്‍ അതു കൂടിയേ തീരൂ.
പുതിയൊരു ബന്ധം സ്ഥാപിച്ചു പുരുഷന്‍ സ്ത്രീയുമായി ഒന്നാകണമെങ്കില്‍, ജന്മം നല്കി വളര്‍ത്തി വലുതാക്കിയ മാതാവിനെയും പിതാവിനെയും വിട്ടുപിരിഞ്ഞേ തീരൂ. അതാണു വി. ഗ്രന്ഥവും പഠിപ്പിക്കുക (ഉത്പ. 2:24).
ഫിലോസഫിയിലെ അതിപുരാതനമായ ആപ്തവാക്യമാണ് '"Generatio unius corruptio alterius'' -ഒന്നിന്റെ ജനനം മറ്റൊന്നിന്റെ നാശത്തില്‍നിന്നാണ്! നിലത്തുവീണഴുകിയ ഗോതമ്പുമണിയില്‍നിന്നാണ് പുതുജീവന്‍ പുറത്തുവരുക.
വേര്‍പാടു വേദനാജനകമാണ്. എങ്കിലും വേറൊന്നിലേക്ക് ഉരുകിച്ചേരണമെങ്കില്‍ വേര്‍പാടു സംഭവിക്കുകതന്നെ വേണം.
പഴയ ബന്ധങ്ങളില്‍നിന്ന്, പോയ വര്‍ഷത്തില്‍നിന്ന്.
ശ്രീമാന്‍ പഴയവര്‍ഷത്തെ (Mr. Old year)) അതിന്റെ സര്‍വകുറവുകളോടുംകൂടി കത്തിച്ചുകളയണം. പകരം അടുത്തവനെ കുടിയിരുത്തുകയും (കൊളോ. 3:9,10). എങ്കിലും, യഥാകാലം അവനും അവിടെനിന്നു കുടിയിറക്കപ്പെടും, ഇറങ്ങിയേ തീരൂ.
അതിന്റെയെല്ലാം അവസാനം അവരെയൊക്കെ കുടിയിരുത്തിയ, കുടിയൊഴിപ്പിച്ച നമ്മളും ഇറങ്ങി മാറേണ്ടി വരും. നാമിരുന്ന കസേരയില്‍ പകരം വേറൊരാള്‍ വന്നിരിക്കും - തികച്ചും സ്വാഭാവികമായിത്തന്നെ.
കടന്നുപോയ വര്‍ഷങ്ങളെപ്പോലെ നാമും ഇവിടത്തുകാരല്ല. അടുത്ത തലമുറയ്ക്കു വഴിമാറേണ്ടവരാണെന്ന യാഥാര്‍ത്ഥ്യമാണ് അതൊക്കെ നമ്മെ അനുസ്മരിപ്പിക്കുക.
ഒരു കണക്കിന് ഒരിക്കലും ഒഴിയേണ്ടിവരികയില്ലാത്തതായിട്ട്, മാറ്റമില്ലാത്തതായിട്ട് ഈ ദൃശ്യപ്രപഞ്ചത്തില്‍ എന്താണുള്ളത്? എല്ലാം അങ്ങനെ നീങ്ങിപ്പോകുന്നു, അകലുന്നു - അടുത്തതിനു വഴിമാറുന്നു.
ഒരിക്കലും ഇളകാത്തതെന്നു കരുതപ്പെടുന്ന കരിമ്പാറക്കെട്ടുകള്‍പോലും ക്രമേണ പൊടിഞ്ഞു മണ്ണാകും, മണ്ണു ചെടിയാകും; ഒരു ചെടി മറ്റു ചെടികള്‍ക്കു വളമാകും, പിന്നെപ്പിന്നെ ചെറു ജീവികള്‍ക്കും. ഒരു ജീവി വേറൊന്നിന്റെ ഇരയത്രേ... അതാണ് അനന്തമായ ദൈവനിയോഗം. പോയ വര്‍ഷം നമുക്കു പറഞ്ഞുതരുന്ന പാഠവും അതുതന്നെ.
ഇതൊക്കെ മനസ്സിലാക്കി പുതിയ വര്‍ഷത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍, ജീവിതം ധന്യമാക്കാന്‍ ആവണം നമ്മുടെ ഭഗീരഥയത്‌നം.
കുത്തഴിഞ്ഞ ജീവിതം, അലക്ഷ്യമായ ആയുസ്സ് ഒന്നും പ്രദാനം ചെയ്യുന്നില്ല. അശാന്തരുടെ അന്തരംഗം ചന്തസ്ഥലത്തെ ശബ്ദാരവങ്ങളെക്കാള്‍ കലുഷിതമായിരിക്കും. അതു സംഭവിക്കാതിരിക്കട്ടെ.