ചില ജീവിതങ്ങള്‍ അങ്ങനെയാണ്. അവര്‍ മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എരിഞ്ഞുതീരുക, ജീവിക്കുക. ഇരുട്ടിന്റെ കമ്പളം പുതച്ച വഴികളിലും ശരറാന്തലുകളായി അവര്‍ നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും. മിസൈലുകളും ബോംബുകളും ഉറക്കം കെടുത്തിയ ഉക്രൈന്‍ തെരുവുകളില്‍ അശരണരായി, ഒരു തുള്ളി വെള്ളം തൊണ്ട നനയ്ക്കാന്‍പോലും ഇല്ലാതെ, മരം കോച്ചുന്ന തണുപ്പില്‍, ബങ്കറുകളില്‍ ചുരുണ്ടുകൂടിയ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് അഭയമൊരുക്കാന്‍ ചില ദേവദൂതര്‍ മുന്‍പോട്ടുവന്നു. മരണത്തെപ്പോലും വകവയ്ക്കാതെ മറ്റുള്ളവരെ രക്ഷയിലേക്കു നയിക്കുന്നവരുടെ അനിതരസാധാരണമായ ആത്മസമര്‍പ്പണത്തിന്റെ മഹനീയമായ മാതൃകകള്‍ നമുക്കും അനുകരണീയമാണ്. അവിടെ രക്ഷാദൗത്യവുമായി എത്തിയ ഡിപ്ലോമാറ്റുകളെപ്പോലും ഇവര്‍ അദ്ഭുതപ്പെടുത്തിയിരിക്കണം.
സിസ്റ്റര്‍ റോസെല നുത്തങ്ങിയും
സിസ്റ്റര്‍ ആന്‍ ഫ്രിഡയും
മിസോറാംകാരായ സിസ്റ്റര്‍ റോസെല നുത്തങ്ങിയും സിസ്റ്റര്‍ ആന്‍ ഫ്രിഡയും മിഷനറീസ് ഓഫ് ചാരിറ്റി എന്ന വിശ്വപ്രസിദ്ധ ജീവകാരുണ്യ സന്ന്യാസസമൂഹത്തിന്റെ ഭാഗമാണ്. യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോള്‍ യുക്രെയ്ന്‍ വിട്ട് ഏതെങ്കിലും യൂറോപ്യന്‍രാജ്യങ്ങളിലേക്കോ ഇന്ത്യയിലേക്കോ എളുപ്പത്തില്‍ രക്ഷപ്പെട്ടു പോകാനുള്ള അവസരം അധികാരികള്‍ വച്ചുനീട്ടിയിട്ടും അവര്‍ പോകാന്‍ കൂട്ടാക്കിയതേയില്ല. യുദ്ധത്തില്‍ മുറിവേറ്റവരെയും അശരണരായവരെയും പരിചരിക്കാന്‍ പ്രതിജ്ഞാബദ്ധരായി അവിടെത്തന്നെ നിലയുറപ്പിച്ചു, പിടഞ്ഞുവീണവരെ ശുശ്രൂഷിച്ചു. അവരവിടെ ദൈവദൂതന്മാരായി. അവരുടെ സമര്‍പ്പണമനോഭാവത്തിനു മുമ്പില്‍, ദൈവസ്‌നേഹത്തിനു മുമ്പില്‍ മനുഷ്യസമൂഹം ഒന്നടങ്കം കരങ്ങള്‍ കൂപ്പി നില്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ വിയര്‍പ്പുതുള്ളികള്‍പോലും രക്തം കലര്‍ന്നതാണ്; കര്‍ത്താവിന്റെ തിരുവിയര്‍പ്പുപോലെ അമൂല്യമാണത്. ഈ ദുഃഖത്തിന്റെ താഴ്‌വരയില്‍ ഇനിയും ദയയും മനുഷ്യസ്‌നേഹവും പാത്രത്തില്‍ ബാക്കിയുണ്ടെന്ന് ഉദ്‌ഘോഷിച്ചവരാണവര്‍.
