2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ അവാര്‍ഡ് നേടിയ മോബിന്‍ മോഹനുമായി മാധ്യമപ്രവര്‍ത്തകന്‍ എസ്. സൂര്യലാല്‍ നടത്തിയ അഭിമുഖം
എഴുത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
നെല്ലന്‍കുഴിയില്‍ കുടുംബം കലാകുടുംബമാണ്. കലയിലും സാഹിത്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച നിരവധിപേരുള്ള കുടുംബം. 1945 ല്‍ കോട്ടയം ജില്ലയിലെ അമ്പാറ എന്ന പ്രദേശത്തുനിന്ന് ഉപ്പുതറയിലേക്കു കുടിയേറി പാര്‍ത്തപ്പോള്‍ ഇവിടെയും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കനുയോജ്യമായ അന്തരീക്ഷമായിരുന്നു. നാടകപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക സമിതികള്‍, ഗ്രന്ഥശാലകള്‍, വിവിധ ക്ലബുകള്‍ അങ്ങനെ എല്ലാംകൊണ്ടും എഴുതാന്‍ കഴിയുംവിധമുള്ള സാഹചര്യങ്ങള്‍ സംജാതമായി.
ചെറുപ്പത്തില്‍ത്തന്നെ കഥയും കവിതയുമൊക്കെ എഴുതിയിരുന്നു. കാഞ്ചിയാര്‍ ഇടുക്കിയിലെ ഒരു പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രമാണ്. രാജഭരണം ഇപ്പോഴും നിലനില്‍ക്കുന്ന ഗോത്രവിഭാഗമായ മന്നാന്‍വിഭാഗത്തിന്റെ ആസ്ഥാനമായ കോവില്‍മലയും കാഞ്ചിയാര്‍ പഞ്ചായത്തിലാണ്. ഒട്ടേറെ എഴുത്തുകാരും നാടകപ്രവര്‍ത്തകരും സാംസ്‌കാരികപ്രവര്‍ത്തകരും കാഞ്ചിയാറ്റിലുണ്ട്. ഗ്രന്ഥശാലകളും ക്ലബുകളും നാടകസമിതികളും ഒക്കെയായി വലിയ ഒരു സാംസ്‌കാരികപൈതൃകം കാഞ്ചിയാര്‍ എന്ന ഗ്രാമത്തിനുണ്ട്. പിതാവ് എന്‍.ജി. മോഹനന്‍ ഇടുക്കി ജില്ലയിലെ അറിയപ്പെടുന്ന കവിയാണ്. വീട്ടില്‍ കൂടുതല്‍ സമയവും ഏവരുടെയും സംസാരം കലയെയും സാഹിത്യത്തെയുംപറ്റിത്തന്നെയാണ്. സാംസ്‌കാരികപ്രവര്‍ത്തനത്തിനും സാഹിത്യത്തിനും അനുകൂലമായ നാട്ടിലെയും വീട്ടിലെയും അന്തരീക്ഷമാണ് എന്നിലെ എഴുത്തിന് ഊര്‍ജം പകര്‍ന്നത്.
? ജക്കരന്ത വിരിഞ്ഞത് എപ്പോള്‍? എങ്ങനെ?
