ലോകചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിയെഴുതിയ പ്രതിഭാശാലികളില്‍ പ്രധാനികളാണ് മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ലിയോ ടോള്‍സ്റ്റോയി എന്നിവര്‍. ഈ മൂവരുടെയും ജീവിതങ്ങളിലും അവരുടെ ചിന്തകളിലും വ്യക്തമായ സ്വാധീനം ചെലുത്തിയ ഒരതുല്യപ്രതിഭയെക്കുറിച്ചുള്ള പ്രതിപാദ്യമാണ് ഈ ലേഖനം. പ്രത്യേകിച്ച്, ഇക്കാലഘട്ടത്തില്‍, വികസനതിമിരംകൊണ്ട് അന്ധമായിപ്പോയ പല കാഴ്ചപ്പാടുകള്‍ക്കും നിയമനിര്‍മാണസഭകളില്‍ മേല്‍ക്കൈ ലഭിക്കുകയും, ജനസാമാന്യത്തിന്റെ വിഹ്വലതകളും ആശങ്കകളും ആഗ്രഹങ്ങളും ഭയാനകമാംവിധം തമസ്‌കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ കാലം കരുതിവച്ച ദര്‍ശനങ്ങളെ ഓര്‍മിപ്പിക്കുക എന്ന എളിയ ദൗത്യമാണ് ഈ പരിചയപ്പെടുത്തലിലൂടെ നിര്‍വഹിക്കുന്നത്. തന്റെ ഹ്രസ്വമായ ജീവിതകാലത്ത് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവുകളും എത്തിച്ചേര്‍ന്ന നിഗമനങ്ങളും പകര്‍ത്തിയെഴുതപ്പെട്ടപ്പോള്‍ അതു ദേശകാലങ്ങള്‍ക്കതീതമായ സൗകുമാര്യം ചാര്‍ത്തുന്ന ദര്‍ശനങ്ങളായി മാറി. 1817 ജൂലൈ 12 ന് അമേരിക്കയിലെ കോണ്‍കോഡില്‍ ജനിച്ച് 1862 മേയ് 6 ന് തന്റെ 44-ാം വയസ്സില്‍ ഈ ലോകത്തുനിന്നു വിട പറഞ്ഞ ഹെന്റി തോറോ എന്ന മഹാദാര്‍ശനികന്റെ കാമ്പുള്ള ചിന്തകളിലേക്കാണു ക്ഷണം.
പ്രകൃതിയെയും ജീവിതത്തെയും ഇത്ര ഗൗരവമായും സത്യസന്ധമായും വിശകലനം ചെയ്ത മറ്റൊരാള്‍ വേറേയുണ്ടാവില്ല. പ്രകൃതിയെ വളരെ സൂക്ഷ്മമായി കണ്ടു മനസ്സിലാക്കുകയും അനുഭവിക്കുകയും അതുതന്നെ തന്റെ ജീവിതമാക്കി മാറ്റുകയും ചെയ്ത തത്ത്വചിന്തകനായിരുന്നു ഡേവിഡ് തോറോ. അദ്ദേഹം മുന്നോട്ടുവച്ച തത്ത്വശാസ്ത്രം പ്രാവര്‍ത്തികമാക്കാനുള്ള ചങ്കൂറ്റം അധികമാരും കാണിച്ചില്ല എന്നതാണ് ഖേദകരം. തത്ത്വശാസ്ത്രം പഠിപ്പിക്കുന്ന ധാരാളം പ്രഫസര്‍മാര്‍ നമുക്കുണ്ട്. എന്നാല്‍, അത് ജീവിക്കുന്ന തത്ത്വചിന്തകരില്ല എന്ന് തോറോ പരിതപിക്കുമ്പോള്‍, പറഞ്ഞതില്‍ പതിരില്ല എന്നു നാം തിരിച്ചറിയും. ജീവിതത്തില്‍ എന്താണു പ്രധാനപ്പെട്ടതെന്നും ഏതിനാണ് നാം പ്രാധാന്യം കല്പിക്കുന്നതെന്നും നമ്മുടെ അനുദിനജീവിതവുമായി ബന്ധപ്പെടുത്തി തോറോ പറഞ്ഞുവയ്ക്കുന്നുണ്ട്. അദ്ദേഹം ചോദിക്കുന്നു: ''ഒന്നോ രണ്ടോ തുന്നലുകളുള്ള ഉടുപ്പ് മടികൂടാതെ ധരിക്കാന്‍ ആര്‍ക്കു സാധിക്കും? അങ്ങനെ വല്ലതും ചെയ്താല്‍ തങ്ങളുടെ ഭാവിജീവിതത്തിന്റെ നന്മകളെല്ലാം നശിച്ചുപോയേക്കുമെന്നതുപോലെയാണ് പലരും പെരുമാറുന്നത്. ഒരാളുടെ കാലിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അത് അത് നേരേയാക്കാന്‍ ഉത്സാഹമുണ്ട്. എന്നാല്‍ അയാളുടെ കാലുറകള്‍ക്ക് അതുപോലൊരപകടം സംഭവിച്ചാല്‍ അതു ശരിയാക്കാന്‍ തയ്യാറല്ല. യഥാര്‍ത്ഥത്തില്‍ ബഹുമാന്യമായത് ഏതാണെന്നല്ല; ബഹുമാനിക്കപ്പെടുന്നത് ഏതാണെന്നാണയാള്‍ പരിഗണിക്കുന്നത്. ഒരേസമയം മനോഭാവങ്ങളില്‍ വ്യക്തിക്കും സമൂഹത്തിനും വന്നുഭവിച്ച ശോഷണവും അതുവഴിയുണ്ടാകുന്ന ധൂര്‍ത്തും പരോക്ഷമായി തോറോ അടയാളപ്പെടുത്തിവയ്ക്കുന്നു. വസ്ത്രവും, സ്ഥാനമാനങ്ങളും അഴിച്ചുകളഞ്ഞാല്‍ ഓരോരുത്തരുടെയും ആപേക്ഷികമായ പദവി എത്രമാത്രം നിലനിര്‍ത്താന്‍ കഴിയുമെന്നത് ഇന്നും പ്രസക്തമായ ഒരു ചോദ്യമാണ്. ''എന്റെ മേല്‍ക്കുപ്പായവും കാലുറയും തൊപ്പിയും ചെരിപ്പുകളും ഉള്ളിലുള്ള ഈശ്വരനെ ആരാധിക്കാന്‍ ഉതകുന്നതാണെങ്കില്‍ അവ എനിക്കു മതിയാവും. മതിയാവില്ലേ? എന്ന് തോറോ ചോദിക്കുമ്പോള്‍ അഴിഞ്ഞുവീഴുന്നത്, വീഴേണ്ടത് നമ്മുടെ നാട്യങ്ങളും മുഖംമൂടികളുമാണ്.
പ്രകൃതിയുടെ വിശാലതയില്‍നിന്ന് 'വീടി'ന്റെ സങ്കുചിതത്വത്തിലേക്കു വഴിമാറി നടന്ന മനുഷ്യനു നഷ്ടമാകുന്ന ഉത്സവങ്ങളെക്കുറിച്ച് തോറോ വാചാലനാകുന്നുണ്ട്. നാട്ടിന്‍പുറം നമുക്കു വച്ചുനീട്ടുന്ന ഒടുങ്ങാത്ത വിനോദങ്ങളാണ് മുകളിലെ ആകാശവും ചുറ്റുമുള്ള തടാകങ്ങളും പക്ഷികളും മരങ്ങളുമെന്ന് തോറോ പറയുമ്പോള്‍ ഇതൊന്നും ആസ്വദിക്കാനാവാതെ ഏതോ മൂഢസ്വര്‍ഗത്തിനായി രാപകല്‍ കഷ്ടപ്പെടുകയും വഴക്കടിക്കുകയും ചെയ്യുന്ന ആധുനികമനുഷ്യന്റെ വല്ലാത്ത തിരക്കില്‍ ഞാനുമുണ്ടോ എന്ന ഒരാത്മശോധന നല്ലതാണ്. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും വിഷമിട്ടു സംരക്ഷിക്കേണ്ട ഒരു ഗതികേടിലെത്തിനില്‍ക്കുന്നു നാം! തോറോയുടെ ചിന്തയിതാണ്: 'നമ്മുടെയും ആകാശഗോളങ്ങളുടെയും ഇടയില്‍ യാതൊരു തടസ്സവും കൂടാതെ നമ്മുടെ ഏറിയ പങ്ക് രാപകലുകളെയും നാം ചെലവഴിക്കുകയാണെങ്കില്‍ മേല്‍ക്കൂരയ്ക്കടിയിലിരുന്ന് കവി ഏറെ സംസാരിക്കാതിരിക്കുകയാണെങ്കില്‍, കൂടാരത്തിനടിയില്‍ സന്ന്യാസി ഏറെക്കാലം താമസിക്കാതിരിക്കയാണെങ്കില്‍ ഒരുപക്ഷേ, അതു കൂടുതല്‍ നന്നായിരുന്നേനെ. പക്ഷികള്‍ പാടുന്നത് ഗുഹകളിലിരുന്നല്ല, പ്രാവുകള്‍ അവരുടെ നിര്‍മലത വിളംബരം ചെയ്യുന്നത് പ്രാക്കൂടുകളിലിരുന്നുമല്ല!'' ഓരോ കുഞ്ഞുവാക്യങ്ങളില്‍നിന്നും ചന്ദനക്കട്ടി കണക്കെ അര്‍ത്ഥവ്യാപ്തി തുളുമ്പുന്ന ദര്‍ശനപരിമളം പരന്നൊഴുകുകയാണ്.
കാര്‍ഷികവൃത്തിയെ ഒരു കലയായി കാണുന്ന തോറോ, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ വിശുദ്ധിയെക്കുറിച്ചും പറഞ്ഞുവയ്ക്കുന്നുണ്ട്. മണ്ണിനെക്കുറിച്ചും കൃഷിയെക്കുറിച്ചും കാടിനെക്കുറിച്ചുമുള്ള തോറോയുടെ ചിന്തകള്‍ വായനയില്‍നിന്നു മാത്രം രൂപംകൊണ്ടതല്ല. പ്രയോഗത്തില്‍നിന്നു സ്വാംശീകരിച്ചതാണ്. കോണ്‍കോഡില്‍നിന്ന് അല്പം അകലെയുള്ള 'വാള്‍ഡന്‍' തടാകക്കരയില്‍ ഒറ്റയ്ക്ക് ഒരു കുടില്‍ കെട്ടി ഏകദേശം മൂന്നു വര്‍ഷക്കാലം അദ്ദേഹം നയിച്ച കാനനജീവിതമാണ് 'വാള്‍ഡന്‍ ഓര്‍ ലൈഫ് ഇന്‍ ദി വുഡ്‌സ്' എന്ന വിശ്വോത്തരരചനയ്ക്കു വഴിതെളിച്ചത്. പുസ്തകത്തിലൂടെ തോറോ പങ്കുവയ്ക്കുന്ന നേരറിവുകള്‍ പിന്നീട് പാരിസ്ഥിതികബോധത്തിന്റെ അടിസ്ഥാനശിലകളായി മാറി എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരു മനുഷ്യന് കൃഷി ചെയ്ത് എങ്ങനെ ലളിതമായി ജീവിക്കാമെന്നദ്ദേഹം പഠിപ്പിക്കുന്നു. അദ്ദേഹം നൂറ്റാണ്ടുകള്‍ക്കുമുമ്പേ പ്രവചനം പോലെ പറഞ്ഞുവയ്ക്കുന്നു: ''പഴങ്ങള്‍ ഒരിക്കലും തങ്ങളെ വില കൊടുത്തു വാങ്ങുന്നവനോ ചന്തയില്‍കൊണ്ടുപോയി വില്‍ക്കുന്നവനോ യഥാര്‍ത്ഥ രുചി