ഈ വീരോചിതമായ പ്രവൃത്തികണ്ട് അവരുടെ ആര്‍ച്ചുബിഷപ് പറഞ്ഞതിതാണ്: ''എനിക്ക് തെല്ലും അദ്ഭുതമില്ല, അവര്‍ യുദ്ധം തിമര്‍ന്നാടുന്ന യുക്രെയ്ന്‍ വിട്ടുപോകാത്തതില്‍, സ്വന്തം ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ടുള്ള ഈ സാഹസം ഉപേക്ഷിക്കാത്തതില്‍. എനിക്ക് അവരുടെ കാര്യത്തില്‍ വല്ലാത്ത അഭിമാനം തോന്നുന്നു.''
കുലീനവും നീതിയുക്തവുമായ, മദര്‍ തെരേസയുടെ മാര്‍ഗം ഉപേക്ഷിച്ചു സേവനം മതിയാക്കി ഒളിച്ചോടുകയെന്നത്, അവരെ സംബന്ധിച്ചിടത്തോളം വലിയ ഭീരുത്വമായിരിക്കും.
കത്തോലിക്കരുടെ സഹായഹസ്തം
യുദ്ധഭൂമിയില്‍ കാരിറ്റസ് യുക്രൈന്‍ അതിന്റെ അസംഖ്യം ശാഖകളിലൂടെ ആയിരക്കണക്കിന് ആളുകളിലേക്ക്സഹായം എത്തിക്കുന്നുണ്ട്. അവര്‍ക്കു ഭക്ഷണം, അഭയ കേന്ദ്രം, സംരക്ഷണം, കൗണ്‍സലിങ് പോലുള്ള കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കുന്നു. കത്തോലിക്കാ റിലീഫ് സെര്‍വിസസ്സ്, നൈറ്റ്‌സ് ഓഫ് കൊളംബസ് തുടങ്ങിയ സംഘടനകളും അവിടെ കര്‍മോന്മുഖരായി നില്‍ക്കുന്നുണ്ട്. കാത്തലിക് നോര്‍ത്ത് ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഇചഋണഅ) വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് അശരണരായവരുടെ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുന്നു.
റൊമാനിയയിലെ കത്തോലിക്കാസ്ഥാപനങ്ങളും ബിഷപ്‌സ് ഹൗസുകള്‍പോലും വാതില്‍ മലര്‍ക്കെ തുറന്നിട്ട് ക്രിസ്ത്യാനിയുടെ ജീവകാരുണ്യം നിത്യയാഥാര്‍ത്ഥ്യമാക്കി. പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല വചനം; അത് അനുവര്‍ത്തിക്കാനും ജീവിക്കാനുമുള്ളതാണ് എന്നതിന് അവര്‍ സാക്ഷ്യം നല്‍കി. ഏറെ സമ്മര്‍ദങ്ങള്‍ക്കിടയിലും, പോളണ്ടിലും ഹങ്കറിയിലും ഇതുപോലെ മഹാമനസ്‌കത കാണിക്കാന്‍ അവിടത്തെ വിശ്വാസികളും അനുദിനം മുമ്പോട്ടു വന്നുകൊണ്ടിരിക്കുന്നു.
സിസ്റ്റര്‍ ലിജി പയ്യമ്പള്ളി
ഭീകരത നിറഞ്ഞ നാളുകള്‍ യുക്രെയ്ന്‍ ജനതയെ വല്ലാതെ തകര്‍ത്ത സമയം. മാര്‍ച്ച് 2 ന് 1500 മെഡിക്കല്‍ സ്റ്റുഡന്റ്‌സിനെ രക്ഷപ്പെടുത്തി സ്ലോവാക്യയുടെ ബോര്‍ഡറില്‍ എത്തിച്ചത് യുക്രെയ്‌നില്‍ ജോലിനോക്കിയിരുന്ന ഒരു അങ്കമാലിക്കാരി സിസ്റ്ററാണ്. സിസ്റ്റര്‍ ലിജി! സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് എന്ന ജീവകാരുണ്യ സന്ന്യാസിനീസമൂഹത്തിനു കീഴില്‍ സേവനം അനുഷ്ഠിക്കുന്ന ഒരു സിസ്റ്ററാണ് അവര്‍.
