•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വിളക്കേന്തേണ്ടവര്‍ വാളേന്തുകയോ?

സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ നമ്മുടെ എക്കാലത്തെയും പ്രസംഗവിഷയങ്ങളാണ്. എന്നാല്‍, സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും നിത്യമായ ജാഗ്രതയാണു സ്വാതന്ത്ര്യത്തിന്റെ വിലയെന്നും നാമറിയാതെപോകുന്നു. സാക്ഷരതയില്‍ മുന്നിലാകുമ്പോഴും സാര്‍ത്ഥകമായ സാക്ഷരസഞ്ചാരം യാഥാര്‍ത്ഥ്യമാകുന്നില്ല.
കലാലയാന്തരീക്ഷം കലുഷിതമാകുമ്പോള്‍ കാലവും കലുഷിതമാകുന്നു; ഒപ്പം, നാടിന്റെ ഭാവി അപകടത്തിലുമാകുന്നു. കലാലയങ്ങള്‍ വെറും പഠിതാക്കളുടെ ഇടമോ ഒത്തുചേരുന്ന സ്ഥലമോ അല്ല; മറിച്ച്, പുസ്തകങ്ങള്‍ക്കും തൊഴില്‍സങ്കല്പങ്ങള്‍ക്കുമപ്പുറം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും  സത്യസന്ധതയുടെയും സന്മനോഭാവത്തിന്റെയും സമന്വയവേദിയാണ്. സ്‌നേഹമെന്നതിന്റെ അനിര്‍വചനീയമാനം നാളെയുടെ മക്കള്‍ തിരിച്ചറിഞ്ഞ് അനുഭവിക്കണം. അതാണ് കലാലയവീക്ഷണം.
മാനവികതയുടെ അടിത്തറ തകരുന്നിടത്ത് രാഷ്ട്രീയം നിരര്‍ത്ഥകമാകും. ആശയസംഘട്ടനങ്ങളും സംവാദങ്ങളും രാഷ്ട്രീയത്തിലുണ്ട്. എന്നാല്‍, ചൂടേറിയ സംവാദങ്ങളുടെ രത്‌നച്ചുരുക്കം നന്മയുടെ പടുത്തുയര്‍ത്തലും അഹിംസയുടെ ചുവടുറപ്പും തിരിച്ചറിയുന്നതാകണം. ഈ തിരിച്ചറിവില്‍ വിദ്വേഷം എന്നതിനും അടിച്ചമര്‍ത്തല്‍ എന്നതിനും പ്രസക്തിയില്ല. വൈവിധ്യങ്ങളുടെ കുടക്കീഴില്‍ സാഹോദര്യം മൊട്ടിടണം; സകലര്‍ക്കും സമാധാനത്തിന്റെ സംവേദനങ്ങള്‍ പകരണം.  നാമാരെയാണ് ഇല്ലായ്മ ചെയ്യാന്‍ വെമ്പുന്നത്? പടുത്തുയര്‍ത്താന്‍ നിയോഗിക്കപ്പെട്ട രാഷ്ട്രീയത്തിന് എങ്ങനെയാണ് പടവെട്ടി മരിക്കാനുള്ള ബോധനം കിട്ടിയത്? ഒരുവന്റെ ജീവന്റെ വിലയോളം വലിയ ആശയസംഘട്ടനങ്ങള്‍ ഉണ്ടാകാമോ? ഭയരഹിതമായി തോളോടു തോള്‍ ചേര്‍ന്ന് രാജ്യസ്‌നേഹം പ്രോജ്ജ്വലിപ്പിക്കേണ്ട നാളെയുടെ മക്കള്‍ക്ക് അരുതാത്ത വൈകാരികത ഉണ്ടാകാന്‍ പാടില്ല. ആശയങ്ങള്‍ സംവദിക്കട്ടെ, മത്സരിക്കട്ടെ, അപ്പോഴും മുഖാമുഖമിരുന്ന് പുഞ്ചിരിക്കാനും സൗഹൃദം പങ്കിടാനും നാളെയുടെ തലമുറയ്ക്കു വിവേകമുണ്ടാകണം.