ഒരു മറയൂര്‍ യാത്രയിലാണ് ജക്കരന്ത എന്ന മരം മനസ്സില്‍ പതിഞ്ഞത്. അന്ന് അതിന്റെ പേരുപോലും അറിയില്ലായിരുന്നു. വയലറ്റ് പൂക്കള്‍ നിറഞ്ഞുനിന്ന അതിമനോഹരിയായ മരം. യാത്രയ്ക്കുശേഷവും ആ മരം മനസ്സില്‍നിന്നു പോകാതെ നില്‍ക്കുകയാണ്. പിന്നെ മരത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളായിരുന്നു. പേരും ജന്മദേശവും മറ്റും അന്വേഷിച്ചപ്പോഴാണ് യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന, വഴിയോരങ്ങള്‍ ഭംഗിയാക്കാന്‍ വച്ചുപിടിപ്പിക്കുന്ന ഒന്നാണിതെന്നു മനസ്സിലായത്. അതു പൂക്കുന്ന കാലത്ത് അതിഗംഭീരമായ ആഘോഷങ്ങളും ജക്കരന്ത ഫെസ്റ്റിവലുകള്‍പോലും അവിടെ നടത്താറുണ്ടെന്നും അറിഞ്ഞു. അത്രമാത്രം സ്വാധീനിച്ച മരത്തെ ചുറ്റിപ്പറ്റി ഒരു കഥ, ഫിക്ഷന്‍ രൂപത്തില്‍ എന്തെങ്കിലുമൊന്ന്, എഴുതണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങി. അതിനു ചേര്‍ന്ന ഭൂമികകള്‍ തിരഞ്ഞു. ആദ്യം ഒരു ചെറുകഥയായിരുന്നു മനസ്സില്‍. യൂറോപ്പിന്റെ പശ്ചാത്തലത്തിലാകുമ്പോള്‍ കുറെക്കൂടി അവരുടെ ജീവിതവും സംസ്‌കാരവുമായി ചേര്‍ന്നുനില്‍ക്കുമെന്നു മനസ്സിലാക്കി. യൂറോപ്പ് സന്ദര്‍ശിച്ചിട്ടുള്ള ഒരാളല്ല ഞാന്‍. കാഞ്ചിയാര്‍ എന്ന മലയോരഗ്രാമത്തില്‍ ഇരുന്നുകൊണ്ട് യൂറോപ്പിനെ കാണുമ്പോള്‍ ആ നാടിന്റെ സംസ്‌കാരം, ജീവിതരീതി, അവിടുത്തെ ആളുകളുടെ പേരുകള്‍, ഭക്ഷണ രീതി അങ്ങനെയെല്ലാം പഠിക്കേണ്ടതായി വന്നു. ഒടുവില്‍, യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ ജക്കരന്ത പിറവിയെടുത്തു.
കേന്ദ്ര സാഹിത്യഅക്കാദമി യുവ പുരസ്‌കാറിനെപ്പറ്റി?
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാറിന് മൂന്നു തവണ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നാല്‍, 2021 ലെ പുരസ്‌കാരമാണ് എന്നെ തേടിയെത്തിയത്. എന്റെ ആദ്യനോവലാണ് ജക്കരന്ത. കൂടുതലായും മിനി ക്കഥകളാണു മുമ്പ് എഴുതിയിരുന്നത്. ആദ്യസമാഹാരം 'പുറമ്പോക്ക്' 55 മിനിക്കഥകളുടേതായിരുന്നു. 'ആകാശം പെറ്റ തുമ്പികള്‍' ആയിരുന്നു രണ്ടാമത്തെ കഥാസമാഹാരം. ചെറുകഥകള്‍ക്കപ്പുറത്തേക്ക് എഴുത്തില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. എന്നാല്‍, ജക്കരന്ത നേടിത്തന്ന സ്വീകാര്യത പുതിയ എഴുത്തുകാരനെന്ന നിലയില്‍ ഏറെ അഭിമാനത്തിനും സന്തോഷത്തിനും വക നല്‍കുന്നു. ഇനിയുള്ള എഴുത്തിനു കൂടുതല്‍ ഗൗരവം കൊടുക്കാന്‍ ബാധ്യസ്ഥനാക്കുന്നു. ജക്കരന്ത യൂറോപ്യന്‍ പശ്ചാത്തലത്തിലുള്ള നോവലായതുകൊണ്ടുതന്നെ പലരും ആദ്യം കരുതിയത് വിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്നായിരുന്നു. വായിച്ച കുറെയധികം പേര്‍ വിവര്‍ത്തനസാധ്യതയെപ്പറ്റി പറഞ്ഞു. അതുകൊണ്ടുതന്നെ വിവര്‍ത്തനം ചെയ്യപ്പെടണമെന്നും മറ്റു ഭാഷകളില്‍ വായിക്കപ്പെടണമെന്നും അതിയായ ആഗ്രഹമുണ്ട്. ശ്രമങ്ങള്‍ നടന്നുവരികയാണ്. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര്‍ എഴുത്തിനുള്ള ഒരു വലിയ ഊര്‍ജംതന്നെയാണ്.
