''സ്‌നേഹമുള്ളിടത്തു ജീവനുണ്ട്. പകയുള്ളിടത്തു നാശവും'' എന്നാണ് മഹാത്മജി ലോകത്തോടു സംവദിച്ചത്. എതിരാളികളെ തികഞ്ഞ ''ശരികള്‍'' കൊണ്ടു നേരിട്ടു വിജയം സ്വന്തമാക്കിയ മഹാത്മാവിന്റെ നാട്ടില്‍ മരണം വിതയ്ക്കുന്നവരുടെ കഥകളാണിന്നു കേള്‍ക്കുന്നത്. മനുഷ്യത്വമില്ലാത്തവരുടെയിടയിലേക്കു ജനിതകമാറ്റം വരാവുന്ന മഹാമാരികള്‍ ഇനിയും വരുമോ? ഈയടുത്തനാളുകളില്‍ നാമെല്ലാം ജീവന്‍ നിലനിര്‍ത്താന്‍ ദൈവത്തോടു കേണപേക്ഷിക്കുകയായിരുന്നു. എല്ലാം തരാം ജീവന്‍ തിരിച്ചുതന്നാല്‍ മതിയെന്നു ദൈവത്തോടു കേണപേക്ഷിച്ച നാം മറ്റുള്ളവരുടെ ജീവനുമേല്‍ ആയുധവുമായി നടക്കുന്നതു ദൈവം പൊറുക്കുമോ? സ്വത്തുതര്‍ക്കവും സ്വാര്‍ത്ഥമോഹങ്ങളുടെ സാധിച്ചെടുക്കലും വെറിപൂണ്ട കാമദാഹങ്ങളും കൈക്കൂലിയും അഴിമതിയും സ്ത്രീകളോടുള്ള അതിക്രമവും തുടങ്ങി മനുഷ്യര്‍ മൃഗമാകുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ശീര്‍ഷകങ്ങള്‍ സ്വന്തമാക്കുന്നത്. നന്മ ചെയ്യാമെന്നിരിക്കേ തിന്മയുടെ പ്രയോക്താക്കളായി നാം മാറുന്നതിലെ കാലികമായ വിചാരം വീണ്ടുവിചാരമായി മാറണം. നാം അപകടത്തിന്റെ നൂല്‍പ്പാലത്തിലൂടെയാണു സഞ്ചരിക്കുന്നതെന്നു തിരിച്ചറിഞ്ഞു സമസ്തമേഖലയിലും വിവേകം വീണ്ടെടുക്കണം.
തങ്ങളേര്‍പ്പെടുന്ന പാഠ്യപാഠേതരമേഖലകളില്‍ 'എക്‌സലന്‍സ്' പ്രകടിപ്പിക്കുന്നവരെയല്ല, ബുദ്ധിയുടെ വിവേകക്കുറവിനെയും വൈകാരികവികൃതികളെയും ശരീരത്തിന്റെ ചാപല്യങ്ങളെയും നീക്കിനിര്‍ത്തി മനുഷ്യരായി ജീവിക്കാനും മറ്റുള്ളവരെ മനുഷ്യരായിക്കണ്ടു വര്‍ത്തിക്കാനും തക്ക വിശാലമനസ്സുള്ളവരെയാണു വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി കാണേണ്ടത്. ആരെയും പ്രകോപിപ്പിക്കാത്ത സംഭാഷണവും സംസാരശൈലിയും സൗഹൃദവീക്ഷണവും സ്വന്തമാക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന് അര്‍ത്ഥം നേടാനാകുന്നത്.
ഒന്നുപറഞ്ഞ് രണ്ടാം വാക്കിന് ആയുധമെടുക്കുന്ന നമ്മുടെയൊക്കെ 'ചേട്ടന്മാരല്ലേ' യുദ്ധം ചെയ്യുന്ന രാജ്യവും നേതാക്കളുമെന്നു ചിന്തിക്കുന്നതു നല്ലതാണ്. നമ്മുടെ യുദ്ധം മാനസികയുദ്ധമോ നാട്ടുരാജ്യയുദ്ധമോ കുടുംബയുദ്ധമോ ഒക്കെയാകാമെന്നു മാത്രം; യുദ്ധം പൊട്ടിപ്പുറപ്പെടുംമുമ്പ് ജാഗ്രതയുള്ളവരാകാം.
