നിലാവെളിച്ചം പക്ഷിമൃഗാദികളെയും മനുഷ്യരെയും സ്വാധീനിക്കുന്നുണ്ടോ? ചില കടല്‍ത്തീരങ്ങളില്‍ കാണുന്ന കവചജന്തുക്കളായ സാന്‍ഡ് ഹോപ്പറുകളുടെ കാര്യം ഒന്നു പരിശോധിക്കാം. നല്ല നിലാവുള്ള രാത്രികളില്‍ മാളങ്ങളില്‍നിന്ന് ഇറങ്ങിവന്ന് അവര്‍ തീരം ഒരുത്സവപ്പറമ്പാക്കും. അവന്റെ കൊമ്പിലെ കോമ്പസുകൊണ്ടാണ് അവന്‍ നിലാവിന്റെ ആഗമനവും അസ്തമയവും മനസ്സിലാക്കുന്നത്. നിലാവു മറഞ്ഞാല്‍ അവനെ വെട്ടിവിഴുങ്ങാന്‍ ശത്രുക്കള്‍ കാവലുണ്ട് എന്നവനറിയാം, പോരാത്തതിനു വന്‍തിരമാലകള്‍ റാഞ്ചാനും കാത്തിരിക്കുന്നുണ്ട്.
പവിഴപ്പുറ്റിന്റെ പ്രജനനത്തിലും ചന്ദ്രന് ഒരു പങ്കുണ്ട്. എന്താണവിടെ സംഭവിക്കുക? ശാസ്ത്രജ്ഞന്മാര്‍ ഇവയില്‍ നീലവെളിച്ചത്തോടു പ്രതികരിക്കുന്ന ഒരുതരം പ്രോട്ടീന്‍ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രികാചര്‍ച്ചിതമായ രാത്രികളില്‍ പ്രത്യുത്പാദനത്തിനു പരാഗരേണുക്കളെ അവര്‍ സജ്ജമാക്കി നിര്‍ത്തുന്നു. നല്ല നിലാവുള്ളപ്പോള്‍ ഈ ജീവികള്‍ അണ്ഡവും ബീജവും ധാരാളം കടലിലേക്ക് ഒഴുക്കിവിടുന്നു. കടല്‍ജലത്തില്‍ മഞ്ഞുപോലെയും പാടലവര്‍ണത്തിലും മഞ്ഞനിറത്തിലും ഇതൊഴുകിനടക്കുന്നതു നമുക്കു കാണാം.
ചക്രവാളത്തില്‍ പുലര്‍കാലേ പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാട്ടിലെ മൂങ്ങകള്‍ മൂളാന്‍ തുടങ്ങും. മറിച്ച്, ചന്ദ്രഗ്രഹണസമയത്ത് അവര്‍ മൂകരായി, നിശ്ശബ്ദരായി തപസ്സിരിക്കും. ചന്ദ്രന്റെ സ്വാധീനം പല ജീവികളുടെയും ജീവചക്രവുമായി അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. മൃഗങ്ങളിലും പക്ഷികളിലും നമുക്കീ പ്രതിഭാസം കാണാം. പല പക്ഷികളും ദേശാന്തരഗമനത്തിനു നിലാവെളിച്ചം തേടുന്നു. പല ജീവികളുടെയും പ്രത്യുത്പാദനം ചന്ദ്രന്റെ പഥവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
കരീബിയന്‍ കടലിടുക്കിലും മെക്‌സിക്കോഉള്‍ക്കടലിലും കടല്‍പ്പുറ്റുകള്‍ക്കും പാറകള്‍ക്കുമിടയില്‍ വളരുന്ന പാരറ്റ്, സ്‌നാപ്പര്‍ തുടങ്ങിയ മീനുകള്‍ പൗര്‍ണമിരാവുകളില്‍ മീന്‍പിടിത്തക്കാര്‍ക്കു ലഭ്യമല്ല. എന്നാല്‍, അമാവാസി വന്നാല്‍ കാര്യങ്ങള്‍ മാറും. കടലിനെ ഇരുട്ട് മൂടുപടം അണിയിക്കുമ്പോള്‍ വലിയ മീനുകള്‍ ആക്രമിക്കുമെന്നു ഭയപ്പെടാതെ ഇവറ്റ സൈ്വരവിഹാരത്തിനിറങ്ങും. അപ്പോഴാണ് വലിയ ചാട്ടുളികളും ടോര്‍ച്ചുകളുമായി മീന്‍പിടിത്തക്കാര്‍ ഇറങ്ങുക.
