രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ പടയൊരുക്കം ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ഹിറ്റ്‌ലറെ തോല്പിക്കാന്‍ പടക്കോപ്പുകളുമായി ബെര്‍ലിനിലേക്കു കുതിച്ചെത്തിയ പട്ടാളത്തെക്കാള്‍ വലിയ സൈനികസന്നാഹമാണ് അയല്‍രാജ്യമായ യുക്രെയ്‌നു ചുറ്റും റഷ്യ വിന്യ
സിപ്പിച്ചിരിക്കുന്നത്. വടക്ക് ബെലാറൂസിന്റെ അതിര്‍ത്തിയിലും കിഴക്ക് റഷ്യന്‍ അതിര്‍ത്തിയിലും പടിഞ്ഞാറ് മോള്‍ഡോവയുടെ അതിര്‍ത്തിയിലുമായി 1,30,000 റഷ്യന്‍ സൈനികരാണ് യുദ്ധസജ്ജരായി നില്ക്കുന്നത്. യുക്രെയിന്റെ തെക്കന്‍ അതിര്‍ത്തി പങ്കിടുന്ന കരിങ്കടലിലും അസോവ് ഉള്‍ക്കടലിലും ആണവമിസൈലുകളുമായി 150 ഓളം യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും അണിനിരന്നുകഴിഞ്ഞു.
1991 ല്‍ അവിഭക്ത സോവിയറ്റുയൂണിയനില്‍നിന്നു സ്വാതന്ത്ര്യം നേടിയ യുക്രെയ്ന്‍ ഭൂവിസ്തൃതിയില്‍ റഷ്യ കഴിഞ്ഞാല്‍ യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരാണ്. 6,03,700 ചതുരശ്രകിലോമീറ്റര്‍ (കേരളത്തിന്റെ 15 ഇരട്ടി) വിസ്തൃതിയുള്ളയുക്രെയിനിലെ ജനസംഖ്യ 5 കോടിയാണ്. യുഎസിനും ആസ്‌ത്രേലിയയ്ക്കും ഒപ്പം ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയയ്ക്കുന്നതും യുക്രെയ്‌നാണ്. സോവിയറ്റു ഭരണകാലത്ത് ശക്തമായിരുന്ന വ്യാവസായികമേഖലയുടെ തകര്‍ച്ചമൂലം
യൂറോപ്പില്‍ 23-ാം സ്ഥാനത്തേക്കു തള്ളപ്പെട്ട് ഏറെക്കുറെ ദരിദ്രരാജ്യമായി.
സ്വാതന്ത്ര്യം നേടിയശേഷമുള്ള ആശയസംഘര്‍ഷങ്ങള്‍ രാജ്യത്തു സൃഷ്ടിച്ച പ്രതിസന്ധികളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് വിലയിരുത്തുന്ന രാഷ്ട്രീയനിരീക്ഷകരുണ്ട്. യു.എസ്., യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ വന്‍ശക്തിരാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള ''നാറ്റോ'' യില്‍ ചേരാനും യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാനുമുള്ള ഭൂരിഭാഗം ജനങ്ങളുടെയും ആഗ്രഹമാണ് റഷ്യ എതിര്‍ക്കുന്നത്. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷമാകട്ടെ, റഷ്യയുമായുള്ള സൗഹൃദവും സഹകരണവും തുടരണമെന്നും ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളുടെയും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പഴക്കമുള്ളതും ദേശീയസ്വത്വം മുറുകെപ്പിടിക്കുന്നതുമായി കാണേണ്ടതുണ്ട്.
ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയുടെ ആകെ വിസ്തീര്‍ണത്തില്‍ (1,70,75,200 ചതുരശ്രകിലോമീറ്റര്‍) 25% വും യൂറോപ്പിലാണ്. സമ്പന്നമായ പ്രകൃതി വിഭവങ്ങളും ശാസ്ത്രസാങ്കേതിക ബഹിരാകാശമേഖലകളിലുള്ള വികാസവുംവഴി റഷ്യ കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ വന്‍ശക്തിരാഷ്ട്രങ്ങളിലൊന്നായി വളര്‍ന്നുകഴിഞ്ഞിരുന്നു. സോവിയറ്റുയൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം നേരിടേണ്ടിവന്ന സാമ്പത്തിക പ്രതിസന്ധികളും പിന്നാക്കാവസ്ഥയും മറികടക്കാനുള്ള മാര്‍ഗങ്ങള്‍ പിന്നീട് രാജ്യം ഭരിച്ച ഭരണകര്‍ത്താക്കളെ ഏറെ ചിന്തിപ്പിച്ച സംഗതിയാണ്. സോവിയറ്റുയൂണിയന്റെ പതനം 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയദുരന്തമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ 2005 ല്‍ വിശേഷിപ്പിച്ചത് ഇനിയും മറക്കാറായിട്ടില്ല. പഴയകാല പ്രതാപത്തോടെ റഷ്യയുടെ മേധാവിത്വം ഉറപ്പിക്കുകയെന്ന ആത്യന്തികലക്ഷ്യമാണ് പുടിന്റെ മനസ്സിലുള്ളത്. മുന്‍ സോവിയറ്റ് റഷ്യന്‍ റിപ്പബ്ലിക്കുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി 'യൂറോപ്യന്‍ ഇക്കണോമിക് യൂണിയന്‍' എന്നൊരു സംഘടനയുണ്ടാക്കി ഇതര യൂറോപ്യന്‍രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനു ബദലായി രൂപംകൊടുക്കുന്നതിന് പുടിന്‍ മുന്‍കൈയെടുത്തു. ഈ പദ്ധതിയില്‍ യുക്രെയ്‌നെക്കൂടി ഉള്‍പ്പെടുത്തുകയാണ് പുടിന്റെ ഉദ്ദേശ്യം. യുക്രെയ്ന്‍ നാറ്റോയില്‍ അംഗമാകുന്നത് തങ്ങളുടെ സുരക്ഷയ്ക്കു ഹാനികരമാണെന്ന് പുടിന്‍ പറയുന്നു: ''യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കുന്നത് ഞങ്ങളുടെ രാജ്യത്തിന് സുരക്ഷാഭീഷണിയാണ്. നാറ്റോ അംഗരാജ്യങ്ങളിലെ വിദേശസൈനികരുടെ സാന്നിധ്യവും ആണവമിസൈലുകളുടെ വിക്ഷേപണ/ പ്രതിരോധസംവിധാനങ്ങളും ഞങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ്. കിഴക്കന്‍ യൂറോപ്പില്‍നിന്നു നാറ്റോ പിന്‍മാറിയാലേ ഞങ്ങളുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെടുകയുള്ളൂ.'' പുടിന്‍ വെളിപ്പെടുത്തി.
എന്നാല്‍, സ്വതന്ത്രരാജ്യങ്ങളായി മാറിയ മുന്‍സോവിയറ്റ് റിപ്പബ്ലിക്കുകളായ അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, മോള്‍ഡോവ, എസ്റ്റോണിയ, ലാത്‌വിയ, ലിത്‌വാനിയ, ബെലാറൂസ് തുടങ്ങിയ രാജ്യങ്ങളുടെമേലും തങ്ങളുടെമേലും അധീശത്വം ഉറപ്പിക്കാനുള്ള പുടിന്റെ തന്ത്രങ്ങളില്‍ യുക്രെയ്‌നിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും അസ്വസ്ഥരാണ്. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച അവര്‍ കണ്ടുകൊണ്ടിരിക്കുന്നു. റഷ്യയുടെ മേധാവിത്വത്തിനു വഴങ്ങിയാല്‍ അത് അടിമത്തത്തിനു തുല്യമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.
യുക്രെയ്‌നെ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള കരാറില്‍നിന്ന് റഷ്യന്‍ അനുകൂലിയായിരുന്ന മുന്‍പ്രസിഡന്റ് പിന്‍മാറിയതിനെതിരേ നടന്ന ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ യുക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രീമിയന്‍ ഉപദ്വീപ് 2014 ല്‍ റഷ്യ പിടിച്ചെടുത്തു. സാംസ്‌കാരികമായും ചരിത്രപരമായും ക്രീമിയ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെട്ടാണ് റഷ്യസൈനികനടപടിയിലൂടെ അതു സ്വന്തമാക്കിയത്. വെറും കാഴ്ചക്കാരായി മാറിയ ഐക്യരാഷ്ട്രസംഘടന്ക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കും ഏതാനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാതിരുന്നതും പുടിന്റെ വിജയമായി കണക്കാക്കപ്പെടുന്നുണ്ട്. 2014 മാര്‍ച്ചില്‍ നടത്തിയ ഹിതപരിശോധനയും റഷ്യയ്ക്ക് അനുകൂലമായിരുന്നു. സര്‍ക്കാരിനെ അനുകൂലിക്കുന്നവരും റഷ്യന്‍ അനുകൂലവിമതരും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ വിമതര്‍ക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കാനും പുടിന്‍ ഉത്തരവിട്ടിരുന്നു. 2014 നുശേഷം നടന്ന രണ്ട് ഏറ്റുമുട്ടലുകളിലും സര്‍ക്കാര്‍സൈന്യം പരാജയപ്പെടുകയും കിഴക്കന്‍ യുക്രെയിനിലെ ഒരു വലിയ ഭൂപ്രദേശം വിമതരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.