മനുഷ്യരില്ലെങ്കില്‍ ആശയങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമോ? ഹിംസാത്മകമായ വൈകാരികരാഷ്ട്രീയം രാജ്യസ്‌നേഹമോ പാര്‍ട്ടിസ്‌നേഹമോ വ്യക്തിതാത്പര്യമോ ആകുന്നില്ല. കലാലയത്തിലെത്തുന്ന നമ്മുടെ മക്കള്‍ ചേരിതിരിവിന്റെ മതില്‍ക്കെട്ടുകളില്‍ തളയ്ക്കപ്പെട്ടുകൂടാ! രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ അസഹിഷ്ണുതയും വിദ്വേഷവും കടന്നുകൂടാന്‍ പാടില്ല. നമുക്കൊപ്പമുള്ളവര്‍ പറയുന്നതു പക്വതയോടെ ശ്രദ്ധിക്കാനും നമുക്കു യോജിക്കാനാകാത്തതെങ്കില്‍ വിവേകത്തോടെ വിയോജിക്കാനും സാധിക്കണം. വൈവിധ്യങ്ങളുടെ സമന്വയം ഒരു മേശയ്ക്കു ചുറ്റും ഉണ്ടാകുമ്പോഴാണു രാഷ്ട്രീയക്കാര്‍ രാഷ്ട്രനിര്‍മിതിയില്‍ പങ്കാളികളാകുന്നത്. നിര്‍മിതിയുടെ ആത്യന്തിക''രൂപം'' നന്മയുടെ മലര്‍വാടിയാകണം; ആരെയും അവഗണിക്കാത്ത വിശാലവീക്ഷണത്തിന്റെ മാനസിക ഇടം രാഷ്ട്രീയത്തിന്റെ കളരിയാകണം. അപരന്റെ ദുരന്തം സ്വന്തം മനഃസാക്ഷിയിലേക്ക് ഒന്നു പറിച്ചുനട്ടുനോക്കൂ... വേദനയുടെ ആഴവും പരപ്പും അപ്പോള്‍ തിരിച്ചറിയാനാകും!
ദ്രോഹവും ക്രോധവും നിഗ്രഹവും രാഷ്ട്രീയത്തില്‍നിന്നു മാറ്റണം. നിറവും കൊടിയും കുറ്റാരോപണവും മാറ്റിവച്ച് അക്രമത്തെ മനുഷ്യത്വഹീനമായി തിരിച്ചറിയാനും ആവര്‍ത്തിക്കാതിരിക്കാനും നമ്മുടെ മക്കളുടെ മനഃസാക്ഷിയെ ഉണര്‍ത്തണം. ആരെയും ഇല്ലാതാക്കുമ്പോഴല്ല സകലരെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്യുമ്പോഴാണ് ഓരോ പാര്‍ട്ടിയുടെയും ശക്തി തിരിച്ചറിയപ്പെടുന്നതും നേതൃത്വം പ്രശംസിക്കപ്പടുന്നതും. വിജയപരാജയങ്ങള്‍ ആപേക്ഷികമാണ്. എന്നാല്‍, മനുഷ്യത്വത്തില്‍ ആപേക്ഷികതയില്ല, തുല്യത മാത്രം!
നന്മയ്ക്കു നേതൃത്വം കൊടുക്കുന്നവരെ മാത്രമാണ് നേതാവെന്നു വിവക്ഷിക്കുന്നത്. അങ്ങനെതന്നെയാകണം ഓരോ നേതാവും. തകിടം മറിക്കുന്നതും തച്ചുടയ്ക്കുന്നതും മറ്റുള്ളവരുടെ ജീവനു ഭീഷണിയാകുന്നതും നേതൃപാടവത്തിലെ വഴിവിട്ട സഞ്ചാരം മാത്രമാണ്. കലാലയത്തിനുപുറത്തുനിന്ന് കലാലയത്തില്‍ രാഷ്ട്രീയം വിതയ്ക്കുന്നതു നിര്‍ത്തണം. കലാലയാന്തരീക്ഷത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയത്തിന്റെ ബാലപാഠവും നേതൃപാഠവും പഠിക്കണം, കടന്നുപോയ മഹാവ്യക്തികളുടെ ചരിത്രത്താളുകള്‍ മറിച്ചുനോക്കണം. അനുകരണീയമായ വ്യക്തിത്വങ്ങളെ മാതൃകയാക്കാനും പുറംരാഷ്ട്രീയത്തിനുമപ്പുറം കലാലയങ്ങളില്‍ 'ലീഡര്‍ഷിപ്' വഹിക്കാനും എല്ലാ വിദ്യാര്‍ത്ഥികളുടെയും  നേതാവാകാനും ശീലിക്കണം. ആശയങ്ങളുടെ നിറവ്യത്യാസം മത്സരക്കളരിയെ മനോഹരമാക്കാനും സൗഹൃദം ബലപ്പെടുത്താനുമുതകണം. കായികമായി നേരിടുന്നതില്‍ ഒരുതരം രാഷ്ട്രീയവുമില്ല. മറിച്ച്, മാനവികത നശിക്കുന്നിടത്ത് മുള പൊട്ടുന്ന മൃഗീയത മാത്രമാണ്.