നമ്മുടെ കാഴ്ചകളും വാര്‍ത്തകളും കഥകളും ദൃശ്യാവിഷ്‌കാരങ്ങളുമൊക്കെ അടിച്ചമര്‍ത്തലിന്റെയോ ഒറ്റുകൊടുക്കലിന്റെയോ അവിഹിതബന്ധങ്ങളുടെയോ ചതിയുടെയോ വഞ്ചനയുടെയോ മദ്യപാനാസക്തിയുടെയോ ലഹരിയോടുള്ള പ്രതിപത്തിയുടെയോ ഒക്കെയായി മാറിയിരിക്കുന്നു. പ്രതിഭകളും പ്രതിഭാസങ്ങളും വിശ്വാസസംഹിതകളും നീതിശാസ്ത്രവും ധര്‍മശാസ്ത്രവും സന്മാര്‍ഗാടിത്തറയും വീണുടഞ്ഞിരിക്കുന്നു. ശാസ്ത്രമെത്ര വളര്‍ന്നാലും 'സന്മാര്‍ഗശാസ്ത്രം' തകര്‍ന്നാല്‍ എല്ലാം ഫലശൂന്യമാകും. എല്ലാം കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രതയും അതിമോഹവും വേണ്ടെന്ന് ഒരു വൈറസ് നമ്മെ ഓര്‍മപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തിട്ടും നമ്മുടെ മനസിന്നും കാരിരുമ്പിന്റെ കൂട്ടില്‍ത്തന്നെ വിശ്രമിക്കുന്നു; ഞാന്‍ മാത്രമുള്ള ലോകം വീണ്ടും 'പച്ചപിടിക്കുന്നു.' അരുതാക്കാഴ്ചകളും കേള്‍വികളും സാധാരണമാകുന്നു.
നമ്മുടെ മനസ്സൊന്ന് 'അടിച്ചുവാരി' വൃത്തിയാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മറ്റുള്ളവര്‍ക്കാര്‍ക്കും ഇടമില്ലാത്തവിധം 'ആക്രി'കള്‍ നമ്മുടെ മനസിന്റെ നല്ലയിടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. ആകര്‍ഷണീയഭാവങ്ങള്‍, ആദരണീയചിന്തകള്‍ ഒക്കെ മാറ്റി ആരെയും ഭീതിയിലാഴ്ത്താന്‍ പോന്ന ചതിയുടെ 'ചുഴി'കള്‍ നമ്മുടെ മനസ്സിന്റെ നീരൊഴുക്കില്‍ ഭീതി പരത്തുന്നു. ആരും കെണിയിലാകാം, ജീവന്‍ നഷ്ടമാകാം, വിലപ്പെട്ടതെല്ലാം കൈമോശം വരാം... ആരെയും നമുക്കു വിശ്വസിക്കാനാകുന്നില്ലത്രേ!! കെണിയൊരുക്കി കാത്തിരിക്കുന്ന 'വേട്ടക്കാരായി' ഒരുവേള നാം മാറുന്നു; കെണിയിലകപ്പെടുന്നതിന് ഒരു തരത്തിലുള്ള വ്യത്യാസങ്ങളുമില്ലാതെയുമാകുന്നു. ആര് ആര്‍ക്കാണ് 'കെണി' യെന്നു തിരിച്ചറിയാതെയുമിരിക്കുന്നു. തുറവില്ലാത്തവരുടെ നിര നീളുകയാണ്; എന്തു ചെയ്യും... ചെയ്യാനാകും... ചിന്തിച്ചേ തീരൂ!! ദുരന്തമുഖത്തും യുദ്ധമുഖത്തുമാണ് ഇന്നത്തെ മനുഷ്യന്‍ വ്യാപരിക്കുന്നത്. ആത്മീയമനുഷ്യര്‍ക്ക് ബലവും ഗുണവും കുറയുന്നുണ്ടോ? അതോ നാം ആത്മീയതയുടെ 'ഗുണം' തള്ളിപ്പറഞ്ഞ് എല്ലാം നേട്ടത്തിന്റെ പത്തായത്തിലേക്കു ചേര്‍ത്തുപിടിക്കുകയാണോ? എവിടെയാണു തെറ്റുന്നതെന്നു തിരിച്ചറിഞ്ഞേ തീരൂ!!
ധീരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ക്ഷാമമില്ല. എന്നാല്‍, മാന്യന്മാര്‍ വിരളമാകുന്ന കാഴ്ചയാണെങ്ങും. കാരണം, മാന്യനെന്നാല്‍ വിശാലഹൃദയനും തുറന്ന മനസ്സാക്ഷിയുള്ളവനും വാക്കുകളില്‍ വിശ്വസ്തനും പെരുമാറ്റത്തില്‍ മാനുഷികത നിറഞ്ഞവനുമായിരിക്കണമെന്നാണു വയ്പ്! ബാല്യംമുതല്‍ മക്കളെ നല്ലവരാകാന്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. മത്സരം വിജയിക്കാന്‍ മാത്രമല്ല, വിജയം സമ്മാനിക്കാന്‍കൂടിയാണെന്ന് മക്കള്‍ പഠിക്കണം. കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവരും, വേദിയില്‍ ഉപവിഷ്ടരാകാന്‍ മാത്രമല്ല സദസ്സില്‍ മനംനിറഞ്ഞ് സന്തോഷം പങ്കിടാനും മറ്റുള്ളവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നവര്‍കൂടിയാകണം.
കുട്ടികളുടെ ബാല്യത്തെ കൈകാര്യം ചെയ്യുന്നതില്‍ ആധുനികസമൂഹത്തിനു പിഴവു പറ്റുന്നുണ്ടോ? അവരുടെ ബാല്യം ബാല്യമില്ലാതെ പോകുന്നുണ്ടോ? 'അവന്‍ നന്നായി പഠിക്കും... പക്ഷേ, ഒന്നും പറഞ്ഞാല്‍ കേള്‍ക്കില്ല' എന്നു പറയുന്ന രക്ഷിതാക്കളുണ്ട്. ശിക്ഷണം ബാലമനസ്സിനു നൊമ്പരമുളവാക്കുമെന്നതു ശരിയല്ല; മറിച്ച്, യഥാര്‍ത്ഥ നൊമ്പരത്തെയും പ്രതിസന്ധികളെയും പരാജയങ്ങളെയും നേരിടാന്‍ കരുത്താകുന്നതാണ്. ദുശ്ശാഠ്യവും ദുര്‍വാശിയും തന്നിഷ്ടവും നല്ലതല്ല. തിരുത്തേണ്ടതും മാറേണ്ടതും യഥാകാലം തിരിച്ചറിയേണ്ടതും ഭാവിയുടെ നല്ല നടപ്പിന് അനിവാര്യവുമാണ്.
അടിച്ചമര്‍ത്തപ്പെടുന്ന ഓരോ ജീവിതാവസ്ഥയ്ക്കും പ്രതികരണമെന്നോണം 'പൊട്ടിത്തെറികള്‍' ഉണ്ടായേക്കാം. ഒപ്പം, ഓരോരുത്തര്‍ക്കും ലഭിക്കുന്ന ജീവിതവീക്ഷണം ശുഭോദര്‍ക്കമാകണമെന്നതു നിര്‍ബന്ധമാണ്. വിജയപരാജയങ്ങളെക്കുറിച്ചുള്ള ബോധനം ഇല്ലാതെപോകുന്നത് ആധുനികതയുടെ പരാജയമാണ്. സമൂഹം നന്നാകണമെന്നും ചുറ്റുമുള്ളവര്‍ നല്ലവരാകണമെന്നും ഏവര്‍ക്കും ആഗ്രഹമുണ്ട്. അതിന് ആദ്യം ഉണ്ടാകേണ്ടത് നമ്മുടെതന്നെ നന്മയിലേക്കുള്ള ഉറച്ച മാറ്റമാണ്. നേട്ടമോ കോട്ടമോ എന്നതിനെക്കാള്‍ മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുന്നതിനു തുറവും ആഗ്രഹവും ഉറച്ച തീരുമാനവും ഉണ്ടാകണം!
സമൂഹത്തിന്റെ സുസ്ഥിതിക്കു കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിലാണ് അടിസ്ഥാനമിടുന്നത്. ബന്ധങ്ങളെ അമൂല്യമായി കരുതണം; ചുറ്റുമുള്ളവരിലേക്കെല്ലാം ഒരു കരുണയുടെ കണ്ണും കാതും ഹൃത്തും തുറക്കണം. സദാ ദയാലുവാകുന്ന മൃദുലഹൃദയം കഠിനമാക്കരുതേ! എപ്പോഴും കൈയിലെ 'ആയുധം' സ്‌നേഹത്തിന്റെ മൃദുഭാഷയും സമചിത്തതയും ആയിരിക്കണം!! പ്രകാശമുള്ളപ്പോഴുള്ള ചിന്തയും വികാരവും മതി; ചിന്തകളെ 'രാത്രി'യാകുവോളം കൊണ്ടുപോകരുത്; സാത്താന്‍ ഇരുളിന്റെ മറവില്‍ കയറിക്കൂടും; ഇതൊക്കെയാകാം ഇന്നത്തെ ദുര്‍ഭൂതാവേശബന്ധിയായ മനുഷ്യന്റെ പരാക്രമത്തിനു കാരണം. പണത്തെയും ഭൗതികതയെയും ലൈംഗികതയെയും ചുറ്റിപ്പറ്റിയുള്ള സാത്താന്റെ പരാക്രമത്തില്‍ ദൈവികച്ഛായയെ നമ്മില്‍നിന്ന് ഉന്മൂലനം ചെയ്യുന്നതു പ്രാര്‍ത്ഥനയില്‍ തിരിച്ചറിഞ്ഞ്; കൂടുതല്‍ ദൈവാഭിമുഖ്യജീവിതം വീണ്ടെടുക്കുക; മനുഷ്യരാകാന്‍ ശ്രമിക്കുക!!