യുക്രെയ്ന്‍ സംഘര്‍ഷത്തെ 1962 ലെ ക്യൂബന്‍ പ്രതിസന്ധിയോടു തുലനം ചെയ്യുന്നവരുണ്ട്. യുഎസും റഷ്യയും മുഖാമുഖം ഏറ്റുമുട്ടുമായിരുന്ന സാഹചര്യമാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഒഴിവായത്. ആറ്റംബോബുകളും വഹിച്ചെത്തിയ ക്രൂഷ്‌ചേവിന്റെ കപ്പല്‍പ്പടയും അന്തര്‍വാഹിനികളും അറ്റ്‌ലാന്റിക്കില്‍നിന്ന് നിരുപാധികം പിന്‍വാങ്ങാതിരുന്നെങ്കില്‍ വലിയൊരു ആണവയുദ്ധത്തിനിടയാകുമായിരുന്ന സംഘര്‍ഷമാണ് കൂടുതല്‍ വഷളാകാതെ അവസാനിച്ചത്.
തങ്ങളുടെ അയല്‍രാജ്യമായ യുക്രെയ്ന്‍ നാറ്റോ സഖ്യത്തില്‍ അംഗമാകരുതെന്നും കിഴക്കന്‍ യൂറോപ്പില്‍ വിന്യസിച്ചിട്ടുള്ള ആയുധശേഖരങ്ങള്‍ നീക്കണമെന്നും സൈനികരെ പിന്‍വലിക്കണമെന്നുമുള്ള നിലപാടില്‍ മാറ്റമില്ലെന്ന് മോസ്‌കോയിലെത്തിയ ഫ്രഞ്ചുപ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പുടിന്‍ അറിയിച്ചു. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ ഒരു മണിക്കൂറിലേറെ സംസാരിച്ചെങ്കിലും തന്റെ നിലപാടില്‍ അയവുവരുത്താന്‍ പുടിന്‍ തയ്യാറല്ലായിരുന്നു. നാറ്റോരാജ്യങ്ങളില്‍നിന്നും രേഖാമൂലമുള്ള ഉറപ്പില്‍ കുറഞ്ഞതൊന്നും തനിക്കു സ്വീകാര്യമല്ലെന്നും പുടിന്‍ അറിയിച്ചു. യുക്രെയ്‌നെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പുടിനെ ഓര്‍മിപ്പിക്കാനും ബൈഡന്‍ മുതിര്‍ന്നു. ആന്‍ജലാ മെര്‍ക്കലിനുശേഷം ജര്‍മന്‍ ചാന്‍സലറായ ഒലാഫ് ഷോള്‍സും മോസ്‌കോയിലെത്തി പുടിനുമായും യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ഈയാഴ്ച കൂടിക്കാണുമെന്നു വാര്‍ത്തയുണ്ട്. യുക്രെയ്‌നെ ആക്രമിക്കുന്നപക്ഷം കടുത്ത പ്രത്യാഘാതങ്ങളാകും റഷ്യയ്ക്കു നേരിടേണ്ടിവരികയെന്നു മോസ്‌കോയിലേക്കു യാത്ര തിരിക്കുംമുമ്പ് ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഷോള്‍ഡ് മുന്നറിയിപ്പു നല്‍കി.
റഷ്യയുടെ കടന്നാക്രമണം ഏതു സമയത്തും ഉണ്ടായേക്കാമെന്ന് യുഎസ് രഹസ്യാന്വേഷണവിഭാഗം അറിയിച്ചതിനെത്തുടര്‍ന്ന് എത്രയുംവേഗം യുക്രെയ്‌നു പുറത്തുകടക്കാന്‍ വിവിധരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടതും ഭീതി പരത്തുകയാണ്. കീവിലെ യു.എസ്. എംബസി താത്കാലികമായി അടച്ചിടാനും ഉദ്യോഗസ്ഥരോടു നാട്ടിലേക്കു മടങ്ങാനും ബൈഡന്‍ നിര്‍ദേശിച്ചു. ഏറ്റവും വലിയ സൈനികസന്നാഹത്തെയാണ് നേരിടേണ്ടി വരികയെന്നും കാര്യങ്ങള്‍ വളരെവേഗം കൈവിട്ടുപോയേക്കാമെന്നും ബൈഡന്‍ സൂചിപ്പിച്ചു. ബെലാറൂസിലും റഷ്യന്‍ അതിര്‍ത്തിയിലും സൈനികാഭ്യാസങ്ങളും കരിങ്കടലിലും അസോവ് ഉള്‍ക്കടലിലും നാവികാഭ്യാസങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്‌നില്‍ യുദ്ധം ഉണ്ടാകുന്നതു തടയാന്‍ നടത്തുന്ന നയതന്ത്രനീക്കങ്ങള്‍ വിജയം കാണാത്തത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. യുക്രെയ്‌നെ ആക്രമിച്ചാല്‍ റഷ്യയ്‌ക്കെതിരേ വന്‍തോതിലുള്ള സാമ്പത്തികോപരോധം ഏര്‍പ്പെടുത്തുമെന്നും യുക്രെയ്‌ന് എല്ലാവിധത്തിലുമുള്ള സൈനികസഹായം നല്‍കുമെന്നും ജി 7 രാജ്യങ്ങളുടെ സമ്മേളനവും തീരുമാനിച്ചു.
