കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പതിവു തെറ്റിച്ചില്ല. തകര്‍ച്ചയുടെ പടുകുഴിയിലേക്കു വീണിട്ടും തിരഞ്ഞെടുപ്പുതോല്‍വികള്‍ക്ക് ആരും ഉത്തരവാദികളായില്ല. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ചു കൃത്യമായ വിലയിരുത്തലുകളോ തിരുത്തലുകളോ ഇല്ല. സോണിയാ ഗാന്ധിതന്നെ അധ്യക്ഷയായി തുടരും. ''അയ്യോ അച്ഛാ പോകല്ലേ'' എന്ന സിനിമാ ഡയലോഗു പോലെ സോണിയ തുടരണമെന്ന് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. സംഘടനാതിരഞ്ഞെടുപ്പു പൂര്‍ത്തിയാകുംവരെ സോണിയ തുടരണമെന്നു വര്‍ക്കിങ് കമ്മിറ്റിയിലെ ഓരോ അംഗവും ആവശ്യപ്പെട്ടെന്നാണു പാര്‍ട്ടി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞത്. സോണിയാ ഗാന്ധിയിലും കുടുംബത്തിലും പാര്‍ട്ടിക്കുള്ള വിശ്വാസം ഏകകണ്ഠമായി ആവര്‍ത്തിക്കാനും സമിതി മറന്നില്ല.
ദോഷം പറയരുതല്ലോ, പാര്‍ട്ടിക്ക് ആവശ്യമെങ്കില്‍ താനും കുടുംബാംഗങ്ങളും എല്ലാ പദവികളില്‍ നിന്നും മാറി നില്‍ക്കാമെന്നു കഴിഞ്ഞ ഞായറാഴ്ച നടന്ന വര്‍ക്കിങ് കമ്മിറ്റിയോഗത്തിന്റെ തുടക്കത്തില്‍ സോണിയ പറഞ്ഞു. അതും പ്രതീക്ഷിച്ചതുതന്നെ. അമരീന്ദര്‍ സിങ്ങിനെ മാറ്റിയതില്‍ തനിക്കു പിഴച്ചെന്നു സോണിയയും തന്ത്രങ്ങള്‍ പിഴച്ചെന്നു സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഏറ്റുപറഞ്ഞതുതന്നെ ഭാഗ്യം.
കേരളം, ആസാം, ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭാതിരഞ്ഞെടുപ്പുകളിലും തോറ്റമ്പിയിട്ടും കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനോ തിരുത്തലുകള്‍ക്കോ ആര്‍ക്കും ഒരു തിരക്കുമില്ല. സോണിയ - രാഹുല്‍ പ്രിയങ്ക ത്രിമൂര്‍ത്തികളും അവരുടെ കൂട്ടാളികളും തുടരുമത്രേ. സോണിയ-രാഹുല്‍-പ്രിയങ്ക ബ്രിഗേഡുകളുടെ സ്തുതിപാഠകഗീതാലാപനം നിര്‍ണായകവര്‍ക്കിങ് കമ്മിറ്റിയിലും ഉണ്ടായി. തോല്‍വി അതീവ ഗൗരവതരമാണെന്ന് 54 അംഗ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിലയിരുത്തി. സാധാരണജനത്തിനുപോലും അറിയാവുന്ന ഒരു യാഥാര്‍ഥ്യം!
മാറ്റത്തിനു വിസമ്മതിക്കുന്ന നേതാക്കള്‍
കോണ്‍ഗ്രസിലെ ഐക്യത്തിനു ഗാന്ധികുടുംബം വളരെ പ്രധാനപ്പെട്ടതാണെന്നു വര്‍ക്കിങ് കമ്മിറ്റിയോഗത്തിനുമുമ്പ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരസ്യമായി പറഞ്ഞപ്പോള്‍ത്തന്നെ പ്രവര്‍ത്തകസമിതിയില്‍ നേതൃമാറ്റം അടക്കമുള്ള പ്രധാന കാര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിക്കു പിന്നാലെ നേതൃമാറ്റത്തിനുവേണ്ടി ഉയര്‍ന്ന ആവശ്യങ്ങള്‍ വെറുതെയാകുമെന്ന സംശയം യോഗം അവസാനിച്ചപ്പോള്‍ ശരിവച്ചു.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നതിലും ജനവിശ്വാസം വീണ്ടെടുക്കണമെന്നതിലും നേതാക്കള്‍ക്കു സംശയമേയില്ല. ഓരോ തോല്‍വിക്കുശേഷവും ഇക്കാര്യം പറയാറുമുണ്ട്. എന്നാല്‍, ബിജെപിയെയും എഎപി പോലുള്ള പാര്‍ട്ടികളെയും തടുക്കാന്‍ എന്തു ചെയ്യണമെന്ന് ഇനിയും ആര്‍ക്കും പിടിയില്ല. ഭാവിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യാന്‍ മേയ് മാസത്തില്‍ ചിന്തന്‍ ശിബിരം (ബ്രെയിന്‍സ്‌റ്റോമിങ് സെഷന്‍) നടത്താന്‍ തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പു ഷിംലയില്‍ ചേര്‍ന്ന ചിന്തന്‍ ശിബിരത്തിനുശേഷവും കോണ്‍ഗ്രസില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്ന് അവിടെ ഉണ്ടായിരുന്ന ഈ ലേഖകനറിയാം.
