ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറയിളക്കിയ ഉപ്പുസത്യാഗ്രഹത്തിന് മാര്‍ച്ച് 12 ന് 92 വര്‍ഷം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഐതിഹാസിക സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു ഉപ്പുസത്യാഗ്രഹം. സ്വാതന്ത്ര്യസമരപോരാട്ടത്തിനു ദിശാബോധം നല്‍കിയ ഉപ്പുസത്യാഗ്രഹത്തിനു മുന്നോടിയായ ദണ്ഡിമാര്‍ച്ച് ആരംഭിച്ചത് 1930 മാര്‍ച്ച് 12 നായിരുന്നു. സ്വാതന്ത്ര്യസമരം തിളച്ചുമറിയുമ്പോഴാണ് 92 വര്‍ഷംമുമ്പ് ഗാന്ധിജി ഉപ്പുസത്യാഗ്രഹമെന്ന അഹിംസാസമരത്തിനു രൂപം നല്‍കിയത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപ്പിനു നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപ്പുസത്യാഗ്രഹം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പൂര്‍ണസ്വരാജ് പ്രഖ്യാപിച്ചശേഷം നടന്ന ആദ്യ പ്രഖ്യാപിതസമരവുമായിരുന്നു ഇത്. സബര്‍മതി ആശ്രമത്തില്‍നിന്ന് 390 കിലോമീറ്റര്‍ അകലെയുള്ള ദണ്ഡിയിലേക്കു ഗാന്ധിജിയും 78 സന്നദ്ധ പ്രവര്‍ത്തകരും യാത്രയാരംഭിച്ചു. 21 കിലോമീറ്ററായിരുന്നു ആദ്യ ദിവസത്തെ യാത്ര. തുടര്‍ന്നു യാത്ര പോകുന്ന ഇടങ്ങളിലെല്ലാം നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ജാഥയില്‍ അണിചേര്‍ന്നു. ഏപ്രില്‍ 5 ന് ജാഥ ദണ്ഡി കടപ്പുറത്ത് എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ്‌സാമ്രാജ്യത്തിന്റെ അടിത്തറ ഞാന്‍ ഇളക്കിയിരിക്കുന്നുവെന്നാണ് അന്ന് ഗാന്ധിജി പ്രഖ്യാപിച്ചത്.
നികുതി നല്കാതെ ഉപ്പുനിര്‍മിക്കുന്നതിനുവേണ്ടിയായിരുന്നു ഗുജറാത്തിലെ സബര്‍മതി ആശ്രമം മുതല്‍ ദണ്ഡി കടപ്പുറംവരെയുള്ള ആ യാത്ര സംഘടിപ്പിക്കപ്പെട്ടത്. ഉപ്പിനുമേലുള്ള നികുതിനിയമം ലംഘിച്ചതിന് ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്കെതിരേ ബ്രിട്ടീഷ് സര്‍ക്കാര്‍ കേസു ചുമത്തി.
ഉപ്പുസത്യാഗ്രഹം അപൂര്‍വമായ ഒരു സമരമുറയായി മാറുകയായിരുന്നു. അതിലൂടെ സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചൈതന്യം ഗാന്ധിജി ജനതയ്ക്കു പകര്‍ന്നുനല്‍കി. സ്വാതന്ത്ര്യത്തിനായുള്ള തീപ്പൊരി ഉപ്പ് സത്യഗ്രഹത്തിലൂടെ കത്തിപ്പടര്‍ന്നു. കോടിക്കണക്കിന് ഭാരതീയരെ ചൂഷണത്തില്‍നിന്നു മോചിപ്പിക്കാനുള്ള യാത്രയായി മാറുകയായിരുന്നു ദണ്ഡിയാത്ര. ലോകചരിത്രത്തില്‍ അഹിംസയിലൂന്നിയ ഇങ്ങനെയൊരു ബൃഹത് സമരം മുമ്പുണ്ടായിട്ടില്ല.
1919 ലാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപ്പുനിയമം കൊണ്ടുവന്നത്. ബ്രിട്ടനില്‍നിന്നു തിരികെ യെത്തുന്ന കപ്പലുകളില്‍ കൊണ്ടുവന്ന ഉപ്പുചാക്കുകള്‍ വിറ്റൊഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം ആവിഷ്‌കരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഗാന്ധിജി ഉപ്പിനെ സമരമാര്‍ഗമായി തിരഞ്ഞെടുത്തത്. ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനും അവരുടെ ആത്മാഭിമാനം വളര്‍ത്താനുമുതകുന്ന ഒരായുധമാണ് ഉപ്പെന്ന് അദ്ദേഹം മനസ്സിലാക്കി.
പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ ആവശ്യമാണ് ഉപ്പ്. ഇന്ത്യയിലെ സാധാരണക്കാര്‍ കാലാകാലങ്ങളായി കടല്‍വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കിവന്നവരായിരുന്നു. അവരുടെ അവകാശമാണ് ബ്രിട്ടീഷ്‌സര്‍ക്കാര്‍ നിഷേധിച്ചത്. അതുകൊണ്ടുതന്നെ ഉപ്പിന്റെ കഥ സ്വാതന്ത്ര്യത്തിന്റെ കഥകൂടിയായി മാറി.
പട്ടിണിപ്പാവങ്ങളെക്കുറിച്ചായിരുന്നു ഗാന്ധിജിയുടെ ശ്രദ്ധ. അവരുടെ കഷ്ടപ്പാടുകള്‍ ഇല്ലാതാകണം. അവരുടെ പുരോഗതി രാഷ്ട്രത്തിന്റെ പുരോഗതിയാണെന്നും അദ്ദേഹം വിശ്വസിച്ചു. മറ്റുള്ളവര്‍ക്കും സങ്കല്പിക്കാനാകാത്ത പ്രാധാന്യമാണ് ഗാന്ധിജി ഉപ്പില്‍ ദര്‍ശിച്ചത്.
അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍മനസ്സിനെ തെളിച്ചെടുത്ത യാത്രയായിരുന്നു അത്. തങ്ങള്‍ സ്വതന്ത്രരാവുകയാണെന്ന ചിന്ത ജനങ്ങളിലുണ്ടാക്കാന്‍ ദണ്ഡിയാത്രയ്ക്കു കഴിഞ്ഞു. ഉപ്പുസത്യാഗ്രഹത്തിനു ലഭിച്ച സ്വീകാര്യതയാണ് ലക്ഷക്കണക്കിനു സാധാരണക്കാരായ ജനങ്ങളെ ഇന്ത്യന്‍സ്വാതന്ത്ര്യസമര്രപസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്.