റഷ്യയുടെ സഖ്യകക്ഷികളിലൊന്നായ ബെലാറൂസും അതോടൊപ്പം ചൈനയും മാത്രമേ സൈനികനീക്കങ്ങളെ പിന്തുണച്ചിട്ടുള്ളൂ എന്നതു ശ്രദ്ധേയമാണ്. ഏതാനും മാസങ്ങളായി ആഭ്യന്തരസംഘര്‍ഷത്തില്‍ കലുഷിതമായ ബെലാറൂസിലെ ജനാധിപത്യപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നത് റഷ്യയുടെ പിന്തുണയോടെയാണ്. ക്രീമിയ തങ്ങളുടെ സ്വന്തമാണെന്ന അവകാശവാദമുന്നയിച്ചു പിടിച്ചെടുത്ത റഷ്യയുടെ അതേ മനോഭാവത്തോടെ തയ്‌വാന്റെമേല്‍ ചാടിവീഴാന്‍ ചൈനയും ഒരുങ്ങുന്നു. തയ്‌വാന്‍ വിഷയത്തില്‍ ഷീചിന്‍ പിംഗിന് പുടിന്റെ പൂര്‍ണപിന്തുണയുണ്ട്.
ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയനേതൃത്വം യുക്രെയ്‌നില്ലാതെ പോയതാണ് പ്രശ്‌നങ്ങള്‍ ഇത്രമാത്രം സങ്കീര്‍ണമാകാന്‍ കാരണമെന്നു വിമര്‍ശിക്കുന്നവരുണ്ട്. 'ജനങ്ങളുടെ ദാസന്‍' എന്ന ജനപ്രിയസീരിയലിലെ നായകനടനായി പ്രശസ്തി നേടിയ സെലെന്‍സ്‌കി രാഷ്ട്രീയത്തിലിറങ്ങുകയും പ്രസിഡന്റു സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയുമായിരുന്നു. സീരിയലിന്റെ സംവിധായകനും തിരക്കഥാകൃത്തും നടന്മാരും സാങ്കേതികവിദഗ്ധരുമടങ്ങിയ ഒരു തട്ടിക്കൂട്ടുമന്ത്രിസഭയാണ് രാജ്യം ഭരിക്കുന്നതെന്നതു വിചിത്രമായിരിക്കുന്നു.
ഒരു തുറന്ന യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പുടിന്‍ പ്രസ്താവിക്കുമ്പോഴും, ഏറ്റവും വലിയ സൈനികസന്നാഹം ഒരു അയല്‍രാജ്യത്തിനുചുറ്റും ഒരുക്കിനിറുത്തിയിരിക്കുന്നത് എന്തിനെന്ന ചോദ്യം ബാക്കി നില്ക്കുന്നു. നാറ്റോയില്‍ അംഗത്വം നേടാനുള്ള യുക്രെയ്‌ന്റെ താത്പര്യം അവരുടെ ആഭ്യന്തരകാര്യമായി വിട്ടുകളയാവുന്നതല്ലേയുള്ളൂ എന്നു ചിന്തിക്കുന്നവരുമുണ്ട്. ഒരു യുദ്ധമുണ്ടാകുന്ന പക്ഷം റഷ്യയുടെ മാത്രമല്ല, എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക നിലനില്പിനെയായിരിക്കും സാരമായി ബാധിക്കുക. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന പ്രകൃതിവാതകങ്ങളുടെ മൂന്നില്‍ ഒന്നും റഷ്യയില്‍നിന്നു പൈപ്പുകളിലൂടെയാണ് എത്തുന്നത്. ജര്‍മനിയടക്കമുള്ള രാജ്യങ്ങളില്‍ ആഭ്യന്തരാവശ്യങ്ങള്‍ക്കുള്ള ഇന്ധനം എത്തുന്നതും റഷ്യയില്‍നിന്നാണ്. ചുരുക്കത്തില്‍, ലോകസമ്പദ്‌വ്യവസ്ഥ തകര്‍ന്നു തരിപ്പണമാകുന്ന അവസ്ഥയാണ് സംജാതമാവുക. ഇത് എല്ലാ ലോകരാജ്യങ്ങളെയും പരോക്ഷമായി ബാധിക്കുകയും ചെയ്യും. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങള്‍ മുഖാമുഖം നില്ക്കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ എത്തിനില്ക്കുന്നതാണ് ഏറെ ആശങ്ക ജനിപ്പിക്കുന്നത്.