•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

മലയാളത്തിന്റെ മഹാപ്രതിഭ

മഹാനായ അര്‍ണോസ് പാതിരി അന്തരിച്ചിട്ട് മാര്‍ച്ച് ഇരുപതിന് 290 വര്‍ഷം

വര്‍ അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ വിളിച്ചു: അര്‍ണോസ് പാതിരി.  കരയിലും കടലിലുമായി നൊവിഷ്യേറ്റുപരിശീലനം നടത്തിയ തീക്ഷ്ണമതിയായ യുവാവ്. സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ നിലനിന്നിരുന്ന ദരിദ്രമായ നാട്ടിലേക്കു സമ്പന്നമായ ഒരു രാജ്യത്തെ കുലീനകുടുംബത്തില്‍ ജനിച്ച ബൗദ്ധികപ്രഭാവനായ ഒരു യുവാവിന്റെ സാഹസികയാത്ര, അതു മലയാളമണ്ണിലേക്കായിരുന്നു. ജാതിസ്പര്‍ദ്ധയും ദാരിദ്ര്യവും ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന കേരളത്തിന്റെ ജീര്‍ണിച്ച സാമൂഹികാന്തരീക്ഷത്തിലേക്കു സ്‌നേഹത്തിന്റെ സന്ദേശമെത്തിച്ച ആ യുവസന്ന്യാസി പാവങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ചു; ഒപ്പം ശത്രുക്കളുടെ മനസ്സിലും.         
1681 ല്‍ ജര്‍മനിയിലെ ഹാനോവറില്‍ ഓസ്റ്റര്‍ കാപ്ലയിന്‍ എന്ന സ്ഥലത്താണ് ജൊഹാന്‍ ഏണസ്റ്റ് ഹാങ്‌സില്‍ഡന്റെ ജനനം. പഠനകാലത്തു പരിചയപ്പെട്ട ജര്‍മന്‍ മിഷനറിയും ഈശോസഭാംഗവുമായ ഫാ. വില്യം വെബ്ബറാണ് സുവിശേഷമേഖലയിലേക്കു വഴിതിരിച്ചുവിട്ടത്.
ഇന്ത്യയിലെ ആത്മീയപ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കാനാണ് അന്ന് ഫാ. വെബ്ബര്‍ ഓസ്‌നാബ്രൂക്കില്‍ എത്തുന്നത്. ഫാ. വെബ്ബറിന്റെ വ്യക്തിമാഹാത്മ്യം ചെറുപ്പക്കാരനായ അര്‍ണോസിനെയും അര്‍ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്‌നേഹശീലവും ഫാ. വെബ്ബറിനെയും ആകര്‍ഷിച്ചു. മാതാപിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്റെ സംഘത്തില്‍ ചേര്‍ന്നു.
കുലീനവും സമ്പന്നവുമായ ഹാങ്‌സില്‍ഡന്‍ കുടുംബത്തിലെ കോണ്‍റാഡ് ഫോണിന്റെയും ബര്‍ത്ത അന്ന ഫോന്‍ കേറ്റലറിന്റെയും രണ്ടു മക്കളില്‍ ഇളയവനായിരുന്നു ജൊഹാന്‍ (ജോണ്‍) ഏണസ്റ്റ്. ജര്‍മനിയിലെ ഈശോസഭാവൈദികര്‍ നടത്തിയിരുന്ന കരോളിനം ജിംനേസും എന്ന വിദ്യാലയത്തിലാണ് ജൊഹാന്‍ പഠിച്ചിരുന്നത്. വെബ്ബറുടെ ഒപ്പം യാത്ര പുറപ്പെട്ട അര്‍ണോസിന്റെ വൈദികപരിശീലനത്തിന്റെ ഒന്നര വര്‍ഷങ്ങള്‍ കപ്പലിലായിരുന്നു. ദുരിതപൂര്‍ണമായ യാത്രയ്ക്കിടയില്‍ തുര്‍ക്കിയില്‍വച്ച് കോര്‍ബാനദി കടക്കുന്നതിനിടയില്‍ അധികച്ചുങ്കം കൊടുക്കേണ്ടിവരികയും തുര്‍ക്കിപ്പട്ടാളത്തിന്റെ കിരാതമായ ചോദ്യം ചെയ്യലുകള്‍ക്കു വിധേയരാവുകയും ചെയ്തു. ഈ സഞ്ചാരത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന വൈദികര്‍ രണ്ടുപേരും (ഫാ. വെബ്ബറും ഫാ. മേയറും) രോഗികളായി മാറി. യാത്രയ്ക്കിടെ കപ്പലില്‍വച്ച് അവര്‍ മരണമടഞ്ഞു. 1700 ഡിസംബര്‍ 13 ന് അര്‍ണോസും കൂടെയുണ്ടായിരുന്ന ഷില്ലിംഗറും ഗുജറാത്തിലെ സൂററ്റ് തുറമുഖത്ത് കരയ്ക്കിറങ്ങി. സങ്കടമെല്ലാം ഉള്ളിലൊതുക്കി സുവിശേഷവേലയ്ക്കുവേണ്ടി അര്‍ണോസ് മുന്നോട്ടുതന്നെ നീങ്ങി. പിന്നീട് കൊച്ചിയിലെ സാമ്പളൂര്‍ എന്ന ഗ്രാമത്തിലെത്തി. അവിടെവച്ചു വൈദികപട്ടം സ്വീകരിച്ചു.                       
വിജ്ഞാനദാഹിയായ ജൊഹാന്‍, വരേണ്യര്‍ മാത്രം പഠിച്ചിരുന്ന സംസ്‌കൃതം പഠിക്കാന്‍ ആഗ്രഹിച്ചു. ചില നമ്പൂതിരിമാര്‍ അതിനെ എതിര്‍ത്തെങ്കിലും ഉള്ളില്‍ നന്മ സൂക്ഷിച്ചിരുന്ന ഉത്പതിഷ്ണുക്കളായ ഏതാനും ചിലരുടെ സഹായത്തോടെ അദ്ദേഹം സംസ്‌കൃതത്തില്‍ പ്രാവീണ്യം നേടി. കൂടാതെ, ചതുരംഗം, വാസ്തുവിദ്യാജ്യോതിഷം, ഭാഷാശാസ്ത്രം എന്നിവയും പഠിച്ചു. ഈ കാലയളവില്‍ ഉദരസംബന്ധമായ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും ഉള്ളില്‍ കത്തിജ്ജ്വലിച്ചിരുന്ന ദൈവസ്‌നേഹത്തിന്റെ മുന്നില്‍ അതൊന്നും ഒന്നുമല്ലായിരുന്നു.               
വേലൂര്‍ എന്ന സ്ഥലത്താണ് അര്‍ണോസിനു ശുശ്രൂഷ ചെയ്യാന്‍ നിയോഗം ലഭിച്ചത്. ഒട്ടും വികസിതമല്ലാത്ത അപരിഷ്‌കൃതഗ്രാമത്തില്‍ എത്തിയ അദ്ദേഹത്തിനു പെരുവഴിക്കാട്ട് നായര്‍ കുടുംബം നല്കിയ സ്ഥലത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ കേരള വാസ്തുശില്പപ്രകാരം ഒരു വസതി നിര്‍മിച്ചുകൊടുത്തു. അവിടെ താമസിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ വേലൂര്‍ പള്ളി പണിയിച്ചത്. ദീര്‍ഘകാലം  അദ്ദേഹം അവിടെ ശുശ്രൂഷ ചെയ്തു. പഴുവില്‍ പള്ളിയിലായിരിക്കേ 1732 മാര്‍ച്ച് 20 ന് സര്‍പ്പദംശനമേറ്റ് 51-ാം വയസ്സില്‍  അദ്ദേഹം അന്തരിച്ചു.
സങ്കടത്തിന്റെ തിരമാലകള്‍ ഒന്നൊന്നായി വേട്ടയാടപ്പെട്ട ഒരു ഹൃദയത്തില്‍നിന്നു നിറഞ്ഞൊഴുകിയ വരികള്‍ ഇന്നും ജീവനോടെ അലയടിക്കുന്നു.