സമ്മാനിക്കാറില്ല. ഹക്കിള്‍ബെറിയുടെ രുചി അറിയണമെങ്കില്‍ കാലിച്ചെറുക്കനോടോ, തിത്തിരിപ്പക്ഷിയോടോ ചോദിക്കുക!'' മനുഷ്യന്‍ അത്യാര്‍ത്തി കൊണ്ടും സ്വാര്‍ത്ഥത കൊണ്ടും മണ്ണിനെ സമ്പത്തായോ, സ്വത്ത് സമ്പാദിക്കാനുള്ള പ്രധാന ഉപാധിയായോ കണക്കാക്കുന്നു എന്നു തോറോ പറയുമ്പോള്‍ നാമിന്നെത്തിനില്‍ക്കുന്നതും ഇപ്പറഞ്ഞ 'ഭൂമാഫിയ' സംസ്‌കാരത്തിലാണ്. ലോകത്തിലെ എല്ലാ മനുഷ്യവര്‍ഗ്ഗത്തിനും ഉപയോഗമുണ്ടാകത്തക്കവിധത്തില്‍ ലോകത്തിനുചുറ്റും ഒരു തീവണ്ടിപ്പാത പണിയുന്നത് ഭൂഗോളത്തിന്റെ ഉപരിഭാഗം മുഴുവന്‍ വെട്ടിനിരപ്പാക്കുന്നതിനു തുല്യമാണ് എന്ന് 160 വര്‍ഷംമുമ്പ് തോറോ പറഞ്ഞെങ്കില്‍ മത്സരബുദ്ധിയോടെ രാജ്യങ്ങളും സംസ്ഥാനങ്ങളും ഇന്നിത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം പാതകങ്ങള്‍ ചെയ്യാത്തവര്‍ ജനപ്രതിനിധികളായിരിക്കുവാന്‍ യോഗ്യരല്ലെന്ന് അഭ്യസ്തവിദ്യര്‍ അലമുറയിടുന്ന ഈ കാലഘട്ടത്തില്‍ തോറോയുടെ ചിന്തകള്‍ പ്രസക്തങ്ങളാണ് എന്നു പറയാനുള്ള ധൈര്യമെങ്കിലും നമുക്കുണ്ടാകണം. തോറോയെ വായിച്ച ഗാന്ധി മഹാത്മാവായെങ്കില്‍, ഇന്നും തോറോയുടെ തത്ത്വചിന്തകളുടെ ഗൗരവമുള്ള വായന മഹാത്മാക്കളെ സൃഷ്ടിക്കുകതന്നെ ചെയ്യും. പ്രിയ കൂട്ടുകാരേ, വാള്‍ഡന്‍ എന്ന വിഖ്യാതപുസ്തകത്തിന്റെ ഗൗരവപൂര്‍വമായ ഒരു വായനയിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു. പ്രകൃതിയെ നിരീക്ഷിക്കുക മാത്രമല്ല, അതില്‍ പ്രവര്‍ത്തിക്കുകയും വേണമെന്ന ഒരാശയമാണ് തോറോ പങ്കുവയ്ക്കുന്നത്. കൃഷി ചെയ്യുമ്പോഴും മീന്‍ പിടിക്കുമ്പോഴും തോണി തുഴയുമ്പോഴും മലയണ്ണാനെ പിന്തുടരുമ്പോഴും സ്വായത്തമാക്കുന്ന ഒരറിവാണ് നമുക്കുണ്ടാകേണ്ടത്. അദ്ദേഹം പറയുന്നു: ''അധ്വാനത്തില്‍നിന്ന് ജ്ഞാനവും പരിശുദ്ധിയും ഉണ്ടാകുന്നു. അലസതയില്‍നിന്ന് അജ്ഞതയും വിഷയാസക്തിയും.'' തോറോ നടത്തിയ പരീക്ഷണങ്ങള്‍ നമുക്കാവര്‍ത്തിക്കാനായാല്‍, പുതിയൊരു ജീവിതക്രമത്തിന് തുടക്കമാകും. പുതിയൊരു ജീവസംസ്‌കാരത്തിന്റെ പച്ചപ്പിലേക്ക് ഒരുജനതയെ ഉണര്‍ത്താനാകും.