തന്റെ പിറകില്‍ 'കീ ജയ്' വിളിക്കാന്‍ പടുത്തുയര്‍ത്തുന്ന പടവെട്ടുതൊഴിലാളികളായി നാളെയുടെ തലമുറയെ വളര്‍ത്തരുത്. താന്താങ്ങളുടെ വഴിയില്‍ വിജയം വരിക്കാനുള്ള അവസരവും ആയുസ്സും നിഷേധിക്കാന്‍ ആര്‍ക്കുമവകാശമില്ല. അക്രമം മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയിലേക്ക് എത്തുമ്പോള്‍ മരിച്ചവരുടെ നിറം പറയാതെ 'മനുഷ്യന്‍ മരിക്കുന്നു'വെന്ന ചിന്തയാകണം സകലര്‍ക്കും. സ്വന്തം കാര്യലാഭവും നേട്ടവും മാത്രം ദര്‍ശിക്കുന്ന 'അന്ധത' തിരുത്തണം. കൊടിയുടെ നിറം പറഞ്ഞ് കലാലയരാഷ്ട്രീയം കലാപരാഷ്ട്രീയമാക്കരുത്. അണികളുടെ രക്തത്തിളപ്പിനെ അഥവാ പ്രസരിപ്പിനെ ചൂഷണം ചെയ്യുന്ന നേതൃഭാവം മാറ്റണം. നാളെയുടെ മക്കളെക്കൊണ്ട് കുടുംബത്തിനും നാടിനും രാജ്യത്തിനും ലോകത്തിനുതന്നെയും നന്മയുടെ പ്രകാശമുണ്ടാകണം.
നമ്മുടെ നാട്ടില്‍ രാഷ്ട്രീയം ഒരു തൊഴിലാണ്. അതിനുമപ്പുറം ഒരു വിശ്വപൗരനാകാന്‍ നമ്മിലെ താലന്ത് യഥാസമയം ഉപയുക്തമാക്കണം. വ്യക്തിയുടെ സ്വത്വബോധം സജീവമാക്കുന്നതില്‍ കലാശാലകള്‍ കാരണമാകണം. കലാലയങ്ങളില്‍ രാഷ്ട്രീയക്കാരുടെ 'ജന്മം' ഉണ്ടാകാതെ രാഷ്ട്രീയക്കാരാകുന്നതിലേക്കുള്ള ദിശാബോധം ജനിക്കണം. രാഷ്ട്രീയക്കാരുടെ കളരിയല്ല കലാലയം. നേതൃപാടവത്തിന്റെ തികവില്‍ നന്മ മത്സരക്കളത്തിലേക്കു വരണം. മികവുറ്റതും മാതൃകയുടെ പാഠവുമായ രാഷ്ട്രീയനേതാക്കളുടെ രാഷ്ട്രീയവീക്ഷണക്ലാസ്സുകള്‍ കലാലയങ്ങളില്‍ ഉണ്ടാകണം. രാഷ്ട്രീയം ഒരു പാഠഭാഗംതന്നെയാകട്ടെ. അതല്ലാതെ രാഷ്ട്രീയം എന്ന 'തൊഴില്‍' സ്വന്തമാക്കാനുള്ള 'വേട്ടയാടല്‍' കേന്ദ്രമായി കലാലയങ്ങളെ മാറ്റരുത്.
രാഷ്ട്രീയമേതായാലും തനിക്കും നാടിനുംവേണ്ടി തൊഴിലെടുക്കാനുള്ള അഭിവാഞ്ഛയും കലാലയത്തില്‍ ഉടലെടുക്കണം.