കണ്ടിട്ടില്ലാത്ത സ്ഥലങ്ങളെയും അവിടത്തെ കാലാവസ്ഥയെയും ഭൂപ്രകൃതിയെക്കുറിച്ചും എഴുതിയല്ലോ. അതിനു നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചു പറയാമോ?
ചന്ദ്രനില്‍ കാലുകുത്തുന്നതിന് എത്രയോ മുമ്പുതന്നെ മനുഷ്യന്‍ അവിടം ഭാവനയില്‍ കണ്ടിരിക്കും. ഭാവനയുടെ സാധ്യതകളാണ് നമുക്കു ചുറ്റുമുള്ളത്. അതില്ലെങ്കില്‍ ദൈവങ്ങളില്ല, മനുഷ്യരില്ല, പിന്നെ ജീവിത ചൈതന്യമില്ല എന്നാണല്ലോ. അതുതന്നെയാണ് ഈ നോവലില്‍ ഞാനും പ്രയോജനപ്പെടുത്തിയത്. കുറെയധികം പഠനങ്ങളും വായനയും അന്വേഷണവും നടത്തി. ഒരു നൂറ്റാണ്ടുമുമ്പുള്ള കഥയാണ്. അപ്പോള്‍ ആ കാലഘട്ടത്തിലുള്ള അവിടുത്തെ ജീവിതവ്യാപാരങ്ങളെ സംബന്ധിച്ചു കൂടുതല്‍ പഠനം നടത്തേണ്ടിവന്നു. അപ്പോഴൊക്കെ ചില പ്രതിസന്ധികള്‍ വന്നു. ഈ പ്രതിസന്ധികളെ ഭാവനയിലൂടെ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പരിധിവരെ അതു വിജയിച്ചു എന്നാണു വിശ്വാസം.
വലിയ പ്രാധാന്യമൊന്നുമുള്ള കഥാപാത്രമല്ല സിസിലിയ. എങ്കിലും അവള്‍ക്കും ഒരു കഥയുണ്ട്. ഇപ്രകാരമുള്ള സൃഷ്ടി എങ്ങനെയാണ് നടത്തുന്നത്?
വൈവിധ്യമുള്ള കഥകള്‍ക്കു നടുവിലാണ് നമ്മുടെ ജീവിതം. ഈ വൈവിധ്യമാണ് കഥകളുടെയും ജീവിതത്തിന്റെയും സൗന്ദര്യം. ഒരു വലിയ ക്യാന്‍വാസ് ആവുമ്പോള്‍ അത്തരം വൈവിധ്യങ്ങളുടെ സൗന്ദര്യം നമുക്കു പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. നോവലിന് അങ്ങനെയൊരു സാധ്യതയുണ്ട്. ഒരുപാട് ഉപകഥകളെ ഒരു മാലയിലെ മുത്തുകള്‍ എന്നപോലെ കോര്‍ത്തെടുക്കാന്‍ കഴിയും. കഥയെഴുത്ത് നോവലെഴുത്തിനെ ഒരുപാടു സഹായിച്ചിട്ടുണ്ട്. ജക്കരന്തയിലെ സിസിലിയ വ്യത്യസ്തമായ ഒരു പാത്രസൃഷ്ടിയാണ്. കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന അനാഥമാക്കപ്പെട്ട ഒരു ജീവിതം അവര്‍ക്കുണ്ട്. സാല്‍വദോറിന് വായനക്കാരുടെ മനസ്സില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞതിനു പ്രധാന കാരണം സിസിലിയയുടെ ഇടപെടലാണ്.