''ദുഃഖമൊക്കെപ്പറവാനോ
വാക്കു പോരാ മാനുഷര്‍ക്ക്  
ഉള്‍ക്കനെ ചിന്തിച്ചു കൊള്‍വാന്‍
ബുദ്ധിയും പോരാ.''                           (പുത്തന്‍പാന)
സകല ദുഃഖങ്ങളും സമര്‍പ്പിച്ചു സ്വര്‍ഗത്തിലേക്കു മിഴികളുയര്‍ത്തിയ ഒരാള്‍ക്ക് ഇങ്ങനെയേ എഴുതാന്‍ കഴിയൂ.        
''വിണ്ണിലോട്ടു നോക്കി നിന്റെ
കണ്ണിലും നീ ചോര ചിന്തി  
മണ്ണുകൂടെ ചോരയാലെ
നനച്ചോ പുത്രാ.'' (പുത്തന്‍പാന)
ഈ കാലഘട്ടത്തിലും അതിനുശേഷവും എഴുതപ്പെട്ട മഹത്‌രചനകള്‍ പാഠപുസ്തകങ്ങളിലും കലാലയങ്ങളിലുംമാത്രം ഇടം നേടിയപ്പോള്‍ മലയാളത്തിലെ ഹൃദ്യവും മധുരോദാരവും ഉദാത്തവുമായ അര്‍ണോസ് പാതിരിയുടെ പുത്തന്‍പാന ജനഹൃദയങ്ങളില്‍ ചേക്കേറി ജീവിതഗന്ധിയായി മാറി. ചതുരന്ത്യം, ജനോവാപര്‍വം, ഉമ്മാടെ ദുഃഖം, പുത്തന്‍പാന തുടങ്ങി നിരവധി കാവ്യങ്ങളും മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടുവും വ്യാകരണഗ്രന്ഥവും സംസ്‌കൃതനിഘണ്ടുവും  മലയാളത്തിനു സമ്മാനിച്ച അനശ്വരപ്രതിഭയാണ് അര്‍ണോസ് പാതിരി.  
ഭാഷാചരിത്രകാരനും സാഹിത്യവിമര്‍ശകനും കവിയുമായ ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ വാക്കുകള്‍ ശ്രദ്ധേയം: ''കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓര്‍മിക്കേണ്ടïസേവനങ്ങള്‍കൊണ്ട് അനശ്വരകീര്‍ത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അര്‍ണോസ് പാതിരി. എന്നാല്‍, കേരളീയര്‍, പ്രത്യേകിച്ച്, ക്രിസ്ത്യാനികള്‍പോലും വേണ്ടപോലെ അദ്ദേഹത്തെ അറിഞ്ഞിട്ടില്ല.''  വിദേശികളായ മിഷനറിമാരില്‍ പ്രഥമഗണനീയനായി ശോഭിക്കുന്നത് അര്‍ണോസ് പാതിരിയാണെന്നു കവിയും ചരിത്രകാരനുമായ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ രേഖപ്പെടുത്തിയിരിക്കുന്നു.  മലയാളഭാഷയ്ക്കും സാഹിത്യത്തിനും അര്‍ണോസ് പാതിരി നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവതല്ല. മൈക്കലാഞ്ചലോയുടെ പിയാത്തായെ അനുസ്മരിപ്പിക്കുന്ന പുത്തന്‍ പാന സര്‍പ്പിണിവൃത്തത്തില്‍ രചിച്ചതാണ്. അതിലെ 12-ാം പാദം നതോന്നതവൃത്തത്തിലാണ് എഴുതിയിരിക്കുന്നത്. ഭാഷയും വ്യാകരണവും വൃത്തശാസ്ത്രവും സര്‍ഗവൈഭവവും കൈമുതലായിട്ടുള്ള ഒരാള്‍ക്കു മാത്രമേ ഇത്രമാത്രം ഉദാത്തമായ ഒരു കാവ്യം രചിക്കാനാകൂ. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഉമ്മറപ്പടിയിലെ റാന്തല്‍വിളക്കാണ് മഹാനായ അര്‍ണോസ് പാതിരി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)