തിരുത്തും തിരിച്ചുപോക്കുമാണ് യഥാര്‍ത്ഥ 'ഭവന'ത്തിലെത്താനുള്ള ആദ്യചുവടുവയ്പ്പ്. മരിക്കുന്നവര്‍ക്കു കൊടിയുടെ നിറം ചാര്‍ത്താതെ ക്രൂരതയെ തള്ളിപ്പറയാനും കലാപരാഷ്ട്രീയം ആവര്‍ത്തിക്കാതിരിക്കാനുമുള്ള മുന്‍നിര പോരാട്ടം സകലരിലും നിന്നുണ്ടാകണം. കലാലയത്തില്‍ രാഷ്ട്രീയം പാഠഭാഗമാക്കണം. പ്രായോഗികതയിലേക്കു കടക്കുംമുമ്പ് രാഷ്ട്രീയത്തെക്കുറിച്ചും ചരിത്രത്തിന്റെ ഈടുറ്റ നേതൃനിരയെക്കുറിച്ചും തികഞ്ഞ ബോധനമുണ്ടാകണം. യുവാക്കളെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗഭാക്കാക്കി നേതാക്കളുടെ ഇംഗിതത്തിനൊത്തു നിര്‍ത്തുന്നത് തെറ്റാണ്. പരസ്പരം ഹനിക്കുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നാട്ടില്‍ അരങ്ങേറാതിരിക്കേണ്ടത് രാഷ്ട്രീയത്തിന്റെ ചുമതലയായി ഏറ്റെടുക്കണം. സകലര്‍ക്കും കാവലാകുന്ന ജാഗ്രതയുടെ രാഷ്ട്രീയം മുളപൊട്ടണം.
സമാധാനം എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. സൈ്വരജീവിതവും തൊഴിലുറപ്പും മരീചികയായി തുടരാതിരിക്കാന്‍ രാഷ്ട്രീയത്തിനു ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമുണ്ടാകണം. ജ്ഞാനം നമ്മോടു സമീപിച്ചിരിക്കുന്നതിനെക്കാളും  അടുത്താണ് മനഃസാക്ഷിയിരിക്കുന്നത് എന്ന ബോധം മക്കള്‍ക്കു നല്‍കണം. മനഃസാക്ഷിയെ സജീവമാക്കി നിര്‍ത്തുമ്പോള്‍ ഏത് ആശയസംഘട്ടനങ്ങള്‍ക്കു നടുവിലും ദൈവസ്വരം കേള്‍ക്കാനാകും; ക്രൂരത അരങ്ങേറില്ല; ചുറ്റുമുള്ളവരെയും ജീവിക്കാനനുവദിക്കുന്ന നല്ല മനസ്സ് സജീവമായി നിലകൊള്ളുകയും ചെയ്യും!
നമുക്കു നന്നായിക്കൂടേ? ചിന്തിച്ചു തിരുത്തിക്കൂടേ? അഹിംസയുടെ അതായത്, സ്‌നേഹത്തിന്റെ പാതയിലൂടെ നമുക്കു പലപ്പോഴും ഏകാകിയായിത്തന്നെ നടക്കേണ്ടിവരും. ഹിംസാലുവിന്റെ മുദ്ര അവന്റെ ആയുധമാണ്. അഹിംസാലുവിന്റെ രക്ഷാകവചമാണ് ഈശ്വരന്‍ എന്നാണു ഗാന്ധിജി പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠം അഹിംസയാകണം; അഹിംസകൊണ്ടു ലോകമനഃസാക്ഷിയെ കീഴടക്കിയ മഹാത്മജിയുടെ ഭാരതത്തില്‍ ഇനിയൊരു കലാപരാഷ്ട്രീയവും കൊലപാതകരാഷ്ട്രീയവും ഉണ്ടാകരുത്. പ്രസ്താവനയെക്കാള്‍ പ്രകരണങ്ങളാകുന്ന മുഖാമുഖസംവാദങ്ങളും തീരുമാനങ്ങളെടുക്കുന്നതിലെ കൂട്ടായ്മയുമാണ് പ്രധാനം! നല്ല പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നഷ്ടമാകുകയില്ല; കാത്തുസൂക്ഷിക്കപ്പെടുന്ന നിധിയാണതെല്ലാം. പ്രകാശം പരത്താന്‍ രണ്ടു മാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍ വിളക്കാകുക, അല്ലെങ്കില്‍ പ്രകാശം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക. ഒരുപക്ഷേ, നമുക്കു രണ്ടുമാകാന്‍ കഴിഞ്ഞേക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)