കഥകളിലെല്ലാം പ്രകൃതിഭംഗി ആവോളം കടന്നുവരുന്നുണ്ട്. കാഞ്ചിയാര്‍ എന്ന മലയോരഗ്രാമത്തിന്റെ സ്വാധീനമാണോ ഇത്?
ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ എന്ന കുടിയേറ്റ ഗ്രാമത്തിലാണു ഞാന്‍ ജനിച്ചത്. ഇടുക്കിയുടെ മനോഹാരിതയെക്കുറിച്ച് ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ. ഈ മലകളും മലങ്കാറ്റും മരങ്ങളും മലജന്തുക്കളും മണ്ണും മഞ്ഞും മനുഷ്യരുമാണ് എന്റെ കഥയ്ക്കുള്ള ഇന്ധനം. എനിക്കു മുന്നേ നടന്നുപോയ മനുഷ്യരെ ഈ കോടമഞ്ഞിന്റെ അവ്യക്തതയില്‍ എനിക്കു കാണാന്‍ കഴിയുന്നില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഓരോ ഹിമകണത്തിലും അവരുടെ കണ്ണുനീരുകൂടിയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു. കാഞ്ചിയാറിന്റെ പ്രകൃതിയും ഇവിടുത്തെ കുടിയേറ്റസംസ്‌കാരവും ഗോത്രപ്പെരുമയും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നിരവധി സാംസ്‌കാരികപ്രവര്‍ത്തകരുള്ള ഇടമാണ് കാഞ്ചിയാര്‍. അവരുമായുള്ള ആത്മബന്ധം വലിയ ഊര്‍ജമാണ് എനിക്കു തന്നിട്ടുള്ളത്.
എഴുത്തിന്റെ ലോകത്തെ മറ്റ് അംഗീകാരങ്ങള്‍?
ബുക്ക് കഫേ അക്ബര്‍ കക്കട്ടില്‍ നോവല്‍ പുരസ്‌കാരം, നളന്ദ പുരസ്‌കാരം, മലയാള ഐക്യവേദി കൊലുമ്പന്‍ കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2021 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യങ് റൈറ്റേഴ്‌സ് മീറ്റില്‍ മലയാളത്തെ പ്രതിനിധീകരിച്ച് കഥ അവതരിപ്പിച്ചു.
എഴുത്തുകാരന്‍ എന്നതിലുപരി സ്വന്തം ജീവിതത്തെപ്പറ്റി?
കട്ടപ്പന മുന്‍സിഫ് കോടതി ജീവനക്കാരനാണ്. ഗ്രന്ഥശാലാപ്രവര്‍ത്തനം സജീവമാണ്. പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗം, എഴുത്തുകൂട്ടം ഇടുക്കി ജില്ലാഘടകം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരികവകുപ്പ് ഇടുക്കി ജില്ലാ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും സാഹിത്യകാരനുമായ എന്‍.ജി. മോഹനനാണ് പിതാവ്. അമ്മ ശോഭന വീട്ടമ്മയാണ്. റോസ്മിനാണ് ഭാര്യ. മകന്‍: ഫിദല്‍ റോസ് മോബിന്‍.
എഴുത്തിലെ പുതിയ ആഗ്രഹങ്ങള്‍...
എഴുത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അറുതിയില്ല. കാലത്തോടുള്ള നമ്മുടെ സംവദിക്കലാണല്ലോ എഴുത്ത്. എഴുത്തു തുടര്‍ന്നുകൊണ്ടേയിരിക്കും. ഇടുക്കിയുമായി ബന്ധപ്പെട്ട ഒരു നോവല്‍ എഴുതണമെന്ന് അതിയായ ആഗ്രഹമുണ്ട്. കുടിയേറ്റം പ്രമേയമായി വരുന്ന ഒരു നോവല്‍. അത് ഉടന്‍ സാധ്യമാകുമെന്നാണു പ്രതീക്ഷ.