സിസ്റ്റര്‍ ലിജി പോളണ്ടിന്റെ അതിര്‍ത്തിയിലെ കിലോമീറ്ററുകള്‍ നീണ്ട നിരകള്‍ കണ്ട്, അവരുടെ ശോചനീയാവസ്ഥയും വേദനയും കണ്ടു മനസ്സലിഞ്ഞ്, യുക്രെയ്‌നിലെ കന്യാസ്ത്രികളെയും വൈദികരെയും അവരുടെ അടുത്തേക്ക് അയച്ചു. അവര്‍ അവരെ വാഹനങ്ങളില്‍ സുരക്ഷിതേകന്ദ്രങ്ങളിലേക്ക് എത്തിച്ചു.
ബങ്കറുകളില്‍ കുടിവെള്ളമോ, ശൗചാലയമോ ഒന്നുമില്ലാതെ വീര്‍പ്പുമുട്ടിയിരുന്ന, ഏതാണ്ട് പാതി മനോസംഘര്‍ഷത്തില്‍ എത്തിനിന്നവര്‍ക്കാണ് അവരെ അദ്ഭുതപ്പെടുത്തുന്ന മട്ടില്‍ ഹീറ്റര്‍ ഘടിപ്പിച്ച മുറികളും ഭക്ഷണവും ലഭിച്ചത്. ഈ സേവനങ്ങളിലെല്ലാം രണ്ടു മലയാളികന്യാസ്ത്രീകളും മറ്റു പതിനെട്ട് യുക്രെയ്ന്‍ സിസ്റ്റേഴ്‌സും പങ്കാളികളായി. കിവ് ഖാര്‍കിവ് പോലുള്ള സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികളായിരുന്നു അവിടെ അഭയം തേടി എത്തിയവരിലധികവും.
പള്ളിയിലും പ്രാര്‍ത്ഥനാലയത്തിലുമായി നൂറുകണക്കിനു വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കാനായി. സിസ്റ്റര്‍ ലിജി യുക്രെയ്‌നിലെ മലയാളികളും നാട്ടുകാരുമായ സുഹൃത്തുക്കളുടെ സഹായത്തോടെ പല വാഹനങ്ങള്‍ സ്വരൂപിച്ച് ഒട്ടേറെ വിദ്യാര്‍ത്ഥികളെ ഒടുവില്‍ ബോര്‍ഡറുകളില്‍ എത്തിച്ചു. അത്തരം ഒരു യാത്രയില്‍ വാഹനമോടിച്ചുപോയത് സിസ്റ്റര്‍ ലിജിതന്നെയായിരുന്നു.
ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ സിസ്റ്റേഴ്സും ഒരു യുദ്ധം പൊരുതിക്കൊണ്ടിരിക്കുന്നു. സ്‌നേഹവും സമാധാനവും സാഹോദര്യവും പുനഃസ്ഥാപിക്കാനൊരു യുദ്ധം! പബ്ലിസിറ്റി ഇഷ്ടമല്ലാത്ത ഇവരാരും പക്ഷേ, മീഡിയയുടെ മുമ്പില്‍ എത്തിയേക്കില്ല എന്നുമാത്രം.
സുകൃതം ചെയ്ത ഈ ജീവിതങ്ങളുടെ പാതയില്‍ നന്മ നിറയ്ക്കണമേ; അവര്‍ക്കു ദീര്‍ഘമായ ആയുസ്സും ആരോഗ്യവും ദൈവപരിപാലനയും നല്‍കേണമേയെന്ന് നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.