അടുത്ത ചിന്താശിബിരത്തിനു മുന്നോടിയായി പാര്‍ലമെന്റുസമ്മേളനത്തിനുശേഷം മറ്റൊരു വര്‍ക്കിങ് കമ്മിറ്റി യോഗവുമുണ്ടാകും. ഓഗസ്റ്റ് 20 ന് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പു നടത്താനും നിര്‍ദേശമുണ്ട്. അതിനുമുമ്പായി സംഘടനാതലപ്പത്തു വേണ്ട മാറ്റം വരുത്താന്‍ സോണിയയെ ചുമതലപ്പെടുത്തി. താനടക്കം ആരെ വേണമെങ്കിലും മാറ്റാന്‍ സോണിയയ്ക്ക് അധികാരമുണ്ടെന്നു കെ.സി. വേണുഗോപാല്‍ പറഞ്ഞു. പക്ഷേ, രാഹുല്‍ ഗാന്ധിയുമായി ആലോചിച്ചു മാത്രമേ സോണിയ തീരുമാനമെടുക്കൂവെന്ന് വേണുഗോപാലിനും അറിയാം.
വായിക്കേണ്ട ചുവരെഴുത്തുകള്‍
ജനവിധികളുടെ ചുവരെഴുത്തു വായിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയും തയ്യാറായിട്ടില്ല. അനിവാര്യമായ മാറ്റമോ വഴിത്തിരിവാകുന്ന തീരുമാനങ്ങളോ എടുക്കാനാകാതെ ഇക്കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പിരിഞ്ഞതിലൂടെ ഇക്കാര്യം വ്യക്തമാണ്. തല്ലണ്ടമ്മാവാ ഞാന്‍ നന്നാകില്ലെന്ന നിലയിലാണ് ഓരോ നേതാവും. മാറിക്കൊടുക്കാനോ തെറ്റു തിരുത്താനോ അധികാരത്തിനും പദവികള്‍ക്കുമായുള്ള ആര്‍ത്തി അവസാനിപ്പിക്കാനോ 99 ശതമാനം നേതാക്കളും ഇപ്പോഴും തയ്യാറല്ല.
സവര്‍ണ, പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വോട്ടുബാങ്കുകളുടെ മിശ്രിതരാഷ്ട്രീയത്തിന്റെ പഴയ കാലം കഴിഞ്ഞുവെന്നതാണു പ്രധാനം. അരനൂറ്റാണ്ടോളം സ്വതന്ത്രേന്ത്യയില്‍ കോണ്‍ഗ്രസ് വിജയകരമായി പരീക്ഷിച്ച തന്ത്രം. ഇതില്‍ ആദ്യമായി വലിയ മാറ്റം വരുത്തിയത് മണ്ഡല്‍രാഷ്ട്രീയമാണ്. പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പാണ് അക്കാലത്തു രാജ്യം ദര്‍ശിച്ചത്. പിന്നീടാണു ബിജെപിയുടെ മന്ദിര്‍രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവം. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തു രാമക്ഷേത്രം നിര്‍മിക്കുകയെന്നതു ഭൂരിപക്ഷവോട്ടുകളുടെ ധ്രുവീകരണത്തിനുള്ള വജ്രായുധമായിരുന്നു. ഗുജറാത്ത് കലാപവും നരേന്ദ്രമോദിയുടെ ഉയര്‍ച്ചയും കണ്ട കാലം.