അന്തിക്കു വിടരുന്ന ഒരിനം കോളാമ്പിപ്പൂക്കളുണ്ട്. അതിന്റെ പേരാണ് മൂണ്‍ഫ്‌ളവര്‍. നമ്മുടെ ആമ്പല്‍പ്പൂക്കളില്‍ ചിലയിനങ്ങളും നിലാവുള്ള രാത്രികളിലാണു വിരിയുക.
പൂര്‍ണചന്ദ്രനുള്ളപ്പോള്‍ മുയലുകള്‍ അവരുടെ മാളങ്ങളില്‍നിന്നു പുറത്തിറങ്ങുകയില്ല. അവര്‍ക്കറിയാം സൂത്രക്കാരായ കുറുക്കന്മാരും മറ്റു ജീവികളും അവരെ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്ന്. അമാവാസി അടുക്കുമ്പോള്‍ ആ അരണ്ട വെളിച്ചത്തില്‍ അവര്‍ അതിവേഗം പുറത്തിറങ്ങും, ചെറിയ ദൂരങ്ങള്‍ താണ്ടും, തിരിച്ചുവരും.
നട്ടെല്ലുള്ള ജീവികളില്‍ 35 ശതമാനവും ഇഴജന്തുക്കളില്‍ ഏതാണ്ട് 60 ശതമാനവും രാത്രികാലങ്ങളില്‍ സജീവമാണ്. അവരെ ഉണര്‍ത്തിനിര്‍ത്താന്‍ പൂര്‍ണചന്ദ്രന്റെ സ്വാധീനമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്.
ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം മാംസഭുക്കുകളും കീടഭക്ഷകജന്തുക്കളും ചന്ദ്രന്‍ പ്രകാശമാനമാകുന്ന കാലഘട്ടങ്ങളില്‍ ഉത്സാഹവും ഓജസ്സും കുറഞ്ഞവരായി കാണപ്പെടുന്നുവെന്നതാണ്. ടാന്‍സാനിയന്‍വനങ്ങളിലെ സിംഹങ്ങള്‍ മനുഷ്യരെ ആക്രമിക്കാനിറങ്ങുന്നതു മിക്കവാറും പൂര്‍ണചന്ദ്രനെ കണ്ടു പത്തുദിവസങ്ങള്‍ക്കുശേഷം, കുറച്ച് ഇരുട്ട് പരക്കുന്ന രാത്രികളിലായിരിക്കുമെന്നാണ് ഗവേഷകരുടെയും നായാട്ടുകാരുടെയും കണ്ടെത്തല്‍.
ചന്ദ്രനു യഥാര്‍ത്ഥത്തില്‍ മനുഷ്യജീവിതങ്ങളെ സ്പര്‍ശിക്കാനാവുന്നുണ്ടോ?
മാനസികരോഗങ്ങള്‍ കാരണമായുണ്ടാകുന്ന അതിക്രമങ്ങളുടെ വേലിയേറ്റത്തെ പൂര്‍ണചന്ദ്രന്റെ ആഗമനവുമായി ബന്ധപ്പെടുത്താറുണ്ട്. ചന്ദ്രന്റെ ഘട്ടങ്ങള്‍ ശരീരത്തിലെ 'മെലാടോണിന്‍' എന്ന ഹോര്‍മോണിന്റെ ലെവലുകളില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഉറക്കത്തെ ബാധിക്കും; ഒപ്പം, സ്ത്രീകളുടെ ആര്‍ത്തവത്തെയും.
ഐസക് ന്യൂട്ടന്റെ തത്ത്വങ്ങളെ അടിസ്ഥാനമാക്കി ചില നിഗമനങ്ങളില്‍ ഭിഷഗ്വരന്മാര്‍ എത്തിച്ചേരുന്നുണ്ട്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം മനുഷ്യശരീരത്തിലെ ജലാംശത്തെ സ്വാധീനിക്കും. അപസ്മാരം, കിഡ്‌നിയിലെ കല്ല്, സ്ത്രീകളുടെ ആര്‍ത്തവം ഇതിനെയൊക്കെ അതു ബാധിക്കും.