ഇതിനു പിന്നാലെയാണ് അരാഷ്ട്രീയപ്രവര്‍ത്തകനില്‍നിന്നു മുഴുസമയ രാഷ്ട്രീയക്കാരനായുള്ള അരവിന്ദ് കേജരിവാളിന്റെ രൂപാന്തരം രാജ്യം കണ്ടത്. ഇന്ത്യന്‍രാഷ്ട്രീയം മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഭീമാകാരമായ വര്‍ഗീയരാഷ്ട്രീയം ബിജെപിക്കു വലിയ മോല്‍ക്കോയ്മയാണു നല്‍കിയത്. എന്നാല്‍, ഡല്‍ഹിയില്‍ ബിജെപിയെ മുട്ടുകുത്തിച്ചുള്ള ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവ് മോദിയുടെപോലും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആക്ടിവിസവും രാഷ്ട്രീയവും ജനകീയഭരണമോഡലും ഡല്‍ഹിയില്‍ ഹിന്ദുത്വവും പഞ്ചാബില്‍ സിഖ്, ഹിന്ദു കളികളും എല്ലാം ചേര്‍ത്തൊരു പുതിയ മസാലയാണു എഎപി.
ബിജെപിയെ മലര്‍ത്തിയടിച്ചവര്‍
കേജരിവാളിനു പുറമേ പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയും കേരളത്തില്‍ പിണറായി വിജയനും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിനും മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയും ഒഡീഷയില്‍ നവീന്‍ പട്‌നായിക്കും ആന്ധ്രപ്രദേശില്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയും തെലുങ്കാനയില്‍ കെ. ചന്ദ്രശേഖരറാവുവും എല്ലാം ബിജെപിയെ മലര്‍ത്തിയടിച്ചു ഭരണം കൈപ്പിടിയിലൊതുക്കി. പ്രാദേശിക, മത-സാമുദായിക-വികസന-ക്ഷേമസമവാക്യങ്ങള്‍ എല്ലാം വേണ്ടപോലെ കൂട്ടിക്കുഴച്ചാണ് ഇവരെല്ലാം മുഖ്യമന്ത്രിക്കസേര പിടിച്ചത്.
എല്ലായിടത്തുംതന്നെ കോണ്‍ഗ്രസാണു കൂടുതല്‍ ശോഷിച്ചത്. ബംഗാളിലും ത്രിപുരയിലും സിപിഎമ്മും നാമാവശേഷമായി. ഇതേസമയം, കേരളത്തില്‍ പിണറായിയുടെ എല്‍ഡിഎഫ് പുതുചരിത്രം രചിച്ചാണു തുടര്‍ഭരണം നേടിയത്. കേരളത്തിലും നഷ്ടം കോണ്‍ഗ്രസിനുതന്നെ. സംഘടനാപരമായി രാജ്യത്തുതന്നെ ഏറ്റവും അടിത്തറയുള്ള കേരളത്തിലും പാര്‍ട്ടിക്ക് അടിപതറിയതിനു കാരണങ്ങള്‍ പലതാണ്.
ഒരു വഴിക്ക് മൃദുഹിന്ദുത്വവും മറുവശത്ത് മുസ്‌ലിം പ്രീണനവുമാകും കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിയതില്‍ പ്രധാനം. തുടര്‍ച്ചയായ ക്ഷേത്രസന്ദര്‍ശനങ്ങളിലൂടെയും ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന ജയ്പൂരിലെ വിവാദപ്രസംഗത്തിലൂടെയും രാഹുല്‍ നടത്തിയ കപടനാടകം മതേതരവിശ്വാസികളായ രാജ്യത്തെ ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ നിഷ്‌കരുണം തള്ളി. ഭേദപ്പെട്ട മറ്റു പാര്‍ട്ടികള്‍ക്കു മാറി വോട്ടു ചെയ്യാന്‍ മതേതരവാദികള്‍ നിര്‍ബന്ധിതമായി.
ബൂമറാങ്ങായ നയവ്യതിയാനങ്ങള്‍
ഹിന്ദുത്വവാദത്തിനാണെങ്കില്‍ ബിജെപി പോരേയെന്ന ചോദ്യംപോലും രാഹുല്‍ ബ്രിഗേഡും കോണ്‍ഗ്രസിലെ മുണ്ടിനടിയില്‍ കാക്കിയിട്ട നേതാക്കളും കേട്ടില്ല. മൃദുഹിന്ദുത്വകളികള്‍ ബൂമറാങ് പോലെ തിരിച്ചടിച്ചെന്നു യു പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ ഫലങ്ങളില്‍ വ്യക്തമാണ്. ഇതോടൊപ്പം, മുസ്‌ലിം വോട്ടര്‍മാര്‍ക്കു നിര്‍ണായകസ്വാധീനമുള്ള വയനാട്ടില്‍ വന്നു മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനവും മുസ്‌ലിം പ്രീണനനിലപാടുകളും ഗുണത്തെക്കാളേറെ ദോഷം ചെയ്തു.
അമേത്തിയും ഉത്തരേന്ത്യയിലെ പല സീറ്റുകളും കോണ്‍ഗ്രസില്‍നിന്നു പിടിച്ചെടുക്കാന്‍ ബിജെപിക്ക് സഹായകമായതു മിച്ചം. ഹിന്ദുവോട്ടര്‍മാരും ഒരു വിഭാഗം ക്രൈസ്തവവോട്ടര്‍മാരും കോണ്‍ഗ്രസിനെ കൈവിട്ടു. യു പിയില്‍ അടക്കം മുസ്‌ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ തുണച്ചതുമില്ല. ഒറ്റാലില്‍ കിടന്നതും പോയി കിഴക്കുനിന്നു വന്നതും പോയി എന്ന പഴഞ്ചൊല്ല് അന്വര്‍ഥമായി. വര്‍ഗീയത അതു ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരുപോലെ ചെറുത്തു തോല്പിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവാണു മുഖ്യം.
ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള നേതാക്കള്‍ അടിത്തറ പാകിയ കോണ്‍ഗ്രസിന്റെ ശക്തമായ മതേതരത്വമൂല്യങ്ങളുടെ അടിക്കല്ലിളക്കിയ അഴകൊഴമ്പന്‍ നിലപാടുകളിലൂടെ നേതാക്കളും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള അടിയുറച്ച വിശ്വാസം തകര്‍ത്തു. കരുത്തുറ്റ, പ്രതീക്ഷ നല്‍കുന്ന നേതൃത്വത്തിന്റെ അഭാവവും സംഘടനാദൗര്‍ബല്യങ്ങളും നേതാക്കളുടെ തമ്മിലടികളും അധികാരക്കൊതിയും എല്ലാം ചേര്‍ന്നപ്പോള്‍ സ്ഥിതി വഷളായി.
പുതുസമീപനവും പുതുനേതാവും പ്രധാനം
മതേതരത്വം അടക്കമുള്ള കോണ്‍ഗ്രസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാതെ ബിജെപി, എഎപി തുടങ്ങിയ പാര്‍ട്ടികള്‍ക്കു ബദല്‍തന്ത്രങ്ങള്‍ രൂപീകരിക്കുകയാണു രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് അനിവാര്യമായത്. കുടുംബവാഴ്ചയും സ്തുതിപാഠകരീതികളും ഗ്രൂപ്പുകളികളും അവസാനിപ്പിച്ചു പാര്‍ട്ടിക്കു നയവ്യക്തതയും ലക്ഷ്യബോധവും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
എഐസിസിമുതല്‍ താഴെത്തട്ടുവരെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുക പ്രധാനമാണ്. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രതീക്ഷയും പ്രത്യാശയും ആവേശവും നല്‍കാന്‍ കഴിയുന്ന കരുത്തുറ്റ നേതാക്കളും നയപരിപാടികളും ഉണ്ടായാലേ ബദല്‍ രാഷ്ട്രീയത്തിന് ഇനി പ്രസക്തിയുള്ളൂ. അടിമുടി ഉടച്ചുവാര്‍ക്കാതെ നിര്‍വാഹമില്ല.
പുതുതലമുറയുടെ ചിന്തകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള നയസമീപനങ്ങളുണ്ടാകാതെ ഒരു പാര്‍ട്ടിക്കും ഇനി നിലനില്‍ക്കാനാകില്ല. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ക്കു പിന്തുണയും ക്ഷേമവും ഉറപ്പാക്കാനും ജനകീയ പ്രശ്‌നങ്ങളില്‍ മുന്നില്‍നിന്നു നയിക്കാനും കഴിയേണ്ടതുണ്ട്. ദേശീയതയും മതേതരത്വവും കാര്യക്ഷമമായ സാമ്പത്തിക, സോഷ്യലിസ്റ്റ്, ക്ഷേമ, വികസന കാഴ്ചപ്പാടുകളും അവതരിപ്പിക്കാനാകണം.