ചരിത്രാതീതകാലംമുതല്‍ക്കേ മനുഷ്യന്‍ ചന്ദ്രനെക്കുറിച്ച് അനേകം സങ്കല്പങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. പഴയ കാലത്തു ഗ്രീക്കുകാര്‍ പെണ്‍കുട്ടികളെ ചന്ദ്രക്കലയുടെ ഏലസ്സും രക്ഷാകവചവും കെട്ടി ദുഷ്ടാത്മാക്കളില്‍നിന്നു സംരക്ഷിക്കുന്ന പതിവുണ്ടായിരുന്നു. സ്ത്രീകള്‍ അവരുടെ സന്താനോത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സുഖപ്രസവത്തിനും ഇതുപയോഗിച്ചിരുന്നു.
ചന്ദ്രനും മനുഷ്യരുടെ പ്രസവവും തമ്മില്‍ ബന്ധമുണ്ടെന്നു വാദിക്കുന്നവരുണ്ട്. പഴയ കാലത്തെ മിഡ്‌വൈഫുകള്‍ പറയാറുണ്ട്, ചന്ദ്രികാചര്‍ച്ചിതമായ രാത്രിയിലാണ് പ്രസവങ്ങള്‍ ഏറിയ പങ്കും സംഭവിക്കുകയെന്ന്.
അതിസൂക്ഷ്മമായി, ഗ്രഹിക്കാനോ വര്‍ണിക്കാനോ പ്രയാസമുള്ള രീതിയിലൊക്കെ മനുഷ്യരുടെയും മറ്റു ജീവികളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്നുണ്ട് ചന്ദ്രഗോളം. അവന്റെ ചില സ്വാധീനങ്ങളെല്ലാം നിഗൂഢങ്ങളാണ്. അത് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്തരികഘടികാരം 'ടിക് ടിക്' എന്നടിക്കുന്നതു നമുക്കു ശ്രവിക്കാനാവില്ല. പക്ഷേ, നമ്മുടെ വികാരവിചാരങ്ങളെയും ലൈംഗികതൃഷ്ണയെയും മാറ്റൊലിക്കൊള്ളിക്കുന്ന ഹൃദയമിടിപ്പിനെയും ഒരുപക്ഷേ, അത് സ്വാധീനിക്കുന്നുണ്ടാകാം. പൂര്‍ണചന്ദ്രന്‍ നമുക്കെപ്പോഴും ഒരു ഹരമാണ്. 'വൃശ്ചികപ്പൂനിലാവേ. മച്ചിന്റെ മേലിരുന്നൊളിഞ്ഞു നോക്കാന്‍ ലജ്ജയില്ലേ, നിനക്കു ലജ്ജയില്ലേ' എന്ന സിനിമപ്പാട്ടിലെന്നപോലെ നമ്മുടെ 'റൊമാന്റിക്' ജീവിതത്തിലും അവന്‍ എത്തിനോക്കുന്നുണ്ട്.
തഹ് റഹ് മാഫി എന്ന നോവലിസ്റ്റ് പറയുന്നത് ശ്രദ്ധിക്കാം: ''അമ്പിളിച്ചന്ദ്രന്‍ ഒരു നല്ല ചങ്ങാതിയും സഹയാത്രികനുമാണ്, അവനൊരിക്കലും നിങ്ങളെ ഉപേക്ഷിക്കില്ല. നിരന്തരം നമ്മെത്തന്നെ നോക്കിയിരിപ്പാണ്. നമ്മുടെ ഇരുള്‍മൂടിയ വഴികളില്‍, പ്രകാശധാരകളില്‍ നമ്മോടൊപ്പം പരിണമിച്ചുകൊണ്ട് അവനുണ്ട്. ഓരോ ദിവസവും അവനൊരു പുത്തന്‍ അവതാരമാണ്. ചിലപ്പോള്‍ ദുര്‍ബലനും ക്ഷീണിതനുമാണ്. ചിലപ്പോള്‍ ബലവാനും നിറയെ പ്രകാശമുള്ളവനുമാണ്. ചന്ദ്രനു നന്നായി അറിയാം, എങ്ങനെയാണ് ഒരു മനുഷ്യജീവി ആയിരിക്കേണ്ടതെന്ന്.''